ഞാനറിഞ്ഞ ഇസ്‌ലാം

അല്ലാഹുവിന്റെ ദൃഷ്ടി സദാ എന്റെ മേലുണ്ടായിരുന്നു

മെര്‍ലിന്‍ മോണിങ്ടണ്‍ ഇംഗ്ലണ്ടിലെ ജില്ലാകോടതി ജഡ്ജും അറിയപ്പെട്ട എഴുത്തുകാരിയും പ്രഭാഷകയുമായിരുന്നു. ഗാര്‍ഹികപീഡനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു അവരുടെ ഇഷ്ടപഠനവിഷയം.

നോത്ര്ദാം കോണ്‍വെന്റില്‍നിന്ന് സ്‌കോളര്‍ഷിപ്പോടെ മെട്രികുലേഷന്‍ പൂര്‍ത്തിയാക്കിയ അവര്‍ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1976 ല്‍ ആറാംറാങ്കോടെ നിയമബിരുദം കരസ്ഥമാക്കി.

1994 ല്‍ ലിവര്‍പൂളില്‍ ജില്ലാജഡ്ജ് ആയി നിയമിതയായി. നാല്‍പതാമത്തെ വയസില്‍ ആ പദവിയിലെത്തിപ്പെടുന്ന ആദ്യബാരിസ്റ്റര്‍ ആയിരുന്നു അവര്‍. ഏവരും അഭിമാനിക്കുന്ന ഒട്ടേറെ പദവികള്‍ അവര്‍ കരസ്ഥമാക്കുകയുണ്ടായി.

-വേള്‍ഡ് അകാദമി ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ ഫെലോ

-യുകെയിലും വിദേശത്തുമായി 800 ഓളം അംഗങ്ങളുള്ള നോര്‍തേണ്‍ സര്‍ക്യൂട്ട് ഡമസ്റ്റിക് വയലന്‍സ് ഗ്രൂപിന്റെ അധ്യക്ഷ

–  ലോര്‍ഡ്  ചാന്‍സലറുടെ ഗാര്‍ഹികപീഡനവിഭാഗം ഉപദേശകസമിതി അംഗം

– ചീഫ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍

-ഫാമിലി ജസ്റ്റിസ് കൗണ്‍സില്‍ മെമ്പര്‍

– സിവില്‍,ക്രിമിനല്‍ നീതിന്യായവ്യവസ്ഥയുടെ ആശയവിനിമയത്തിനുള്ള സന്നദ്ധഗ്രൂപിന്റെ അധ്യക്ഷ

– നിരാലംബരായ കുട്ടികള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷ

– കമ്യൂണിറ്റി& ഡിസ്ട്രിക്റ്റ് നഴ്‌സിങ് അസോസിയേഷന്റെ ഓണററി പാട്രണ്‍

ഇങ്ങനെ തുടങ്ങി അവരുടെ കര്‍മനൈരന്തര്യത്തിന്റെ മേഖലകള്‍ നിരവധിയാണ്.

ഇസ്‌ലാമിലേക്കുള്ള വഴി

ഇസ്‌ലാമിലേക്ക് കടന്നുവരുന്നതിന് പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാര്‍ഹികപീഡനങ്ങളുമായി ബന്ധപ്പെട്ട മേഖലയിലെ നിരവധിപ്രശ്‌നങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ ഇടപെടുകയായിരുന്നു അവര്‍. അത്തരത്തില്‍ കൂടുതല്‍ കേസുകള്‍ കൈകാര്യംചെയ്തത് മുസ്‌ലിംകളുടെതായിരുന്നു. മുസ്‌ലിംപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് അവരുടെ വിശ്വാസസംഹിതയായ ഇസ്‌ലാമിനെക്കുറിച്ചും അവര്‍ പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സാധാരണനിലയില്‍ സത്യംബോധ്യപ്പെട്ട് അതിന് കീഴൊതുങ്ങാന്‍ അധികമാളുകളും തയ്യാറാകില്ല. അതിനുകാരണം അവരുടെ പ്രൊഫഷണല്‍, ഫാമിലി കെട്ടുപാടുകളും മറ്റുമാണ്. എന്നാല്‍ മെര്‍ലിനെസംബന്ധിച്ചിടത്തോളം ഒരു പ്രപഞ്ചാതീതശക്തിയുടെ വിളിക്കുത്തരം നല്‍കുകയെന്നതിന് അവര്‍ പ്രാമുഖ്യംകല്‍പിക്കുകയായിരുന്നു. പ്രമുഖ ഇസ്‌ലാമികപണ്ഡിതനായ ഹംസ യൂസുഫ്  ആ മഹതിയോട് ഇസ്‌ലാംസ്വീകരണത്തിന്റെ കാരണംചോദിച്ചപ്പോള്‍ അതിന് ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു:

‘ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള  ഗാര്‍ഹികാക്രമങ്ങളെക്കുറിച്ച് കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി പഠിക്കുകയായിരുന്നു. അത്തരത്തില്‍ മുസ്‌ലിംസമുദായത്തിലെ പ്രശ്‌നങ്ങളെ പഠിക്കാനായി എനിക്ക് ഇസ്‌ലാമിനെപഠിക്കേണ്ടതായുണ്ടായിരുന്നു. അങ്ങനെ ഖുര്‍ആന്‍ വായന ആരംഭിച്ചു.

എനിക്ക് മറ്റൊന്നിനും അവസരം നല്‍കാത്തവിധം സത്യത്തിലേക്ക് ഒരു മാര്‍ഗം തുറന്നുകിട്ടി. അല്ലാഹുവിന്റെ ദൃഷ്ടി സദാ എന്റെ മേലുണ്ടായിരുന്നുവെന്ന് പറയാം. ഒരിക്കലും പിന്തിരിയുകയോ വഴിമാറിപ്പോകുകയോ വേണ്ടതില്ലാത്ത ഒരു വഴിയിലേക്കാണ് അല്ലാഹു എന്നെ കൈപിടിച്ചുകൊണ്ടുപോയത്. ഇസ്‌ലാമിനെക്കുറിച്ചും അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യെക്കുറിച്ചും  പഠിക്കുന്തോറും  ആ ആദര്‍ശത്തെയും വ്യക്തിയെയും ആണ് പിന്‍പറ്റേണ്ടതെന്ന ബോധ്യം ശക്തിപ്പെട്ടു. ആ വഴി സ്വന്തമാക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചു.

നബി(സ)യുടെ കുടുംബജീവിതത്തെയും അദ്ദേഹത്തിന്റെ അനുയായികളുടെ ജീവിതത്തെയും ഞാനിഷ്ടപ്പെട്ടു. കൂട്ടത്തില്‍ ഒട്ടേറെ പണ്ഡിതരുടെ ലേഖനങ്ങളും പഠനങ്ങളും പ്രഭാഷണങ്ങളും എനിക്ക് സഹായകമായി.’ മെര്‍ലിന്‍ സംതൃപ്തിയോടെ മൊഴിയുന്നു.

Topics