وَامْتَازُوا الْيَوْمَ أَيُّهَا الْمُجْرِمُونَ
59. കുറ്റവാളികളേ, നിങ്ങളിന്ന് എല്ലാവരില്‍നിന്നും മാറിനില്‍ക്കുക!
വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെട്ട ജനസഞ്ചയത്തില്‍നിന്ന് അക്രമികളായ ആളുകളോട് മാറിനില്‍ക്കാന്‍ ആജ്ഞയുണ്ടാവും. സദ്‌വൃത്തരും ദുര്‍വൃത്തരും തമ്മില്‍ വേര്‍തിരിഞ്ഞ് തിരിച്ചറിയാന്‍ ഇത് അവസരമൊരുക്കും. അങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്ന ആളുകളില്‍നിന്ന് എല്ലാവിധ നന്‍മകളും നീക്കംചെയ്യുമെന്നുമാകാം. ഇതാണ് ഇമാം ത്വബരിയുടെ വീക്ഷണം. അങ്ങോട്ടുമിങ്ങോട്ടും ഓടിപ്പാഞ്ഞുനടക്കുന്ന അതിക്രമികളായ ആളുകളെ വിശ്വാസിക്കൂട്ടത്തില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുകയാണെന്നും ഇതിന് അര്‍ഥമുണ്ട്.
അബൂഹുറയ്‌റയില്‍നിന്ന് റിപോര്‍ട്ട്: ‘ നബിതിരുമേനി (സ) പറഞ്ഞു: ‘വിചാരണാനാളില്‍ അല്ലാഹു നരകത്തോട് കല്‍പിക്കും. അപ്പോള്‍ അത് ഭീകരമാംവിധം ആളിക്കത്തുകയും കുറ്റവാളികളെ തട്ടിയെടുക്കുകയുംചെയ്യും. അപ്പോള്‍ അവരോടായി മൊഴിയും; ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന് ; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്”(യാസീന്‍ 60-61).
ആ ദുരന്തദിനത്തില്‍ അക്രമികള്‍ ജനക്കൂട്ടത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടും. മുട്ടുകുത്തി നില്‍ക്കുന്ന അവസ്ഥയില്‍ അവര്‍ ശകാരവാക്കുകള്‍ കേള്‍ക്കും.
‘അന്ന് ഓരോ സമുദായവും മുട്ടുകുത്തി വീണുകിടക്കുന്നതായി നിനക്ക് കാണാം. എല്ലാ ഓരോ സമുദായത്തെയും തങ്ങളുടെ കര്‍മരേഖ നോക്കാന്‍ വിളിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും'(അല്‍ജാഥിയ 28).
ഈ സൂക്തത്തിന്റെ പ്രാരംഭത്തിലെ ‘വാവ്’ മുന്‍സൂക്തവുമായി ബന്ധപ്പെടുത്തുന്നതാണെന്ന് ഇബ്‌നു ആശൂര്‍ അഭിപ്രായപ്പെടുന്നു.അതായത്, സ്വര്‍ഗവാസികള്‍ തങ്ങള്‍ക്കു ലഭിച്ച അനുഗ്രഹങ്ങളില്‍ ആസ്വാദനംകണ്ടെത്തുമ്പോള്‍ കുറ്റവാളികള്‍ എല്ലാ അനുഗ്രഹങ്ങളില്‍നിന്നും അകറ്റിനിര്‍ത്തപ്പെടുന്നു. രണ്ട് വ്യത്യസ്ത സംഘങ്ങള്‍ക്ക് ലഭിക്കുന്ന പരിണതികളുടെ വൈവിധ്യം ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യം ഇതിനുണ്ട്. സത്യനിഷേധികളോട് മാറിനില്‍ക്കാന്‍ ആജ്ഞാപിച്ച് സത്യവിശ്വാസികളോട് തന്റെ സ്വര്‍ഗത്തില്‍ കടന്ന് ആഹ്ലാദിച്ചോളൂ എന്ന് അല്ലാഹു പറയുകയാണ്. ആ ഘട്ടത്തില്‍ സ്വര്‍ഗം