لَهُمْ فِيهَا فَاكِهَةٌ وَلَهُم مَّا يَدَّعُونَ
57. അവര്‍ക്കവിടെ രുചികരമായ പഴങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവിടെ കിട്ടും.
സ്വര്‍ഗവാസികള്‍ ആസ്വദിക്കുന്ന വിവിധസൗഭാഗ്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പലയിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ഗവാസികള്‍ക്ക് കഴിക്കാന്‍ എന്താണ് നല്‍കുക എന്നറിയാന്‍ പലര്‍ക്കും ആകാംക്ഷയുണ്ടാകും. പഴങ്ങള്‍ അതായത്, വിവിധയിനം ഫലങ്ങള്‍ ആണ് അവര്‍ കഴിക്കുന്നതെന്ന് ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കാം പഴങ്ങളെ(ഫവാകിഹ്)ക്കുറിച്ച പരാമര്‍ശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍കൊടുക്കുന്നതിന് കാരണം?
ഇബ്‌നു ആശൂര്‍ കുറിക്കുന്നു: പഴങ്ങള്‍ സ്വാഭാവികമായ രുചിയിലും അതിന്റെ രൂപഭാവത്തിലും ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. അത്തരം പഴങ്ങള്‍ കഴിക്കുന്നതില്‍ ആളുകള്‍ സന്തോഷം കണ്ടെത്തുന്നു. തങ്ങളുടെ വിശപ്പുകെടുത്താനല്ലല്ലോ ആളുകള്‍ അത് കഴിക്കാറുള്ളത്. സ്വര്‍ഗത്തില്‍ വിശപ്പ് എന്നൊരു സംഗതിയൊട്ടില്ല താനും. മരുഭൂ പ്രദേശത്ത് പഴവര്‍ഗങ്ങള്‍ അപൂര്‍വമായ ഒരു വിഭവമാണ്. അവര്‍ പഴങ്ങള്‍ യഥേഷ്ടം കഴിക്കുന്നവരാണ് എന്ന ദൃശ്യം അനുവാചകരില്‍ പകര്‍ന്നുകൊടുക്കുമ്പോള്‍ അത് വലിയ ഒരു പ്രചോദകമായിത്തീരും. കത്തിക്കാളുന്ന വെയിലില്‍ സഞ്ചരിക്കവേ തണലുകളില്‍ സപ്രമഞ്ചത്തില്‍ ചാരിയിരുന്ന് പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ അനുഭൂതി അവര്‍ മനസ്സില്‍ സങ്കല്‍പിക്കട്ടെ എന്നായിരിക്കണം നാഥന്റെ ഉദ്ദേശ്യം.
പഴങ്ങളെ കുറിച്ച് പറഞ്ഞെങ്കിലും അതിനൊടുവില്‍ അവര്‍ ആഗ്രഹിക്കുന്നതെന്തും കിട്ടുമെന്ന് വ്യക്തമാക്കുന്നുണ്ട്. അതായത്, ദുന്‍യാവില്‍ എന്തെല്ലാം അവന്‍ ആഗ്രഹിച്ചുവോ സ്വര്‍ഗത്തില്‍ അവനത് ഓര്‍മവരുകയാണെങ്കില്‍ ചോദിക്കുന്നപക്ഷം അത് ലഭിക്കും.
ഇമാം ത്വബരി നിരീക്ഷിക്കുന്നു: ‘വ ലഹും മാ യദ്ദഊന്‍ ‘അവരാഗ്രഹിക്കുന്നതെന്തും അവര്‍ക്കുണ്ട്. അതേസമയം യദ്ദഊന്‍ എന്നതിനെ ഇമാം ഖുര്‍ത്വുബി വിശകലനംചെയ്യുന്നത് അത് ദുആ എന്നതിന്റെ ഇഫ്തഅല മാതൃകയിലുള്ള പ്രയോഗമാണെന്നാണ്. സ്വര്‍ഗത്തില്‍ പ്രവേശനം നേടിയ ഏതൊരാള്‍ക്കും അയാളാഗ്രഹിച്ചതെന്തും അവിടെലഭിക്കും എന്ന പരികല്‍പന അതിനുണ്ട്. യദ്ദഊന്‍ എന്നതിന് അവരാഗ്രഹിച്ച, അവര്‍ ആവശ്യപ്പെട്ട എന്നെല്ലാം ആശയങ്ങളുണ്ട്.
سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ
58. സമാധാനം- ഇതായിരിക്കും ദയാപരനായ നാഥനില്‍നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.
