مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴿٤٩﴾
49. യഥാര്‍ഥത്തിലവര്‍ കാത്തിരിക്കുന്നത് ഒരൊറ്റ ഘോരശബ്ദം മാത്രമാണ്. അവരന്യോന്യം തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും.
സത്യനിഷേധികള്‍ ചോദിച്ചതിന് അല്ലാഹു നല്‍കുന്ന മറുപടി അന്ത്യനാളിനായുള്ള കാഹളം ഊത്തിനായി കാത്തിരിക്കുകയാണ് അവരെന്നാണ്. അത് അപ്രതീക്ഷിതമായ ഒരു സംഭവമായിരിക്കും. ഒന്നാമത്തെ കാഹളമൂത്തിനെ ക്കുറിച്ചാണ് ഇപ്പറയുന്നതെന്ന് ഇമാം ത്വബരി അഭിപ്രായപ്പെടുന്നു.’അന്ന് കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശഭൂമികളിലുള്ളതൊക്കെ ചലനമറ്റവരായിത്തീരും'(അസ്സുമര്‍ 68)
സൂക്തത്തില്‍ ‘സ്വയ്ഹതന്‍'(ഒരൊറ്റ ഘോരശബ്ദം) എന്നപദപ്രയോഗം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരൊറ്റ ശബ്ദം എന്നത് അതിന്റെ ഭീകരാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. രണ്ടാമതൊരു ശബ്ദം ആവശ്യമില്ലാത്തവിധം വിവരണങ്ങള്‍ക്കപ്പുറം തീവ്രമാണത്. അതുമതി അവരുടെ ജീവന്‍പോകാന്‍. അപ്പറഞ്ഞത്’തഅ്ഖുദുഹും’ എന്ന വാക്കില്‍ സമ്പൂര്‍ണമാണ്. വിശ്വാസികളുള്‍പ്പെടെ ആരുംതന്നെ അതില്‍നിന്ന് ഒഴിവാകുകയില്ല. അന്ത്യനാളിന്റെ ആഗമനത്തെക്കുറിക്കുന്ന ഒരു ഹദീസ് അബൂഹുറൈറയില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്.നബിതിരുമേനി(സ) പറഞ്ഞു: ‘തുണിക്കച്ചവടക്കാരനും ഉപഭോക്താവും തമ്മില്‍ വിലപേശല്‍ പൂര്‍ത്തിയാക്കുംമുമ്പ്, തുണി മടക്കിവെക്കുംമുമ്പ് അന്ത്യനാള്‍ സംഭവിച്ചുകഴിഞ്ഞിരിക്കും. ഇടയന്‍ തന്റെ പെണ്ണൊട്ടകത്തിന്റെ പാല്‍ കറന്നെടുത്ത് കുടിക്കുംമുമ്പ് അന്ത്യനാള്‍ സംഭവിച്ചിരിക്കും; തന്റെ കന്നുകാലികളെ വെള്ളംകുടിപ്പിക്കുംമുമ്പ് അന്ത്യനാള്‍ നടന്നിരിക്കും; തന്റെ പാത്രത്തില്‍നിന്ന് ഭക്ഷണത്തിന്റെ ഉരുള വായിലേക്ക് വെക്കുന്ന മാത്രയില്‍ അന്ത്യനാള്‍ സംഭവിച്ചിരിക്കും ‘.
