അബ്ബാസികള്‍ കുരിശുയുദ്ധങ്ങള്‍ ചരിത്രം

ഏഴാം കുരിശുയുദ്ധം(1245-1290)

പലവട്ടം കൈവശപ്പെടുത്തിയെങ്കിലും 1244-ല്‍ ബൈത്തുല്‍ മഖ്ദിസ് മുസ്‌ലിംകളുടെ കയ്യിലേക്ക് തിരികെയെത്തിയത് ക്രൈസ്തവലോകത്തിന് ഇഷ്ടപ്പെട്ടില്ല.തൊട്ടടുത്ത വര്‍ഷം പോപ്പ് ഇന്നസെന്റ് നാലാമന്‍ ക്രൈസ്തവസഭ വിളിച്ചുചേര്‍ത്ത് ബൈത്തുല്‍ മഖ്ദിസ് തിരിച്ചുപിടിച്ച് ഇസ്‌ലാമികലോകത്തെ നിര്‍വീര്യരാക്കാന്‍ പ്രഭുക്കന്‍മാരെയും രാജാക്കന്‍മാരെയും മതമേധാവികളെയും ആഹ്വാനംചെയ്തു.ഫ്രഞ്ച് രാജാവ് ലൂയി ഒമ്പതാമനും സഹോദരങ്ങളായ റോബര്‍ട്ട്, അല്‍ഫോണ്‍സ്, ചാള്‍സ് തുടങ്ങിയവരും യുദ്ധത്തിന് നേതൃത്വം കൊടുക്കുകയുണ്ടായി.

1248- ല്‍ ഈജിപ്തിലെ ദിംയാത്വ് ലക്ഷ്യമാക്കി ലൂയിയുടെ കപ്പല്‍പട പ്രതികൂലമായ കാലാവസ്ഥയെ തരണംചെയ്ത് തീരമണഞ്ഞു. അവിടത്തെ ദേശവാസികള്‍ പ്രതിരോധമൊന്നുംകൂടാതെ എളുപ്പം കീഴടങ്ങി. മറ്റു കുരിശുപോരാളി നാവികസംഘങ്ങളെ കാത്ത് ലൂയി അവിടെ 6 മാസം കഴിച്ചുകൂട്ടി. മുസ്‌ലിംസൈന്യത്തിന് ശക്തിസംഭരിക്കാന്‍ മതിയായ അവസരമായിരുന്നു അത്. അതിനിടയില്‍ രോഗശയ്യയിലായ സുല്‍ത്താന്‍ സ്വാലിഹ് അയ്യൂബ് മരണമടഞ്ഞു. തുടര്‍ന്ന് അധികാരം ഏറ്റെടുത്ത അല്‍ മുഅള്ളം തൂറാന്‍ഷാ മന്‍സ്വൂറയിലെത്തി കുരിശുപോരാളികളുടെ അവശേഷിച്ച കപ്പലുകളെ തീരമണയുന്നതില്‍നിന്ന് തടഞ്ഞു. അതോടെ അടിസ്ഥാനവിഭവങ്ങളുടെ വിതരണത്തില്‍ തടസ്സം നേരിട്ട കുരിശുപട ചര്‍ച്ചയ്ക്ക് തയ്യാറായി. ബൈത്തുല്‍ മഖ്ദിസ് വിട്ടുകൊടുത്താല്‍ ദിംയാത്വില്‍നിന്ന് പിന്‍വാങ്ങാമെന്ന ലൂയിയുടെയും കൂട്ടരുടെയും നിബന്ധന സ്വീകരിക്കാതെ തൂറാന്‍ഷാ സമ്മര്‍ദ്ദംശക്തമാക്കിയപ്പോള്‍ കുരിശുപോരാളികള്‍ക്കിടയില്‍ അസ്വസ്ഥത പടരുകയും സേന ഛിന്നഭിന്നമാകുകയുംചെയ്തു. മുസ്‌ലിംസൈന്യം ഒളിവില്‍ പോയ ലൂയിയെ പിടികൂടിയെങ്കിലും പിന്നീട് 5 ലക്ഷം ഫ്രാങ്ക് മോചനദ്രവ്യം വാങ്ങി വിട്ടയച്ചു.
ഇതിനിടയില്‍ കൊല്ലപ്പെട്ട തൂറാന്‍ഷായ്ക്ക് ശേഷം ഈജിപ്തില്‍ അടിമവംശഭരണത്തിന് തുടക്കംകുറിച്ചു.1260 ല്‍ സുല്‍ത്വാന്‍ ളാഹിര്‍ അധികാരമേറ്റെടുത്തപ്പോള്‍ അവശേഷിച്ച കുരിശുപോരാളികളില്‍നിന്ന് കോട്ടകളും താവളങ്ങളും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഒന്നരനൂറ്റാണ്ട് കുരിശുസൈന്യം കൈവശംവെച്ച അന്താക്കിയ 1268 ല്‍ മുസ്‌ലിംകള്‍ തിരിച്ചുപിടിച്ചു. ഇതിനിടയില്‍ ആരംഭിച്ചുകഴിഞ്ഞ താര്‍താരികളുടെ അധിനിവേശം മുന്നില്‍കണ്ട് സുല്‍ത്വാന്‍ അല്‍മന്‍സ്വൂര്‍ സൈഫുദ്ദീന്‍ 1279 -ല്‍ ബാക്കിയുള്ള കുരിശുസൈന്യവുമായി സന്ധിയിലേര്‍പ്പെട്ടു. താര്‍താരികളുമായി ഏറ്റുമുട്ടിയ സൈഫുദ്ദീന്‍ അവരെ യൂഫ്രട്ടീസിന്റെ മറുകരയിലേക്ക് ആട്ടിപ്പായിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അധികാരമേറ്റെടുത്ത സുല്‍ത്താന്‍ അശ്‌റഫ് ഖലീല്‍ പിതാവിന്റെ അഭിലാഷം മാനിച്ച് വലിയൊരു സൈന്യവുമായി 1290 -ല്‍ അക്കാ കീഴടക്കി. മുസ്‌ലിംനാടുകളില്‍ രണ്ട് നൂറ്റാണ്ടുനീണ്ടുനിന്ന കുരിശുസംഘര്‍ഷത്തിന് അതോടെ അന്ത്യമായി.

Topics