Global വാര്‍ത്തകള്‍

അമേരിക്കന്‍ കുടുംബങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നത് ലഹരിയെന്ന് റിപോര്‍ട്ട്

വാഷിങ്ടണ്‍: മദ്യം, മയക്കുമരുന്ന് തുടങ്ങി ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ജനത. എല്ലാവര്‍ഷവും നടത്തിവരാറുള്ള സര്‍വേയുടെ വിശദാംശങ്ങള്‍ അമേരിക്കയിലെ ‘ദ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍’ ആണ് പുറത്തുവിട്ടത്.

അമേരിക്കന്‍ ജനതയിലെ 46 ശതമാനം വരുന്ന ആളുകളിലാണ് ലഹരി പ്രശ്‌നമായി അനുഭവപ്പെടുന്നത്. 18 ശതമാനം പേര്‍ മദ്യത്തിന്റെ കെടുതിയനുഭവിക്കുന്നവരാണെങ്കില്‍ പത്ത് ശതമാനംപേര്‍ മയക്കുമരുന്നിന്റെ തിക്തഫലങ്ങള്‍ പേറുന്നവരാണ്. അതേസമയം 18 ശതമാനം പേര്‍ ഇതുരണ്ടും ഉപയോഗിക്കുന്നതിനെത്തുടര്‍ന്നുള്ള സാമൂഹികപ്രശ്‌നങ്ങളാല്‍ വലയുന്നു. ലഹരി ശീലമാക്കിയ ഏതാണ്ട് 2500 വ്യത്യസ്ത വ്യക്തികളുമായി അനന്തരഫലങ്ങളെക്കുറിച്ച് ചോദ്യാവലികളിലൂടെ സംവദിച്ചുകൊണ്ടാണ് സര്‍വേ നടത്തിയത്.
ലഹരിയുപയോഗത്തിന്റെ കെടുതികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണത്രേ. ലഹരിക്ക് എളുപ്പം കീഴ്‌പ്പെട്ടവരില്‍ പാതിവഴിയില്‍ പഠനമുപേക്ഷിച്ചവരെപ്പോലെത്തന്നെ ആരാധനാലയങ്ങളില്‍ ഒട്ടുംതന്നെ പോകാത്തവരും ഉണ്ട്. രാജ്യത്ത് താമസമാക്കിയ ഏഷ്യന്‍-ആഫ്രിക്കന്‍ വംശജരേക്കാള്‍ പാശ്ചാത്യരാണ് ലഹരിയോട് ആഭിമുഖ്യം കാട്ടുന്നതെന്നും റിപോര്‍ട്ടിലുണ്ട്.

Topics