അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങളുടെ മതബോധത്തെക്കുറിച്ചുള്ള പണ്ഡിതവിശകലനം വെച്ചുനോക്കുമ്പോള്‍ മതാത്മകമായ ചിന്തകളില്‍നിന്ന് അവര്‍ പൂര്‍ണമായും വിമുക്തരായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ആ ഒരു മതാത്മകത അവരെ നന്നായി സ്വാധീനിക്കുകയും അത് ഖുര്‍ആനോടും ദൈവദൂതനോടും അവര്‍ സ്വീകരിച്ച സമീപനത്തില്‍ പ്രകടമാകുകയും ചെയ്തു. അറബികളോടാണല്ലോ ഖുര്‍ആന്‍ ആദ്യമായി സംവദിച്ചത്. മതപരമായ വ്യത്യസ്ത വിഷയങ്ങളില്‍ അറബികള്‍ ദൈവദൂതനോട് സംവദിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വലിയ ദാര്‍ശനികന്‍മാര്‍ പഠനം നടത്തിയിരുന്ന സങ്കീര്‍ണ വിഷയങ്ങളില്‍ വരെ അവര്‍ പ്രവാചകനോട് കലഹിച്ചിരുന്നു. സൃഷ്ടിപ്രക്രിയ, പുനരുത്ഥാനം, ദൈവവും മനുഷ്യനും തമ്മിലുള്ള വിനിമയ സാധ്യത, അമാനുഷിക ദൃഷ്ടാന്തം തുടങ്ങി വിവിധവിഷയങ്ങളില്‍ അവര്‍ ദൈവദൂതനോട് സംവദിക്കുമായിരുന്നു. പ്രവാചകനിയോഗകാലത്തെ അറബികള്‍ എല്ലാവരും ഒരേ മാര്‍ഗം പിന്തുടരുന്നവരായിരുന്നില്ല. വിഗ്രഹാരാധകരും വേദക്കാരും ഏകദൈവവാദികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഖുര്‍ആന്‍ അവതരണത്തിന്റെ പ്രാരംഭനാളുകളില്‍ വിഗ്രഹാരാധകരോടും യഹൂദരോടും ക്രൈസ്തവരോടും സ്വാബിഉകളോടും മജൂസികളോടുമെല്ലാം പ്രവാചകന്‍ സംവദിക്കുന്നത് നമുക്കു കാണാം. ചുരുക്കത്തില്‍, അറബികള്‍ വ്യത്യസ്ത മതധാരകളെയും ഭിന്നവീക്ഷണങ്ങളെയും പ്രതിനിധീകരിച്ചിരുന്നവരായിരുന്നുവെന്ന് മനസ്സിലാക്കാം.
പ്രവാചകനിയോഗകാലത്ത് അറബിസാഹിത്യത്തിന്റെ അവസ്ഥ
അറബിഭാഷ, പദ്യസാഹിത്യത്തിലും ഗദ്യസാഹിത്യത്തിലും അതിന്റെ ഉത്തുംഗപ്രൗഢിയിലെത്തിയിരുന്ന കാലത്താണ് മുഹമ്മദ് നബിയുടെ പ്രവാചകത്വനിയോഗം. പ്രസ്തുതഭാഷ അതിന്റെ സാഹിതീയ മേന്‍മകള്‍ പ്രകാശിപ്പിച്ചത് കവിത, ഉപമ, കഥ എന്നീ മൂന്നു ശാഖകളിലാണ്. അന്തരാള കാലത്ത് അറബികള്‍ കവിതയിലൂടെയാണ് പ്രശസ്തരാവുകയുണ്ടായി. വളരാനും വികസിക്കാനും