ഖുര്‍ആന്‍-പഠനങ്ങള്‍

വിചാരണാകോടതി മുമ്പാകെ (യാസീന്‍ പഠനം – 25)

 إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ

53. അതൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴേക്കും അവരതാ ഒന്നടങ്കം നമ്മുടെ സന്നിധിയില്‍ ഹാജരാക്കപ്പെടുന്നു.

ഇമാം ത്വബരി അഭിപ്രായപ്പെടുന്നു: മരണശേഷം പിന്നീട് മൂന്നാമത്തെ ഒരു ഘോരശബ്ദം കേള്‍ക്കുമ്പോള്‍ അവരെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഒന്നും ഗോപ്യമാക്കിവെക്കാതെ എല്ലാ തെളിവുകളും മുന്നില്‍വെച്ച് അവരെല്ലാം ഹാജരാക്കപ്പെടുന്നു. ‘കാനത്ത് ‘എന്ന സ്ത്രീലിംഗപ്രയോഗം ‘നഫ്ഖതി’നെ ക്കുറിച്ചാണ്. ആവര്‍ത്തനത്തിന്റെ ആവശ്യമില്ലാത്തവിധം ഒരൊറ്റ ഊത്തില്‍ ലോകത്തുണ്ടായിരുന്ന എല്ലാവരും ജീവനോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായി.
ഫഇദാ എന്നാല്‍ അപ്പോള്‍തന്നെ എന്നര്‍ഥം. കണ്ണിമയടക്കുന്ന വേഗതയെ അത് കുറിക്കുന്നുണ്ട്. അത്ര വേഗത്തിലായിരിക്കും മാനവരെല്ലാം വിചാരണക്കായി ഒരുമിച്ചുകൂട്ടപ്പെടുന്നത്. മഹ്ശറയില്‍ അവരെല്ലാം ഒന്നിച്ചായിരിക്കും ഒത്തുകൂടുക (ജമീഅ്). അവിടെ വിചാരണയൊഴിവാക്കി നമ്മുടെയടുക്കല്‍നിന്ന് (ലദയ്‌നാ) ഒരു മനുഷ്യനും ഓടിയൊളിക്കാന്‍ സാധിക്കുകയില്ല എന്ന് അല്ലാഹു വ്യക്തമാക്കുന്നു.

51-ാം സൂക്തത്തില്‍ പുനരുത്ഥാനത്തെക്കുറിച്ചുപറഞ്ഞപ്പോള്‍ അതിന്റെ വേഗതയെക്കുറിച്ച് പറഞ്ഞിരുന്നുവല്ലോ. ‘കാഹളത്തില്‍ ഊതപ്പെടുമ്പോള്‍ അവര്‍ കുഴിമാടങ്ങളില്‍നിന്ന് തങ്ങളുടെ നാഥങ്കലേക്ക് കുതിച്ചോടും’. ഈ സൂക്തത്തിലും എല്ലാവരെയും ഒരുമിച്ചുകൂട്ടുന്നതിനെക്കുറിച്ച പരാമര്‍ശങ്ങളിലും ഒട്ടും കാലതാമസമുണ്ടാകില്ല എന്ന് വാചകപ്രയോഗങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ടെന്ന് ഇമാം ഇബ്‌നു ആശൂര്‍ വ്യക്തമാക്കുന്നു. ‘അതൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴേക്കും അവരതാ ഒന്നടങ്കം നമ്മുടെ സന്നിധിയില്‍ ഹാജരാക്കപ്പെടുന്നു.’

فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ

54. ‘അന്നാളില്‍ ആരോടും അല്‍പവും അനീതി ഉണ്ടാവില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണ് നിങ്ങള്‍ക്കുണ്ടാവുക’

അന്നാളില്‍ എന്നത് കൊണ്ടുദ്ദേശ്യം പരലോകവിചാരണയുടെ നാള്‍ എന്നാണ്. അന്ന് ഒരാളോടും അനീതിപരമായ പെരുമാറ്റമുണ്ടാവുകയില്ല. ഒരാളുടെയും കര്‍മങ്ങള്‍ പ്രതിഫലമില്ലാതെ പാഴാവുകയില്ല. ഒരാളുടെ തെറ്റിന് മറ്റുള്ളവര്‍ ശിക്ഷിക്കപ്പെടില്ല. ഓരോ ആത്മാവും അവരവരുടെ കര്‍മങ്ങള്‍ക്കനുസരിച്ച് രക്ഷയോ ശിക്ഷയോ നേടും.

