وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ
51. കാഹളത്തില്‍ ഊതപ്പെടും. അപ്പോഴിവര്‍ കുഴിമാടത്തില്‍നിന്ന് തങ്ങളുടെ നാഥങ്കലേക്ക് കുതിച്ചോടും.
അഹന്തയിലും അജ്ഞതയിലും നിഷേധത്തിലും കഴിയവേ, അവര്‍ ആകാശത്തുനിന്ന് കാഹളധ്വനി കേള്‍ക്കുന്നു. ഇമാം ഇബ്‌നു ആശൂറിന്റെ വ്യാഖ്യാനപ്രകാരം സൂക്തത്തിന്റെ തുടക്കത്തിലെ ‘വാവ്’ മുമ്പുപറഞ്ഞ സംഗതിയുടെ അവസ്ഥയെകുറിക്കുകയോ സന്ദര്‍ഭത്തെ വിവരിക്കുകയോ ആണ്. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ അവര്‍ ആ കാഹളമൂത്തിനായി കാത്തിരിക്കുകയാണ്. അങ്ങനെ ആ കാത്തിരിപ്പിനിടയില്‍ നിനച്ചിരിക്കാതെ കാഹളധ്വനി ഉയരുകയായി. ഇതെല്ലാം സത്യനിഷേധികളായ മക്കാഖുറൈശികളെ താക്കീതുചെയ്യാന്‍ വേണ്ടിയാണ്.
‘നുഫിഖ'(ഊതപ്പെട്ടു) എന്ന് ഭൂതകാലക്രിയയില്‍ ആണ് ഉപയോഗിച്ചത്. വൈകാതെ ഊതപ്പെടും എന്നര്‍ഥത്തില്‍ ‘ സയുന്‍ഫഖു’എന്ന് പ്രയോഗിച്ചില്ല. അതായത്, അനതിവിദൂരഭാവിയിലുള്ള സംഭവ്യതയെയാണ് കുറിക്കുന്നത്. സംഭവിച്ചതായി പറഞ്ഞുകൊണ്ട് അതിന്റെ യാഥാര്‍ഥ്യം ഊട്ടിയുറപ്പിക്കുകയാണിവിടെ. ചുവടെകൊടുത്ത സൂക്തം പോലെയാണിത്.
‘അല്ലാഹുവിന്റെ തീരുമാനം വന്നുകഴിഞ്ഞു. അതിനാല്‍ നിങ്ങളിനി അതിന് ധൃതികാണിക്കേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നവരില്‍നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനും ഉന്നതനുമാണ്'(അന്നഹ്ല്‍ 1).
അതിനുപുറമെ, ഊതപ്പെട്ടു(നുഫിഖ) എന്നുപറയുമ്പോള്‍ കാഹളത്തില്‍ ഊതാന്‍ സദാ സന്നദ്ധനായി നില്‍ക്കുന്ന ഒരാളുണ്ട് എന്ന് വ്യക്തമാണ്. അതാണ് ഇസ്‌റാഫീല്‍ എന്ന മലക്ക്. നമുക്ക് കാണാനാകാത്ത ഒരു ലോകത്ത് , അതായത്, ഖബ്‌റുകളില്‍നിന്ന് വീണ്ടും ജീവനോടെ ഉയര്‍ത്തെഴുന്നേല്‍പിക്കും വിധം രണ്ടാമതൊരു കാഹളമൂതലിനെ കുറിച്ചാണ് ഈ പരാമര്‍ശം. ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ് കാഹളമൂത്ത് ഉണ്ടാവുകയെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്:
‘അന്ന് കാഹളത്തില്‍ ഊതപ്പെടും . അപ്പോള്‍ ആകാശഭൂമികളിലുള്ളവരൊക്കെ ചലനമറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് വീണ്ടുമൊരിക്കല്‍ കാഹളത്തിലൂതപ്പെടും. അപ്പോഴതാ എല്ലാവരും എഴുന്നേറ്റ് നോക്കാന്‍ തുടങ്ങുന്നു'(അസ്സുമര്‍ 68).
അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ വിയോഗാനന്തരം വൈകാതെതന്നെ ഒരു നിമിഷാര്‍ദ്ധത്തിനുള്ളില്‍ സംഭവിക്കുന്ന, ഈ സംഗതിയെക്കുറിച്ച് ഭീതിജനകമായ ഒരു ഹദീസുണ്ട്: നബിതിരുമേനി (സ) പറയുന്നു: ‘കാഹളമൂതാന്‍ ഏതുനിമിഷവും സന്നദ്ധനായി സിംഹാസനസ്ഥന്റെ ഉത്തരവ് കാത്തുനില്‍ക്കുന്ന മലക്ക,് കണ്ണടച്ചുതുറക്കുന്ന നിമിഷത്തിനുള്ളില്‍ അത് ചെയ്തിരിക്കും. തിളങ്ങുന്ന കണ്ണുകളായിരിക്കും അതിനുണ്ടാവുക.’
ഇമാം ത്വബരിയുടെ അഭിപ്രായത്തില്‍ ഈ സൂക്തത്തില്‍ പുനരുതന്ഥാനദിനത്തില്‍ ഊതുന്നതിനെക്കുറിച്ചാണ് പറയുന്നത്.
ഖബ്‌റില്‍ അടക്കപ്പെട്ടവരെല്ലാംതന്നെ ജീവനോടെ പുറത്തേക്ക് കൊണ്ടുവരപ്പെടും. എല്ലാവരും തിടുക്കത്തിലായിരിക്കും എന്ന് ‘യന്‍സിലൂന്‍’ എന്ന വാക്ക് സൂചിപ്പിക്കുന്നു. ചെന്നായ വേഗം നടക്കുന്നതിനെ ‘നസ്‌ലാന്‍ ‘ എന്നാണ് പറയുക. കുഴിമാടത്തില്‍നിന്ന് പുറത്തേക്ക് വരുന്നു എന്ന് ആശയവും അതിനുണ്ട്. അല്ലാഹു പറയുന്നു: ‘അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ’ (അല്‍ മആരിജ് 43).
രണ്ടാമത്തെ കാഹളമൂത്താണിവിടെ ഉദ്ദേശിക്കുന്നതെന്ന് ഇമാം ഖുര്‍ത്വുബിയും അഭിപ്രായപ്പെടുന്നുണ്ട്. അന്നംല് അധ്യായത്തില്‍ കാഹളത്തില്‍ ഊതുന്നത് രണ്ടുതവണ മാത്രമാണെന്ന് പറയുന്നുണ്ട്. ഇവിടെ ഈ അധ്യായത്തിലും മുമ്പ് ഒരു കാഹളമൂതുന്നതിനെക്കുറിച്ച് പറയുന്നതിനാല്‍ ഇത് രണ്ടാമത്തേതാണെന്ന് മനസ്സിലാക്കാം. രണ്ട് കാഹളമൂതലിനും ഇടയില്‍ 40 വര്‍ഷത്തെ ഇടവേളയുണ്ടെന്ന് നബി(സ) പറഞ്ഞതായി ഇമാം ഹസന്‍ ഉദ്ധരിക്കുന്നുണ്ട്. ആദ്യകാഹളധ്വനി എല്ലാ ജീവികളുടെയും ജീവനെ പിടിച്ചെടുക്കാനാണെങ്കില്‍ രണ്ടാമത്തേത് മൃതശരീരങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതിനാണ്. എന്നാല്‍ ഇമാം ഇബ്‌നുകസീര്‍ അഭിപ്രായപ്പെടുന്നത് മറ്റൊരു സംഗതിയാണ്: ഇത് മൂന്നാമത്തെ കാഹളമൂത്ത് സംഭവിക്കുന്നതിനെക്കുറിച്ചാണ്, അതായത് മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയുള്ള കാഹളധ്വനി. ആദ്യത്തെ കാഹളമൂത്ത് അന്ത്യമടുത്തു എന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പും ഭയവും സമ്മാനിക്കുന്നതിനാണ്. രണ്ടാമത് കാഹളത്തില്‍ ഊതുന്നത് എല്ലാവരെയും മരണത്തിന് വിധേയമാക്കാനാണ്. മൂന്നാമത്തേത് പുനരുത്ഥാനം ആണ് ലക്ഷ്യമിടുന്നത്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.
قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ الرَّحْمَـٰنُ وَصَدَقَ الْمُرْسَلُونَ
52. നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍നിന്ന് നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത് ആരാണ്? ഇത് ആ പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ പറഞ്ഞത് സത്യംതന്നെ.
ഇമാം ത്വബ്‌രി പറയുന്നു: മുശ്‌രിക്കുകളുടെ ആത്മാവ് തിരികെ അവരുടെ ശരീരത്തിലേക്ക് കാഹളമൂത്തിലൂടെ സന്നിവേശിപ്പിക്കപ്പെടും. ആദ്യത്തെ കാഹളമൂത്ത് കഴിഞ്ഞ് ഒരു നിശ്ചിതകാലം അവര്‍ ഉറക്കത്തിലായിരുന്നു. ആ ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യമാണ് അല്ലാഹു ഇവിടെ വെളിപ്പെടുത്തുന്നത്. മര്‍ഖദ് എന്നാല്‍ റുഖൂദ്(ഉറക്കം ) നടക്കുന്ന സ്ഥലമെന്നാണ്. അവര്‍ പറയും: ‘എന്തൊരു നാശം, ആരാണ് നമ്മെ ഈ ഉറക്കറയില്‍നിന്ന് എഴുന്നേല്‍പിച്ചത്.’ നമ്മുടെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പിച്ചത് ആരാണ്? ഇബ്‌നു മസ്ഊദ് (റ)ന്റെ വ്യാഖ്യാനപ്രകാരം ‘ബഅസനാ’ എന്ന വാക്കിന്റെ നേര്‍വിപരീതം ‘അഹബ്ബനാ'(ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കുക) എന്നാണ്. പണ്ഡിതനായ അബൂബക്ര്‍ അല്‍ അന്‍ബാരി ഇപ്പറഞ്ഞ ആശയപരികല്‍പനയെ അംഗീകരിക്കുന്നില്ല.
അവിശ്വാസികള്‍ക്കുള്ള മറുപടി ഇതാണ്: പരമകാരുണികനായ അല്ലാഹുവിന്റെ വാഗ്ദാനമാണിത്. ദൈവദൂതന്‍മാര്‍ സത്യമാണ് പറഞ്ഞുകൊണ്ടിരുന്നത്. മരണശേഷം നിങ്ങളെ വീണ്ടും ജീവിപ്പിക്കുമെന്ന് കാരുണ്യവാനായ റബ്ബ് തറപ്പിച്ചുപറഞ്ഞതാണ്. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ മറുപടി സത്യനിഷേധികള്‍ക്ക് വിശ്വാസികള്‍ നല്‍കുന്നതാണെന്ന് വിശദീകരിച്ചിരിക്കുന്നു. എന്നാല്‍ വേറെ ചിലര്‍, ദൈവദൂതന്‍മാരുടെ ഉത്‌ബോധനവും മുന്നറിയിപ്പും സത്യമായി പുലര്‍ന്നിരിക്കുന്നുവെന്ന് മനസ്സിലാക്കി നിഷേധികള്‍ ആത്മഗതം ചെയ്യുന്നതാണെന്ന് കുറിക്കുന്നു. ആദ്യം നല്‍കിയ വിശദാംശമാണ് സൂക്തത്തിന്റെ സ്വഭാവം പരിശോധിക്കുമ്പോള്‍ കൂടുതല്‍ ശരിയായിതോന്നുന്നതെന്ന് ഇമാം ത്വബരി അഭിപ്രായപ്പെടുന്നുണ്ട്. ആരാണ് തങ്ങളെ ഉണര്‍ത്തിവിട്ടതെന്ന നിഷേധികളുടെ ചോദ്യം തങ്ങളുടെ അപ്പോഴുള്ള അവസ്ഥയെക്കുറിച്ച അജ്ഞതയെ വെളിപ്പെടുത്തുന്നുണ്ട്. അതിനാല്‍ വീണ്ടും ജീവന്‍ നല്‍കപ്പെടുകയും അങ്ങനെ ഒരു ലക്ഷ്യസ്ഥാനത്തേക്ക് തിടുക്കത്തില്‍ പോകുന്ന ആ ജനമാണ് പരസ്പരം സംസാരിച്ചും ആത്മഗതംചെയ്തും സന്ദേഹം ഉന്നയിക്കുന്നത്.