സൂക്തത്തിലെ അവസാന രണ്ട് വാക്കുകള്‍ അതായത്, ‘വഹും യഖിസ്സിമൂന്‍’ (എപ്പോഴാണ് അന്ത്യനാള്‍ സംഭവിക്കുകയെന്ന കാര്യത്തില്‍ അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ) എന്നത് എത്രമാത്രം അവര്‍ അന്ത്യനാളിന്റെവിഷയത്തില്‍ അവഗണനയും നിസ്സാരതയും പരിഹാസ്യതയും വെച്ചുപുലര്‍ത്തുന്നുവെന്നതിനെ സൂചിപ്പിക്കുന്നു. ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു: ‘ ….അല്ലെങ്കില്‍ അവര്‍ നിനച്ചിരിക്കാത്ത നേരത്ത് പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നുപെടുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?’ (യൂസുഫ് 107)
ഇമാം ഇബ്‌നു കഥീര്‍ പറയുന്നു: നിത്യജീവിതത്തില്‍ വര്‍ത്തമാനങ്ങളിലും വെടിപറച്ചിലിലും തര്‍ക്കകോലാഹലങ്ങളിലും മുഴുകിയിരിക്കുന്നവരേ , കരുതിയിരിക്കുക! അന്നേരം ജനങ്ങള്‍ ഇതെവിടെനിന്ന് വന്നുവെന്നോര്‍ത്ത് നാലുപാടും നോക്കും.അപ്പോഴേക്കും ഒരു വലിയ തീഗോളംഅവരെ വിഴുങ്ങും. അങ്ങനെ അവര്‍ പുനരുത്ഥാനനാളിലെത്തും(മഹ്ശറഃ). അവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളോട് എന്തെങ്കിലും ഒസ്യത്ത് നടത്താന്‍ പോലും സമയം കിട്ടുകയില്ല.
ഇമാം ഖുര്‍ത്വുബി പറയുന്നു: തങ്ങളുടെ ഇഹലോകകാര്യങ്ങളില്‍ വാദകോലാഹലങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേളയിലായിരിക്കും അവര്‍പോലും നിനച്ചിരിക്കാതെ ആദ്യകാഹളത്തില്‍ ഇസ്‌റാഫീലിന്റെ ഊത്തുണ്ടാകുന്നത്. ഓരോ മനുഷ്യരും അവരുണ്ടായിരുന്ന അവസ്ഥയില്‍ ഇടിമിന്നല്‍പോലെ വന്നണയുന്ന ആ ‘സ്വയ്ഹഃ’ യേറ്റ് അവിടത്തന്നെ മരിച്ചുവീഴുന്നു.
فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ ﴿٥٠﴾
50. അപ്പോഴിവര്‍ക്ക് ഒരു വസിയ്യത്ത് ചെയ്യാന്‍പോലും സാധിക്കുകയില്ല. തങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങാനും കഴിയില്ല.
തൗസിയത്ത് എന്ന ക്രിയാനാമം അര്‍ഥമാക്കുന്നത് ഒസ്യത്ത് തയ്യാറാക്കുക, ഒസ്യത്ത് നടത്തുക എന്നൊക്കെയാണ്. അതായത്, ഒരാള്‍ക്ക് തന്റെ സമ്പത്തോ അതുപോലുള്ള സംഗതികളോ മറ്റൊരാള്‍ക്ക് നല്‍കാനോ ഒസ്യത്ത്‌ചെയ്യാനോ പോലും അവസരംനല്‍കാത്തവിധം ആ ‘ഘോരശബ്ദം ‘ഉണ്ടാകുന്നുവെന്നര്‍ഥം.
ഇമാംത്വബരി എഴുതുന്നു: അന്ത്യനാളിനായി കാഹളത്തില്‍ ഊതപ്പെട്ടാല്‍ മക്കാ മുശ്‌രിക്കുകള്‍ തങ്ങളുടെ തോട്ടങ്ങളോ സ്ഥാവരജംഗമവസ്തുക്കളോ കുടുംബാംഗങ്ങളിലാര്‍ക്കെങ്കിലും ഒസ്യത്ത് ചെയ്യാനുദ്ദേശിച്ചാല്‍പോലും അതിന് സമയം ലഭിക്കുകയില്ല. അതിനുള്ളില്‍ അവര്‍ മണ്ണോടുചേര്‍ന്നിട്ടുണ്ടാകും. ബന്ധുക്കളെ അവസാനനോക്കുകാണാനോ അന്ത്യാഭിലാക്ഷം പൂര്‍ത്തീകരിക്കാനോ അവസരംലഭിക്കുകയില്ല.