‘ഫല്‍യൗമ ‘ എന്നതിലെ ‘ഫ’ യെക്കുറിച്ച് പണ്ഡിതനായ ഇബ്‌നു ആശൂര്‍ ഇപ്രകാരം കുറിക്കുന്നുണ്ട്: ‘നാശം, ആരാണ് തങ്ങളെ ഉറക്കറയില്‍നിന്ന് ഉണര്‍ത്തിയത് ‘എന്ന അവിശ്വാസികളുടെ ചോദ്യത്തിന് വിശദീകരണമായാണ് ഈ പ്രയോഗം. ആ സമയത്ത് ആരുടെ മുന്നിലാണോ അവരെല്ലാവരും വന്നുനില്‍ക്കുന്നത് അവനാണ് ജീവന്‍നല്‍കി അവരെ ഒരുമിച്ചുകൂട്ടിയത്. ഒരുമിച്ചുകൂട്ടിയത് ഓരോരുത്തര്‍ക്കും തങ്ങളുടെ കര്‍മഫലങ്ങള്‍ കാണിച്ചുകൊടുക്കാനും അനുഭവിപ്പിക്കാനുമാണ് .

ഇമാം റാസി എഴുതുന്നു: ഇവിടെ ‘ഫ’ എന്നത് പെട്ടെന്നുള്ള സംഭവ്യതയെയും തുടര്‍ച്ചയെയും കുറിക്കാനാണ്. അതാകട്ടെ, മനുഷ്യന് നീതിപൂര്‍വം പ്രതിഫലംനല്‍കാനുള്ള വേദിയും സമയവുമാണ്. അനീതിയില്ലാത്ത ഇടമാണ് എന്നുപറയുമ്പോള്‍ എല്ലാം അവിടെ നീതിയെ അടിസ്ഥാനമാക്കിയായിരിക്കും എന്നര്‍ഥം. ഒരു വ്യക്തി ഗവര്‍ണറോടോ ന്യായാധിപനോടോ ‘ഞാന്‍ നീതി ലഭിക്കാനാണ് ഇവിടെ വന്നിരിക്കുന്നത.് അതിനാല്‍ അനീതി പ്രവര്‍ത്തിക്കാതിരിക്കുക’എന്ന് പറഞ്ഞാല്‍ നീതി പുലരണമെങ്കില്‍ അനീതി ഇല്ലാതിരിക്കണം എന്നതാണ് താല്‍പര്യമെടുന്നത്.

ഭാഷാമുത്തുകള്‍

1. ‘ഇന്‍ദനാ’ എന്നതിനുപകരം അല്ലാഹു ഉപയോഗിച്ചത് ലദയ്‌നാ എന്നാണ്. ഇത് അടുപ്പത്തെയും സാമീപ്യത്തെയും കുറിച്ച അനുഭവം പങ്കുവെക്കുന്നുണ്ട്. പറയുന്ന സമയത്ത് കൈവശമില്ലാത്ത എന്നാല്‍ തന്റെ ഉടമസ്ഥതയിലുള്ള കാര്യങ്ങള്‍ക്ക് ഇന്‍ദനാ എന്ന് ഉപയോഗിക്കാറുണ്ട്. അതേസമയം, ‘ലദയ്‌നാ’ എന്ന് പ്രയോഗിക്കുമ്പോള്‍ തത്സമയം ആ സംഗതി അടുത്തുണ്ടായിരിക്കണം, കൈവശമുണ്ടായിരിക്കണം. അതിനാല്‍ അല്ലാഹു പറയുന്നത് ഇപ്പോള്‍ എല്ലാവരും അവന്റെയടുക്കല്‍ ഉണ്ടെന്നാണ്.

