Dr. Alwaye Column

മക്കയുടെ വിശ്വാസപരിസരം പ്രവാചകന് മുമ്പ്

മുഹമ്മദ് നബിതിരുമേനിക്ക് പ്രവാചകത്വം കിട്ടുന്ന കാലത്ത് അറബികളുടെ ജീവിതവും ഭാഷയും എന്തായിരുന്നു എന്ന് ഇനി നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാലേ അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ലാമികപ്രബോധനം ഉദയം ചെയ്ത രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പരിസരത്തെ സംബന്ധിച്ച് മനസ്സിലാകൂ. അറബികളുടെ മതകീയ ചിന്താപരിസരത്തിന് അവരുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സവിശേഷ പരിസരവുമായി സാധര്‍മ്യമുണ്ടായിരുന്നു.
അന്തരാളകാലത്തെ അറേബ്യന്‍ ഉപദ്വീപിലെ ജനജീവിതത്തിന്‍റെ പ്രകടമായ ഒരു പ്രത്യേകത അവിടെ തദ്ദേശീയവസികളില്‍ മേല്‍ക്കൈ സ്ഥാപിച്ചിരുന്ന ഗോത്രവിഭാഗീയതയാണ്. ജനവാസത്തിന് അനുകൂലമായ കാര്‍ഷികപ്രദേശങ്ങള്‍ അറേബ്യന്‍ ഉപദ്വീപില്‍ വിരളമായിരുന്നു. മരൂഭൂവാസികളായ ജനങ്ങളുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് ഗോത്രവ്യവസ്ഥയായിരുന്നു. ഗോത്രത്തില്‍ പെട്ട ഏതെങ്കിലുമൊരാളെ അയാളുടെ വ്യക്തിത്വം, ഭരണപാടവം, സ്വഭാവമഹിമ, ധീരത എന്നിവ കണക്കിലെടുത്ത് നേതാവായി തെരഞ്ഞെടുക്കുന്നു. നഗരവാസികളാകട്ടെ, ഗ്രാമവാസികളാകട്ടെ ഗോത്രവിഭാഗീയതയായിരുന്നു അറേബ്യന്‍ ജീവിതത്തിന്‍റെ പ്രകടമായ മുദ്ര. ഇസ്ലാമിന് മുമ്പ് അറബികള്‍ക്കിടയില്‍ നടന്ന യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും വേരുകള്‍ അന്വേഷിച്ചുചെന്നാല്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന വിഭാഗീയത നമുക്ക് കണ്ടെത്താനാകും. അടുത്തടുത്ത് കിടന്ന ഗോത്രങ്ങളെല്ലാം കിടമത്സരത്തിന്‍റെയും ശാത്രവത്തിന്‍റെയും ഏകകങ്ങളായിരുന്നു. ഗ്രാമ്യജീവിതത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് പറയാവുന്ന മേച്ചില്‍പ്രദേശങ്ങളും ജലസ്രോതസ്സുകളും കൈവശപ്പെടുത്താന്‍ ഗോത്രങ്ങള്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ വ്യാപകമായിരുന്നു. അന്തരാളകാലത്ത് ഗോത്രങ്ങള്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ നടന്ന മാസങ്ങള്‍ ‘അറേബ്യന്‍ ദിനങ്ങള്‍’ എന്നാണറിയപ്പെടുന്നത്. വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍നിന്ന് തുടക്കമിടുന്ന ഓരോ യുദ്ധങ്ങളും ക്ഷണനേരത്തിനുള്ളില്‍ രണ്ട് ഗോത്രങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന പോര്‍ക്കളത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.(പ്രൊഫ. മുഹമ്മദ് മുസ്തഫാ സിയാദ് രചിച്ച അറേബ്യന്‍ ലോകചരിതവും അതിന്‍റെ നാഗരികതയും എന്ന പുസ്തകം).

