Dr. Alwaye Column

ഇസ്‌ലാം മനുഷ്യ പ്രകൃതത്തിന്റെ മതം

എന്നും എവിടെയും ഇസ്‌ലാം മനുഷ്യന്റെ പ്രകൃതത്തോടു ഒട്ടിനില്‍ക്കുന്ന മതമാണ്,ദര്‍ശനമാണ്. ശൈശവം, കൗമാരം, വാര്‍ധക്യം എന്നിങ്ങനെ മനുഷ്യന് പരിണാമഘട്ടങ്ങള്‍. ഓരോരോ പ്രവാചകനും അവരുടെ നിയോഗകാലത്തെ മനുഷ്യാവസ്ഥകള്‍ക്ക് യോജിച്ച ദര്‍ശനവുമായിട്ടായിരുന്നു കടന്നുവന്നത്. അക്കാലത്തെ മനുഷ്യന്റെ ജീവിതാവശ്യങ്ങളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും സാക്ഷാത്കരിക്കുകയായിരുന്നു അജ്ഞാനകാലത്തെ ഈ പ്രവാചകന്‍മാരുടെ ഉന്നം. ഇസ്‌ലാമിക ദൃഷ്ടിയില്‍ ‘ദീന്‍’എന്നത് ‘ജീവിതവ്യവസ്ഥ’യാണ്. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും വഴികാട്ടുന്ന വ്യവസ്ഥ മുമ്പ് കടന്നുവന്നിട്ടുണ്ട്. ദൈവികദര്‍ശനങ്ങളെയെല്ലാം അന്ധവിശ്വാസങ്ങളില്‍നിന്നും അബദ്ധ ധാരണകളില്‍നിന്നും മോചിപ്പിക്കുക എന്നത് പിന്നാലെ വരുന്ന സത്യദൂതുകളുടെ പ്രഖ്യാപിത ദൗത്യമായിരുന്നു. നിക്ഷിപ്തതാല്‍പര്യക്കാരുടെയും അവിവേകികളുടെയും വഴിപിഴച്ചവരുടെയും കൈകളാണ് സമസ്ത ദൈവികദര്‍ശനങ്ങളെയും മലിനപ്പെടുത്തിയതും വികൃതമാക്കിയതും. ദൈവികദര്‍ശനങ്ങളുടെ നിയതമായ അധ്യാപനങ്ങളില്‍നിന്ന് ആളുകള്‍ അകന്നുപോയതും പ്രശ്‌നമായിരുന്നു.