പറ്റുന്ന സമ്പന്നമായൊരിടം പ്രതിഭാശാലികളായ അറബികള്‍ അക്കാലത്ത് കവിതയില്‍ കണ്ടെത്തിയിരുന്നു. ‘കവിത അറേബ്യന്‍ ജീവിതത്തിന്റെ പരിഛേദ’മാണ് എന്ന ചൊല്ല് സ്ഥിരപ്രതിഷ്ഠ നേടിയത് അങ്ങനെയാണ്. അറബികളുടെ സ്വഭാവവും ശീലങ്ങളും മതാചാരങ്ങളും വിചാരങ്ങളും ചരിത്രവും ബന്ധങ്ങളും തുടങ്ങി ജീവിതമപ്പാടെ അവരുടെ കവിതകളില്‍ മുദ്രിതമായിരുന്നു. എക്കാലത്തും അറബിക്കവിതകളുടെ ലോകത്ത് ശാശ്വതവും ഉത്തുംഗവുമായ പദവി ഈ കാവ്യങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയും. ഇവയോരോന്നും പ്രസിദ്ധമായിരുന്ന ‘ഉക്കാള്’ ചന്തയില്‍ മികവിന്റെ അംഗീകാരം നേടിയെടുത്ത കാവ്യങ്ങളാണ്. പട്ടുകമ്പളത്തിന്‍മേല്‍ സുവര്‍ണാക്ഷരങ്ങളാല്‍ ആലേഖനം ചെയ്ത് കഅ്ബാലയത്തിന്റെ ചുമരുകളില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുകയായിരുന്നു ഈ കാവ്യങ്ങള്‍. ഇക്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നത് എ.ഡി. 540 -ല്‍ മരണപ്പെട്ട ഇംറുഉല്‍ ഖൈസിന്റെ കാവ്യമായിരുന്നു.
ഇതര ഭാഷകളെയപേക്ഷിച്ച് ഖുറൈശികളുടെ ഭാഷക്കാണ് അന്ന് മേല്‍ക്കൈയുണ്ടായിരുന്നത്. എന്തുകൊണ്ടെന്നാല്‍ ഹിജാസില്‍ കച്ചവടസീസണുകളില്‍ വ്യത്യസ്തഗോത്രങ്ങള്‍ വന്നു സംഗമിച്ചിരുന്നത് മക്കയിലായിരുന്നു. ഉക്കാള് ചന്തയിലെന്നല്ല മക്കയോട് അടുത്തുകിടക്കുന്ന ഇതര ചന്തകളിലും ഖുറൈശികളുടെ ഭാഷക്ക് സ്ഥാനമാര്‍ജിക്കാനായത് മറ്റു ഗോത്രഭാഷകളെക്കാളും അതിന് പ്രചാരമേറാന്‍ സഹായകമായി. പ്രത്യേകിച്ചും വിദേശഭാഷകളില്‍ നിന്നുള്ള നിരവധി വാക്കുകളെ അറബീകരിക്കാനും അനായാസം അത് നിത്യജീവിതത്തില്‍ ഉപയോഗിക്കാനും ഖുറൈശികളുടെ ഭാഷക്ക് പ്രാപ്തി കൈവന്നത് മുഹമ്മദീയ പ്രവാചകത്വത്തിനും മുമ്പേ ജീവിതത്തിന്റെ നിഖിലമേഖലകളിലും ഉത്തുംഗവും ഉദാത്തവുമായൊരു പദവി നേടിയെടുക്കാന്‍ അതിനെ സഹായിച്ചു. ഖുറൈശികളുടെ ഭാഷയില്‍ ഖുര്‍ആന്‍ അവതരിച്ചതോടെ പ്രസ്തുതഭാഷ അറബ് രാജ്യങ്ങളില്‍ മുന്‍നിര ഭാഷയായി അവരോധിക്കപ്പെടുകയും ചെയ്തു.