നഷ്ടപ്പെട്ടതിന്റെ വേദനയും ഇച്ഛാഭംഗവും നിഷേധികളില്‍ പതിന്മടങ്ങ് വര്‍ധിക്കുന്നു. സ്വര്‍ഗവാസികള്‍ക്ക് ‘സലാം’ എന്ന അഭിവാദനമാണെങ്കില്‍ സത്യനിഷേധികള്‍ക്ക് ‘ഇംതാസ്’ എന്ന ആക്രോശത്തോടെ നരകവാതില്‍ക്കലേക്കുള്ള ആട്ടിപ്പായിക്കല്‍ ആണ് ലഭിക്കുക. ഒരേഘട്ടത്തിലാണ് രണ്ടുകൂട്ടരെയും അല്ലാഹു അഭിമുഖീകരിക്കുന്നത്. ഇബ്‌നു ആശൂറിന്റെ അഭിപ്രായത്തില്‍ ഇംതാസ് എന്നത് ഒരു സമൂഹത്തില്‍നിന്ന് പൂര്‍ണമായും വേര്‍പെടുത്തി മാറ്റിനിര്‍ത്തുകയെന്ന ആശയത്തെയാണ് കുറിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അവിശ്വാസികള്‍ വിശ്വാസികളുടെ കൂട്ടത്തില്‍പെടാതെ സ്വര്‍ഗത്തില്‍ നിന്ന് ബഹിഷ്‌കൃതരാവുന്നു.
നിയമലംഘനം നടത്തുക, കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുക, തെറ്റുകാരനാവുക തുടങ്ങി ആശയങ്ങള്‍ പ്രകാശിപ്പിക്കുന്ന ‘ജറമ’ എന്ന വാക്കില്‍നിന്നാണ് മുജ്‌രിമൂന്‍ എന്ന വാക്ക് നിഷ്പന്നമായിരിക്കുന്നത്. തങ്ങള്‍ ചെയ്ത അതീവഗുരുതരമായ കുറ്റം എന്തെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ‘നരകാവകാശികളേ’ എന്ന് വിളിക്കാതെ ‘കുറ്റവാളികളേ’ എന്ന് അവരെ അഭിസംബോധന ചെയ്യുന്നത്.
കുറ്റവാളികളേ എന്ന് അഭിസംബോധനചെയ്യപ്പെടുന്ന സത്യനിഷേധികളില്‍പെട്ട ക്രൈസ്തവ, യഹൂദ, നിര്‍മത വാദികളെല്ലാം താന്താങ്ങളുടെ സമൂഹങ്ങളായി വേര്‍തിരിഞ്ഞുനില്‍ക്കുമെന്ന് ഇമാം ഖുര്‍ത്വുബി നിരീക്ഷിക്കുന്നുണ്ട്. ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ച ഓരോ വിഭാഗവും നരകത്തില്‍ തങ്ങളുടെ ഇടങ്ങളില്‍ ചേക്കേറുമെന്നും നരകകവാടം അവര്‍ പ്രവേശിച്ചയുടന്‍ അടയുമെന്നും പറയപ്പെടുന്നു. അവര്‍ക്ക് ആരെയും കാണാന്‍ കഴിയില്ല. പുറത്തുനിന്നാര്‍ക്കും അവരെയും കാണാനാവില്ല. അങ്ങനെ ആകെ നിരാശയുടെ പടുകുഴിയില്‍ ആപതിക്കുന്ന ഘട്ടത്തില്‍ അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താനും ശപിക്കാനും തുടങ്ങുന്നു.’അങ്ങനെ തങ്ങളെ വഴിതെറ്റിച്ച മുന്‍ഗാമികളോട് പറയും: അല്ല , നിങ്ങള്‍ക്കുതന്നെയാണ് സ്വാഗതോപചാരമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ വരുത്തിവെച്ചത്. വളരെചീത്ത സങ്കേതം തന്നെയാണിത്'(സ്വാദ് 60)
أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
60. ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന് ; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്.
