അബ്ബാസീ ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ പ്രത്യക്ഷകാരണമായി മംഗോള്‍ ചക്രവര്‍ത്തിയായ ഹുലാഗൂ ഖാന്റെ ആക്രമണത്തെ വിലയിരുത്തുന്നുണ്ടെങ്കിലും ചരിത്രംപരിശോധിക്കുമ്പോള്‍ വിവിധങ്ങളായ ഘടകങ്ങളും അതില്‍ ഉള്‍ച്ചേര്‍ന്നതായി കാണാം. അബ്ബാസീഭരണകൂടം ഉദയംകൊള്ളുന്നതില്‍ പേര്‍ഷ്യന്‍ നവമുസ്‌ലിംകളുടെ പിന്തുണയും സഹായവും ഉണ്ടായിരുന്നു. വാസ്തവത്തില്‍ അവര്‍ക്ക് ഇസ്‌ലാമുമായി നാമമാത്ര ബന്ധമേ ഉണ്ടായിരുന്നുള്ളൂ. അബ്ബാസീ ഖലീഫമാരെ പിറകില്‍നിന്ന് നിയന്ത്രിക്കുംവിധം തുര്‍കികളും ബര്‍ബരികളും വര്‍ധിച്ച സ്വാധീനശക്തികളായതും തകര്‍ച്ചയ്ക്ക് കാരണമായി.
ഖിലാഫത്തിന്റെ ചൈതന്യത്തെ ഹനിക്കുംവിധം നിലവില്‍വന്ന ഉമവികളുടെ രാജവാഴ്ചയെ പിന്തുടര്‍ന്നാണ് അബ്ബാസീഭരണകൂടവും വന്നത്. അധികാരം കുടുംബവാഴ്ചയിലൂടെ മുന്നോട്ടുപോകവേ ആഭ്യന്തരസംഘര്‍ഷങ്ങള്‍ നിത്യസംഭവമായി. അധികാരം കയ്യാളുന്നതിനെച്ചൊല്ലി അമീനും മഅ്മൂനും സംഘര്‍ഷത്തിലേര്‍പ്പെട്ടു. അത് ഭരണകൂടത്തെ ക്രമേണ തകര്‍ച്ചയിലേക്കാണ് നയിച്ചത്.
ഈജിപ്തില്‍ ഫാത്വിമീ, അന്തലൂസില്‍ ഉമവീ എന്നിങ്ങനെ രണ്ട് ഭരണകൂടങ്ങള്‍ ഇസ്‌ലാമികലോകത്താദ്യമായി രൂപംകൊണ്ടത് മുസ്‌ലിംഐക്യത്തെ തകര്‍ത്തു. ഈ ഭരണകൂടങ്ങളുമായി അബ്ബാസീഖലീഫമാര്‍ നിരന്തരഏറ്റുമുട്ടലിലേര്‍പ്പെട്ടത് ശക്തിക്ഷയമുണ്ടാക്കി.
വിശാലമായ അബ്ബാസീഭരണകൂടത്തിന് കീഴില്‍ വിവിധസംസ്‌കാരങ്ങളുമായി ജനങ്ങള്‍ സമ്പര്‍ക്കത്തിലാകുക വഴി സനാദിഖുകളെപ്പോലെ മതനിഷേധികളും ഖുര്‍റമിയ്യ, ഖവാരിജ്, റാവന്‍ദിയ്യ, ഹശ്ശാശൂന്‍ തുടങ്ങി പ്രസ്ഥാനങ്ങളും ഉടലെടുക്കുന്നതിന് വഴിതെളിച്ചു. ഇവയെല്ലാം സൈ്വരജീവിതത്തിന് തടസ്സം സൃഷ്ടിച്ചു. ബാഗ്ദാദ്‌പോലെ വന്‍നഗരങ്ങളില്‍ ഇക്കൂട്ടര്‍ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
ഭരണകൂടത്തിന് കീഴിലെ അധികാരമേഖല വളരെ വിശാലമായിരുന്നതുകൊണ്ട് ഭരണീയരുടെ മേല്‍ ശ്രദ്ധപതിപ്പിക്കാന്‍ അബ്ബാസികള്‍ക്ക് സാധിച്ചില്ല. ചൈനമുതല്‍ ദക്ഷിണഅറ്റ്‌ലാന്റിക് തീരംവരെയും മധ്യേഷ്യമുതല്‍ ഇന്ത്യവരെയും വ്യാപിച്ചുകിടക്കുന്ന ഇപ്പോഴത്തെ 40 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു അബ്ബാസീ അധികാരമേഖല. എല്ലായിടത്തും ഖലീഫയുടെ മേല്‍നോട്ടം സാധ്യമല്ലാതെ വന്നപ്പോള്‍ വിഘടിതശക്തികള്‍ അവിടവിടങ്ങളിലായി തലപൊക്കി. ക്രമേണ അവര്‍ ഭരണകൂടങ്ങളായി അബ്ബാസീഖിലാഫത്തിനെതിരെ വെല്ലുവിളിയുയര്‍ത്തുകയും ചെയ്തു.
തങ്ങളോട് കര്‍ക്കശനിലപാട് സ്വീകരിച്ചതില്‍ ക്രുദ്ധരായി അലവികള്‍ സ്വന്തം ഭരണകൂടം സ്ഥാപിക്കാന്‍ ശ്രമിച്ചു. അത് അബ്ബാസീദേശരാഷ്ട്രത്തെ ഭിന്നിപ്പിച്ചു.
അബ്ബാസീഭരണത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന ഭരണാധികാരികളുടെ ഇസ്‌ലാമികസ്വഭാവം പിന്‍ഗാമികളായ ഖലീഫമാരില്‍ കാണാനുണ്ടായിരുന്നില്ല. അവരിലധികവും ധൂര്‍ത്തും ആര്‍ഭാടവും കൈമുതലാക്കിയവരായിരുന്നു. അധികാരികളില്‍ ചിലരുടെ മദ്യപാനത്തെ എതിര്‍ത്ത പണ്ഡിതന്‍മാരെ അവര്‍ ജയിലിലടച്ചു. ദീനിന് തുരങ്കംവെക്കാനിടം നല്‍കുംവിധം മുഅ്തസിലീ ചിന്താഗതിയെ ചില ഖലീഫമാര്‍ പ്രോത്സാഹിപ്പിക്കുകയുംചെയ്തു. അബ്ബാസീ ഭരണകൂടം ദുര്‍ബലമാവുന്നതിനെതിരെ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്നോട്ടുവന്നില്ലെന്നതും തകര്‍ച്ച പൂര്‍ണമാക്കി.
Add Comment