അബ്ബാസികളില്‍ കീര്‍ത്തിനേടിയ ആദ്യഖലീഫ സഫ്ഫാഹിന്‍റെ സഹോദരന്‍ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ആണ്. 22 വര്‍ഷത്തെ ഭരണത്തിലൂടെ അബ്ബാസി ഭരണത്തിന് അദ്ദേഹമാണ് അടിത്തറപാകിയത്. സമൂഹത്തിലെ ശക്തരും സ്വാധീനവുമുള്ള പ്രബലരോട് കര്‍ക്കശനിലപാടും സാധാരണപൗരന്‍മാരോട് വിട്ടുവീഴ്ചാനയവും പുലര്‍ത്തിയ നീതിനിഷ്ഠനായിരുന്നു അദ്ദേഹം. പ്രാദേശികഅധികാരികളില്‍നിന്ന് ഏതെങ്കിലും രീതിയിലുള്ള അക്രമമോ വിവേചനമോ നേരിട്ടാല്‍ ഖലീഫയുടെ അടുക്കല്‍ പരാതിപ്പെടാന്‍ എല്ലാ അവസരവും തുറന്നിടുകയുണ്ടായി.
ഖുലഫാഉര്‍റാശിദുകള്‍ മദീനയും ഉമവികള്‍ ദമസ്കസും ഭരണകൂടആസ്ഥാനമാക്കിയപ്പോള്‍ അബ്ബാസികള്‍ ബഗ്ദാദ് നഗരം തെരഞ്ഞെടുത്തു. ടൈഗ്രീസ് നദിക്കരയിലെ ആ നഗരം പതിനായിരക്കണക്കായ കുളിപ്പുരകളും റോഡുകളും തെരുവുകളും അതിലധികം പള്ളികളും ഉള്‍ക്കൊണ്ടിരുന്നു.
മന്‍സൂറിന്‍റെ കാലത്ത് അന്തലുസ് ഒഴികെയുള്ള ഉമവിസ്വാധീനപ്രദേശങ്ങള്‍ കീഴടക്കുകയുണ്ടായി. ആ കാലത്ത് നടന്ന പ്രമാദമായ സംഭവമായിരുന്നു അബ്ബാസി ഭരണംസ്ഥാപിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച അബൂമുസ്ലിം ഖുറാസാനിയുടെ വധം. അദ്ദേഹത്തിന്‍റെ സ്വാധീനശക്തിവര്‍ധിച്ചതും അനുയായികള്‍ക്ക് അലി സന്താനങ്ങളോട് അനുഭാവംവളര്‍ന്നുവന്നതുമായിരുന്നു ചതിപ്രയോഗത്തിലൂടെ കൊന്നുകളയാന്‍ മന്‍സൂറിനെ പ്രേരിപ്പിച്ചത്. അലിസന്താനങ്ങളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന അധികാരിവിരുദ്ധനീക്കങ്ങളെ മന്‍സൂര്‍ അടിച്ചമര്‍ത്തി. അക്കാലത്തെ പ്രബലശക്തിയായിരുന്ന റോമക്കാരെ പരാജയപ്പെടുത്തിയതാണ് മറ്റൊരു സംഭവം.
വൈജ്ഞാനികരംഗം വാമൊഴിസമ്പ്രദായത്തില്‍നിന്ന് എഴുത്തുസമ്പ്രദായത്തിലേക്ക് വ്യാപകമായി മാറിയത് മന്‍സൂറിന്‍റെ കാലത്തെ പ്രധാനനേട്ടമായിരുന്നു. സിറിയന്‍ , ഗ്രീക്ക്, പേര്‍ഷ്യന്‍ , സംസ്കൃത ഭാഷകളിലെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്യിച്ച ആദ്യഭരണാധികാരിയായ അദ്ദേഹത്തിന്‍റെ ദര്‍ബാറില്‍ വിവിധവൈജ്ഞാനികശാഖകളില്‍ നൈപുണി നേടിയ വിദ്വാന്‍മാര്‍ ഒത്തുകൂടിയിരുന്നു. എങ്കിലും ദര്‍ബാറിന് പുറത്ത് സ്വതന്ത്രവൃത്തത്തിലാണ് ഏറ്റവും കൂടുതല്‍ വൈജ്ഞാനികസാഹിതീയ സംരംഭങ്ങള്‍ പിറവിയെടുത്തത് എന്നതിന് ഇമാം മാലികിന്‍റെ രചനയായ മുവത്വ തെളിവാണ്. ഇമാം അബൂഹനീഫയുടെ ഇസ്ലാമിക കര്‍മശാസ്ത്രം, ഇബ്നു ഇസ്ഹാഖിന്‍റെ മുഹമ്മദ് നബിയുടെ സമ്പൂര്‍ണജീവചരിത്രം അക്കാലത്തെ സംഭാവനകളാണ്.