സച്ചരിതരായ മഹത്തുക്കളുടെ വിയോഗമോ ദൗര്‍ലഭ്യമോ അല്ലെങ്കില്‍ തന്നിഷ്ടക്കാരുടെ ധാര്‍ഷ്ട്യമോ എല്ലാം കൂടി ദൈവികദര്‍ശനങ്ങളുടെ അന്തസ്സത്തയെ കളങ്കപ്പെടുത്തിയിരുന്നു. മതദര്‍ശനങ്ങള്‍ ഓരോന്നുംപരസ്പരം ചേര്‍ന്നുനിന്ന് ഒന്നാകുന്ന കണ്ണികളാണ് . മുഹമ്മദ് നബി കൊണ്ടുവന്ന ദീന്‍ ഇക്കൂട്ടത്തിലെ അവസാനത്തെ കണ്ണിയാണ്. പ്രപഞ്ചമെന്ന മഹാപുസ്തകത്തിനകത്ത് എത്രയെത്ര താളുകളുണ്ടോ അതിലൊരു താളുപോലും അന്ത്യപ്രവാചകന്‍ കൊണ്ടുവന്ന മതദര്‍ശനത്തില്‍ ഗോപ്യമല്ല. സവിശേഷമുദ്രയുള്ള ദൈവികഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നതുപോലെത്തന്നെയാണ് ഈ പ്രപഞ്ചവും. വ്യത്യസ്തകാലങ്ങളില്‍ ആഗതമായ ദൈവികമതങ്ങളുടെ ദൗത്യം മാനവീയതയുടെ സമ്പൂര്‍ത്തീകരണമായിരുന്നു. മാനവീയതയുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുകയും അന്യന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയും ദുഷ്ടസ്വഭാവങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ച് വിശിഷ്ടസ്വഭാവങ്ങളിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്ന സാന്‍മാര്‍ഗിക അധ്യാപനങ്ങളായിരുന്നു അവയെല്ലാം. അവയിലൂടെയായിരുന്നു അവസാനമെത്തിയ ദൈവികദര്‍ശനം മനുഷ്യസമൂഹത്തെ ഉദാത്തീകരിച്ചത്. അതതുകാലങ്ങളില്‍ മാനവീയതക്ക് സാധിക്കുന്ന അളവിലാണ് ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ബൗദ്ധികവും ചിന്താപരവുമായ ഔന്നത്യത്തില്‍ മാനവീയത എത്തിച്ചേര്‍ന്ന പ്രത്യേക സന്ദര്‍ഭത്തിലാണ് അന്ത്യപ്രവാചകന്‍ സമ്പൂര്‍ണദീനുമായി ആഗതനായത്. എന്നും എവിടെയും മാനവീയതയുടെ സമസ്ത വികാസഘട്ടങ്ങളിലേക്കും അനുയുക്തവും ഉചിതവുമായ ജീവിതദര്‍ശനമായിരുന്നു ആ ദീന്‍. ലോകം നേരിടുന്ന അഖിലപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അതിലുണ്ടായിരുന്നു. അല്ലാഹു നിയോഗിച്ച നിഖില പ്രവാചകന്‍മാരും കൊണ്ടുവന്ന നിയമസംഹിതകളെല്ലാം ഒരേ നിയമസംഹിതകളായിരുന്നു. അതുപോലെ അവര്‍ പ്രബോധനം ചെയ്ത ദൈവികമാര്‍ഗം അതിന്റെ സത്തയിലും ഉള്ളടക്കത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളിലുമെല്ലാം ഒരേ സത്യസന്ദേശവുമായിരുന്നു. ഓരോ ദൈവദൂതനും തന്റെ മുമ്പ് കടന്നുപോയ ദൈവദൂതന്‍ പ്രബോധനം ചെയ്ത സത്യസന്ദേശത്തിന്റെ അസ്ഥിവാരത്തിലാണ് തന്റെ ദീന്‍ നിര്‍മിച്ചെടുത്തത്. ആ പ്രക്രിയ അങ്ങനെ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്:

‘അല്ലാഹു പ്രവാചകന്‍മാരോട് പ്രതിജ്ഞ വാങ്ങിയിട്ടുപറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് ഗ്രന്ഥവും ജ്ഞാനവും നല്‍കി. ഇനി ‘നിങ്ങളുടെ കൈവശമുള്ളതിനെ അംഗീകരിച്ചുകൊണ്ട് ഒരു പ്രവാചകന്‍ വന്നാല്‍ നിങ്ങളവനെ വിശ്വസിക്കുകയും സഹായിക്കുകയും വേണം. അല്ലാഹു ചോദിച്ചു: നിങ്ങളിത് സമ്മതിക്കുകയും എന്നോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ. അല്ലാഹു : എങ്കില്‍ ഞാന്‍ ചൊല്ലിത്തരാം. എന്നോടൊപ്പം നിങ്ങള്‍ ഏറ്റുചൊല്ലുക. ഇതിനുശേഷം പിന്‍മാറിക്കളയുന്നവരാരോ അവരാണ് ധിക്കാരികള്‍. ദൈവികദര്‍ശനമല്ലാത്ത മറ്റു വല്ലതുമാണോ അവര്‍ ആഗ്രഹിക്കുന്നത്? ആകാശ ഭൂമികളിലുള്ളതെല്ലാം സ്വന്തം ഇഷ്ടപ്രകാരമോ അല്ലാതെയോ അനുസരിക്കുന്നത് അല്ലാഹുവിനെയാണ്. അവനിലേക്കാണ് അവരുടെ മടക്കവും'(ആലുഇംറാന്‍ 81)