ഇവിടെ ഇമാം ഖുര്‍ത്വുബി ഒരു ചോദ്യമുന്നയിക്കുന്നുണ്ട്: തങ്ങളുടെ ഖബ്‌റിടങ്ങളില്‍ തങ്ങള്‍ക്കായി ഒരുക്കപ്പെട്ടിട്ടുള്ള ശിക്ഷയുടെ ചില അനുഭവങ്ങള്‍ അവര്‍ക്കുണ്ടായിരിക്കെ എങ്ങനെയാണ് അവര്‍ ആശ്ചര്യപ്പെടുകയും സംശയിക്കുകയുംചെയ്യുക? അതിനുത്തരമായി അദ്ദേഹം പറയുന്നത് പുനരുത്ഥാനമുണ്ടായതില്‍ അവര്‍ അമ്പരക്കുകയോ ആശ്ചര്യപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച് , ആരാണ് തങ്ങളെ ഈ ഖബ്‌റിടത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചത് എന്നതാണ് അവരെ ആശ്ചര്യപ്പെടുത്തുന്നത് എന്നാണ്. മറ്റൊരു സാധ്യത ഇതാണ്: അതായത്, നരകശിക്ഷയുടെ ദൃശ്യങ്ങള്‍ അവര്‍ക്കുണ്ടായ മറ്റു ശിക്ഷകളെ വിസ്മരിപ്പിച്ചിരിക്കാം. അല്ലെങ്കില്‍ വീണ്ടും പഴയപടി പുനരുജ്ജീവിപ്പിക്കപ്പെട്ടത് അവരെ അത്ഭുതസ്തബ്ധരാക്കിയിരിക്കാം.
ഭാഷാമുത്തുകള്‍
1. ഖുബൂര്‍ (ഖബ്‌റിടങ്ങള്‍) എന്ന വാക്ക് അല്‍ ആദിയാത് അധ്യായത്തില്‍ ഉപയോഗിച്ചിരിക്കെ അതിനുപകരം ‘അജ്ദാസ്’ എന്ന വാക്ക് ഉപയോഗിച്ചത് എന്തുകൊണ്ടായിരിക്കാം ? ജദസ് എന്ന വാക്കിന് അടയാളമോ കുറിമാനമോ ഇല്ലാത്ത ശവക്കുഴി എന്നാണ് ലിസാനുല്‍ അറബിയില്‍ നല്‍കിയിട്ടുള്ള അര്‍ഥം. ജാദസ എന്ന വാക്കിന് കുളമ്പടി ശബ്ദമുയര്‍ന്നു എന്നര്‍ഥമുണ്ട്. ആ വാക്കുമായി സാമ്യം ഉള്ളതിനാല്‍ ഖബ്‌റില്‍നിന്ന് തിടുക്കത്തില്‍ പുറപ്പെട്ടുപോവുക എന്ന ആശയം അത് നല്‍കുന്നുണ്ട്. ആ വാക്കിലെ ‘സ’എന്ന ശബ്ദം മണല്‍ചവിട്ടിത്തെറിക്കുന്ന പോലെയാണ്. അത് ഖുറൈശികളുടെ ജീവിതപരിസരവുമായി സദാ ബന്ധപ്പെട്ടുകിടക്കുന്നതാണുതാനും.