ഈ സൂക്തത്തെ ഇമാം ത്വബരി വിവക്ഷിക്കുന്നത് മുന്‍പ് പറഞ്ഞതിന്റെ ‘ഖബര്‍'(ആഖ്യാതം) എന്ന നിലക്കാണ്. അതായത്, സ്വര്‍ഗവാസികളുടെ എല്ലാ ആഗ്രഹങ്ങളും തേട്ടങ്ങളും സമാധാനമാണ് നേടിത്തരിക. സലാം എന്നത് സുരക്ഷിതത്വം എന്നര്‍ഥം കൂടിയുള്ള ‘സലമ’യില്‍നിന്നാണ് നിഷ്പന്നമായിട്ടുള്ളത്. എല്ലാ തടസ്സങ്ങളില്‍നിന്നും മുക്തമായത് എന്നും അര്‍ഥമുണ്ടതിന്. സ്വര്‍ഗവാസികളെ അല്ലാഹു അഭിസംബോധനചെയ്യുന്നത് സലാമുന്‍ എന്ന് പറഞ്ഞുകൊണ്ടായിരിക്കും. ഇബ്‌നുമാജയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ‘സ്വര്‍ഗവാസികള്‍ തങ്ങള്‍ക്കുകിട്ടിയ അനുഗ്രഹസൗഭാഗ്യങ്ങളില്‍ ഉല്ലസിച്ചുകൊണ്ടിരിക്കെ, ഒരു പ്രകാശം അവരുടെ മേല്‍ പതിയുന്നു.അപ്പോള്‍ അവര്‍ തലയുയര്‍ത്തി മേല്‍പോട്ടുനോക്കുമ്പോഴതാ അല്ലാഹു അവര്‍ക്ക് ദൃശ്യനായിരിക്കുന്നു . അവന്‍ പറയും: അല്ലയോ സ്വര്‍ഗവാസികളേ, നിങ്ങളുടെ മേല്‍ സമാധാനം. ഇതാണ് ഖുര്‍ആനില്‍ പറയുന്നത്: ‘സമാധാനം’ കരുണാമയനായ അല്ലാഹുവിങ്കല്‍നിന്നുള്ള വചനം. അവന്‍ അവരെ നോക്കും, സ്വര്‍ഗവാസികള്‍ തിരിച്ചും. അല്ലാഹു അവരില്‍നിന്ന് മറയുന്നതുവരെ സ്വര്‍ഗത്തിലെ മറ്റ് അനുഗ്രഹങ്ങളെക്കുറിച്ചെല്ലാം വിസ്മൃതരായിരിക്കും അവര്‍. എന്നാല്‍ അവന്റെ പ്രകാശവും അനുഗ്രഹവും അവരില്‍എന്നെന്നും അവശേഷിക്കും.’
മുഹമ്മദ് ബ്‌നു കഅ്ബില്‍ ഖറദി, ഉമറുബ്‌നു അബ്ദില്‍ അസീസിനോട് പറഞ്ഞു: ‘സ്വര്‍ഗനരകനിവാസികളെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു സംസാരിക്കും. സ്വര്‍ഗവാസികളെ അഭിമുഖീകരിച്ച് സലാം പറയും. അതിന് സ്വര്‍ഗവാസികള്‍ പ്രത്യുത്തരം ചെയ്യും. സ്വര്‍ഗത്തിലെ വ്യത്യസ്തങ്ങളായ തട്ടുകളിലെല്ലാം അല്ലാഹു അപ്രകാരം ചെയ്യും. ‘
ഭാഷാമുത്തുകള്‍
മാ യദ്ദഊന്‍ എന്ന പ്രസ്താവന അല്ലാഹു നമ്മോട് ഇപ്രകാരം പറയുംപോലെയാണ്: ‘ഞാന്‍ നിങ്ങള്‍ക്ക് ഇണകളും കൊട്ടാരങ്ങളും പഴങ്ങളും നല്‍കും. എല്ലാറ്റിനുമുപരി നിങ്ങള്‍ക്ക് വേണ്ടതെന്താണോ അതെല്ലാം തരും.’ യദ്ദഊന്‍ എന്നതിന് ആഗ്രഹിക്കുന്നു എന്നതിനോടാണ് കൂടുതല്‍ യോജിപ്പ്. ഇത് ആവശ്യപ്പെടുന്നു, അഭ്യര്‍ഥിക്കുന്നു എന്നതില്‍നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ നിങ്ങള്‍ ആഗ്രഹമുള്ളവരായിരിക്കണം എന്ന് അല്ലാഹു ആവശ്യപ്പെടുകയാണ്. ആഗ്രഹിക്കുന്നതെന്തും ഉടനെ ലഭിക്കുകയുംചെയ്യും.