മക്ക എന്ന നഗരമാതാവ്

അറേബ്യന്‍ ഉപദ്വീപിലെ ഗോത്രങ്ങളുടെ തലപ്പത്ത് നിലകൊണ്ടിരുന്നത് ഖുറൈശി ഗോത്രമായിരുന്നു. മറ്റുഗോത്രങ്ങളില്‍നിന്ന് ഖുറൈശികളെ വേറിട്ടുനിര്‍ത്തുന്ന നിരവധി സവിശേഷതകളുമുണ്ടായിരുന്നു. കഅ്ബയുടെ സാന്നിധ്യമായിരുന്നു അറേബ്യന്‍ ഉപദ്വീപില്‍ മക്കക്ക് സവിശേഷമായി സ്ഥാനം നേടിക്കൊടുത്തത് . ഭൂമിയില്‍ ജനങ്ങള്‍ക്ക് വേണ്ടി സ്ഥാപിതമായ ആദ്യത്തെ ദൈവികഗേഹം കഅ്ബയാണല്ലോ. പ്രവാചകന്‍മാരുടെ പിതാവ് ഇബ്റാഹീം നബിയും പുത്രന്‍ ഇസ്മാഈലുമാണ് കഅ്ബ പണിതുയര്‍ത്തിയത് . യമനിന്‍റെയും സിറിയയുടെയുമിടയില്‍ കച്ചവട സംഘം സഞ്ചരിച്ചിരുന്ന പാതയുടെ മധ്യത്തിലായിരുന്നു കഅ്ബയുടെ സ്ഥാനമെന്നതും മക്കയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. ചെങ്കടല്‍ തീരത്തുനിന്ന് അമ്പത് മൈല്‍ ദൂരത്താണ് മക്ക നിലകൊള്ളുന്നത്. ഇസ്ലാമിനുമുമ്പുള്ള അറബികള്‍ വര്‍ഷംതോറും നടത്തിവന്നിരുന്ന ഹജ്ജിന്‍റെ കേന്ദ്രവും മക്കയായിരുന്നു. അങ്ങനെ ‘നഗരങ്ങളുടെ മാതാവാ’യി മക്ക പിന്നീട് മാറുകയും ചരിത്രത്താളുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. മക്കയുടെ ചുവടുപിടിച്ച് യസ്രിബും (മദീനഃ മുനവ്വറഃ) ത്വാഇഫും നാഗരികതയുടെ കേന്ദ്രങ്ങളായി. പക്ഷേ, പ്രസ്തുത നഗരങ്ങള്‍ക്ക് മക്കയുടേതുപോലുള്ള സാമ്പത്തികമോ സാമൂഹികമോ മതപരമോ ആയ സവിശേഷതകള്‍ അനുഭവിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്.

അറബിരാജ്യങ്ങളില്‍ നിലനിന്നിരുന്ന സാഹചര്യം, വ്യക്തികളിലും സംഘങ്ങളിലും ഉപജീവന മാര്‍ഗങ്ങളുടെയും മേച്ചില്‍പുറങ്ങളുടെയും ആധിപത്യത്തിനായുള്ള സംഘര്‍ഷങ്ങളുടെയും യുദ്ധത്തിന്‍റെയും വിദ്രോഹപരമായ സാമൂഹികപ്രവണതകള്‍ വളര്‍ത്തിയെടുത്തിരുന്നു. അയല്‍വാസിയുടെ സംരക്ഷണം, ആര്‍ജവം , ആതിഥ്യമര്യാദ, വാഗ്ദത്തപാലനം തുടങ്ങിയ മൂല്യങ്ങള്‍ അവരുയര്‍ത്തിപ്പിടിച്ചു. ഇതോടൊപ്പം സ്വാതന്ത്ര്യത്തോടുള്ള അഭിവാജ്ഞയും പരീക്ഷണങ്ങളെ നേരിടാനുള്ള മനോബലവും അവരിലുണ്ടായിരുന്നു.

അറേബ്യന്‍ ഉപദ്വീപിലെ മതവും വിശ്വാസവും

കഅ്ബയില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു മിക്ക അറബ് ഗോത്രങ്ങളും. വര്‍ഷംതോറും സമസ്തദിക്കുകളില്‍നിന്നും അവിടേക്ക് അറബികള്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുമായിരുന്നു. നക്ഷത്രങ്ങളെ ആരാധിക്കുന്നവരായിരുന്നു ചില അറബികള്‍. എന്നിരിക്കിലും സിറിയ, ഇറാഖ്, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ സമീപരാജ്യങ്ങളിലെ ജനങ്ങളില്‍നിന്നകലംപാലിച്ചുള്ള മതവിമുക്തത അവര്‍ വെച്ചുപുലര്‍ത്തിയിരുന്നില്ല. ഖൈബര്‍, മദീന പോലുള്ള ഹിജാബിലെ ചില രാജ്യങ്ങളില്‍ യഹൂദമതത്തിന് വേരോട്ടമുണ്ടായിരുന്നു. ക്രൈസ്തവ ബൈസാന്‍റൈന്‍ രാജ്യത്തിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അറേബ്യന്‍ രാജ്യങ്ങളുടെ വടക്കുഭാഗത്തായിരുന്നു ക്രിസ്തുമതം പ്രചാരം നേടിയത്. ഏത്യോപ്യയോട് ചേര്‍ന്ന് കിടക്കുന്ന യമനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തും ക്രിസ്തുമതം പ്രചരിച്ചിരുന്നു. അറബികളായ വിഗ്രഹാരാധകരില്‍ വിശിഷ്യാ മക്കയിലുണ്ടായിരുന്ന വിഗ്രഹാരാധകരില്‍ ദൈവത്തിന്‍റെ ഏകത്വം പറഞ്ഞിരുന്ന ചിന്തകരുടെ സംഘവും ജീവിച്ചിരുന്നു. നിയുക്തനാകാന്‍ പോകുന്ന പുതിയ പ്രവാചകനെക്കുറിച്ച ശുഭവാര്‍ത്തയും അവര്‍ ജനങ്ങള്‍ക്ക് കൊടുത്തിരുന്നു. വറഖത് ബ്നുനൗഫല്‍ മുഹമ്മദ്നബിയുടെ പ്രവാചകത്വം നേരത്തെ പ്രവചിക്കുകയും അദ്ദേഹത്തിന്‍റെ കീഴില്‍ അറബികള്‍ ഒരു ഏകജനതയായി രൂപപ്പെടുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്തിരുന്നു.

മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ സമയത്ത് അറേബ്യന്‍ ഉപദ്വീപില്‍ നിലനിന്നിരുന്ന മതങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ച് ഡോ. അബ്ദുല്‍ ഹലീം മഹ്മൂദ് പറയുന്നു:
അറേബ്യന്‍ ഉപദ്വീപ് പൂര്‍ണമായും വിഗ്രഹാരാധനയില്‍ അകപ്പെട്ടിരുന്നില്ല. റബീഅ, ഗസ്സാന്‍, ഖുളാഅ ഗോത്രക്കാരിലാണ് ക്രൈസ്തവതയുണ്ടായിരുന്നത്. ഹിംയര്‍, ബനൂകിനാന, ബനു അല്‍ഹാരിസ്ബ്നു കഅ്ബ് , കിന്‍ദ ഗോത്രക്കാരാണ് യഹൂദമതം പിന്തുടര്‍ന്നിരുന്നത്. തമീം ഗോത്രക്കാരിലായിരുന്നു മജൂസികള്‍ . സുറാറത്ത് , ഹാജിബ് ബ്നു സുറാറത്ത്, അഖ്റഅ് ബ്നു ഹാബിസ് എന്നിവര്‍ മജൂസികളായിരുന്നു. ഖുറൈശികള്‍ നിരീശ്വരത്വം സ്വീകരിച്ചത് ഹീറ പ്രവിശ്യയില്‍നിന്നാണ്. യാഥാസ്ഥിതികവാദികളും അറബികളിലുണ്ടായിരുന്നു. യാഥാസ്ഥിതികത്വം അന്തരാളകാലത്ത് അറബികളുടെ ഒരു ചിന്താധാരയായിരുന്നു എന്നാണ് ലിസാനുല്‍ അറബിന്‍റെ കര്‍ത്താവ് പറയുന്നത്. വിധിവാദവും സ്വാതന്ത്ര്യവാദവും അറേബ്യന്‍ യുക്തി ബോധത്തില്‍നിന്ന് വിദൂരമായിരുന്നില്ല. അന്തരാളകാല കവികളായിരുന്ന അഅ്ശാ വിധിവിശ്വാസിയും ലബീദ് ബ്നു റബീഅ ശുഭാപ്തിവിശ്വാസിയുമായിരുന്നു എന്ന് പറയപ്പെടുന്നു. ലബീദിന്‍റെ വരികള്‍:
പുണ്യമാര്‍ഗേ നീങ്ങിടുമ്പോള്‍ സത്യചാരിയായിടും
ഇതരമാര്‍ഗേ പോയിടുമ്പോള്‍ ഭ്രംശവഴിയില്‍ പെട്ടിടും

മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ കാലത്ത് അറബികളുടെ മതകീയ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് അല്ലാമാ ശൈഖ് മുസ്ത്വഫ അബ്ദുര്‍റസാഖിന്‍റെ നിരീക്ഷണങ്ങള്‍ : മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ പ്രാരംഭകാലത്ത് അറബികള്‍ ചിന്താപരമായി നോക്കുമ്പോള്‍ ആദ്യകാല മനുഷ്യരെപ്പോലെയായിരുന്നില്ല എന്നാണ് സാഹിത്യരേഖകളില്‍നിന്നും ഉദ്ധരണികളില്‍നിന്നും മനസ്സിലാകുന്നത്. ഇസ്ലാമിന്‍റെ താരോദയസമയത്ത് അറബികള്‍ വൈജ്ഞാനികവും ദാര്‍ശനികവുമായ അന്വേഷണങ്ങള്‍ക്ക് സമാനമായ ബൗദ്ധികപ്രക്രിയകളില്‍ മുഴുകിയിരുന്നു. പ്രകൃത്യാതീതമായ ആത്മാക്കള്‍, മാലാഖമാര്‍, ജിന്നുകള്‍, പുനരുത്ഥാനം തുടങ്ങിയ വിഷയങ്ങള്‍ അവരുടെ അന്വേഷണമേഖലയില്‍ പെട്ടിരുന്നു.

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

Topics