Special Coverage ബദ്ര്‍

റമദാനിലെ ബദ്ര്‍ സ്മരണയിലൂടെ

മദീനയിലേക്ക് ഹിജ്‌റ പോയ മുഹാജിറുകളുടെ സമ്പത്ത് ഖുറൈശികള്‍ അപഹരിച്ചിരുന്നു . മാത്രമല്ല, തങ്ങള്‍ക്കാവുന്ന വിധം വിശ്വാസികളെ ഉപദ്രവിക്കുകയും, അവരെ ദൈവിക മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്യുകയെന്നതായിരുന്നു അവരുടെ നയം. അതിനാല്‍ തന്നെ കച്ചവടസംഘത്തെ ആക്രമിച്ച് ഖുറൈശികളെ സമ്മര്‍ദ്ദത്തിലും പ്രതിരോധത്തിലുമാക്കാന്‍ വിശ്വാസികള്‍ തീരുമാനിച്ചു. ശാമിലേക്കുള്ള കച്ചവട സംഘം മക്കയില്‍ നിന്ന് യാത്ര ചെയ്തിരുന്നത് മദീനയിലെ മുസ്‌ലിംകളുടെ ചാരത്തിലൂടെയായിരുന്നു. ഇതിനിടയിലാണ് ഖുറൈശികളുടെ ഭീമമായ കച്ചവടസാമഗ്രികളുമായി ശാമില്‍ നിന്ന് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ ഒരു സംഘം പുറപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത തിരുമേനി(സ) അറിയാനിടയായത്. അങ്ങനെ വിശ്വാസികള്‍ അതിനെ ലക്ഷ്യമാക്കി പുറപ്പെട്ടെങ്കിലും എന്നാല്‍ മറ്റൊരു ലക്ഷ്യം വിശ്വാസികള്‍ക്കായി അല്ലാഹു  കരുതിവെക്കുകയായിരുന്നു.’രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്ത സന്ദര്‍ഭം. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്‍ക്കു കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്‍പനകള്‍ വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയാനുമാണ’. അന്‍ഫാല്‍ 7