ഇമാം ഖുര്‍ത്വുബിയെപ്പോലുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായപ്രകാരം, തങ്ങളുടെ തെറ്റുകളേറ്റുപറഞ്ഞ് പശ്ചാത്തപിക്കാനോ ഒസ്യത്ത് നടത്താനോ സമയം കിട്ടാത്തവിധം എല്ലാവരും മരിച്ചുവീഴുന്നു. നിസ്സാരമായ കാര്യംപോലും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പിന്നെങ്ങനെയാണ് വലിയകാര്യങ്ങള്‍ക്ക് അവസരംലഭിക്കുകയെന്നതാണ് ചോദ്യം. യഥാര്‍ഥത്തില്‍ ജനങ്ങളുടെ നിസ്സഹായാവസ്ഥയെയാണ് ഇത് അനാവരണംചെയ്യുന്നത്.
ഭാഷാമുത്തുകള്‍
ഈ അധ്യായത്തിന്റെ മറ്റൊരു ഭാഗത്ത് ‘സ്വയ്ഹഃ’ എന്ന വാക്ക് അന്താക്കിയയിലെ ജനങ്ങളെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയപ്പോഴാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഇവിടെ പക്ഷേ, സ്വയ്ഹഃയുടെ പ്രയോക്താവ് ഖിയാമത്ത് നാളിലേക്ക് വേണ്ടി ഊതുന്ന ഇസ്‌റാഫീല്‍ എന്ന മലക്കാണ്. എന്നാല്‍ അന്താക്കിയയിലെ ജനങ്ങള്‍ക്കുനേരെ ‘സ്വയ്ഹഃ’യുമായി നിയോഗിതനായത് ജിബ്‌രീല്‍ എന്ന മലക്കാണ്.
‘സ്വയ്ഹഃ’യും ‘നഫ്ഖ’ യും രണ്ടും വിപരീത ആശയത്തിലുള്ളതാണ്. അന്ത്യകാഹളത്തില്‍ ഊതുന്ന ഇസ്‌റാഫീല്‍ നല്‍കുന്നത് ഘോരമായ ശബ്ദമാണ്.അതാണ് സൈ്വഹഃ. അത് ദേഷ്യത്തോടെ കണ്ഠനാളത്തില്‍നിന്ന് വരുന്നതാണ്. അട്ടഹാസമെന്നും സഹായത്തിനായുള്ള ആര്‍ത്തനാദമെന്നും അതിന് അര്‍ഥമുണ്ട്. കാഹളത്തിലുള്ള ഊത്ത് അവിശ്വാസികള്‍ക്കുള്ള ശിക്ഷയുടെ ഒരു രൂപമായിരിക്കാം. അല്ലെങ്കില്‍ നന്നെച്ചുരുങ്ങിയത് കൊടുംശിക്ഷയുടെ ആരംഭമാകാം.
എന്നാല്‍ ‘നഫ്ഖഃ’ എന്ന വാക്ക് വിശ്വാസികളെയും അവിശ്വാസികളെയും പരാമര്‍ശിച്ച ഘട്ടത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
‘വഹും യഖിസ്സിമൂന്‍’ എന്ന വാചകത്തിലെ ‘വാവ് ‘ വിഷയത്തിന്റെ അവസ്ഥയെ(ഹാല്‍) പ്രതിപാദിക്കുന്നതാണ്. കാഹളമൂത്ത് ഉണ്ടാകുന്നതോടെ എല്ലാ ജനങ്ങളും ബോധമറ്റ് നിലംപതിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ആ സന്ദര്‍ഭത്തിലും അവിശ്വാസികള്‍ അപ്പോഴും തങ്ങളുടെ മേലുണ്ടായ ആ അശനിപാതത്തെക്കുറിച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുമെന്നാണ് അവരുടെ സ്വഭാവത്തെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നത്.
