Special Coverage ബദ്ര്‍

ബദ്ര്‍ യു്ദ്ധമായിരുന്നില്ല; മനുഷ്യാവകാശസംരക്ഷണം

ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദ്ര്‍ സംഭവിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ സത്യാസത്യ വിവേചനത്തിന്റെ ദിനം എന്നാണ് പ്രസ്തുത പോരാട്ടത്തെ വിശേഷിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെട്ടിരുന്ന വിശ്വാസികള്‍ക്ക് പ്രതാപം നല്‍കിയ വിജയമായിരുന്നു ബദ്‌റിലേത് എന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. 

ബദ്‌റിന്റെ തിരുമുറ്റത്ത് പ്രകാശം ചൊരിഞ്ഞ ഒട്ടേറെ മനോഹര മുഹൂര്‍ത്തങ്ങളുണ്ട്. മനസ്സിനെ പിടിച്ചുകുലുക്കുന്ന, ഹൃദയസ്പര്‍ശിയായ അത്തരം ചില സംഭവങ്ങളിലേക്കുള്ള എത്തിനോട്ടമാണ് ഈ ലേഖനം. കുതിരകളുടെ കുളമ്പടിശബ്ദങ്ങള്‍ക്കും വാളുകളുടെ സീല്‍കാരങ്ങള്‍ക്കുമിടയിലും മാനവികമൂല്യം വിശ്വാസികള്‍ മുറുകെപിടിച്ചിരുന്നു. ആദര്‍ശസഹോദരങ്ങളോടുമാത്രമല്ല, ശത്രുക്കളായ നിഷേധികളോടും അവര്‍ സ്വീകരിച്ച നയം അത് തന്നെയായിരുന്നു.

നിര്‍ണായകമായ പോരാട്ടത്തിന് പുറപ്പെടുംമുമ്പ് രോഗിണിയായ ഭാര്യ റുഖയ്യയുടെ കൂടെ നില്‍ക്കാനാണ് ഉഥ്മാന്‍(റ)നോട് പ്രവാചകന്‍(സ) കല്‍പിച്ചത്. പ്രവാചകന്‍(സ)യുടെ മകളായിരുന്നു ഉഥ്മാന്‍(റ)ന്റെ പത്‌നി. ഉസാമത് ബിന്‍ സൈദ്(റ) പറയുന്നു:’പ്രവാചകന്‍(സ) എന്നെ ഉഥ്മാന്‍(റ)ന്റെ കൂടെ നില്‍ക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. റുഖയ്യ(റ)യെ മറമാടി പിരിയുമ്പോഴാണ് ബദ്‌റിലെ വിജയവാര്‍ത്ത ഞങ്ങള്‍ക്കെത്തിയത്’. റുഖയ്യ(റ)യെ പരിചരിക്കാനുള്ള ചുമതല ഏതാനും സ്ത്രീകളെ ഏല്‍പിച്ച് ഉഥ്മാന്‍(റ)നെ കൂടെ കൂട്ടാന്‍ പ്രവാചകന് സാധിക്കുമായിരുന്നു. വിശിഷ്യ, അദ്ദേഹം തിരുമേനിയുടെ ഏറ്റവുമടുത്ത അനുയായിയായിരിക്കെ. ബദ്‌റില്‍ പങ്കെടുക്കാത്ത മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി തിരുമേനി(സ) അദ്ദേഹത്തിന് ജിഹാദ് ചെയ്ത പ്രതിഫലം വാഗ്ദാനം ചെയ്യുകയുണ്ടായി.
ഇവിടെ പ്രവാചകന്‍ തിരുമേനി(സ) ദാമ്പത്യ ബന്ധത്തിന്റെ ആഴത്തെ അടയാളപ്പെടുത്തുന്ന നയമാണ് സ്വീകരിച്ചത്. ഭാര്യക്ക് രോഗം കഠിനമാവുമ്പോള്‍ അടുത്തിരുന്ന് ശുശ്രൂശിക്കാന്‍ ഭര്‍ത്താവുണ്ടായിരിക്കുകയെന്നത് തീര്‍ത്തും ആശ്വാസകരാണ്. പ്രസ്തുത സന്ദര്‍ഭത്തിലെ വേദനക്ക് ശമനം നല്‍കാന്‍ ഭര്‍ത്താവിനോളം കഴിയുന്ന മറ്റാരുണ്ട്? ഉഥ്മാന്‍(റ) തന്റെ ഭാര്യക്ക് വേണ്ടി ചരിത്രത്തിലെ നിര്‍ണായകമായ പോരാട്ടം മാറ്റി  വെക്കുന്നു! പ്രവാചകന്‍(സ) പ്രിയപത്‌നി ആഇശയുടെ മടിയില്‍ തല വെച്ച് മരണത്തെ സ്വീകരിക്കുന്നു!

