പ്രവാചകത്വത്തിന്റെ പ്രഥമഘട്ടത്തില്‍ നബിതിരുമേനിയില്‍ വിശ്വസിക്കുകയും,അദ്ദേഹത്തെ സഹായിക്കുകയും ചെയ്തത് യുവാക്കളായിരുന്നു. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവര്‍ അവരാണ്. പ്രവാചകസന്ദേശത്തില്‍ വിശ്വസിക്കുമ്പോള്‍ നാല്‍പതിന് താഴെയായിരുന്നു അബൂബക്‌റിന്റെയും ഉഥ്മാന്റെയും പ്രായം. ഉമര്‍, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ) തുടങ്ങിയവര്‍ മുപ്പതുകളിലെത്തിയവരായിരുന്നു. അന്ന് അലി(റ) പതിനാലുകാരന്‍ പയ്യന്‍മാത്രമാണ്. അബൂഉബൈദ(റ) ന് ഇരുപത് വയസ്സാണുണ്ടായിരുന്നത്. ത്വല്‍ഹത് ബിന്‍ ഉബൈദില്ലാഹ്, സുബൈര്‍ ബിന്‍ അവാം, സഅ്ദ് ബിന്‍ അബീവഖ്വാസ്, സഈദ് ബിന്‍ സുബൈര്‍(റ) തുടങ്ങിയവര്‍ക്ക് ഇരുപതുവയസ്സ് തികഞ്ഞിട്ടില്ലായിരുന്നു. പതിനേഴുകാരനായിരുന്നു സഅ്ദ് ബിന്‍ അബീവഖ്വാസ് . ഇബ്‌നു മസ്ഊദ്(റ) ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ചെറിയ പയ്യനായിരുന്നു.
ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായക യുദ്ധമായിരുന്നു ബദ്ര്‍. യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് ഖുര്‍ആന്‍ അതിനെ പേര് വിളിച്ചത്. സത്യത്തിനും അസത്യത്തിനും ഇടയില്‍ വേര്‍തിരിവുണ്ടായത് ബദ്ര്‍ യുദ്ധം മുഖേനെയായിരുന്നല്ലോ. വിശ്വാസി സമൂഹത്തിനുണ്ടാവുന്ന എല്ലാ വിജയവും ഇസ്ലാമിന്റെ ആദ്യ വിജയമായ ബദ്‌റിനോട് കടപ്പെട്ടിരിക്കുന്നു. ബദ്ര്‍ യുദ്ധത്തില്‍ ത്യാഗവും സമര്‍പ്പണവും സാഹസികതയും കൊണ്ട് ഏതാനും യുവാക്കള്‍ നിറഞ്ഞ് നില്‍ക്കുകയുണ്ടായി. അവയില്‍ സുപ്രധാനമായ ചില സംഭവങ്ങള്‍ ഉദ്ധരിക്കുകയാണ് ഇവിടെ.
1- ധീരത
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇരുസൈന്യത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നാളുകള്‍ പരസ്പരം അങ്കം വെട്ടുകയാണ് ചെയ്തത്. ഖുറൈശികളിലെ ഏറ്റവും സമര്‍ത്ഥരായ പോരാളികളായ ഉത്ബയും ശൈബയും വലീദ് ബിന്‍ ഉത്ബയുമാണ് മുന്നോട്ടുവന്നത്. അവരെ നേരിടാന്‍ അന്‍സ്വാറുകളില്‍ പെട്ട മൂന്നുപേരാണ് മുന്നോട്ടുവന്നത്. പക്ഷേ ഖുറൈശികള്‍ അവരോട് ഏറ്റുമുട്ടാന്‍ വിസമ്മതിച്ചു. ‘ഞങ്ങള്‍ക്കവരെ ആവശ്യമില്ല, ഞങ്ങളുടെ ബന്ധുക്കളില്‍ നിന്നുള്ളവരെയാണ് വേണ്ടത്’. ഇതുകേട്ട പ്രവാചകന്‍(സ) ഹംസ, അലി, ഉബൈദ(റ) തുടങ്ങിയവരോട് മുന്നിട്ടിറങ്ങാന്‍ കല്‍പിച്ചു.
ഹംസ(റ) ഉത്ബയെയും, അലി(റ) ശൈബയെയും ഉബൈദ(റ) വലീദിനെയും നേരിടാന്‍ മുന്നിട്ടിറങ്ങി. ആദ്യം മുന്നിട്ടിറങ്ങിയ രണ്ടുപേരും ഒറ്റവെട്ടിന് പ്രതിയോഗികളുടെ കഥകഴിച്ചു. പിന്നീട് ഇരു സൈന്യവും രംഗത്തിറങ്ങി. അപ്പോഴേക്കും മുസ് ലിംകള്‍ വലീദിനെയും കൊലപ്പെടുത്തിയിരുന്നു.
2- രക്തസാക്ഷിത്വത്തിന് വേണ്ടിയുള്ള മത്സരം
ആമിര്‍ ബിന്‍ സഅ്ദ്(റ) തന്റെ പിതാവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു:’ബദ്‌റിന്റെ ദിനം പ്രവാചകന്‍(സ) ഉമൈര്‍ ബിന്‍ അബീവഖാസിനെ പ്രായം കുറഞ്ഞതിന്റെ പേരില്‍ തിരിച്ചയച്ചു. ഉടനെ ഉമൈര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഒടുവില്‍ തിരുമേനി(സ) അദ്ദേഹത്തിന് അനുവാദം നല്‍കി. ഞാനാണ് അവന് വാളുറ കെട്ടിക്കൊടുത്തത്’.
