മനുഷ്യന് സാമൂഹികജീവിയാണ്. അതുകൊണ്ടുതന്നെ പരസ്പരഇടപാടുകളിലൂടെ മാത്രമേ അവന് മുന്നോട്ടുപോകാനാകൂ. അതില്‍ അമാനത്തിന് വളരെ പ്രാധാന്യമുണ്ട്. അത് മുസ്ലിമായ വ്യക്തിയുടെ അടിസ്ഥാനചിഹ്നമത്രേ. വിശ്വാസിയായ വ്യക്തി ജീവിതഇടപാടുകളില്‍ നീതിയും സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തണം. അങ്ങനെയുള്ള വ്യക്തി മാത്രമേ യഥാര്‍ഥ മുസ്ലിമാവുകയുള്ളൂ. അന്യരുടെ അവകാശം അപഹരിക്കല്‍, വാഗ്ദാനലംഘനം, കളവ്, കള്ളസാക്ഷി പറയല്‍ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ കപടവിശ്വാസികളുടെ ലക്ഷണമാണെന്ന് പ്രവാചകന് തിരുമേനി (സ) പഠിപ്പിച്ചിട്ടുണ്ട്. പരലോകഭയവും ദൈവബോധവും ഹൃദയത്തില്‍ ഇല്ലാത്തവരാണ് അത്തരം ദുര്‍ഗുണങ്ങളുമായി ജീവിതം നയിക്കുന്നത്.
സൂക്ഷിപ്പുമുതല്‍, ഉത്തരവാദിത്വം, വിശ്വസ്തത എന്നീ അര്ഥകല്പനകളോടെ ഉപയോഗിക്കുന്ന പദമാണ് അമാനത്ത്. വിശ്വസ്തത എന്നാല്‍ എന്താണെന്ന് അറിയാത്തവരില്ല. ഒരാള്‍ മറ്റൊരാളുടെ പക്കല്‍ എന്തെങ്കിലും സാധനങ്ങളോ മറ്റോ സൂക്ഷിക്കാനേല്പിച്ചുവെന്ന് കരുതുക. തിരിച്ച് അയാളാവശ്യപ്പെടുമ്പോള് അത് കൊടുക്കുന്നത് വിശ്വസ്തതയാണ്. കൊടുക്കാതിരിക്കുന്നത് വഞ്ചനയും. അല്ലാഹു പറയുന്നു: ‘നിങ്ങളെ വിശ്വസിച്ചേല്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്പിക്കുക’ (അന്നിസാഅ് 58). ആരോടെങ്കിലും (അത് സ്ഥാപനമായാലും ശരി)കടമിടപാട് നടത്തിയിട്ടുണ്ടെങ്കില്‍ അത് കൃത്യമായി തിരിച്ച് കൊടുക്കുന്നത് അമാനത്താണെന്ന് പറയുന്നത് അതിനാലാണ്.
വിശാലമാണ് വിശ്വസ്തതയെ സംബന്ധിച്ച ഇസ്ലാമിന്റെവിവക്ഷ. അന്യന്റെ അവകാശബാധ്യത നമ്മുടെ മേലുണ്ടെങ്കില്‍ അത് നിറവേറ്റുന്നത് വിശ്വസ്തതയാണ്. അന്യന് നാമുമായി മാത്രം പങ്കുവെച്ച രഹസ്യമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍നിന്ന് മറച്ചുപിടിക്കല്‍ വിശ്വസ്തതയാണ്. നമ്മോട് ഗുണകാംക്ഷപരമായ ഉപദേശനിര്‍ദേശങ്ങള്‍ ചോദിച്ചുവരുന്നവര്ക്ക്് അത് നല്‍കലും അതില്‍പെട്ടതാണ്. തൊഴിലാളി തന്റെ ജോലി നിബന്ധനയനുസരിച്ച് ഉത്തരവാദിത്വത്തോടെ ചെയ്യുന്നതും ആ ഗണത്തില്‍പെടുന്നു. ജോലിക്ക് നിശ്ചയിച്ച സമയം കഴിഞ്ഞുവരിക. നിശ്ചയിച്ച സമയത്തിന് മുമ്പ് ജോലി നിര്‍ത്തുക. ജോലിചെയ്യുന്നതില്‍ മടിയും അനാസ്ഥയും കാട്ടുക, സമയം വെറുതെ കളയുക ഇതെല്ലാം വിശ്വസ്തതയില്ലായ്മയെ കുറിക്കുന്നു. അതുകൊണ്ടാണ് പ്രവാചകന് പറഞ്ഞത് ‘വിശ്വസ്തതയില്ലാത്തവന് ഈമാനില്ല’ എന്ന്്.