നബി തിരുമേനി(സ) സൈന്യത്തിന്റെ അണി ശരിപ്പെടുത്തുകയായിരുന്നു. ഒരു ചെറിയ കമ്പ് അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. സവാദ് ബിന്‍ ഗസിയ്യ അണിയില്‍ നിന്ന് കുറച്ച് പുറത്തേക്കുതള്ളിനില്‍ക്കുകയായിരുന്നു. റസൂല്‍(സ) കമ്പുകൊണ്ട് സവാദിനെ അമര്‍ത്തി അണി ശരിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. ‘താങ്കളെന്നെ കുത്തുകയും നോവിക്കുകയും ചെയ്തു’ എന്നായിരുന്നു സവാദിന്റെ മറുപടി. പ്രവാചകന്‍(സ) തന്റെ മേല്‍വസ്ത്രം ഉയര്‍ത്തി സവാദിനോട് പ്രതികാരം ചെയ്യാന്‍ കല്‍പിച്ചു. സവാദ് തിരുമേനി(സ)യെ ആലിംഗനം ചെയ്യുകയും വയറില്‍ ചുംബിക്കുകയും ചെയ്തു. ‘സവാദ്, ഇപ്രകാരം ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്?’ പ്രവാചകന്‍(സ) അവനോട് ചോദിച്ചു. ‘നാം യുദ്ധമുഖത്താണ് ഉള്ളത്. അതിനാല്‍ തന്നെ എന്റെ തൊലി താങ്കളുടെ തൊലിയില്‍ സ്പര്‍ശിച്ച് കൊണ്ടാവട്ടെ ഞാനും താങ്കളും തമ്മിലെ അവസാനത്തെ കരാര്‍ എന്ന് ഞാന്‍ തീരുമാനിച്ചു.’ സവാദ് മറുപടി പറഞ്ഞു. പ്രവാചകന്‍(സ) അവനുവേണ്ടി പ്രാര്‍ത്ഥിച്ചു.

ഒരു സൈന്യാധിപനും സൈനികനും തമ്മില്‍ ഇതിനേക്കാള്‍ മഹത്തരമായ മറ്റേത് വൈകാരികബന്ധമാണുള്ളത്? ഇൗ വൈകാരികബന്ധത്തിന് ചരിത്രത്തില്‍ എവിടെയെങ്കിലും സമാനതകളുണ്ടോ? ചരിത്ര ഗ്രന്ഥങ്ങളില്‍ ഈയൊരു സംഭവത്തിലല്ലാതെ  മറ്റൊരിടത്തും സവാദിന്റെ പേര് പരാമര്‍ശച്ചതായി കാണാന്‍ കഴിയില്ല. അദ്ദേഹം പ്രമുഖരായ സ്വഹാബാക്കളില്‍ പെട്ടവനായിരുന്നില്ല എന്നര്‍ത്ഥം. സൈന്യത്തിലെ ഏറ്റവും ചെറിയ ഭടനും സൈന്യാധിപനായ പ്രവാചകനും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധമാണ് ഈ ചരിത്രം അടയാളപ്പെടുത്തുന്നത്. വളരെ നിര്‍ണായകമായ നിമിഷത്തിന്റെ തന്റെ നായകനോടുള്ള അങ്ങേയറ്റത്തെ സ്‌നേഹം പ്രകടിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നതും ശ്രദ്ധേയമാണ്.

