സ്വന്തം ഗോത്രമഹിമയെക്കുറിച്ച് ഏറ്റവുമധികം അഭിമാനിച്ചിരുന്ന ജനതയായിരുന്നു അറബികള്‍. വിവിധഗോത്രങ്ങളുടെ വംശാവലിയും പരസ്പരമുള്ള മാത്സര്യങ്ങളും വിവരിക്കുന്ന ആഖ്യാനങ്ങള്‍ അറബ്‌സമൂഹത്തില്‍ എഴുത്തുംവായനയും സര്‍വസാധാരണല്ലാതിരുന്നിട്ടുപോലും കവിതാ-കഥാ രൂപത്തില്‍ നിലനിന്നിരുന്നു. പേര്‍ഷ്യന്‍ -ഗ്രീക്ക് ശൈലികളുടെ സ്വാധീനമേതുമില്ലാതെ തികച്ചും സ്വതന്ത്രമായിരുന്നു അവയെല്ലാം. അറബ് സൈനികനീക്കങ്ങളുണ്ടായിരുന്ന ഘട്ടത്തില്‍ സ്വാധീനംചെലുത്താന്‍ കഴിയുമാറ് ശക്തമായ ചരിത്രരചനകളൊന്നും പേര്‍ഷ്യയിലുണ്ടായിരുന്നില്ലെന്ന് ബര്‍ണാഡ് ലൂയിസ് കുറിക്കുന്നുണ്ട്. ക്രൈസ്തവ ചരിത്രലേഖാലയങ്ങളും പുരാണലിഖിതങ്ങളും പ്രഥമമായി ഉപയോഗപ്പെടുത്തിയ ആദ്യചരിത്രകാരന്‍ ഒരുപക്ഷേ ഹിശാമുബ്‌നു കല്‍ബിയാവാം. അറബ് വംശാവലിയെക്കുറിച്ച പഠനത്തിനു വേണ്ടിയായിരുന്നു പ്രസ്തുത ഉദ്യമം. അറബികള്‍ക്ക് തങ്ങളുടെ ഗോത്രമഹിമയെ മഹത്വപ്പെടുത്തേണ്ടതിലേക്ക് വംശാവലിയെക്കുറിച്ച പഠനം അനിവാര്യമായിരുന്നു. ഇതിനുപുറമെ ഖുര്‍ആന്റെ ആഹ്വാനവും നബിചര്യകളെ അടുത്തറിയാനുള്ള ആകാംക്ഷയും ചരിത്രാഖ്യാന മേഖലയില്‍ സവിശേഷ ശൈലി സ്വീകരിക്കാന്‍ അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനമേകുകയായിരുന്നു.
വര്‍ത്തമാനകാല മനുഷ്യന്റെ ചെയ്തികളാണ് അവന്റെയും വരുംതലമുറയുടെയും ഭാവിയെ കരുപ്പിടിപ്പിക്കുന്നത്. ചീത്തവഴികളില്‍ സഞ്ചരിച്ചതാണ് ആദ് , ഥമൂദ്, ഇസ്‌റാഈലികള്‍, നൂഹ് നബിയുടെ സമൂഹം, സദ്ദൂം നിവാസികള്‍ തുടങ്ങിയവരുടെയെല്ലാം നാശത്തിന് കാരണമായതെന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു.. ഓരോ മനുഷ്യനും ചെയ്യുന്ന അണുമണിത്തൂക്കം നന്‍മ പോലും അവന് ഗുണമായി ഭവിക്കുന്നു. അതേപോലെ ചെറുതായാലും വലുതായാലും തിന്‍മയുടെ പരിണതിയും അവന്‍ അനുഭവിക്കുക തന്നെ ചെയ്യും. പ്രകൃതി നിയമം അന്ധമോ സ്വേഛയോ അല്ല. ചരിത്രപരമായ കാരണങ്ങളാണ് ഓരോ മാറ്റത്തിലേക്കും സമൂഹങ്ങളെ നയിക്കുന്നത്. ഇതാണ് ഖുര്‍ആന്‍ ചരിത്രമെന്ന നിലയില്‍ പരിചയപ്പെടുത്തുന്ന ദൈവികനിയമം.
