ഞാനറിഞ്ഞ ഇസ്‌ലാം

അന്ധകാരങ്ങളില്‍നിന്ന് ഇസ്‌ലാമിലേക്ക്

(യു.കെ യിലെ ക്രൈസ്തവനായിരുന്ന യുവാവ് തന്റെ ഇസ് ലാംസ്വീകരണത്തെക്കുറിച്ച് ഹൃദയംതുറക്കുന്നു)

ഇസ്‌ലാമിലേക്ക് വരുന്നതിനുമുമ്പ് എന്റെ ജീവിതം മദ്യത്തിലും മയക്കുമരുന്നിലും മദിരാക്ഷിയിലുമായിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കാനും ചിരിക്കാനും ഞാനാഗ്രഹിച്ചു. സമാനതാല്‍പര്യക്കാരുമായി ചങ്ങാത്തം കൂടി ജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്ന് ആശ്വസിച്ചു.

മുസ്‌ലിംകളെ ഞാന്‍ കേള്‍ക്കുന്നത് സെപ്റ്റംബര്‍ 11 സംഭവത്തോടെയാണ്. ഞാനന്ന് കൗമാരക്കാരനാണ്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. വാര്‍ത്താറിപോര്‍ട്ടുമായി കൂട്ടുകാരുടെ അടുക്കല്‍ ചെന്നു:’ടൂറിസ്റ്റുകള്‍’  അമേരിക്കയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന കാര്യം പറഞ്ഞു. ‘ടെററിസ്റ്റു’കള്‍  എന്ന വാക്ക് ‘ടൂറിസ്റ്റു’കളായി തെറ്റിക്കേട്ടതാണ് ഞാന്‍ എന്ന് തിരിച്ചറിഞ്ഞില്ല അപ്പോഴും. യഥാര്‍ഥത്തില്‍ ടെററിസം എന്ന് ഞാനതുവരെ കേട്ടിരുന്നില്ല.

അഫ്ഗാനുമായി യുദ്ധം കൊടുമ്പിരികൊണ്ടു. ക്രമേണ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങി. മുസ്‌ലിംകളാണ് ടെററിസ്റ്റുകള്‍(ഭീകരവാദികള്‍) എന്ന് എനിക്ക് തിരിഞ്ഞുതുടങ്ങി. മുസ്‌ലിംകള്‍ എല്ലാവിധ നശീകരണ-ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണത്രേ. വാര്‍ത്താമാധ്യമങ്ങളുടെ പ്രചാരണഫലമായി മുസ്‌ലിംവിരോധം എന്നില്‍ ശക്തമായി അലയടിക്കാന്‍ തുടങ്ങി. അഫ്ഗാനില്‍ചെന്ന് മുസ്‌ലിംകളെ കൊന്നൊടുക്കണമെന്ന ഉദ്ദേശ്യത്തോടെ 3 വട്ടം സൈന്യത്തില്‍ ചേരാന്‍ ഉദ്യമിക്കുകകൂടിചെയ്തു. എന്റെ രാജ്യത്തെയും കുടുംബത്തെയും രക്ഷിക്കാന്‍ മുസ്‌ലിംകളെന്ന ലോകപിശാചുക്കളെ ഉന്‍മൂലനംചെയ്‌തേ മതിയാകൂവെന്ന് എനിക്ക് തോന്നി.

സൈന്യത്തില്‍ ചേരാന്‍ അപേക്ഷനല്‍കിയിരിക്കവേ, യാദൃശ്ചികമായി ഒരു റേഡിയോ സ്റ്റേഷനില്‍നിന്ന്  ഇസ്‌ലാമിനെ ക്കുറിച്ച് ചിലതൊക്കെ കേള്‍ക്കാനിടയായി. സംഭവലോകത്തെ യാഥാര്‍ഥ്യങ്ങള്‍ക്കുപിന്നിലെ ഗൂഢാലോചനകളെ വെളിച്ചത്തുകൊണ്ടുവരികയെന്നതാണ് അതിന്റെ പരിപാടി. അതില്‍ മുഹമ്മദ് എന്ന പ്രവാചകന്റെ ജീവിതത്തെക്കുറിച്ച ഒരു പരിപാടിയായിരുന്നു അത്.

