അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയ, രാത്രിനമസ്‌കാരം പ്രവാചകന്‍ ഐഛികമാക്കിയ മഹത്തായ മാസം നമുക്കുവന്നെത്തിയിരിക്കുന്നു. വിശ്വാസികള്‍ അല്ലാഹുവിങ്കലേക്ക് മത്സരിച്ചുമുന്നേറുന്ന റമദാന്‍ മറ്റുമാസങ്ങളില്‍ നിന്ന് വ്യതിരിക്തമാവുന്നു. വിശ്വാസികള്‍ സ്മരിക്കേണ്ടതും, ചിന്തിക്കേണ്ടതും, പാഠമുള്‍ക്കൊള്ളേണ്ടതുമായ ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണത്.
പ്രവാചകന്‍(സ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ആദ്യമായി ദിവ്യബോധനം അവതരിച്ചത് റമദാനില്‍ ആയിരുന്നുവെന്നതാണ് അതില്‍ സുപ്രധാനമായത്. ഹിറാ ഗുഹയില്‍ അല്ലാഹുവിന് ആരാധനകളര്‍പിച്ച് കഴിഞ്ഞുകൂടുന്നതിനിടയിലാണ് ജിബ്‌രീല്‍ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുമായി മുഹമ്മദ്(സ)യുടെ അടുക്കല്‍ ആഗതനായത് . ‘ഇഖ്‌റഅ്’ അഥവാ വായിക്കുക എന്ന കല്‍പനയോടെയാണ് ആദ്യവചനം ആരംഭിക്കുന്നത്. അടിമയെ തന്റെ നാഥനുമായി ബന്ധിപ്പിക്കുന്ന വിജ്ഞാനം ആര്‍ജ്ജിക്കുന്നതിലേക്കുള്ള ക്ഷണമായിരുന്നു അത്. അങ്ങനെ അല്ലാഹുവിനെക്കുറിച്ച് അറിയുന്ന ജ്ഞാനികള്‍ക്കാണ് അവനെ ഭയമുണ്ടാവുകയെന്ന് അല്ലാഹു വിശദീകരിച്ചിരിക്കുന്നു. വിജ്ഞാനമുള്ളവരുടെ പദവി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്നും അല്ലാഹു പറയുന്നു.
റമദാനില്‍ തന്നെ ഖുര്‍ആന്‍ അവതരണം ആരംഭിച്ചത് റമദാന്‍ ഖുര്‍ആന്റെ മാസമാണെന്നതിനെക്കുറിക്കുന്നുണ്ട്. ആരാധനകളുടെയും, പുണ്യപ്രവര്‍ത്തനങ്ങളു
ടെയും നാളുകളാണ് അവ. ഇതരമാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവാചകന്‍(സ) ഇബാദത്തുകള്‍ക്കായി ഹിറാ ഗുഹയില്‍ ഭജനമിരുന്ന മാസംതന്നെ അതിനായി തെരഞ്ഞടുക്കാന്‍ കാരണം അതാണ്.
റമദാന്‍ സാക്ഷിയായ മറ്റൊരു മഹത്തായ സംഭവം ബദ്‌റിലെ വിജയമാണ്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദ്ര്‍ യുദ്ധം നടന്നത്. വിശ്വാസി സമൂഹം നിഷേധികള്‍ക്കെതിരെ നേടിയെടുത്ത നിര്‍ണായക വിജയമായിരുന്നു ബദ്‌റിലേത്. അല്ലാഹുവിനോടുള്ള വാഗ്ദാനം പൂര്‍ത്തീകരിച്ച, അവനോടുള്ള കരാര്‍ സത്യപ്പെടുത്തിയ വിശ്വാസികളെ അല്ലാഹു സഹായിക്കുമെന്നതിന്റെ പ്രകടമായ സാക്ഷ്യമായിരുന്നു ബദ്‌റിലെ വിജയം: ‘നിങ്ങളല്ല അവരെ കൊന്നത്, അല്ലാഹുവാണ് അവരെ കൊന്നത്, നീ എറിഞ്ഞപ്പോള്‍ നീയല്ല എറിഞ്ഞത്, മറിച്ച് അല്ലാഹുവാണ് എറിഞ്ഞത’.