മനുഷ്യസമൂഹത്തിന്റെ ധാര്‍മികവിശുദ്ധിയും ഔന്നത്യവും ലക്ഷ്യമിട്ടാണ് ഖുര്‍ആന്‍ ചരിത്രകഥനം നടത്തുന്നത്. മഹത്തായ നാഗരികകേന്ദ്രങ്ങളും മനോഹരസൗധങ്ങളും അണക്കെട്ടുകളും കെട്ടിയുണ്ടാക്കിയിട്ടും പൂര്‍വസമൂഹങ്ങള്‍ നശിച്ചതെന്തുകൊണ്ട് എന്ന് ഖുര്‍ആന്‍ ചോദ്യമുയര്‍ത്തിയിട്ടുണ്ട്. അതായത്, ശക്തിയോ സ്മാരകങ്ങള്‍ നിര്‍മിക്കുന്നതിലുള്ള വൈഭവമോ അല്ല ,നൈതികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ആദര്‍ശവും ലക്ഷ്യവും അത് സമ്മാനിക്കുന്ന സ്‌നേഹവും സഹാനുഭൂതിയും സഹിഷ്ണുതയും വഴിയുന്ന ജീവിതരീതിയുമാണ് സമൂഹത്തിന്റെ നൈരന്തര്യത്തെ ഉറപ്പുവരുത്തുന്നതും ആത്യന്തികവിജയം സുനിശ്ചിതമാക്കുന്നതുമെന്നാണ് ഖുര്‍ആന്‍ ചരിത്രം എടുത്തുപറയുന്നതിലൂടെ വ്യക്തമാക്കിയത്.
എക്കാലത്തേയും മാതൃകാ പുരുഷനായ നബിതിരുമേനിയുടെ ശിക്ഷണപാഠങ്ങളും ചര്യകളും(ഹദീഥ്) സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ആത്മാര്‍ഥത ചരിത്രപഠനത്തിന് പ്രേരകമായിട്ടുണ്ട്. കഥാകഥനം നടത്തുന്ന ആളുകള്‍ അറേബ്യയില്‍ ധാരാളമുണ്ടായിരുന്നെങ്കിലും അറബ് പണ്ഡിതന്‍മാര്‍ അവരെ ഗൗനിച്ചിരുന്നില്ല. പിന്നീട് കഥാകഥനത്തില്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകാന്‍ വഴിയൊരുക്കിയത്, അസത്യകഥകളുയര്‍ത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാനുള്ള മതപരമായ ബാധ്യതയായിരുന്നുവെന്ന് അബൂതുഫൈലു ഥൗരി വെളിപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനിലെ ചരിത്രസംഭവങ്ങളെക്കുറിച്ച പ്രതിപാദനമാണ് ആദ്യകാല പണ്ഡിതന്‍മാരെ ചരിത്രപഠനത്തിന് പ്രേരിപ്പിച്ചത്.
സംഭവത്തിന്റെ സത്യാവസ്ഥ നിജപ്പെടുത്തുന്നതിന് പണ്ഡിതന്‍മാര്‍ ‘ഇസ്‌നാദ് ‘എന്ന രീതിശാസ്ത്രം ഉപയോഗിച്ചു. സംഭവത്തെക്കുറിച്ച് പറയുന്ന ആളില്‍ നിന്ന് ആ സംഭവത്തിന്റെ ദൃക്‌സാക്ഷിയിലേക്ക് സത്യസന്ധമായി ശൃംഖലയൊരുക്കുന്ന രീതിയാണിത്. ഈ ശൃംഖലയിലെ ഓരോ വ്യക്തിയുടെ സത്യസന്ധതയും വിശ്വാസ്യതയും വിമര്‍ശനബുദ്ധിയോടെ സൂക്ഷ്മമായി വിലയിരുത്തി ശൃംഖലയുടെ സ്വീകാര്യതയെ ഉറപ്പുവരുത്തുന്നു. അതിനാല്‍ കള്ളക്കഥകള്‍ക്ക് ചരിത്രപിന്‍ബലം നല്‍കപ്പെടുന്നത് ഇല്ലാതാകുന്നു.
ഇസ്‌ലാമികചരിത്രത്തെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ളതാണ് ‘മഗാഥി’ കള്‍(സൈനികനടപടി വൃത്താന്തങ്ങള്‍), സൈനികനീക്കങ്ങളുടെ ലക്ഷ്യം, അതിന്റെ ലക്ഷ്യപ്രാപ്തി, ഫലം, സേനാനായകന്‍മാര്‍, സൈനികരുടെ പേരുകള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ഇതുള്‍ക്കൊള്ളുന്നു. രണ്ടാംഖലീഫ അബൂബക്ര്‍ (റ)ന്റെ മകള്‍ അസ്മയുടെ പുത്രനായ ഉര്‍വതുബ്‌നു സുബൈര്‍, ജൂത- ക്രൈസ്തവ ഇതിഹാസങ്ങളില്‍ അവഗാഹമുണ്ടായിരുന്ന പേര്‍ഷ്യന്‍ വംശജനായ യമന്‍ സ്വദേശി വഹബ് ബ്‌നു മുനബ്ബിഹ് , ആസ്വിമ്ബ്‌നു ഉമര്‍ ബിന്‍ ഖതാദ, മുഹമ്മദ് ബ്‌നു മുസ്‌ലിം , ഇബ്‌നു ഇസ്ഹാഖ്, മൂസാ ഇബ്‌നു ഉഖ്ബ തുടങ്ങിയവരെല്ലാം ഈ വിഷയത്തില്‍ വിശ്രുതരാണ്.