‘യഖ്തസിമൂന്‍ ‘ എന്ന ചിരപരിചിതമായ വാക്കിനുപകരം ‘യഖിസ്സിമൂന്‍’ എന്ന വാക്ക് എന്തുകൊണ്ട് ഇവിടെ ഉപയോഗിച്ചു എന്നത് ആലോചനാമൃതമാണ്. അതായത്, സത്യനിഷേധികളായ ആളുകള്‍ സദാ ചിന്തിക്കുന്നത് ഭൗതികലോകത്തെക്കുറിച്ചുമാത്രമാണ്. പരലോകം എന്നത് അവരുടെ ബോധമണ്ഡലത്തില്‍ പോലുമില്ല.ഒരുപക്ഷേ പരലോകമുണ്ടെങ്കില്‍ അതിങ്ങുകൊണ്ടുവാ എന്ന ചോദ്യത്തിന് ഘോരശബ്ദം മറുപടിയാവുന്നതെങ്ങനെയെന്ന് ചിലര്‍ക്ക് സംശയമുണ്ടാകാം. എല്ലാ ചോദ്യത്തിനും നേര്‍ക്കുനേരെയുള്ള ഉത്തരം എപ്പോഴുമുണ്ടാവും എന്ന് കരുതേണ്ടതില്ല എന്നതാണ് അതിനുള്ള വിശദീകരണം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരംകൊടുക്കേണ്ടതില്ലെന്നിടത്താണ് യുക്തി. ഇത് നിരന്തരം അനാവശ്യമായി ചോദ്യശരങ്ങള്‍ക്ക് വിധേയനാവുന്ന നേതാവിനും ഇമാമിനും പണ്ഡിതനും പ്രബോധകന്നും അനുരൂപമായ ശൈലിയാണ്. എന്നാല്‍ ഏതിന് ഉത്തരം കൊടുക്കണം, ഉത്തരം വേണ്ട എന്ന കാര്യത്തില്‍ വിവേചനബുദ്ധി അവര്‍ക്കുണ്ടായിരിക്കണം.
തൊട്ടുടനെയുള്ള സൂക്തത്തില്‍ വന്നിട്ടുള്ള അലങ്കാരപ്രയോഗം വളരെ ശക്തമാണ്. ആളുകള്‍ സാധാരണയായി മരണമടുക്കുമ്പോള്‍ തന്റെ കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും അടുത്തുണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ കാഹളമൂതുന്ന സന്ദര്‍ഭത്തില്‍ അത്തരത്തില്‍ ആരുംതന്നെ സമീപത്തുണ്ടാവുകയില്ലെന്ന യാഥാര്‍ഥ്യം കടുത്ത മനോവേദനയും പ്രയാസവും ഉണ്ടാക്കുന്നതോടൊപ്പം അന്ത്യനാളിന്റെ വരവ് എത്രമാത്രം ഭീകരമായിരിക്കുമെന്ന് ആ സൂക്തം ബോധ്യപ്പെടുത്തുന്നു. വസിയ്യത്ത് ചെയ്യാന്‍ കഴിയില്ലെന്ന പ്രസ്താവന പ്രവൃത്തി അസാധ്യമെന്ന വസ്തുതയെക്കുറിച്ച കടുത്ത മുന്നറിയിപ്പാണ്. ആളുകള്‍ അശക്തരാണ് എന്നുപറയുന്നതിനേക്കാള്‍ ആശയപരമായ ഊക്കുണ്ടതിന്.