ഇമാം സഅദി പറയുന്നു: ഈ സൂക്തം മുന്‍ സൂക്തത്തിന്റെ തുടര്‍ച്ചയാണ്. അതായത്, കുറ്റവാളികളായ ആളുകളോട് അങ്ങോട്ട് മാറി വേര്‍തിരിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം അല്ലാഹു അവരെ ചോദ്യംചെയ്യുന്ന നടപടികളിലേക്ക് കടക്കുകയാണ്. ഈ ചോദ്യത്തോടെയാണ് അതിന് ആരംഭംകുറിക്കപ്പെടുകയെന്ന് അധിക പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു.
ഇമാം ത്വബരി: കുറ്റവാളികളോട് മാറിനില്‍ക്കാന്‍ ആജ്ഞാപിച്ചശേഷം അല്ലാഹു അവരെ ചോദ്യംചെയ്യുകയാണ് ‘നിങ്ങളോട് കല്‍പിച്ചിരുന്നില്ലേ, നിങ്ങള്‍ക്ക് ഉപദേശം ലഭിച്ചിരുന്നില്ലേ ഇഹലോകത്ത് എന്നെക്കൂടാതെ പിശാചിനോ മറ്റുള്ളവയ്‌ക്കോ വഴിപ്പെടരുതെന്ന,് പക്ഷേ, നിങ്ങള്‍ അല്ലാഹുവിനെ ധിക്കരിക്കുകയല്ലേ ചെയ്തത്.’
‘അഹ്ദ് എന്നതിന്റെ ഇവിടത്തെ ആശയം വസിയ്യത് എന്നതാണ്. ഉപദേശം അല്ലെങ്കില്‍ കല്‍പന എന്നര്‍ഥം. അല്ലാഹുവിനെ അനുസരിക്കാതിരിക്കുന്നത് പിശാചിനുള്ള അനുസരണമാണെന്ന് പ്രവാചകന്‍മാര്‍ ഉണര്‍ത്തിയിരുന്നതാണല്ലോ.’ഇതാണ് ഇമാം ഖുര്‍ത്വുബിയുടെ നിരീക്ഷണം.
നിന്നോടുള്ള അവന്റെ ശത്രുത ആദമിന്റെ മുമ്പാകെ സുജൂദ് ചെയ്യാനുള്ള കല്‍പനക്ക് വിസമ്മതം പ്രകടിപ്പിച്ചതോടെ വ്യക്തമായതല്ലേ. നാം മനുഷ്യസമൂഹത്തെ ആദരിച്ചുവെന്നതായിരുന്നു അവന്റെ അസൂയക്ക് കാരണം. ആദമിനെയും ഹവ്വയെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ അവന്‍ പലതരം കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയും ഒടുവില്‍ വിജയിക്കുകയുംചെയ്തു.
പുനരുത്ഥാന നാളില്‍ ഒത്തുകൂടിയ സ്വര്‍ഗാവകാശികളല്ലാത്ത എല്ലാ മനുഷ്യരോടുമുള്ള അഭിസംബോധനയാണിതെന്ന് പണ്ഡിതനായ ഇമാം ഇബ്‌നു ആശൂര്‍ അഭിപ്രായപ്പെടുന്നുണ്ട്. നരകാവകാശികളെ നോക്കുകപോലും ചെയ്യാതെ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയായിരിക്കും വിശ്വാസികള്‍. ബഹുദൈവവിശ്വാസികളും അഅ്‌റാഫുകാരും(സ്വര്‍ഗത്തിനും നരകത്തിനും ഇടയില്‍ ഒറ്റപ്പെടുന്നവര്‍) നിഷേധികളോടൊപ്പമുണ്ടാകും.അഅ്‌റാഫുകാരുടെ സാന്നിധ്യം ബഹുദൈവവിശ്വാസികളെ ലജ്ജിപ്പിക്കും. ആദംസന്തതികളോട് കടുത്ത ശത്രുതാമനോഭാവമുള്ള പിശാചിനെ അനുസരിച്ച കുറ്റബോധത്താല്‍ ‘ആദംസന്തതികളേ’ എന്ന വിളി ശകാരമായാണ് അവര്‍ക്ക് അനുഭവപ്പെടുക. അല്ലാഹുവുമായുണ്ടാക്കിയ കരാറിനെ നിഷേധിക്കാന്‍ മനുഷ്യന് കഴിയില്ല എന്നോര്‍പ്പിക്കുകയാണ് ‘അലം ‘ എന്ന സംജ്ഞ. ആ കരാറിനെ ഓര്‍മിപ്പിക്കുന്നതാണ് മനുഷ്യരിലെ ശുദ്ധപ്രകൃതി. അല്ലാഹു ഉണ്ടെന്ന് അവന്റെ അന്തരാത്മാവ് സമ്മതിക്കുന്നുവെന്നര്‍ഥം.