2. ലാ തുദ്‌ലമു നഫ്‌സുന്‍ ശൈഅന്‍ എന്ന സൂക്തത്തിലെ ‘ശൈഅ്’സാങ്കേതികമായി മഫ്ഊല്‍ മുത്വ്‌ലഖ് (സാമാന്യകര്‍മം) ആണ്. അതായത്, വിദൂരമായിപോലും തരിമ്പും അനീതി അല്ലാഹുവിങ്കല്‍നിന്ന് സംഭവിക്കില്ലെന്നര്‍ഥം. ഇനി അത് മഫ്ഊലുന്‍ ബിഹി ആണെങ്കില്‍ നേര്‍ക്കുനേരെ ഭൗതികമോ മാനസികമോ ആയ യാതൊന്നും നേരിടേണ്ടിവരികയില്ല എന്നര്‍ഥം. രണ്ടാമത് നല്‍കിയ വിവക്ഷ എല്ലാതരം സൂക്ഷ്മതലത്തില്‍പോലുമുള്ള അനീതിയുണ്ടാവില്ല എന്നതാണ് വ്യക്തമാക്കുന്നത്.

3. അമ്പത്തിനാലാമത്തെ സൂക്തത്തില്‍ ‘ആരുംതന്നെ അനീതിക്കിരയാക്കപ്പെടില്ല ‘എന്ന പരാമര്‍ശം പ്രഥമപുരുഷഭാവത്തിലാണ്. എന്നാല്‍ ‘നിങ്ങള്‍ക്കുണ്ടാകും ‘എന്ന മധ്യമപുരുഷ സംബോധന അവിശ്വാസികളെ ലക്ഷ്യമിട്ടുള്ളതാണ്.

വിവേകമുത്തുകള്‍

ഈ ആയത്തുകളെല്ലാം തന്നെ എല്ലാ മനുഷ്യരെയും ഒരു നാള്‍ പുനരുജ്ജീവിപ്പിക്കുമെന്നും സഹസ്രകോടിക്കണക്കായ അവരെ ഒരൊറ്റസ്ഥലത്ത് ഒന്നിപ്പിക്കുമെന്നും തുടര്‍ന്ന് വിചാരണചെയ്യുമെന്നുമുള്ള യാഥാര്‍ഥ്യത്തെയാണ് വെളിപ്പെടുത്തുന്നത്. കൂടാതെ, അത്തരം കാര്യങ്ങള്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നന്നേ നിസ്സാരമാണെന്നതും അത് കൂട്ടിച്ചേര്‍ക്കുന്നു. മറ്റൊരു സങ്കേതങ്ങളോ ഉപകരണങ്ങളോ ഇല്ലാതെ ഒരൊറ്റ കാഹളമൂത്ത് വഴി എല്ലാവരും പുനര്‍ജീവിപ്പിക്കപ്പെട്ട് ഒരുമിച്ചുകൂടുന്നു. അനേകം ദൈവങ്ങളെ ഉണ്ടാക്കി അവയെ ആരാധിച്ചുകൊണ്ടിരിക്കുന്ന, പരലോകനിഷേധികളായ ഖുറൈശികളോട് പുനരുത്ഥാനം അല്ലാവുവിന് നിസ്സാരമായ കാര്യമാണെന്നും അത് ഉടന്‍ ഉണ്ടാവുമെന്നും അറിയിക്കുകയാണ്.

സത്യവിശ്വാസികള്‍ക്ക് ഈ സൂക്തങ്ങളിലടങ്ങിയ സന്തോഷവാര്‍ത്ത കാണാതിരിക്കാനാവില്ലെന്ന് ഇമാം റാസി വിവരിക്കുന്നു. ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണ് നിങ്ങള്‍ക്കുണ്ടാവുക’ എന്നത് അവിശ്വാസികളെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നതാണ്. അവര്‍ ചെയ്ത തെറ്റുകളുടെ പേരില്‍ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ. അതിനുമുമ്പ് പറഞ്ഞത് ഒരാളോടും അനീതി കാണിക്കുകയില്ല എന്നതാണ്. ആ പ്രസ്താവന സത്യവിശ്വാസികള്‍ക്ക് സുരക്ഷിതബോധം നല്‍കുന്നുണ്ട്. അതായത്, അവര്‍ക്കായി സവിശേഷസമ്മാനം അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ടെന്ന സന്തോഷവാര്‍ത്ത അതിലുള്‍ച്ചേര്‍ന്നിരിക്കുന്നു.