മുസ്ലിംകള്‍ പുറപ്പെട്ട വിവരമറിഞ്ഞ അബൂസുഫ്‌യാന്‍ തീരപ്രദേശത്തുകൂടി യാത്ര തിരിക്കുകയും സഹായമഭ്യര്‍ത്ഥിച്ച് ഖുറൈശികള്‍ക്ക് സന്ദേശമയക്കുകയും ചെയ്തു. വാര്‍ത്തകേട്ട ഖുറൈശികള്‍ ഒന്നടങ്കം പുറപ്പെട്ടു. അവരിലെ ആണുങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ മക്കയില്‍ അവശേഷിച്ചുള്ളൂ. പിന്തിനിന്നവര്‍ തന്നെ പകരം ആളെ അയക്കുകയും ചെയ്തു. ഏകദേശം ആയിരത്തോളം പേര്‍ അവരുടെ സൈന്യത്തില്‍ അണിചേര്‍ന്നിരുന്നു. കൂടെ പാട്ടുകാരികളും ദഫ് മുട്ടുകാരും. മുസ്ലിംകളെ ആക്ഷേപിച്ച് അവര്‍ പാട്ടുകള്‍ പാടി. ജുഹ്ഫയിലെത്തിയപ്പോള്‍ തങ്ങളുടെ കച്ചവടസംഘം രക്ഷപ്പെട്ട വാര്‍ത്ത അവര്‍ക്കെത്തി. പക്ഷെ മുന്നോട്ടുനീങ്ങി പ്രവാചകനോടും മുസ്ലിംകളോടും യുദ്ധം ചെയ്യണമെന്നതായിരുന്നു അവരുടെ തീരുമാനം. അബൂജഹ്ല്‍ പറഞ്ഞു:’അല്ലാഹുവാണ, നാമൊരിക്കലും മടങ്ങുകയില്ല. ബദ്‌റില്‍ ചെന്ന് അവിടെ താമസിച്ച്, കൂടെയുള്ളവരെ ഊട്ടി, അറബികള്‍ നമ്മെ ഭയപ്പെടുന്നത് വരെ നാം ആടിത്തിമിര്‍ക്കുക തന്നെ ചെയ്യും’.
മുസ്‌ലിംകള്‍ ബദ്‌റില്‍ എത്തിയിരുന്നു. അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘം സുരക്ഷിതമായി മക്കയിലെത്തിയെന്നും ഖുറൈശികള്‍ ഒന്നടങ്കം യുദ്ധം ചെയ്യാനായി പുറപ്പെട്ടുവെന്നും അവര്‍ അറിഞ്ഞു. തിരുമേനി(സ) സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചു. അന്‍സ്വാറുകളുടെ അഭിപ്രായമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. പ്രവാചകനെ(സ) മദീനയില്‍ പ്രതിരോധിക്കാമെന്ന് കരാര്‍ ചെയ്തവരായിരുന്നു അവര്‍. മദീനക്ക് പുറത്ത് യുദ്ധംചെയ്യാമെന്ന് കരാര്‍ വ്യവസ്ഥയിലുണ്ടായിരുന്നില്ല. മുഹാജിറുകളില്‍ നിന്ന് മിഖ്ദാദ് ബിന്‍ അംറ്(റ) സംസാരം തുടങ്ങി:’അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ ഉദ്ദേശിക്കുന്നതുപോലെ ചെയ്യുക. ഞങ്ങള്‍ താങ്കളുടെ കൂടെയുണ്ട്. ഇസ്രായേല്യര്‍ മൂസാ പ്രവാചകനോട് പറഞ്ഞത് പോലെ ഞങ്ങള്‍ പറയുകയില്ല. മറിച്ച്, താങ്കളും താങ്കളുടെ റബ്ബും യുദ്ധം ചെയ്യുക, കൂടെ ഞങ്ങളുമുണ്ടാവുന്നതാണ്). ശേഷം ഔസ് ഗോത്രത്തിന്റെ നേതാവ് സഅ്ദ് ബിന്‍ മുആദാണ് സംസാരിച്ചത്:’ഞങ്ങള്‍ താങ്കളില്‍ വിശ്വസിക്കുകയും താങ്കളെ സത്യപ്പെടുത്തുകയും, താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തവരാണ്. അനുസരണത്തിന്റെ പേരില്‍ ഞങ്ങള്‍ താങ്കളോട് കരാര്‍ ചെയ്തിരിക്കുന്നു. അതിനാല്‍ താങ്കളുദ്ദേശിച്ചത് നടപ്പിലാക്കുക. ഞങ്ങള്‍ താങ്കളുടെ കൂടെയുണ്ട്. ഞങ്ങളെയും കൊണ്ട് താങ്കള്‍ ഒരു സമുദ്രത്തിലേക്ക് നീങ്ങിയാലും ഞങ്ങള്‍ താങ്കളുടെ കൂടെയുണ്ടായിരിക്കും. ഞങ്ങളില്‍ നിന്ന് ഒരാളും പിന്തിനില്‍ക്കുകയില്ല. ഞങ്ങള്‍ യുദ്ധത്തില്‍ ക്ഷമ കൈകൊള്ളുന്നവരും, പോരാട്ടത്തില്‍ ആത്മാര്‍ത്ഥത കാണിക്കുന്നവരുമാണ്. താങ്കളുടെ നയനങ്ങള്‍ക്ക് കുളിര്‍മയേകുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹു ഞങ്ങള്‍ മുഖേനെ കാണിച്ചുതന്നേക്കാം’.