മുഹമ്മദ് ബിന്‍ സഅ്ദ് തന്റെ പിതാവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു:’സഹോദരന്‍ ഉമൈര്‍ ബിന്‍ അബീവഖാസ്(റ) ബദ്‌റിന്റെ ദിനം പ്രവാചകനില്‍ നിന്ന് ഒളിച്ചുനില്‍ക്കുന്നതായി എന്റെ ശ്രദ്ധയില്‍പെട്ടു. എന്താണ് നിന്റെ പ്രശ്‌നമെന്ന് ഞാന്‍ അവനോട് ആരാഞ്ഞു. ‘പ്രവാചകന്‍(സ) എന്നെ കണ്ടാല്‍ കുട്ടിയാണെന്നുപറഞ്ഞ് തിരിച്ചയക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എനിക്കും യുദ്ധത്തില്‍ പങ്കെടുക്കണം. ഒരുപക്ഷേ അല്ലാഹു എനിക്ക് രക്തസാക്ഷിത്വം നല്‍കിയേക്കാം’. ആശങ്കപ്പെട്ടതുപോലെ,പ്രവാചകന്‍(സ) അവനെ കാണുകയും അവനെ തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ അവന്‍ ശാഠ്യംപിടിച്ചുകരഞ്ഞതിനാല്‍ അനുവാദം ലഭിച്ചു. ് അവന്‍ രക്തസാക്ഷിത്വം വരിക്കുമ്പോള്‍ പതിനാറുവയസ്സായിരുന്നു’.
3- അബൂജഹ്‌ലിന്റെ മരണം
അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ) പറയുന്നു: ‘ബദ്‌റിലെ അണിയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ഞാന്‍ എന്റെ ഇരുവശത്തേക്കുംനോക്കി. ഞാന്‍ അന്‍സ്വാറുകളില്‍ പെട്ട രണ്ട് കുട്ടികളുടെ ഇടയിലാണ് നിന്നിരുന്നത്. അവരിലൊരാള്‍ എന്നെ തോണ്ടി. എന്നോട് ചോദിച്ചു ‘താങ്കള്‍ക്ക് അബൂജഹലിനെ അറിയാമോ? ഞാന്‍ അതേ എന്നുപറഞ്ഞു. ‘എന്താ കാര്യം അയാളെയന്വേഷിക്കാന്‍’ ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു. ‘അയാള്‍ അല്ലാഹുവിന്റെ ദൂതരെ ആക്ഷേപിച്ചിരിക്കുന്നുവെന്ന് ഞാന്‍ അറിഞ്ഞു. അല്ലാഹുവാണ, ഞാന്‍ അദ്ദേഹത്തെ കണ്ടാല്‍ വകവരുത്തുകതന്നെ ചെയ്യും’. ഇതുകേട്ട ഞാന്‍ അമ്പരന്നുപോയി. അപ്പോഴുണ്ട് എന്റെ ഇടതുവശത്തുനിന്നിരുന്ന കുട്ടി അതേ ചോദ്യം തന്നെ ചോദിക്കുന്നു. അല്‍പസമയത്തിനുശേഷം ഞാന്‍ അബൂജഹ്‌ലിനെ കണ്ടു. അയാള്‍ യുദ്ധത്തിനിടയില്‍ ജനങ്ങള്‍ക്കിടയിലൂടെ നടക്കുകയാണ്. ഞാന്‍ ചോദിച്ചു. നിങ്ങള്‍ കാണുന്നോ? അതാണ് നിങ്ങള്‍ രണ്ടുപേരും അന്വേഷിക്കുന്നയാള്‍… ഇതുകേട്ടതും അവര്‍ രണ്ടുപേരും ഊരിപ്പിടിച്ച വാളുമായി ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു;അദ്ദേഹത്തെ വകവരുത്തി. ശേഷം പ്രവാചകന്റെ അടുത്തുവന്ന് കാര്യം പറഞ്ഞു. തിരുമേനി(സ) ചോദിച്ചു. ‘നിങ്ങളിലാരാണ് അദ്ദേഹത്തെ വധിച്ചത്?’ രണ്ടുപേരും താനാണെന്ന് വാദിച്ചു. തിരുമേനി(സ) പറഞ്ഞു ‘നിങ്ങള്‍ രണ്ടുപേരുമാണ് അയാളെ വധിച്ചത്’. മുആദ് ബിന്‍ ജമൂഹ്, മുആദ് ബിന്‍ അഫ്‌റാഅ് എന്നായിരുന്നു അവരുടെ പേര്.
വിശ്വാസികളെ അങ്ങേയറ്റം ഉപദ്രവിച്ചിരുന്നു അബൂജഹ്ല്‍ . മരണം വരെ മുസ്ലിംകളെ ദ്രോഹിക്കുകയും പരിഹസിക്കുകയും ചെയ്ത അഹങ്കാരിയായ അയാളുടെ അന്ത്യം രണ്ട് കുട്ടികളുടെ കൈ കൊണ്ടാവണമെന്നത് അല്ലാഹുവിന്റെ തീരുമാനമായിരുന്നു.
ബദ്‌റിലെ യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ഇടയില്‍ യാതൊരു ശ്രേഷ്ഠവ്യത്യാസവുമില്ല. എല്ലാവരും തങ്ങളുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചു. അല്ലാഹു അവരുടെ സ്മരണ ഉയര്‍ത്തുകയും പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ചെയ്തു. അവരില്‍ ചിലരെ അല്ലാഹു ശഹാദത്ത് നല്‍കി ആദരിച്ചു. മറ്റുചിലര്‍ തങ്ങളുടെ ഊഴം കാത്ത് ജീവിക്കുകയും ചെയ്തു. ‘സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല’.(അഹ്‌സാബ് 23)
Add Comment