ബഹുദൈവ വിശ്വാസിയായിരുന്നു അബുല്‍ബുഗ്തുരി. എന്നാല്‍ പ്രവാചകനെയും വിശ്വാസികളെയും ബനൂഹാശിമിനെയും ശഅ്ബ് അബീത്വാലിബില്‍ ഉപരോധിക്കാനുള്ള ഖുറൈശികളുടെ കരാര്‍ ലംഘിച്ചയാളായിരുന്നു അദ്ദേഹം. അക്രമപരമായ ആ കരാറിന് വിപരീതം പ്രവര്‍ത്തിച്ച അഞ്ച് മുശ്‌രിക്കുകളില്‍ ഒരാളായിരുന്നു അദ്ദേഹം. പക്ഷെ, എന്നിട്ടും അബുല്‍ബുഗ്തുരി കൊല്ലപ്പെട്ടു. യുദ്ധത്തിനിടയില്‍ മജ്ദര്‍ ബിന്‍ സിയാദ് എന്ന സ്വഹാബി അബുല്‍ബുഗ്തുരിയെയും കൂടെ അദ്ദേഹത്തിന്റെ കൂട്ടുകാരനെയും കണ്ടു മുട്ടി. മജ്ദര്‍ അബുല്‍ബുഗ്തുരിയോട് പറഞ്ഞു. ‘താങ്കളെ വധിക്കരുതെന്ന് പ്രവാചകന്‍(സ) കല്‍പിച്ചിരിക്കുന്നു.’ അപ്പോള്‍ എന്റെ കൂട്ടുകാരനെയോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അല്ലാഹുവാണ, ഞങ്ങള്‍ അദ്ദേഹത്തെ വെറുതെ വിടുകയില്ല എന്ന് മജ്ദര്‍ മറുപടി പറഞ്ഞു. എങ്കില്‍ ഞാനും അവനും ഒന്നിച്ച് മരിക്കുമെന്നായി അബുല്‍ബുഗ്തുരി. അവര്‍ രണ്ട് പേരും മജ്ദറിനോട് പോരാടുകയും ഒടുവില്‍ നിവൃത്തിയില്ലാതെ മജ്ദര്‍ അബുല്‍ബുഗ്തുരിയെയും വധിക്കുകയും ചെയ്തു. ബഹുദൈവ വിശ്വാസി ആയിരിക്കെ തന്നെ, ബുദ്ധിയും വിവേകവുമുണ്ടെന്ന് പ്രവാചകന്‍(സ) തിരിച്ചറിഞ്ഞ ആ മനുഷ്യന് അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സമ്മാനമായിരുന്നു കൊലപ്പെടുത്തേണ്ടതില്ല എന്ന തീരുമാനം.