ഭാഷാമുത്തുകള്‍
‘ഇംതാസൂ’ എന്നത് അവിശ്വാസികളുടെ നേര്‍ക്കുള്ള നിന്ദാര്‍ഹമായ നടപടിയെ ദ്യോതിപ്പിക്കുന്നു. അതില്‍ അല്ലാഹുവിന്റെ വെറുപ്പ് പ്രകടമാണ്. മാത്രമല്ല, നിഷേധികള്‍ക്ക് മാനസികമായി നല്‍കുന്ന ശിക്ഷയാണ് ആ മാറ്റിനിര്‍ത്തല്‍. അല്ലാഹുവിന്റെ മറ്റെല്ലാ സൃഷ്ടികളില്‍നിന്ന് അവരെ മാത്രം മാറ്റിനിര്‍ത്തുകയാണല്ലോ ചെയ്യുന്നത്.
കുറ്റവാളികള്‍ എന്ന ആക്ഷേപാര്‍ഹമായ വിശേഷണം അവരുടെ ദൗര്‍ഭാഗ്യത്തെ കുറിക്കുന്നു.
അഹ്ദ് എന്നത് അല്ലാഹു ഉപയോഗിച്ചിട്ടുള്ളത് വസ്വിയ്യതിന്റെ വിപരീതാര്‍ഥത്തിലാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയതുപോലെ വസിയ്യത് എന്ന അര്‍ഥമുണ്ടെങ്കിലും ഇവിടെ ‘അഹ്ദ്’ ഉദ്ദേശിക്കുന്നത് പരസ്പരബോധ്യത്തോടെ രണ്ടുകക്ഷികള്‍ക്കിടയിലുള്ള അതിപ്രബലമായ കരാറാണ്. വസ്വിയ്യത്ത് ആകട്ടെ, ഉപദേശമോ പ്രചോദനമോ നല്‍കുന്നതിനെയാണ് കുറിക്കുന്നത്.
തന്റെ ദുര്‍ബോധനങ്ങളിലൂടെ മനുഷ്യരെ തെറ്റുകള്‍ക്കായി പ്രേരിപ്പിക്കുന്ന പിശാചിന് വിധേയരായി ദുഷ്‌കൃത്യങ്ങള്‍ ചെയ്യുന്നതിനെ അവന്നുള്ള അനുസരണവും കീഴ്‌വണക്കവും എന്നാണ് പറയുക. ഒരു ശക്തിക്ക് കീഴൊതുങ്ങി കര്‍മങ്ങളും പ്രവൃത്തിയും ചെയ്യുന്നതാണല്ലോ ഇബാദത്ത്. അതാണിവിടെ പിശാചിനുള്ള ഇബാദത്ത് എന്നതിന്റെ വിവക്ഷ. പിശാചിന് സുജൂദ് ചെയ്യണമെന്നൊന്നും അതിനര്‍ഥമില്ല. പിശാചിന്റെ പ്രലോഭനങ്ങള്‍ക്കും പ്രേരണകള്‍ക്കും വഴങ്ങുന്നത് തീര്‍ച്ചയായും പടച്ചവനോടുള്ള ധിക്കാരമായാണ് ഗണിക്കുക. ഇബ്‌റാഹീം പ്രവാചകന്‍ തന്റെ ബഹുദൈവാരാധകനായ പിതാവിന് നല്‍കിയ ഉപദേശം കാണുക: ‘എന്റെ പിതാവേ, പിശാചിന് വഴിപ്പെടാതിരിക്കൂ. തീര്‍ച്ചയായും പരമകാരുണികനോട് അങ്ങേയറ്റം നിഷേധിയായി വര്‍ത്തിച്ചവനാണ് പിശാച്’.