വിവേകമുത്തുകള്‍
അന്ത്യനാളിന്റെ ആഗമനവേളയില്‍ അവിശ്വാസികളായ ജനം അന്യോന്യം തര്‍ക്കവിതര്‍ക്കങ്ങളിലും കോലാഹലങ്ങളിലുമായിരിക്കും. ഭൗതികജീവിതാസക്തികളില്‍ മുങ്ങിത്താണ് ആത്മീയവിശുദ്ധിയെ അവഗണിക്കുന്ന ആളുകള്‍ യഥാര്‍ഥത്തില്‍ ജീവിതത്തിന്റെ സന്തോഷവും സമാധാനവും എന്നെങ്കിലും ആസ്വദിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. അല്ലാഹുവില്‍ അവിശ്വസിക്കുകയും തന്നിഷ്ടപ്രകാരം ജീവിക്കുകയുംചെയ്യുന്ന ആള്‍ക്ക് ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താനാകുമോ ?
അല്ലാഹു പറയുന്നു:’എന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാന നാളില്‍ നാമവരെ കണ്ണുപൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക.'(ത്വാഹാ 124).
മേല്‍സൂക്തം പറയുന്നതനുസരിച്ച്, അല്ലാഹുവിന്റെ സ്മരണയില്‍നിന്ന് പിന്തിരിയുന്നവര്‍ അവരുടെ വിശ്വാസത്തിലും പ്രവൃത്തിയിലും കടുത്ത പരീക്ഷണങ്ങളും അസന്തുഷ്ടിയും ഞെരുക്കവും അനുഭവിക്കും. പണ്ഡിതനായ ഇമാം ഇബ്‌നു കസീറിന്റെ അഭിപ്രായത്തില്‍ ‘ഭൗതികജീവിതത്തില്‍ ഒരു വിഷയത്തിലും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക ്കഴിയില്ല. അങ്ങേയറ്റം ഇടുങ്ങിയ മനോനിലയിലായിരിക്കും അവര്‍. സന്‍മാര്‍ഗദര്‍ശനം സ്വീകരിക്കാന്‍ മടിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അവര്‍ തീറ്റയിലും കുടിയിലും വേഷവിധാനങ്ങളിലും പുറമേക്ക് എത്രമാത്രം സന്തോഷം ഭാവിച്ചാലും അന്തഃസംഘര്‍ഷത്താല്‍ അസ്വസ്ഥരായിരിക്കും. ഹൃദയം അശാന്തമാകയാല്‍ സദാ ഉത്കണ്ഠയിലും പരിഭ്രാന്തിയിലും ആയിരിക്കുമവര്‍.’
ഇന്നത്തെ ലോകത്ത് അങ്ങനെയൊന്നും ഇല്ലെന്നും അതെല്ലാം പൊള്ളവാക്കുകളാണെന്നും പറഞ്ഞ് മേല്‍പ്പറഞ്ഞതിനെ തള്ളിപ്പറയുന്നവരുണ്ട്. എന്നാല്‍ വികസിതരാജ്യങ്ങളെന്ന് മേനിനടിക്കുന്ന നിര്‍മത, ഭൗതികപ്രത്യയശാസ്ത്രങ്ങളെ നെഞ്ചേറ്റിയ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചുവരുന്നത് മതനിഷേധികളുടെ അരക്ഷിതാവസ്ഥയ്ക്കും അശാന്തിക്കും തെളിവാണ്. വിഷാദരോഗത്തിന് ഉപയോഗിക്കുന്ന പ്രോസാക്(Prozac)ന്റെ നാല്‍പത് മില്യണ്‍ പ്രിസ്‌ക്രിപ്ഷനുകളാണ് 2012 ല്‍ ബ്രിട്ടനില്‍ മാത്രം ഉണ്ടായതെന്നത് അസ്വസ്ഥമാണ് മതനിഷേധമനസ്സെന്ന് അരക്കിട്ടുറപ്പിക്കുന്നു. മതവിശ്വാസികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്നവരില്‍ ചിലര്‍ ശരിയായ സംതൃപ്തി ലഭിച്ചത് ഇസ്‌ലാം സ്വീകരിച്ചപ്പോഴാണ് എന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.