ലോകത്ത് മുസ്‌ലിംകളെല്ലാം  അനുഗമിക്കുകയും സ്‌നേഹിക്കുകയും ചെയ്തുകാണ്ടിരിക്കുന്ന ആ ഒരു പ്രവാചകന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കല്‍പിക്കുമെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിനാല്‍ യാഥാര്‍ഥ്യമെന്തെന്നറിയാന്‍ ഞാന്‍ കൊതിച്ചു. ആയിടക്ക് ഞാന്‍ ബഹുദൈവാരാധനാസമ്പ്രദായത്തെക്കുറിച്ച് അറിയാന്‍  താല്‍പര്യം കാട്ടിയിരുന്നു. എന്തായാലും ഇസ്‌ലാമിനെക്കുറിച്ച് അടുത്തറിഞ്ഞിട്ടുമതി ബാക്കിയെന്തും എന്ന് ദൃഢനിശ്ചയംചെയ്തു. ഇന്റര്‍നെറ്റില്‍ മുസ്‌ലിംകളെപ്പറ്റി പരതാന്‍ തുടങ്ങി.  അങ്ങനെ കണ്ടതില്‍ ഏറ്റവുമാദ്യം ബാബാ അലിയെയാണ്(ഇറാനിയന്‍ വംശജനായ അമേരിക്കന്‍ സ്റ്റാന്റപ് ആര്‍ട്ടിസ്റ്റ് കുട്ടികള്‍ക്കായി ഇസ്‌ലാമികമൂല്യങ്ങള്‍ പഠിപ്പിക്കാറുണ്ട് അദ്ദേഹം). സാമ്പ്രദായികമുസ്‌ലിംകളില്‍നിന്ന് വേറിട്ട ചിത്രമാണ് അദ്ദേഹം കാഴ്ചവെച്ചത്. കാഫിറുകളെ കൊല്ലൂ എന്ന് ആക്രോശിക്കുന്ന വലിയ താടിയൊന്നും ഉള്ള രൂപമായിരുന്നില്ല അദ്ദേഹത്തിന്റെത്.

അങ്ങനെയിരിക്കെ  കോളേജ് ലൈബ്രറിയില്‍നിന്ന് ഞാനൊരു ഖുര്‍ആന്‍ സംഘടിപ്പിച്ചു. ‘ഭീകരവാദികളുടെ കൈപുസ്തകം’ കയ്യിലിരിക്കുന്നതുപോലെയാണ് എനിക്കാദ്യം തോന്നിയത്. M15ന്റെ ചാരന്‍മാരാരെങ്കിലും എന്നെ കണ്ടുപിടിച്ചാലോ എന്ന് ഞാനൊരുവേള ഭയപ്പെട്ടു.

പക്ഷേ, അത് വായിച്ചുതുടങ്ങിയതോടെ എന്നെ അത് പിടിച്ചുകുലുക്കാന്‍ തുടങ്ങി. അത് താഴെവെക്കാന്‍ എനിക്ക് തോന്നിയില്ല. അതിലെ ആശയങ്ങള്‍ എന്റെ ഹൃദയാന്തരാളങ്ങളോളം ആഴ്ന്നിറങ്ങി. നരകത്തിലെ ആളുകള്‍  തിളയ്ക്കുന്ന വെള്ളംമാത്രം ലഭിക്കുന്ന അഗ്നിയില്‍ വെന്തെരിയുന്നതും മറ്റുംവായിച്ചതോര്‍ത്തപ്പോള്‍ എന്റെ തൊണ്ട വെന്തുനീറുന്നതുപോലെതോന്നി. ഇനി  ഒരു മാറ്റം അനിവാര്യമാണെന്ന് എനിക്ക് തോന്നി.