അമാനത്ത് സാധനസാമഗ്രികള്‍ തന്നെയാവണമെന്ന് നിര്‍ബന്ധമില്ല. സൂക്ഷിക്കാനും സംരക്ഷിക്കാനും ഏല്പിക്കപ്പെടുന്നതെന്തും അമാനത്താണ്. കുടുംബത്തില്‍ ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ സൂക്ഷിക്കപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതെന്തും സംരക്ഷിക്കേണ്ടത് ഭാര്യയുടെ ബാധ്യതയാണ്. ഭാര്യ തന്നെത്തന്നെ സംരക്ഷിക്കല്‍ അതില്‍പെട്ടതാണ്. സംഘടിതജീവിതത്തില്‍ ഓരോ വ്യക്തികളെ ചുമതലപ്പെടുത്തുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതും അമാനത്താണ്.
ദാര്‍ശനികതലത്തില്‍ നോക്കുമ്പോള്‍ മനുഷ്യന് മേല്‍ ദൈവം ചുമത്തിയിട്ടുള്ള ഉത്തരവാദിത്വമാണ് അമാനത്ത്. മനുഷ്യന്റെ ഇന്ദ്രിയശേഷികള്‍, ബുദ്ധി, വിവേചനശക്തി, ഇച്ഛാസ്വാതന്ത്ര്യം എന്നിവയെല്ലാം ദൈവം മനുഷ്യനെയേല്പിച്ച സൂക്ഷിപ്പുമുതലുകളാണ്. ദൈവത്തിന്റെ ഇഷ്ടം മാനിച്ചേ അതെല്ലാം ഉപയോഗിക്കാന്‍ പാടുള്ളൂ. സൂക്ഷിപ്പുമുതലില്‍ സൂക്ഷിപ്പുകാരന് പുലര്‍ത്തുന്ന ഉത്തരവാദിത്വമാണ് അമാനത്ത്. മനുഷ്യന് മാത്രമുള്ള ഈ ഗുണം പ്രപഞ്ചത്തിലുള്ള മറ്റൊരു ജീവിവര്‍ഗത്തിനും നല്കപ്പെട്ടിട്ടില്ലെന്നോര്ക്കുക. മനുഷ്യേതര ജീവിവര്‍ഗങ്ങള്‍ പ്രകൃത്യാതന്നെ ദൈവാഭീഷ്ടപ്രകാരം ജീവിക്കുന്നു. ഇഷ്ടമുള്ളതെന്തും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്കപ്പെട്ടിരിക്കുന്നു എന്നത് മനുഷ്യന് മാത്രമുള്ള വിശിഷ്ടഗുണമാണ്. അതേസമയം തന്നെ അത് അപകടകാരിയുമാണ്. അതുകൊണ്ടാണ് ആകാശ-ഭൂമികളും പര്‍വതങ്ങളും ആ വിശിഷ്ടഗുണത്തെ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘നാം ആകാശഭൂമികള്‍ക്കും പര്‍വതങ്ങള്‍ക്കും ഈ അമാനത്ത് വെച്ചുനീട്ടിയിരുന്നു. അവ അത് വഹിക്കാന്‍ വിസമ്മതിച്ചു. അത് വഹിക്കാന്‍ അവയ്ക്ക് ഭീതിയായിരുന്നു. മനുഷ്യനാവട്ടെ, അത് വഹിച്ചു. എന്നിട്ടവന്‍ അക്രമിയും അവിവേകിയുമായിരിക്കുന്നു'(അല്‍അഹ്സാബ് 72)
ദൈവം ഉത്തരവാദിത്വത്തോടെ നല്കിയ ബുദ്ധിയും ആയുസ്സും ശാരീരികസിദ്ധിയും സമയവും തന്നിഷ്ടപ്രകാരം ഉപയോഗിക്കുന്നവന് അക്രമിയാവുക സ്വാഭാവികം. അതേസമയം ആ അമാനത്ത് ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നപക്ഷം അവന് ഇവിടെ ശ്രേഷ്ഠനായി മാറുന്നു. നാളെ പരലോകത്ത് സ്വര്ഗാവകാശിയായും ഉയര്‍ത്തപ്പെടുന്നു.
Add Comment