വിശ്വാസത്തെ സത്യപ്പെടുത്തി, അല്ലാഹുവില്‍ ഭരമേല്‍പിച്ചതോടെ ഉപാധി പൂര്‍ത്തീകരിച്ചതിനാല്‍ അല്ലാഹു അവര്‍ക്ക് വിജയം നല്‍കി: ‘നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കില്‍ അല്ലാഹു നിങ്ങളെ സഹായിക്കുന്നതാണ്’. ആത്മാര്‍ത്ഥതയും, തയ്യാറെടുപ്പും ക്ഷമയുമാണ് വിജയത്തിന്റെ ഘടകങ്ങള്‍. ഇവയെല്ലാം പോരാളികള്‍ മുറുകെ പിടിച്ചതോടെ അല്ലാഹുവിന്റെ മാലാഖമാര്‍ പടക്കളത്തിലിറങ്ങുകയാണ്. മാലാഖമാരെ നേരിടാന്‍ ആര്‍ക്കാണ് സാധിക്കുക!
വിശ്വാസികള്‍ സ്വന്തം ഇഛകള്‍ക്കും ആഗ്രഹങ്ങള്‍ക്കും മേല്‍ വിജയിക്കുന്നതുവരെ ശത്രുക്കള്‍ക്ക് മേല്‍ വിജയിക്കാന്‍ സാധിക്കുകയില്ല. സ്വന്തത്തെ കീഴ്‌പെടുത്താന്‍ ഏറ്റവും വലിയ സഹായിയാണ് പരിശുദ്ധ റമദാന്‍. അതിനാലാണ് ചില പണ്ഡിതന്മാര്‍ ദേഹേഛയോടുള്ള പോരാട്ടത്തെ ഏറ്റവും വലിയ ജിഹാദ് എന്ന് വിശേഷിപ്പിച്ചത്.
ഹിജ്‌റ രണ്ടാം വര്‍ഷം റമദാനിലാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. നോമ്പുകാരനെ ശുദ്ധീകരിക്കുന്നതിനും, ദരിദ്രന്റെ പട്ടിണി മാറ്റുന്നതിനുമാണ്. ഒരു ദിവസത്തെ ഭക്ഷണം ഉടമപ്പെടുത്തിയ എല്ലാവര്‍ക്കും അത് നിര്‍ബന്ധമാണ്. എല്ലാ ദരിദ്രനും കഴിയുന്ന കാര്യമാണത്. ദരിദ്രന്‍ ദരിദ്രന് നല്‍കുന്ന സംവിധാനമാണ് ഇത്. ദാനധര്‍മത്തിനും, ഔദാര്യത്തിനും വിശ്വാസികളെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഹിജ്‌റ അഞ്ചാം വര്‍ഷം റമദാനിലാണ് അഹ്‌സാബ് യുദ്ധത്തിനായി പ്രവാചകനും അനുയായികളും തയ്യാറെടുപ്പ് തുടങ്ങിയത്. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് വിശ്വാസികള്‍ പ്രസ്തുത യുദ്ധത്തില്‍ വിജയിക്കുകയുണ്ടായി.
ഹിജ്‌റ എട്ടാം വര്‍ഷം റമദാനിലാണ് മക്കാ വിജയം സംഭവിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും അല്ലാഹു നല്‍കിയ പ്രതിഫലമായിരുന്നു അത്.
അതിന് ശേഷം ലോകം ഇസ്‌ലാമികമുന്നണിയില്‍ അണിനിരക്കുകയായിരുന്നു. വിവിധങ്ങളായ നാടുകളില്‍ നിന്ന് ജനങ്ങള്‍ സംഘങ്ങളായി പ്രവാചകന്‍(സ)യുടെ അടുത്തെത്തുകയും ഇസ്‌ലാം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രവാചക കാലശേഷവും ഇസ് ലാമിക ലോകത്ത് നിര്‍ണായക വിജയങ്ങളുണ്ടായത് പരിശുദ്ധ റമദാനില്‍ തന്നെയായിരുന്നു. ഖാദിസിയ്യ, ഐന്‍ ജാലൂത്ത്, ബലാത്വ് ശുഹദാഅ് തുടങ്ങിയവ അവക്ക് ചില ഉദാഹരണങ്ങളാണ്.
Add Comment