ഞാന്‍ ആദ്യം പോയത് പളളിയിലേക്ക് . ഒരു ദിനം മുഴുവന്‍ അവിടെയിരുന്ന് വായിച്ചു. വൈകുന്നേരമായപ്പോള്‍ അമ്മ വിളിച്ച് പകല്‍മുഴുവന്‍ എവിടെയായിരുന്നുവെന്ന് ചോദിച്ചു. പള്ളിയിലായിരുന്നുവെന്ന് ഞാന്‍ മറുപടിനല്‍കി. അത് കേട്ട് അമ്മ പറഞ്ഞു:’ഇല്ല, നീ പള്ളിയില്‍ ആയിരിക്കില്ല. ക്രിസ്ത്യാനിയല്ലേ നീ . അവര്‍ ചര്‍ച്ചിലല്ലാതെ മറ്റെങ്ങും പോകില്ല.’ അമ്മയാകെ വിറകൊണ്ടു. ഞാന്‍ വഴിതെറ്റുകയാണെന്ന് അവര്‍ വിചാരിച്ചു. അമ്മയുടെ ആ പ്രതികരണത്തിനുശേഷം ക്രമേണ അവരത് ഉള്‍ക്കൊള്ളാന്‍ തുടങ്ങി. ദീര്‍ഘനേരം അവര്‍ കരഞ്ഞുകൊണ്ടിരുന്നു. എന്തിനാണ് അവര്‍ കരയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അമ്മ എന്നെപഠിപ്പിച്ചതെല്ലാം ഉപേക്ഷിക്കുകയാണ് ഞാന്‍ എന്ന്  കരുതിക്കാണും.

വിശ്വാസസ്വീകരണത്തിനുശേഷം പലരും എന്നോട് പറഞ്ഞത് സ്വന്തംവീട്ടില്‍ തിരിച്ചെത്തിയതുപോലുള്ള അനുഭവമാണെന്നാണ്. അതേ അനുഭവമായിരുന്നു എനിക്കും. ഭൂതകാലത്തില്‍ ഞാന്‍ ഞാനായിരുന്നില്ല. മറ്റെന്തൊക്കെയോ എന്നെ നിയന്ത്രിക്കുകയായിരുന്നു. 

പുതുതായി ഇസ്‌ലാം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ആളോട് എനിക്ക് പറയാനുള്ളത് ഇതാണ്:  നിങ്ങള്‍ ആദ്യം അടുത്തുള്ള പള്ളിയില്‍ പോകുക. അവിടെയുള്ള പണ്ഡിതനോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക. അല്ലാതെ ഇന്റര്‍നെറ്റില്‍ തപ്പിനടക്കുകയല്ല വേണ്ടത്. അവിടെ നിങ്ങളെ നല്ലതും ചീത്തയുമായ ഉത്തരങ്ങള്‍ കാത്തിരിക്കുന്നുണ്ടാകും. ഇസ്‌ലാമിനെ സംബന്ധിച്ച് അടിസ്ഥാനവിവരങ്ങള്‍ ഇല്ലാത്ത ആളെ സംബന്ധിച്ചിടത്തോളം അത് അഗാധഗര്‍ത്തത്തില്‍ കൊണ്ടുചാടിക്കുകയാണ് ചെയ്യുക. അതിനാല്‍ മുസ്‌ലിംകളെ കണ്ടെത്തി അവരുമായി സംസാരിക്കുക. അവരുടെ കൂട്ടത്തില്‍ കൂടുക. നല്ല വിവരമുള്ള സദ്ഗുണസമ്പന്നരുമായി ചങ്ങാത്തത്തിലാകുക.

നിങ്ങളുടെ കുടുംബം എന്തുവിചാരിക്കും എന്ന് ആലോചിച്ച് ശങ്കിക്കാതിരിക്കുക. എനിക്കും കുടുംബവും മിത്രങ്ങളും ബന്ധുക്കളും ഉണ്ടായിരുന്നു. അവരെന്തുവിചാരിക്കും എന്ന് ഞാനൊരുവേളമാത്രമേ ചിന്തിച്ചുള്ളൂ. ഇസ്‌ലാം മുമ്പില്‍ വന്നപ്പോള്‍ എല്ലാം വിട്ട് ഞാനതിന്റെ കൂടെ നടന്നു. കുടുംബക്കാര്‍ പിന്നാലെ വന്നുകൂടുമെന്ന് ഞാന്‍ ആശ്വസിച്ചു.

Topics