ഇമാം ഖുര്‍ത്വുബി നിരീക്ഷിക്കുന്നു: സലാം എന്ന വാക്ക് വ്യാകരണശാസ്ത്രമനുസരിച്ച് മര്‍ഫൂഅ് ,ബദല്‍ എന്ന സ്ഥാനത്ത് വരുന്നു. എന്തും ഏതും എന്നര്‍ഥത്തില്‍ പ്രയോഗിച്ച ‘മാ’ എന്നതിനോട് ചേര്‍ത്താണിത് വന്നിട്ടുള്ളത്. സ്വര്‍ഗവാസികള്‍ക്ക് ലഭിക്കുന്ന ഏത് വസ്തുവിലും അല്ലാഹു അവര്‍ക്ക് സമാധാനം നല്‍കുമെന്നര്‍ഥം. ആ ഒരു സമാധാനാന്തരീക്ഷത്തിലേക്ക് സ്വര്‍ഗവാസികള്‍ ഉയര്‍ത്തപ്പെടും എന്നും പറയാം.
സലാം എന്നത് വിശേഷണവുമാകാം. അതായത്, നകിറ (നിര്‍ണിതമല്ലാത്ത)യായ ‘മാ’ (ആവശ്യമായെന്തും) യെ വിശേഷിപ്പിക്കുന്നതാണത്. സ്വര്‍ഗവാസികള്‍ക്ക് പരിധിയില്ലാത്തവിധം ഇഷ്ടപ്പെട്ടതെല്ലാം ലഭിക്കുമെന്നാണതിനര്‍ഥം.
തൊട്ടടുത്ത സൂക്തവുംചേര്‍ത്ത് ഓതുകയാണെങ്കില്‍ ‘മാ ‘ എന്നത് കര്‍ത്താവായി വരും. അങ്ങനെവരുമ്പോള്‍ ‘സലാമുന്‍’ എന്നത് (ആഖ്യാതം -കര്‍ത്താവിനെ വിശേഷിപ്പിക്കലാണ്. അതായത്, യദ്ദഊനില്‍ നിര്‍ത്താതെ തൊട്ടടുത്ത സൂക്തത്തിലേക്ക് ചേര്‍ത്ത് ഓതണം.
സലാം എന്നത് ക്രിയാവിശേഷണ(മസ്ദര്‍)വുമാകാം. തികഞ്ഞ സമാധാനാന്തരീക്ഷത്തില്‍(സലാമന്‍) എല്ലാ ആസ്വാദനങ്ങളും ഉണ്ടാകുമെന്നായിരിക്കും അപ്പോളുരുത്തിരിയുന്ന ആശയം. അവിടംകൊണ്ട് നിറുത്താതെ ആഗ്രഹിക്കുന്നതെന്തും(യദ്ദഊന്‍)കിട്ടുമെന്ന് കൂടി വ്യക്തമാക്കുന്നു.
വിവേകമുത്തുകള്‍
കരുണാവാരിധിയായ രക്ഷിതാവില്‍നിന്ന് എന്ന പ്രയോഗം വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരാളെയും അയാള്‍ ഇഹലോകത്ത് ചെയ്ത ഭൂതകാലകുറ്റകൃത്യങ്ങളുടെ പേരില്‍ പിടികൂടാന്‍ ഉദ്ദേശിക്കാത്തവനാണ് ആ റബ്ബ്. മറിച്ച്, സദ്കൃത്യങ്ങള്‍ക്ക് ഇരട്ടിയെന്നോണം പ്രതിഫലം നല്‍കുന്നവനാണവന്‍.
അല്ലാഹുവിങ്കല്‍നിന്നുള്ള ‘സലാ’മിന്റെ അനുരണനങ്ങളെ ഇമാം സഅ്ദി പ്രതിപാദിക്കുന്നുണ്ട്. അല്ലാഹു സ്വര്‍ഗവാസികളെ സലാം കൊണ്ട് ആശംസിക്കുമ്പോള്‍ അവര്‍ എല്ലാ അര്‍ഥത്തിലും സമാധാനവലയത്തിലായിരിക്കും എന്നാണ് മനസ്സിലാകുന്നത്. തുല്യതയില്ലാത്ത, മുമ്പൊരിക്കലും സാക്ഷ്യംവഹിച്ചിട്ടില്ലാത്ത രീതിയില്‍ ആ അനുഗ്രഹങ്ങളില്‍ സ്വര്‍ഗവാസികള്‍ ആനന്ദത്തിലാറാടും. അല്ലെങ്കിലും രാജാധിരാജനായ, സര്‍വാധിപതിയായ, കരുണാവാരിധിയായ അല്ലാഹുവില്‍നിന്ന് അവന്റെ അതിഥികള്‍ക്ക് കിട്ടുന്ന ഉപചാരങ്ങള്‍ അങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ. അല്ലാഹുവിനാല്‍ സംപ്രീതരായവര്‍ക്ക് ഒരിക്കലും അസംതൃപ്തിയുണ്ടാവില്ലെന്നതാണ് വസ്തുത. ആ ആസ്വാദനങ്ങളില്‍ അനന്തമായി അവര്‍ വിഹരിക്കുമെന്ന് അവന്‍ ഉറപ്പുനല്‍കിയിരുന്നല്ലോ. ആ അനുഗ്രഹങ്ങളുടെ വ്യാപ്തിയും അപാരതയും അവരെ അത്ഭുതപരതന്ത്രരാക്കിക്കളഞ്ഞുവല്ലോ. അതിനാല്‍ ആ അനുഗ്രഹങ്ങളില്‍നിന്ന് തടയല്ലേ എന്ന് അവനോട് നമുക്ക് പ്രാര്‍ഥിക്കാം.