മുഹമ്മദീയ പ്രവാചകത്വത്തിന്റെ കാലത്ത് മാനവീയത ബൗദ്ധികവും ആത്മീയവുമായ ഉത്തുംഗതയിലെത്തുക, അതിന്റെ ചടുലയൗവനത്തിന്റെ ഉച്ചസ്ഥായിയിലെത്തുക, എന്നും എവിടെയും പ്രായോഗികമാക്കാന്‍ പറ്റുന്ന സമഗ്രവും സമ്പൂര്‍ണവുമായ ഒരു സത്യദര്‍ശനത്തെ ഏറ്റെടുക്കാനുള്ള അതിന്റെ സന്നദ്ധത പാരമ്യത്തിലെത്തിച്ചേരുക എന്നിത്യാദി സംശയങ്ങളുണ്ടാകാം. എന്നാല്‍ ക്രിസ്ത്വാബ്ധം ഏഴാം നൂറ്റാണ്ടില്‍ ഭൂമിയുടെ സമസ്ത ഭാഗങ്ങളിലും മാനവീയതയുടെ വികാസപരിണാമങ്ങളുടെ സ്ഥിതിവിശേഷങ്ങളറിയുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞതെല്ലാം സുതരാം വ്യക്തമായ കാര്യങ്ങളാണ്. ചുരുക്കത്തില്‍ മാനവതയെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന, ഏത് പരിതസ്ഥിതിയിലും പരിണാമദശയിലും മേഖലയിലും ഉപയുക്തമായ ഒരു ഭരണഘടനയിലൂടെ മാനവീയതയെ മുന്നോട്ടുനയിക്കാന്‍ കെല്‍പുള്ള, ഇഹത്തിലും പരത്തിലും മാനവീയതയുടെ നന്‍മകള്‍ക്ക് പരിരക്ഷ നല്‍കാന്‍ ശക്തിയുള്ള, ലോകാവസാനം വരെ മനുഷ്യസമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുതരുന്ന ഒരു സത്യദര്‍ശനമാണ് മുഹമ്മദ് നബി പ്രബോധനം ചെയ്തത്.

‘തീര്‍ച്ചയായും നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അത് സംരക്ഷിക്കുകയും ചെയ്യും’ എന്ന ഖുര്‍ആനിക വിളംബരം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. മുഹമ്മദീയ പ്രവാചകത്വത്തിന് മുമ്പ് പ്രവാചകപരമ്പരയിലെ ഒരു കണ്ണിയും ഇത്തരമൊരു സംരക്ഷണം ഉദ്‌ഘോഷിക്കുന്നില്ല. മുഹമ്മദീയ പ്രവാചകത്വം അതേറ്റെടുത്തുവെങ്കില്‍ അതിനര്‍ഥം അത് സാമാന്യവും അനശ്വരവുമാണെന്നത്രേ. മാത്രമല്ല, മുഹമ്മദ് നബി പ്രവാചകപരമ്പരയിലെ അവസാനത്തെ ദൈവദൂതനാണെന്നുമാണ്. വിവേചനശേഷിയുള്ള ധിഷണയും പ്രബുദ്ധമായ ഹൃദയവും തീഷ്ണമായ കാഴ്ചപ്പാടും സുരക്ഷിതമായ പ്രമാണപാടവവുമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞതൊന്നും നിഗൂഢമായ കാര്യങ്ങളല്ല.
‘നുരയും പതയും വറ്റിവരണ്ട് പോകും. ജനങ്ങള്‍ക്കുപകാരമുള്ളത് ഭൂമിയില്‍ അവശേഷിക്കും'(അര്‍റഅ്ദ് 17).

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

Topics