ജാഹിലിയ്യാ സാമൂഹികാവസ്ഥ തുടങ്ങി നബിതിരുമേനിയുടെ പ്രവാചകത്വവും ഹിജ്‌റയും മദീനരാഷ്ട്രവും സാമൂഹിക രാഷ്ട്രീയപ്രവര്‍ത്തനങ്ങളും, ദേഹവിയോഗവും പിന്‍ഗാമിയെ കണ്ടെത്തലും ഉള്‍പ്പെടെയുള്ള വിശദമായ ചരിത്രപ്രതിപാദനം ഉള്‍ക്കൊള്ളുന്നവയാണ് ‘സീറ’കള്‍. മക്കയില്‍ തുടക്കംകുറിച്ച ഈ സാഹിത്യശാഖ മദീനയില്‍ പുഷ്‌കലമായി. അബ്ദുല്ലാഹിബ്‌നു സലാം, മുഹമ്മദ്ബ്‌നു കുതുബുല്‍ ഖുര്‍ദ തുടങ്ങിയവര്‍ മക്കാകാലഘട്ടത്തിലെ സീറ രചയിതാക്കളാണ്. മദീനാ ഗവര്‍ണറായിരുന്ന അബാന്ബ്‌നു ഉഥ്മാന്‍ , ഉര്‍വത് ബ്‌നു സുബൈര്‍,മുഹമ്മദ്ബ്‌നു മുസ്‌ലിം ഇബ്‌നു ശിഹാബുസ്സുഹ്‌രി, ഇബ്‌നു ഇസ്ഹാഖ്, ഇബ്‌നു ഹിശാം , വാഖിദി തുടങ്ങിയവരും ഈ രംഗത്തെ പ്രശസ്തരാണ്. ലോകചരിത്ര പണ്ഡിതന്‍മാര്‍ എന്ന നിലയില്‍ പേരുകേട്ടവരാണ് ഇബ്‌നു ഖുതൈ്വബ, അഹ്മദ് ബ്‌നു ദാവൂദ് അല്‍ ദിനവരി, അല്‍ യഅ്ഖൂബി, ബലാദുരി തുടങ്ങിയവര്‍.
അബൂജഅ്ഫര്‍ അത്ത്വബ്‌രി, അബുല്‍ ഹസന്‍ അലിയ്യുല്‍ മസ്ഊദി, ഇബ്‌നു മിസ്‌കവൈഹി, ദിയാഉ ദ്ദീനു ബ്‌നുല്‍ അഥീര്‍ എന്നിവരാണ് അറബ് മുസ്‌ലിം ചരിത്രപഠനത്തിന്റെ സുവര്‍ണകാലത്തിന് തുടക്കംകുറിച്ചത്. ചെറിയ ഇടവേളക്കുശേഷം ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇബ്‌നു ഖല്‍ദൂന്‍ എന്ന ദാര്‍ശനികനായ ചരിത്രകാരന്‍ രംഗപ്രവേശംചെയ്തു. ജാഹിലിയ്യാ കാലം മുതല്‍ക്ക് പതിനാലാം നൂറ്റാണ്ടുവരെയുള്ള വിവിധസമൂഹങ്ങളുടെ ചരിത്രം അനാവരണംചെയ്യുന്ന കിതാബുല്‍ ഇബര്‍ എന്ന 7 വാള്യങ്ങളിലുള്ള ചരിത്രസമാഹാരം അദ്ദേഹത്തിന്റേതാണ്.
മുപ്പത്തിരണ്ടോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അബൂമിഖ്‌നഫ്, മദാഇനി, ഹിശാമുബ്്‌നു മുഹമ്മദ് ബ്‌നു ഖല്‍ബി, ‘കിതാബുല്‍ അഗാനീ’യുടെ കര്‍ത്താവായ അബുല്‍ ഫിറാജുല്‍ ഇസ്ഫഹാനീ അബുല്‍ ഫിദാ, ‘അല്‍ബിദായ വ ന്നിഹായ’യുടെ കര്‍ത്താവായ ഇബ്‌നു കഥീര്‍ തുടങ്ങിയവരും ചരിത്രം രേഖപ്പെടുത്തുന്ന നൈപുണിയില്‍ വ്യതിരിക്തത പുലര്‍ത്തിയവരാണ്.