മുഹമ്മദീയ പ്രവാചകത്വത്തിന്റെ കാലത്ത് മക്കക്കുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ച് അല്ലാമാ അമീര്‍ അലി പറയുന്നത് കാണുക: മക്ക പണ്ടുമുതലേ അറബികളുടെ മതകീയ കൂട്ടായ്മകളുടെ കേന്ദ്രം മാത്രമായിരുന്നില്ല. മറിച്ച്, അവരുടെ വ്യാപാര വ്യവഹാരങ്ങളുടെ തട്ടകം കൂടിയായിരുന്നു. പൗരാണിക ലോകത്ത് കച്ചവടസംഘം സഞ്ചരിച്ചിരുന്ന പ്രധാന വഴിയിലായിരുന്നു മക്ക സ്ഥിതിചെയ്തിരുന്നത്. സമീപസ്ഥ സമുദായങ്ങളുടെ സമ്പത്തും സംസ്‌കാരവും പ്രയോജനപ്പെടുത്താനും സ്വാംശീകരിക്കാനും അക്കാരണത്താല്‍ മക്കാനഗരത്തിന് സാധിച്ചു. ബാബിലോണിയന്‍ രാജാവിന് പ്രസ്തുത കച്ചവടകേന്ദ്രത്തെ ഒരു പോറലുമേല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്തുകൊണ്ടെന്നാല്‍ ഹിജാസിലെ അറബികള്‍ക്ക് ലോകസമൂഹങ്ങള്‍ക്കിടയില്‍ വ്യാപാരമേല്‍ക്കോയ്മയുണ്ടായിരുന്നു. നഗരത്തിന്റെ വ്യാപാരചടുലതയാണ് പൗരസ്ത്യസമൂഹങ്ങളുടെയിടയില്‍പോലും എക്കാലത്തും അറബികള്‍ക്ക് സവിശേഷമായൊരു ഇടം നേടിക്കൊടുത്തത്. യമനില്‍ നിന്നും ഇന്ത്യയില്‍നിന്നുമുള്ള ചരക്കുകള്‍ വഹിച്ചുകൊണ്ടുള്ള സംഘങ്ങള്‍ പേര്‍ഷ്യയിലേക്കും റോമിലേക്കും പോയിരുന്നത് മക്കയിലൂടെയായിരുന്നു. പേര്‍ഷ്യന്‍ പട്ടുകളും കമ്പിളികളും സിറിയയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന പതിവുണ്ടായിരുന്നു(റൂഹുല്‍ ഇസ്‌ലാം വാള്യം ഒന്ന് പേജ് 65).ചുരുക്കത്തില്‍ മുഹമ്മദീയ പ്രവാചകകാലത്തെ അറബിഭാഷ അറേബ്യന്‍ ജീവിതാവസ്ഥകളുടെ അനശ്വരമായൊരു പ്രമാണമായിരുന്നു എന്ന് മേല്‍വിവരണത്തില്‍നിന്ന് ബോധ്യപ്പെടും. അറബ്ജനതയുടെ ഒരു ചരിത്രരേഖയുമായിരുന്നു അറബി ഭാഷ. വിശുദ്ധഖുര്‍ആന്റെ ഭാഷയായി ഈ ഭാഷ തെരഞ്ഞെടുക്കപ്പെട്ടു എന്നത് മനുഷ്യസ്രഷ്ടാവായ പ്രപഞ്ചനാഥന് മാത്രമറിയാവുന്ന രഹസ്യമോ യുക്തിയോ ആണ് എന്നകാര്യം അല്ലാഹു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ‘തീര്‍ച്ചയായും സര്‍വലോകപരിപാലകനായ നാഥന്‍ അവതരിപ്പിച്ച ഗ്രന്ഥമാണിത്. വിശ്വസ്തനായ ആത്മാവാണ് ഈ ഗ്രന്ഥവുമായി ഇറങ്ങിവന്ന് നിന്റെ ഹൃദയത്തിലെത്തിച്ചത്. നീയൊരു മുന്നറിയിപ്പുകാരനാകാന്‍ വേണ്ടി'(അശ്ശുഅറാഅ് 193).
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്