ചോദ്യം: ഞാന്‍ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലിചെയ്യുന്നത്. തൊഴിലാളികള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കാന്‍ കമ്പനി താല്‍പര്യമെടുക്കുന്നു. അക്കൂട്ടത്തില്‍ വളരെ സബ്‌സിഡിയോടെ കാന്റീന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ പാചകം ചെയ്യുന്നത് ഇതരസമുദായക്കാരായ ആളുകളാണ്. ആഴ്ചയില്‍ ഒരു ദിവസത്തെ മെനുവില്‍ പന്നിയിറച്ചിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത കാന്റീനിലെ പാത്രങ്ങള്‍ പ്രസ്തുത നിഷിദ്ധഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിച്ചതിനാല്‍ എനിക്ക് അവിടെനിന്ന് ഭക്ഷണം കഴിക്കുന്നത് അനുവദനീയമാകുമോ?
ഉത്തരം: ഇസ്‌ലാം വളരെ ലളിതവും പ്രകൃതിയോടിണങ്ങിച്ചേരുന്നതുമായ മതമാണ്. അത് എല്ലാ ജനങ്ങളോടും നന്‍മയോടും നീതിയോടും വര്‍ത്തിക്കാന്‍ പഠിപ്പിക്കുന്നു. മുസ്‌ലിമോ അമുസ്‌ലിമോ നല്‍കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയല്ല അതിലെ ഹലാലും ഹറാമും നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകന്റെ ജീവചരിത്രം പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ അനുചരന്‍മാരടക്കം തങ്ങളുടെ ബഹുദൈവവിശ്വാസികളായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍നിന്ന് ഭക്ഷണം(ഹലാലായവ) കഴിച്ചതായി കാണാം. അതിനാല്‍ വൃത്തിയുള്ള പാത്രങ്ങളില്‍ പാചകം ചെയ്തിട്ടുള്ള ഹലാല്‍ വിഭവങ്ങള്‍ വിശ്വാസിക്ക് കഴിക്കാവുന്നതാണ്.
കമ്പനികളിലോ റസ്‌റ്റോറന്റുകളിലോ മുസ്‌ലിങ്ങള്‍ക്കായി മാത്രമുള്ള പാത്രങ്ങള്‍ ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല. അങ്ങനെയൊന്ന് പ്രായോഗികവുമല്ല. അതിനാല്‍ മുമ്പ് ഹറാമായ വിഭവങ്ങള്‍ പാചകംചെയ്തതും വിളമ്പിയതുമായിക്കൊള്ളട്ടെ, ആ പാത്രങ്ങള്‍ അവശിഷ്ടങ്ങള്‍ ബാക്കിയാവാത്തവിധം വൃത്തിയാക്കിയശേഷം ഹലാലായ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും ഉപയോഗിക്കാം. അതിനാല്‍ താങ്കള്‍ക്ക് സൂക്ഷ്മതക്ക് അന്നേ ദിവസത്തെ ഭക്ഷണം ഒഴിവാക്കി മറ്റുദിനങ്ങളില്‍ കഴിക്കാവുന്നതാണ്.