ഹിജ്‌റ 92-ാം വര്‍ഷം റമദാന്‍ ആറിനാണ് മുഹമ്മദ് ബിന്‍ ഖാസിം സിന്ധിലെ ഇന്ത്യന്‍ സൈന്യത്തിനുമേല്‍ വിജയം വരിച്ചത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമടങ്ങുന്ന മധ്യകാലഘട്ടത്തിലെ ഇന്ത്യയാണ് സിന്ധ് എന്നറിയപ്പെട്ടിരുന്നത്.
അക്കാലത്ത് ഇറാഖിലെ ഗവര്‍ണറായിരുന്ന ഹജ്ജാജ് ബിന്‍ യൂസുഫ് സിന്ധ് ആക്രമിക്കാന്‍ അനുവാദം ചോദിച്ച് ഖലീഫ വലീദ് ബിന്‍ അബ്ദുല്‍മലികിന് സന്ദേശമയച്ചിരുന്നു. ദേബല്‍ കീഴടക്കുന്നതിനായി ഹജ്ജാജ് ആദ്യം അബ്ദുല്ലാഹ് ബിന്‍ നബ്ഹാനെയും, അദ്ദേഹം രക്തസാക്ഷിത്വം വരിച്ചപ്പോള്‍ ഇബ്‌നു ത്വുഹ്ഫഃയെയും അയക്കുകയുണ്ടായി. എന്നാല്‍ ഇബ്‌നു ത്വുഹ്ഫഃയും കൊല്ലപ്പെടുകയാണുണ്ടായത്.
തുടര്‍ന്നാണ് കേവലം പതിനേഴുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന മുഹമ്മദ് ബിന്‍ ഖാസിം സഖഫിയെ ഹജ്ജാജ് തന്റെ സൈന്യാധിപനായി തെരഞ്ഞെടുക്കുന്നത്. ശീറാസ് പട്ടണത്തിലേക്ക് തന്റെ സൈന്യവുമായി വന്ന മുഹമ്മദ് ബിന്‍ ഖാസിം അതിന്റെ ഓരത്ത് തമ്പടിച്ചു. അവിടെ വെച്ച് സൈനികസന്നാഹങ്ങളെല്ലാം പൂര്‍ത്തിയാക്കിയ അദ്ദേഹം പന്തീരായിരത്തോളം വരുന്ന തന്റെ പടയാളികളോടൊപ്പം ദേബല്‍ ആക്രമിച്ചു. അതിന്റെ സുരക്ഷാമതിലുകള്‍ ഭേദിച്ച് മുഹമ്മദ് ബിന്‍ ഖാസിം അകത്തുകടന്നു. പിന്നീട് ഇപ്പോഴത്തെ ഹൈദരാബാദിലുള്ള നീറോന്‍ എന്ന പ്രദേശം കീഴടക്കി. സിന്ധിലൂടെ ആറുദിവസത്തെ യാത്രക്കൊടുവിലാണ് അദ്ദേഹം അവിടെയെത്തിയത്. ശേഷം സിയൂയസ് കോട്ട കീഴടക്കിയ അദ്ദേഹം നീറോനിലേക്ക് തന്നെ മടങ്ങി. സിന്ധ് രാജാവായിരുന്ന ദാഹിറിനെ നേരിടാന്‍ മഹ്‌റാന്‍ നദി മുറിച്ചുകടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. നദി മുറിച്ചുകടന്ന് നേരെ തിരിച്ചത് ജിയൂറിലേക്കായിരുന്നു. അവിടെ വെച്ചാണ് ഒരാഴ്ചനീണ്ടുനിന്ന ഘോരയുദ്ധം നടന്നത്. അറുപതോളം ആനകളുണ്ടായിരുന്നു ദാഹിറിന്റെ സൈന്യത്തിന്റെ മുന്‍നിരയില്‍. അവയില്‍ ഏറ്റവും പൊക്കമുള്ള ആനയുടെ മുകളിലായിരുന്നു ദാഹിര്‍ ഇരുന്നിരുന്നത്. പക്ഷേ, ഇതൊന്നും തന്നെ മുസ്‌ലിംകളുടെ മുന്നേറ്റത്തെ തെല്ലും പ്രതിരോധിച്ചില്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ മുസ്ലിം സൈന്യം ദാഹിറിന് മേല്‍ വിജയം വരിച്ചു.
ദാഹിര്‍ കൊല്ലപ്പെട്ടതോടെ കൂടെയുള്ളവര്‍ പിന്തിരിഞ്ഞോടി. മുസ്ലിംകള്‍ അവരെ പിന്തുടര്‍ന്നു. ശേഷം മുഹമ്മദ് ബിന്‍ ഖാസിം ദഹ്‌ലീല, ബ്രഹ്മനാബാദ് തുടങ്ങിയ പട്ടണങ്ങള്‍ കീഴടക്കി. മുഹമ്മദ് ബിന്‍ ഖാസിം തന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. അവയില്‍ പ്രധാനമായിരുന്നു സിന്ധിന്റെ ഏറ്റവും വലിയ പട്ടണമായിരുന്ന മള്‍ട്ടാന്‍ വിജയിച്ചത്. മുഹമ്മദ് ബിന്‍ ഖാസിമിന്റെ വിജയയാത്ര കാശ്മീര്‍ അതിര്‍ത്തികള്‍ വരെ എത്തി. ഏകദേശം മൂന്നുവര്‍ഷത്തോളം സിന്ധ് മുസ്ലിം ഖിലാഫത്തിന്‍കീഴില്‍ തന്നെ നിലകൊണ്ടു.
സിന്ധ് വിജയം

Add Comment