ഒരു കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ‘ഇഅ് തികാഫി’ന്റെ അര്‍ഥം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയില്‍ കഴി ഞ്ഞുകൂടുന്നതിന് ഇഅ്തികാഫ് എന്ന് പറയുന്നു. അത് നബിചര്യയില്‍ പെട്ടതാണ്. റമദാനില്‍ ഇഅ്തികാഫിന് പ്രത്യേകം പ്രാധാന്യമുണ്ട്.
(നബി (സ) ഓരോ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ നബി(സ) മരിച്ച കൊല്ലമായപ്പോള്‍ ഇരുപതു ദിവസം ഇഅ്തികാഫിരുന്നു.)
ഇഅ്തികാഫ് രണ്ടുവിധമുണ്ട്. ഒന്ന്. ഐഛികം (سنة) രണ്ട്: നിര്‍ബന്ധം (واجب)
പുണ്യമെന്നനിലയ്ക്കു നബി(സ)യെ പിന്‍പറ്റുക എന്ന ഉദ്ദേശത്തോടെ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം
കൊതിച്ചുകൊണ്ട് അനുഷ്ഠിക്കുന്നതാണ് സുന്നത്ത്. റമദാനില്‍ അത് കൂടുതല്‍ പ്രബലമാണ്. ഇഅ്തികാഫ് നേര്‍ച്ചയാക്കിയാല്‍ അതാണ് നിര്‍ബന്ധമായ ഇഅ്തികാഫ്. നബി (സ) പറഞ്ഞു.
(അല്ലാഹുവിനെ അനുസരിക്കാന്‍ നേര്‍ച്ചയാക്കിയവന്‍ അവനെ അനുസരിക്കട്ടെ.)
ഇഅ്തികാഫ് നേര്‍ച്ചയാക്കിയാല്‍ എത്രകാലം ഇഅ്തികാഫനുഷ്ഠിക്കാനാണോ നേര്‍ച്ചയാക്കിയത് അത്രയും കാലം അതനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ സുന്നത്തായ ഇഅ്തികാഫിന് നിശ്ചിത സമയമില്ല. സുന്നത്തായി ഇഅ്തികാഫുദ്ദേശിച്ചശേഷം അത് തീര്‍ത്തും ഉപേക്ഷിക്കാം. ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുകയുമാവാം. ജനാബത്ത്, ആര്‍ത്തവം, പ്രസവരക്തം എന്നിവയില്‍ നിന്നെല്ലാം ശുദ്ധിയായ വിവേകപ്രായമെത്തിയ മുസ്ലിമായ ഏതു പുരുഷനും സ്ത്രീക്കും ഇഅ്തികാഫ് അനുഷ്ഠിക്കാം.
ഇഅ്തികാഫിന് രണ്ട് നിര്‍ബന്ധ ഘടക(ركن)ങ്ങളുണ്ട്.
1. ഇഅ്തികാഫ് അനുഷ്ഠിക്കുന്നു എന്ന നിയ്യത്ത്.
2. അത് അനുഷ്ഠിക്കുന്നതു പള്ളിയിലാവുക.
ഇഅ്തികാഫിരിക്കാവുന്ന പള്ളി ഏത് എന്നതു സംബന്ധിച്ച് രണ്ട് പക്ഷമുണ്ട്. 1. ഏതു പള്ളിയിലുമാവാം. 2. അഞ്ച് നേരവും ജമാഅത്തു നമസ്കാരം നടക്കുന്ന പള്ളിയാവണം. ഏതു പള്ളിയിലും ഇഅ്തികാഫാകാം എന്നാണ് ഇമാം മാലിക്, ശാഫിഈ, ദാവൂദുള്ളാഹിരീ (റ) എന്നിവരുടെ അഭിപ്രായം. ജുമുഅത്ത് പള്ളിയിലാവുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്ന് ശാഫിഈ പണ്ഡിതന്മാര്‍ക്ക് ഒരു അനുബന്ധാഭിപ്രായം കൂടിയുണ്ട്. സ്ത്രീകള്‍ വീട്ടിലെ ആരാധനാ മുറിയില്‍ ഇഅ്തികാഫിരുന്നാല്‍ അത് ഇഅ്തികാഫാവുകയില്ല എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. നബി(സ)യുടെ ഭാര്യമാര്‍ മസ്ജിദുന്നബവിയിലാണ് ഇഅ്തികാഫിരുന്നിരുന്നത്. അനിവാര്യ കാര്യങ്ങള്‍ക്കല്ലാതെ ഇഅ്തികാഫിരിക്കുന്നയാള്‍ പള്ളിയില്‍നിന്നു പുറത്തുപോകരുത്.
Add Comment