2. കാഹളത്തില്‍ ഊതുന്നതോടെ ഖബ്‌റുകളില്‍നിന്ന് പെട്ടെന്ന് ജീവനോടെ പുറത്തേക്ക് ഗമിക്കുന്നതിന്റെ ആശ്ചര്യവും അമ്പരപ്പും ‘ഫഇദാ’ എന്ന പ്രയോഗത്തിലുണ്ട്.
3. രണ്ടുതരത്തില്‍ ഈ സൂക്തം പാരായണംചെയ്യാം. അതിലൊന്ന് ‘മര്‍ഖദിനാ ഹാദാ’എന്ന് ഓതി വഖ്ഫ് ചെയ്യലാണ്. അപ്പോള്‍ അതിന്റെ ആശയം ‘ഈ ഉറക്കറ’ എന്നായിരിക്കും. എന്നാല്‍ മര്‍ഖദിനാ എന്നതിനുശേഷം വഖ്ഫ് ചെയ്താല്‍ ‘ഹാദാ’ ‘ഇത് പരമകാരുണികന്‍ നമ്മോട് വാഗ്ദാനം ചെയ്തത് ‘എന്ന ആശയം നമുക്ക് നല്‍കും.
4. ഭാവിയിലെ ഒരു നാളില്‍ നടക്കാനിരിക്കുന്ന സംഭവമാണെങ്കിലും ‘വനുഫിഖ ഫി സ്സൂര്‍ ‘ എന്നതിനര്‍ഥം കാഹളത്തില്‍ ഊതപ്പെട്ടു എന്നാണ്. ഭാവിയിലെ ഒരു പ്രവൃത്തി ഭൂതകാലക്രിയയില്‍ പറയുന്ന ശൈലി ഖുര്‍ആനിലെമ്പാടും കാണാം. ആ ശൈലി യാതൊരു സംശയവും വേണ്ടാത്ത സംഭവ്യതയെയാണ് തറപ്പിച്ചുപറയുന്നത്.
5. ഭൂമിയിലെ വിവിധപ്രദേശങ്ങളിലെ ആളുകള്‍ എല്ലാവരും ഒരേ ദിശ കേന്ദ്രമാക്കി പുറപ്പെടും എന്ന് ഇമാം റാസി വിശദീകരിക്കുന്നു. ‘യന്‍സിലൂന്‍ ‘ എന്ന പദം നിശ്ചയമില്ലാത്ത എന്നാല്‍ ഒരു പ്രത്യേകലക്ഷ്യം മുമ്പില്‍വെച്ച് തിടുക്കത്തില്‍ നടക്കുന്നതിനെയാണ് കുറിക്കുന്നത്. ഇത് അവിശ്വസനീയമാംവിധം അല്ലാഹുവിന്റെ കഴിവിനെയാണ് കുറിക്കുന്നത്. സഹസ്രകോടിക്കണക്കായ ആളുകളെയെല്ലാം ഒരൊറ്റനിമിഷംകൊണ്ട് പുനരുജ്ജീവിപ്പിച്ച് അവരെയെല്ലാം വിചാരണമൈതാനിയില്‍ ഒരുമിച്ചുകൂട്ടുകയാണ് അവന്‍ചെയ്യുന്നത്.
6. ‘വയ്ല്‍’ എന്നാല്‍ ദുഃഖം , നാശം, ശിക്ഷ എന്നൊക്കെയാണ് അര്‍ഥം. വയ്‌ലനാ എന്ന പദം നാശത്തിനുവേണ്ടിയുള്ള കേഴല്‍ ആണ്. മുമ്പിലുള്ള വലിയൊരു ദുരന്തത്തെ കാണുമ്പോഴുള്ള ഞെട്ടലാണ് അത് വെളിവാക്കുന്നത്. ‘വയ്‌ല’ എന്നത് മറ്റുള്ളവരുടെ മുമ്പില്‍ തന്റെ നീചപ്രവൃത്തികള്‍ അനാവരണംചെയ്യപ്പെടുന്നതിലെ നിന്ദ്യതയെ കുറിക്കുന്നുമുണ്ട്. അതിനാല്‍ ആ ദിനത്തിന്റെ ഭീകരതയും അതിലെ നിന്ദ്യതയും സമ്മാനിക്കുന്ന ഞെട്ടല്‍ ആണ് അത് വെളിപ്പെടുത്തുന്നത്.