ഇബ്‌നു അബ്ബാസില്‍ നിന്നും ഇബ്‌നു ഇസ്ഹാഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. നബിതിരുമേനി(സ) അനുയായികളോട് പറഞ്ഞു :’ബനൂ ഹാശിമിലെ ചിലര്‍ നിര്‍ബന്ധിതരായാണ് യുദ്ധത്തിന് പുറപ്പെട്ടിരിക്കുന്നതെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. അതിനാല്‍ അവരെ നിങ്ങള്‍ വധിക്കരുത്. അബ്ബാസ് ബിന്‍ അബ്ദില്‍ മുത്തലിബിനെ നിങ്ങള്‍ വധിക്കരുത്. അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം കൂടെക്കൂട്ടിയതാണ് അവര്‍’. ബദ്ര്‍ നീതിയുടെയും കരാര്‍പാലനത്തിന്റെയും പോരാട്ടമായിരുന്നു. ശഅ്ബ് അബീത്വാലിബില്‍ പ്രവാചകന്‍(സ)യുടെ കൂടെ പട്ടിണി കിടന്നവരാണ് ബനൂഹാശിം. അവര്‍ സ്വയം യുദ്ധത്തില്‍ നിന്ന് പിന്മാറിയതായിരുന്നു. എന്നാല്‍ അബൂജഹ്ല്‍ അവരെ ബലം പ്രയോഗിച്ച് പിടിച്ചുവെക്കുകയായിരുന്നു. അബൂത്വാലിബിന്റെ മരണശേഷം പ്രവാചകന്‍(സ)യെ സംരക്ഷിച്ചത് അബ്ബാസ്(റ) ആയിരുന്നു. രണ്ടാമത്തെ അഖബ ഉടമ്പടിയില്‍ പ്രവാചകന്റെ കൂടെ പങ്കെടുത്തത് അദ്ദേഹമായിരുന്നു. മദീനയില്‍ നിന്ന് എത്തിയവരോടായി അബ്ബാസ്(റ) പറഞ്ഞു:’എന്റെ സഹോദരപുത്രനെ(മുഹമ്മദ് നബി) ഇത്രയും കാലം സംരക്ഷിച്ചത് എന്റെ കുടുംബമാണ്. അവനോട് വിദ്വേഷവും വെറുപ്പുമുള്ളവരില്‍ നിന്ന് ഞങ്ങള്‍ അവനെ സുരക്ഷിതമായി സംരക്ഷിക്കുകയുണ്ടായി. അതിന്റെ പേരില്‍ അങ്ങേയറ്റത്തെ വിഷമങ്ങളും സഹിച്ചു. നിങ്ങള്‍ എടുത്ത കരാര്‍ പാലിക്കുമെന്നും, ശത്രുക്കളില്‍ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുമെന്നും അതിന്റെ പേരില്‍ വിഷമങ്ങള്‍ സഹിക്കാമെന്നും ഉറപ്പുതരുമെങ്കില്‍ അദ്ദേഹത്തെ കൊണ്ടുപോകാവുന്നതാണ്. അല്ലെങ്കില്‍ അദ്ദേഹത്തെ കുടുംബത്തിന് തന്നെ വിട്ടേക്കുക. അദ്ദേഹത്തിന് ഉചിതമായ സ്ഥലമാണ് അത്’.

ഇത്തരം മഹത്തായ സമീപനങ്ങള്‍ കാരണമാണ് അവരെ പ്രത്യേകം പരിഗണിക്കണമെന്ന് പ്രവാചകന്‍(സ) കല്‍പിച്ചത്. മാത്രമല്ല, അക്കാലത്തുതന്നെ അബ്ബാസ്(റ) രഹസ്യമായി ഇസ്ലാം സ്വീകരിച്ചിരുന്നുവെന്ന് ശ്രുതിയുണ്ടായിരുന്നു. അബ്ബാസ്(റ)ന്റെ വേലക്കാരനായിരുന്ന അബൂറാഫിഅ് വെളിപ്പെടുത്തുന്നു. ബദ്‌റിലെ പരാജയ വാര്‍ത്ത മക്കയിലെത്തിയപ്പോള്‍ ഞാന്‍ അബ്ബാസ്(റ)ന്റെ വേലക്കാരനായിരുന്നു. അബ്ബാസ്(റ)വും, ഭാര്യ ഉമ്മുല്‍ ഫദ്‌ലും ഞാനും അപ്പോഴേക്കും ഇസ്ലാം സ്വീകരിച്ചിരുന്നു. അബ്ബാസ്(റ) ഇസ്ലാം മറച്ചുവെക്കുകയായിരുന്നു ചെയ്തിരുന്നത്. മാത്രമല്ല, ഉമ്മുല്‍ ഫദ്ല്‍ അബൂലഹബിന്റെ തലക്ക് അടിച്ചതിനെത്തുടര്‍ന്ന് രോഗം ബാധിച്ച അയാള്‍ ഏഴാം ദിവസമാണ് ബദ്‌റില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ബദ്‌റില്‍ ബന്ധിയായി പിടിക്കപ്പെട്ടപ്പോള്‍ അബ്ബാസ്(റ)ല്‍ നിന്നും പ്രവാചകന്‍(സ) മോചനദ്രവ്യം സ്വീകരിക്കുകയുണ്ടായി. അബ്ബാസ്(റ) ചോദിച്ചു:’ഞങ്ങളെന്തിന് മോചനദ്രവ്യം നല്‍കണം, ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടവരല്ലേ?’ തിരുമേനി അദ്ദേഹത്തോട് പറഞ്ഞു:’ബാഹ്യമായി താങ്കള്‍ ഞങ്ങള്‍ക്കെതിരായിരുന്നല്ലോ’. സ്വന്തം പിതൃവ്യനോട് പോലും വിട്ടുവീഴ്ച ചെയ്യാതെ പ്രവാചകന്‍(സ) കാണിച്ച സമത്വത്തിന് ലോകചരിത്രത്തില്‍ എവിടെയാണ് മാതൃകയുള്ളത്!