ഇമാം റാസി കുറിക്കുന്നു: അല്ലാഹു തന്റെ അടിയാറുകളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യവുമായി സലാമിനെ ബന്ധപ്പെടുത്താം. അല്ലാഹു പറയുന്നു: ‘
സമാധാനം- ഇതായിരിക്കും ദയാപരനായ നാഥനില്‍നിന്ന് അവര്‍ക്കുള്ള അഭിവാദ്യം’ മറ്റൊരിടത്ത് അതിഥിസത്ക്കാരത്തെക്കുറിച്ച പരാമര്‍ശം കാണാം:’ഏറെ പൊറുക്കുന്നവനും പരമദയാലുവുമായ ദൈവത്തിങ്കല്‍നിന്നുള്ള സല്‍ക്കാരമാണത്'(ഹാമീം അസ്സജദ 32). അതിഥികള്‍ക്ക് അതീവപരിഗണന ലഭിക്കുന്ന അതിഥിഗൃഹമാണ് സ്വര്‍ഗം. ഒരു അതിഥി എന്നത് ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിയാണെങ്കിലും ഇവിടെ ഉദ്ദേശിക്കുന്നത് തുടക്കം മുതല്‍ അവസാനമില്ലാത്തവിധം ആദരിക്കപ്പെടുകയും സത്കരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തി എന്നാണ്. പക്ഷേ ഇവിടെ വിഷയം അതല്ല, എല്ലാറ്റിന്റെയും അധിപനായ രാജാധിരാജന്‍ തന്റെ അതിഥിയെ ആദരിക്കുന്നുവെന്നതുമാത്രമല്ല, ആ സര്‍വാധിപതിയോട് അവിടെയുള്ള ഏത് സംഗതികളെക്കുറിച്ചും ആവശ്യപ്പെടാനും ആഗ്രഹിക്കാനും അതിഥിക്ക് കഴിയും. അല്ലാഹു ആതിഥേയനെന്ന നിലയില്‍ അതിഥികളോട് വ്യക്തമാക്കുന്നത് ഏറെപൊറുക്കുന്നവനും കരുണാവാനുമാണ് താനെന്നാണ്. അതായത്, അടിമയ്ക്ക് ജീവിതകാലത്ത് ഒരിക്കല്‍പോലും കിട്ടിയിട്ടില്ലാത്ത സല്‍ക്കാരങ്ങള്‍ക്കൊടുവില്‍ ശിക്ഷയോ മറ്റെന്തെങ്കിലും പീഡനമോ ഉണ്ടാകുമോ എന്ന ഭീതിയോ ഭയമോ വേണ്ടതില്ലെന്ന ഉറപ്പുനല്‍കുകയാണ് ആതിഥേയന്‍. വിശദമായി പറഞ്ഞാല്‍ ആഗ്രഹിച്ചതിന്റെയും ചോദിച്ചതിന്റെയും പേരില്‍ ശിക്ഷയെ ഭയക്കേണ്ടതില്ലെന്ന ഉറപ്പ്. മറ്റൊന്നുള്ളത്, സലാം എന്ന അഭിവാദനം കേള്‍ക്കുമ്പോള്‍ നിസ്സാരരും ദുര്‍ബലരുമായ സ്വര്‍ഗവാസികള്‍ അമ്പരപ്പിലും ആശ്ചര്യത്തിലുമായിരിക്കും. തങ്ങള്‍ രാജാധിരാജനായ അല്ലാഹുവിന്റെ അഭിവാദ്യങ്ങള്‍ക്ക് അര്‍ഹരാണോ എന്ന സന്ദേഹമാണവരില്‍ ഉണ്ടാവുക. ആ അവിശ്വസനീയത അവര്‍ ഇപ്രകാരം മൊഴിഞ്ഞുകൊണ്ട് പ്രകടിപ്പിക്കുകയും ചെയ്യും: ‘നോക്കൂ..സര്‍വപ്രതാപിയായ പ്രപഞ്ചനാഥനാണവന്‍..എന്നിട്ടും അവന്‍ തന്റെ അടിമകളെ അഭിവാദ്യംചെയ്യുന്നു.’