ചുരുക്കത്തില്‍ എല്ലാവരും അല്ലാഹുവിന്റെ നീതിക്ക് വിധേയരായിരിക്കും. അത് അവര്‍ പ്രതിഫലത്തിലൂടെ തന്നെയായിരിക്കും നേടുക. അല്ലാതെ കേവലമോക്ഷത്തില്‍ അത് പരിമിതമല്ല. ആ പ്രതിഫലം അല്ലാഹുവിന്റെ കാരുണ്യാതിരേകമാണ്. അവന്റെ ശിക്ഷയെ അതിജയിക്കുന്നതായിരിക്കും ആ കാരുണ്യം. പ്രവാചകന്‍ നബി(സ) ഇപ്രകാരം പറയുന്നു: ‘അല്ലാഹു തന്റെ സൃഷ്ടികര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കാരുണ്യം തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. അവന്റെ കിരീടത്തില്‍ ഇപ്രകാരം കാണാം: എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിക്കുന്നു.’
അല്ലാഹുവിന്റെ മുന്നറിയിപ്പുകളെയും താക്കീതുകളെയും മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ മേല്‍പ്പറഞ്ഞത് നമുക്ക് ബോധ്യമാകും. എത്രതന്നെ ഗുരുതരമായ തെറ്റാണെങ്കിലും ആത്മാര്‍ഥമായി പശ്ചാത്തപിച്ചിട്ടുള്ള ഒരു വ്യക്തിക്ക് അതെല്ലാം പൊറുത്തുകൊടുക്കും. നരകത്തിനായി എഴുപതിനായിരം മലക്കുകള്‍ നിയോഗിതരാണ്. എന്നാല്‍ ആ നരകത്തിലെ അഗ്നിയെ കെടുത്താന്‍, വര്‍ഷങ്ങളോളം തിന്മമാത്രം ചെയ്തുകൂട്ടിയ അടിമയുടെ പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ മാത്രം മതിയാകും. നരകത്തിന് 7 കവാടങ്ങളാണെങ്കില്‍ സ്വര്‍ഗത്തിന് അത് 8 എണ്ണമാണ്. നമ്മുടെ ജീവിതത്തില്‍ നാം ചെയ്യുന്ന സത്കര്‍മങ്ങള്‍ അതെല്ലാം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതീവനിസ്സാരമത്രെ. എന്നാലോ അതിനുള്ള പ്രതിഫലം നമ്മുടെ സങ്കല്‍പത്തിനപ്പുറത്ത് വിശാലവും സുന്ദരവും ആസ്വാദ്യകരവുമായ സ്വര്‍ഗമാണെന്നോര്‍ക്കുക.

അല്ലാഹു പറയുന്നു:
‘നന്മയുമായി വരുന്നവന് അതിനെക്കാള്‍ മെച്ചമായതു പ്രതിഫലമായി കിട്ടും. എന്നാല്‍ ആരെങ്കിലും തിന്മയുമായി വരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിനനുസരിച്ച പ്രതിഫലമേ അവര്‍ക്കുണ്ടാവുകയുള്ളൂ'(അല്‍ഖസ്വസ് 54).

ഈയൊരു യാഥാര്‍ഥ്യം മുന്നിലുണ്ടായിരിക്കെ, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തില്‍ കാലുകുത്താന്‍പോലുമാകാതെ പുറത്താക്കപ്പെടുന്നത് മനുഷ്യന് എത്രമാത്രം വലിയ നഷ്ടമാണ്!

Topics