ബദ്‌റില്‍ വിശ്വാസികള്‍ക്കെതിരെ ആദ്യം യുദ്ധത്തിനിറങ്ങിയത് ഉത്ബ ബിന്‍ റബീഅയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അബൂഹുദൈഫ പ്രവാചകന്‍(സ)യുടെ ഉത്തമനായ അനുയായിയായിരുന്നു. ഖലീബിലേക്ക് എറിയുന്നതിനായി ഉത്ബയുടെ മൃതദേഹം വലിച്ചുകൊണ്ട് വന്നപ്പോള്‍ തിരുമേനി(സ) അബൂഹുദൈഫയെ നോക്കി. വിഷമം കൊണ്ട് അദ്ദേഹത്തിന്റെ മുഖം മാറിയിരുന്നു. പ്രവാചകന്‍(സ) ചോദിച്ചു:’അബൂഹുദൈഫ, ഉപ്പയുടെ കാര്യത്തില്‍ താങ്കള്‍ക്ക് പ്രയാസമുണ്ടായെന്ന് തോന്നുന്നു?’ അദ്ദേഹം പറഞ്ഞു:’ഇല്ല പ്രവാചകരേ, എന്റെ ഉപ്പ കൊല്ലപ്പെടുമെന്നതില്‍ എനിക്ക് സംശയമില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന് അഭിപ്രായ സുബദ്ധതയും, തന്റേടവും വിവേകവും ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. അവ അദ്ദേഹത്തെ ഇസ് ലാമിലേക്ക് നയിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്റെ ആ പ്രതീക്ഷ നിലനില്‍ക്കെ അദ്ദേഹം കുഫ്‌റില്‍ മരണപ്പെട്ടതാണ് എന്നെ വേദനിപ്പിച്ചത്).

തന്റെ അനുയായികളുടെ വേദനയും വിഷമവും മനസ്സിലാക്കുന്നതില്‍ പ്രവാചകന്‍(സ) അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാവുന്നത്. തന്റെ അനുയായിയുടെ നിറം മാറുമ്പോള്‍ തന്നെ അതുമനസ്സിലാക്കാനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും തിരുമേനി(സ) പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു.

ബദ്‌റില്‍ നിന്ന് മദീനയില്‍ തിരിച്ചെത്തിയ പ്രവാചകന്‍(സ) ആദ്യം ചെയ്തത് അനുയായികളെയും ബന്ദികളെയും വേര്‍തിരിച്ചുനിര്‍ത്തുകയായിരുന്നു. അദ്ദേഹം അനുചരന്മാരോട് പറഞ്ഞു ‘നിങ്ങള്‍ ബന്ദികളോട് നല്ല വിധത്തില്‍ വര്‍ത്തിക്കുക’.

ഖുറൈശികളുടെ നേതാവും, പ്രഭാഷകനുമായിരുന്ന, നാവുകൊണ്ട് വിശ്വാസികളെ ഉപദ്രിവിക്കാറുണ്ടായിരുന്ന സുഹൈല്‍ ബിന്‍ അംറും ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഉമര്‍(റ) പറഞ്ഞു:’അല്ലാഹുവിന്റെ ദൂതരേ, എന്നെ വിട്ടേക്കൂ, ഞാന്‍ അയാളുടെ മുന്‍പല്ലുകളും നാവും പറിച്ചെടുക്കട്ടേ, ഇനി അയാള്‍ താങ്കള്‍ക്കെതിരില്‍ നാവനക്കരുത്’. പ്രവാചകന്‍(സ) പറഞ്ഞു:’ഞാന്‍ അംഗവിഛേദം നടത്തുന്നവനല്ല. ഞാന്‍ പ്രവാചകനാണെങ്കില്‍ പോലും അല്ലാഹു എന്നെയും അംഗവിഛേദം ചെയ്‌തേക്കും. താങ്കളാല്‍ ആക്ഷേപിക്കപ്പെടാത്ത സ്ഥാനത്ത് അല്ലാഹു അദ്ദേഹത്തെ എത്തിച്ചേക്കും’.