ഖുറൈശികള്‍ യുദ്ധത്തിന് ഒരുങ്ങിയതുകണ്ട പ്രവാചകന്‍(സ) സൈന്യത്തെ അണിയൊരുക്കി നിറുത്തി. വെളുത്ത പതാക മുസ്വ്അബ് ബിന്‍ ഉമൈറിന്റെ കയ്യിലും കറുത്ത രണ്ട് പതാകകള്‍ അലി, സഅ്ദ് ബിന്‍ മുആദ്(റ) തുടങ്ങിയവര്‍ക്കും നല്‍കി. മുശ്‌രിക്കുകള്‍ക്ക് പ്രയോജനമെടുക്കാന്‍ കഴിയാത്ത വിധം ബദ്‌റിലെ ജലശേഖരം മുസ്‌ലിംകള്‍ പിന്നിലാക്കി വെച്ചു. ബദ്‌റില്‍ തമ്പടിച്ച രാവില്‍ അല്ലാഹു വിശ്വാസികള്‍ക്ക് മേല്‍ മഴ വര്‍ഷിക്കുകയും അത് മുഖേന അവരെ ശുദ്ധീകരിക്കുകയും അവര്‍ തമ്പടിച്ച പ്രദേശത്ത് ഭൂമി ഉറപ്പുള്ളതാകുകയും ചെയ്തു. രാത്രി മുഴുവന്‍ പ്രവാചകന്‍(സ) ഒരു വൃക്ഷച്ചുവട്ടില്‍ നമസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും മുഴുകുകയായിരുന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു (നാഥാ, നിന്റെ വാഗ്ദാനം പൂര്‍ത്തീകരിച്ചാലും. ഈ കൊച്ചു സംഘത്തെ നീ നശിപ്പിക്കുന്ന പക്ഷം ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല). കൈ ആകാശത്തേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിച്ച പ്രവാചകന്റെ തോളില്‍ നിന്ന് മേല്‍വസ്ത്രം താഴെ വീണു. ഇതുകണ്ടു വന്ന അബൂബക്ര്‍(റ) അതെടുത്ത് പ്രവാചകന്റെ തോളില്‍ തന്നെ വെച്ചു. അദ്ദേഹം പറഞ്ഞു:’അല്ലാഹുവിന്റെ ദൂതരേ മതി, അല്ലാഹു അവന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും’.

റമദാന്‍ പതിനേഴിന് രാവിലെ പ്രവാചകന്‍(സ) സൈന്യത്തിന്റെ അണിശരിപ്പെടുത്തി. നമസ്‌കാരത്തിന് നില്‍ക്കുന്ന പോലെ അനുയായികളെ നിര്‍ത്തി. രണ്ട് സംഘങ്ങള്‍ക്കിടയില്‍ പോരാട്ടമാരംഭിച്ചു. ആദ്യം വ്യക്തിഗത പോരാട്ടങ്ങളായിരുന്നു. പിന്നീട് ഇരുനിരയില്‍ നിന്നും ശക്തമായ ആക്രമണം തുടങ്ങി. അല്ലാഹു വിശ്വാസികളെ മാലാഖമാരെ കൊണ്ട് സഹായിച്ചു. അല്ലാഹു പറയുന്നു:’നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദര്‍ഭം. അപ്പോള്‍ അവന്‍ നിങ്ങള്‍ക്കു മറുപടി നല്‍കി, ‘ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാ’മെന്ന്’.

ആയുധത്തിലും ആളെണ്ണത്തിലും ദുര്‍ബലരായ മുസ്ലിം ഉമ്മത്തിനെ അല്ലാഹു സഹായിച്ചു. ബഹുദൈവ വിശ്വാസികളില്‍ നിന്ന് പ്രമുഖരായ പലരും കൊല്ലപ്പെട്ടു. അബൂജഹ്ല്‍, ഉമയ്യത് ബിന്‍ ഖലഫ്, ആസ്വ് ബിന്‍ ഹിശാം തുടങ്ങി എഴുപതോളം പേര്‍ ശത്രുപക്ഷക്കാര്‍ക്ക് നഷ്ടപ്പെട്ടു. അത്രതന്നെ ആളുകള്‍ ബന്ദിയാക്കപ്പെടുകയും ചെയ്തു. അവശേഷിക്കുന്നവര്‍ ഓടിരക്ഷപ്പെട്ടപ്പോള്‍  മുസ്ലിംകള്‍ക്ക് ധാരാളം ഗനീമത്ത് ലഭിക്കുകയുണ്ടായി. പ്രവാചകന്‍(സ) ബദ്‌റില്‍ മൂന്നുദിവസം തമ്പടിക്കുകയും ശുഹദാക്കളെ അവിടെ തന്നെ ഖബറടക്കുകയും ചെയ്തു. ആകെ പതിനാലുപേരാണ് രക്ത സാക്ഷികളായത്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും നിര്‍ണായക വഴിത്തിരിവായി ബദ്ര്‍ അറിയപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ ഫുര്‍ഖാന്‍ അഥവാ സത്യാസത്യ വിവേചനത്തിന്റെ ദിനം എന്നാണ് ബദ്‌റിനെ വിശേഷിപ്പിച്ചത്.