Global വാര്‍ത്തകള്‍

അയ്‌ലന്‍ കുര്‍ദിയെ ‘പരിഷ്‌കൃതലോകം’ മറന്നു: തുര്‍ക്കി

അങ്കാറ: ലോകത്ത് ലക്ഷക്കണക്കായ കുട്ടികള്‍ അഭയാര്‍ഥികളാക്കപ്പെടുകയും അതിജീവന യാത്രയില്‍ ഐലന്‍ കുര്‍ദിയെപ്പോലെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നുവെന്ന് തുര്‍ക്കി. പരിഷ്‌കൃത ലോകം ഐലന്‍ കുര്‍ദിയെ വിസ്മരിക്കുക മാത്രമല്ല, കുട്ടികളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നത് തുടരുകയുമാണെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുസ്തഫാ സെന്‍ദപ് ഇരുപതാമത് ദേശീയബാലഫോറത്തില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു.
‘കുട്ടികള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളില്‍നിന്നും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ലോകസമൂഹം മുന്നോട്ടുവരണം. അഭയാര്‍ഥിസമൂഹത്തിലെ കുട്ടികളെ തടവില്‍പാര്‍പ്പിക്കുന്ന ചില പരിഷ്‌കൃതരാജ്യങ്ങളുണ്ടെന്നത് മാനവസമൂഹത്തിന് അപമാനകരമാണ്. സിറിയയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് ശേഷം തുര്‍ക്കിയില്‍ മാത്രം അഞ്ചുലക്ഷത്തിലധികം സിറിയന്‍ ബാലന്‍മാര്‍ പിറന്നുവീഴുകയുണ്ടായി. അവരുടെ വിദ്യാഭ്യാസം , ആരോഗ്യപരിരക്ഷ തുടങ്ങിയവയും ഗവണ്‍മെന്റ് ഏറ്റെടുക്കുകയായിരുന്നു.’ അദ്ദേഹം വിശദീകരിച്ചു.

Topics