7. പ്രഥമസൂക്തത്തില്‍ അജ്ദാസ് എന്നും തൊട്ടുടനെ മര്‍ഖദ് എന്നും വാക്കുകള്‍ തെരഞ്ഞെടുത്തതിന്റെ സാംഗത്യം എന്തായിരിക്കാം. മര്‍ഖദ് എന്നാല്‍ ശവകുടീരം എന്നാണ് അര്‍ഥം. ‘മരിച്ചുവീണ ഇടം’ എന്നാണ് അജ്ദാസ് എന്നതിന്റെ ആശയപരികല്‍പന. ശവകുടീരത്തില്‍ അവര്‍ നിദ്രാവസ്ഥയിലാണ് എന്ന് ദ്യോതിപ്പിക്കാനും കൂടിയാണ് ആ വാക്ക് ഉപയോഗിച്ചത്. റഖദ എന്നതില്‍നിന്നാണ് ഖബ്ര്‍ എന്ന അര്‍ഥമുള്ള മര്‍ഖദ് നിഷ്പന്നമായിരിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്രമകേന്ദ്രം എന്നര്‍ഥത്തില്‍ ഖബ്‌റോ അല്ലാത്തതോ ആയ മരിച്ചവരെ അടക്കുന്ന അവസാനകേന്ദ്രമാണ് മര്‍ഖദ്.
വിവേകമുത്തുകള്‍
ഖബ്‌റിലെ ശിക്ഷകളെക്കുറിച്ച് കേള്‍ക്കുന്ന ഒരാള്‍ അത് എത്രമാത്രം ഭയാനകമായ ‘വിശ്രമകേന്ദ്രം’ ആയിരിക്കുമെന്ന് തിരിച്ചറിയും. അവിടെ രണ്ട് മലക്കുകളുടെ ശക്തമായ ചോദ്യംചെയ്യലുകളുണ്ടാകും. ശിക്ഷയുടെ ഭാഗമായി ഖബ്ര്‍ ഇടുക്കുന്നതിനാല്‍ വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തുകയറും. വിചാരണാനാളുവരെ തീയും മര്‍ദ്ദനങ്ങളും ഉണ്ടായിരിക്കും. വിചാരണാനാളില്‍ നേരിടാനിരിക്കുന്ന കൊടിയദുരിതങ്ങളുമായി താരതമ്യം ചെയ്താണ് അതിനെ ‘വിശ്രമകേന്ദ്രം ‘ എന്ന് വിളിച്ചത്.
ഇതു വായിക്കുന്ന നിങ്ങള്‍ ഇനിയങ്ങോട്ട് രണ്ട് ലക്ഷ്യത്തിലേക്കും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. നാളെയുടെ സാമീപ്യം, അതിനുശേഷം പ്രവര്‍ത്തനങ്ങളില്ല; രക്ഷ അല്ലെങ്കില്‍ ശിക്ഷ . അതിനാല്‍ നാം സ്വയം നന്നാവുന്നതിനെക്കുറിച്ചും സംസ്‌കൃതചിത്തനാകുന്നതിനെക്കുറിച്ചും പുനരാലോചിക്കുക. അതിനായി മറ്റുള്ളവരെ സഹായിക്കുക. അങ്ങനെ അല്ലാഹുവിനോടുള്ള വിധേയത്വത്തിലും അനുസരണത്തിലും ശരിയായ വിശ്വാസികള്‍ ആയിത്തീരാന്‍ നമുക്ക് പരിശ്രമിക്കാം.
‘സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാകുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു'(അല്‍ഹശ്ര്‍ 18)