‘ഇന്നഹു ലകും അദുവ്വുന്‍ മുബീന്‍’ എന്ന വാചകഘടനയില്‍ ‘ലകും’ എന്നത് സൂക്താരംഭത്തില്‍ വന്നതിന്റെ ഊന്നല്‍ മനുഷ്യരോടുള്ള അവന്റെ ശത്രുതയാണെന്ന് ഉറപ്പിക്കുകയാണ്. ഇത് ഒരു ഭാഷാശൈലിയാണ്. അത് വ്യക്തമാക്കുന്നത്, പിശാച് പ്രത്യേകിച്ചും മനുഷ്യനോട് കടുത്ത ശത്രുതയുള്ളവനാണെന്നാണ്. വേണമെങ്കില്‍ ‘ലകും’ എന്നത് സൂക്തത്തിന്റെ അവസാനഭാഗത്ത് കൊടുക്കാമായിരുന്നു. ശ്രദ്ധിക്കേണ്ട കാര്യം, അല്ലാഹു അവന്റെ ശത്രുത പ്രഖ്യാപിച്ചിരിക്കുന്നത് പിശാചിനെതിരെയാണ്. മനുഷ്യവര്‍ഗത്തോടുള്ള പിശാചിന്റെ ശത്രുത അടിസ്ഥാനവസ്തുതയാകയാല്‍ പിശാചിന് വഴിപ്പെട്ടുപോകരുതെന്ന് അല്ലാഹു മനുഷ്യരോട് കര്‍ക്കശസ്വരത്തില്‍ ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മുബീന്‍ എന്ന വാക്ക് വ്യക്തമാക്കുക എന്ന ആശയമുള്ള അബാന യുടെ കര്‍തൃനാമമാണ്. തികഞ്ഞ ശത്രുവാണ് പിശാചെന്ന കാര്യം സുവ്യക്തമായ സംഗതിയാണെന്ന് ചുരുക്കം.
വിവേകമുത്തുകള്‍
ആദമിന് മുമ്പാകെ സുജൂദ് ചെയ്യാന്‍ പിശാച് വൈമനസ്യം കാട്ടിയതുമുതല്‍ക്കാണ് മനുഷ്യരാശിയോട് തികഞ്ഞ ശത്രുത പുലര്‍ത്താന്‍ അവന്‍ തുടങ്ങിയതെന്ന ചരിത്രം നമുക്കറിയാം. അല്ലാഹുവിന്റെ കല്‍പനയോടുള്ള പിശാചിന്റെ ധിക്കാരത്തിന്റെയും വിസമ്മതത്തിന്റെയും പിന്നിലെ ചേതോവികാരം ഖുര്‍ആന്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ദൈവികമാര്‍ഗത്തില്‍ ചരിക്കുന്ന മനുഷ്യര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നും തനിക്ക് നരകമാണുള്ളതെന്നും പിശാച് തിരിച്ചറിഞ്ഞിരിക്കുന്നു. ഈ വസ്തുതയാണ് അവനെ അസൂയപ്പെടുത്തുന്നത്. തനിക്ക് കൂട്ടായി മറ്റുള്ളവരെയും ചേര്‍ക്കുക എന്നതാണ് അവന്റെ ലക്ഷ്യം. അതിനാല്‍ ഓരോ മനുഷ്യരെയും എന്തുചെയ്തും തന്റെ വലയത്തിലകപ്പെടുത്താന്‍ പരിശ്രമംതുടരുന്നു.
ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ഒരാളെ അല്ലാഹുവിന്റെ കല്‍പനയെ തള്ളിപ്പറയുന്നവനാക്കുക എന്നതാണ് പിശാചിന്റെ ആദ്യത്തെ ശ്രമം. അതിലൂടെ അയാള്‍ ഇസ്‌ലാമിനോട് ശ്ര്രതുതയുള്ളവനാകണം എന്നും അവന്‍ ഉദ്ദേശിക്കുന്നു. അങ്ങനെയേ തന്റെ ലക്ഷ്യം നേടാനാവൂ എന്നവന്‍ കരുതുന്നു. അതില്‍ പരാജയപ്പെടുമെന്ന് കണ്ടാല്‍ അവന്‍ ഇസ്‌ലാമിന്റേതാണെന്ന് തെറ്റുധരിപ്പിച്ച് പുത്തന്‍ ആചാരങ്ങളെ കാണിച്ചുകൊടുക്കുന്നു. അതിലും അവന്‍ പരാജയപ്പെട്ടാല്‍ വന്‍ പാപങ്ങളായ വ്യഭിചാരം, മദ്യപാനം, പലിശ എന്നിവയില്‍ അകപ്പെടുത്താന്‍ ശ്രമിക്കും. അതും ഫലിച്ചില്ലെങ്കില്‍ ചെറുപാപങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ടാല്‍ അനുവദനീയവും എന്നാല്‍ പ്രത്യേകിച്ച് പ്രതിഫലമൊന്നുമില്ലാത്തതുമായ കളികള്‍, പകലുറക്കം, സമയംകൊല്ലി പരിപാടികള്‍ തുടങ്ങിയവയില്‍ വ്യാപൃതനാക്കും. അതും നടക്കുന്നില്ലെന്ന് മനസ്സിലാക്കിയാല്‍ താരതമ്യേന ചെറിയ പ്രതിഫലമുള്ള നല്ല കാര്യം ചെയ്യാന്‍ (വലിയ പ്രതിഫലമുള്ള കാര്യങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുകയാണ് ഉദ്ദേശ്യം) പ്രേരിപ്പിക്കും. ഒരുഘട്ടത്തിലും പിശാച് വിശ്വാസിയെ ഉപേക്ഷിച്ച് പിന്‍വാങ്ങുകയില്ല. മരണംവരെ വിശ്വാസിയുമായി വടംവലിയിലേര്‍പ്പെടുമെന്ന് ചുരുക്കം.
പിശാചിന്റെ കൊണ്ടുപിടിച്ച ഇത്തരം പ്രലോഭനങ്ങളും പ്രേരണകളും ചൂണ്ടിക്കാട്ടി വിശ്വാസിക്ക് പക്ഷേ പരലോകത്ത് രക്ഷപ്പെടാന്‍ കഴിയില്ല. കാരണം, പിശാചിന് പ്രലോഭിപ്പിക്കാന്‍ കഴിയുമെങ്കിലും മനുഷ്യരെ തെറ്റുചെയ്യിപ്പിക്കാനാവില്ല. അവന്റെ പ്രലോഭനങ്ങള്‍ക്ക് ഹൃദയംതുറന്നുകൊടുക്കുന്നവരാണ് തെറ്റിലേക്ക് ആപതിക്കുന്നത്. വിചാരണാനാളില്‍ വിശാലമായ മൈതാനിയില്‍ സത്യസരണിയില്‍ ജീവിതംനയിച്ചവര്‍ പ്രവാചകന്‍മാരോടൊപ്പമായിരിക്കും. പിശാചിനെ അനുഗമിച്ചവര്‍ പിശാചിന്റെ കൂടെയായിരിക്കും. തന്റെ അനുയായികളെ നോക്കി പിശാച് അവരുടെ നിസ്സഹായാവസ്ഥയ്ക്ക് താന്‍ ഉത്തരവാദിയല്ലെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു:
വിധിതീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാച് പറയും: ‘അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ് നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്ന് മാത്രം. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ അല്ലാഹുവിന് പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു.’ തീര്‍ച്ചയായും അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്( ഇബ്‌റാഹീം 22).