ബന്ദികളുടെ കൂട്ടത്തില്‍ പ്രവാചക പുത്രി സൈനബ്(റ)ന്റെ ഭര്‍ത്താവ് അബുല്‍ആസ്വ് ബിന്‍ റബീഉമുണ്ടായിരുന്നു. വിവാഹ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് നന്മ വരുത്താന്‍ തിരുമേനി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. പ്രവാചകനും ഖുറൈശികള്‍ക്കുമിടയില്‍ ശത്രുതയുണ്ടായതോടെ പ്രവാചക പുത്രിയെ വിവാഹമോചനം നടത്താന്‍ ഖുറൈശികള്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു. അബൂലഹബിന്റെ മക്കള്‍ പ്രവാചക പുത്രിമാരായ റുഖയ്യയെയും ഉമ്മുകുല്‍ഥൂമിനെയും വിവാഹമോചനം നടത്തിയിരുന്നു. എന്നാല്‍ ഖുറൈശികളുടെ അഭ്യര്‍ത്ഥന അബുല്‍ആസ്വ് നിരസിക്കുകയായിരുന്നു ചെയ്തിരുന്നത്. അദ്ദേഹം പറഞ്ഞു:’അല്ലാഹുവാണ, ഞാന്‍ എന്റെ ഭാര്യയെ ഉപേക്ഷിക്കുകയില്ല, ഖുറൈശികളില്‍ അവളേക്കാള്‍ എനിക്കിഷ്ടമുള്ള ഒരു സ്ത്രീയും ഇല്ല തന്നെ’. ബദ്‌റില്‍ അദ്ദേഹം ബന്ധിയാക്കപ്പെട്ടപ്പോള്‍ മോചനദ്രവ്യമായി സൈനബ്(റ) തന്റെ ഒരു മാല കൊടുത്തയക്കുകയുണ്ടായി. തന്റെ ഉമ്മ ഖദീജ വിവാഹ രാവില്‍ അവളെ അണിയിച്ചതായിരുന്നു ആ മാല. ആ മാല കണ്ട പ്രവാചകന്‍(സ)യുടെ മനസ്സലിഞ്ഞു. ‘നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ആ മാല തിരികെ നല്‍കി അവളുടെ ബന്ദിയെ മോചിപ്പിക്കുക’. സ്വഹാബാക്കള്‍ക്ക് വിരോധമുണ്ടായിരുന്നില്ല. സൈനബിനെ മദീനയിലേക്ക് ഹിജ്‌റ ചെയ്യാന്‍ അനുവദിക്കണമെന്ന നിബന്ധനയോടെ തിരുമേനി(സ) അദ്ദേഹത്തെ മോചിപ്പിച്ചു.

എത്ര മഹത്തായ മാനവിക മൂല്യങ്ങളാണ് ലോകം കണ്ട ഏറ്റവും നിര്‍ണായകമായ പോരാട്ടത്തിനിടയിലും തിരുമേനി(സ)യും അനുയായികളും ലോകത്തിന് പഠിപ്പിച്ചത്. ഭാര്യമാരെ സ്‌നേഹിക്കേണ്ടതിന്റെയും, പരിചരിക്കേണ്ടതിന്റെയും അനിവാര്യതയും, ശത്രുക്കളോട് പോലും മാന്യമായി വര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും തിരുമേനി(സ) പഠിപ്പിക്കുന്നത് ബദ്‌റിന്റെ തിരുമുറ്റത്ത് വെച്ചായിരുന്നുവെന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അല്‍ഭുതം തന്നെയാണ്.