Special Coverage

ഇറാഖില്‍ റമദാന്‍ തണല്‍ വിരിക്കുമ്പോള്‍

അറബ്-ഇസ്ലാമിക ലോകത്തെ എല്ലാ വീടുകളിലും റമദാന്‍ സവിശേഷാനുഭവമാണ്. സ്വാഭാവികമായും ഇറാഖില്‍ ഈ പുണ്യമാസത്തിന്  മറ്റു മാസങ്ങളില്‍ നിന്ന് സവിശേഷമായ മുഖമാണുള്ളത്. റമദാന്‍ ആഗതമാവുന്നതിന് മുമ്പുതന്നെ അതിനെ വരവേല്‍ക്കുകയെന്നതാണ് ഇറാഖികളുടെ സമ്പ്രദായം. അവസാന നാളുകളില്‍ ഇബാദത്തുകളില്‍ സത്വരമായി മുഴുകുന്നതോടൊപ്പം തന്നെ റമദാനെ യാത്രയയക്കാനും അവര്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കും. ഇറാഖികളുടെ സമ്പ്രദായങ്ങളില്‍ ചിലത്  ഉസ്മാനികളില്‍ നിന്ന് അനന്തരമെടുത്തതാണെങ്കില്‍  മറ്റുചിലത് നൂറ്റാണ്ടുകള്‍ക്കുമുമ്പേ ആവിഷ്‌കൃതമാണ്.

റമദാന്‍ പീരങ്കി എന്ന് അറിയപ്പെടുന്ന ഒരു ഏര്‍പാടുണ്ട് ഇറാഖില്‍. ഉസ്മാനി കാലഘട്ടത്തിലേക്കെത്തുന്നതാണ് അതിന്റെ ചരിത്രവേരുകള്‍. നോമ്പുതുറ സമയം അറിയിക്കുന്നതിനായി അക്കാലത്ത് പീരങ്കിവെടി ഉപയോഗിച്ചിരുന്നു. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന വെടിയുതിര്‍ക്കുകയായിരുന്നു പതിവ്. റേഡിയോയും, മറ്റുവിവര സാങ്കേതിക വിദ്യകളും ഇല്ലാതിരുന്ന കാലമായിരുന്നു അത്. ആ പീരങ്കി ഇക്കാലം വരെ അവരില്‍ അവശേഷിച്ചു. പക്ഷെ ഇന്നത്തെ പീരങ്കി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത നൂതനമായിട്ടുള്ളതാണെന്ന് മാത്രം. മഗ്‌രിബ് ബാങ്കിന്റെ സമയത്ത് ഇറാഖികള്‍ വിശിഷ്യാ ബാലന്‍മാര്‍ പ്രസ്തുത ശബ്ദത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത് കാണാം. 

റമദാനില്‍ ഇറാഖികളുടെ  പരസ്പരം സന്ദര്‍ശനവും  കുശലാന്വേഷണങ്ങളും സജീവമാകുന്നു നോമ്പുതുറ സമയമാവുന്നതിനുമുമ്പുതന്നെ പാകം ചെയ്ത ഭക്ഷണവുമായി ഇറാഖികള്‍ തങ്ങളുടെ അയല്‍വീടുകളില്‍ എത്തിയിരിക്കും. വ്യത്യസ്തങ്ങളായ ഭക്ഷണയിനങ്ങള്‍ പരസ്പരം കൈമാറാന്‍ ഇതുമുഖേനെ വഴിയൊരുങ്ങുന്നു. എല്ലാ വീട്ടിലും കുടുംബിനികള്‍ ഒരുക്കിയ ഭക്ഷണം നന്നേകുറച്ചുമാത്രമേ ഉണ്ടാകൂ. മറ്റു വീടുകളില്‍ നിന്നും വന്നെത്തിയ വ്യത്യസ്തവിഭവങ്ങളായിരിക്കും അധികവും. 

വീടിന്റെ മേല്‍തട്ടില്‍ കയറിയിരുന്ന് നോമ്പുതുറക്കുകയെന്നതും ഇറാഖികളുടെ സമ്പ്രദായമാണ്. വീടിന്നകത്തെ പരിചിതാന്തരീക്ഷത്തില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിച്ചാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്. എന്നാല്‍ അമേരിക്ക ഇറാഖ് ആക്രമിക്കുകയും അവരുടെ യുദ്ധവിമാനങ്ങള്‍ ഇറാഖിന്റെ ആകാശത്ത് ഇരമ്പിപ്പായാന്‍ തുടങ്ങിയതോടെ ഈ സമ്പ്രദായം നിലച്ചുപോയി.

റമദാനില്‍ അവിടത്തെ പള്ളികള്‍  ആത്മീയാനുഭൂതിദായകങ്ങളാണ്. നമസ്‌കരിക്കാനെത്തിയ വിശ്വാസികളാല്‍ അവ തിങ്ങിവിങ്ങിയിരിക്കും. റമദാനുമുമ്പുതന്നെ പള്ളി വൃത്തിയാക്കുകയും പുതിയ വിളക്കുകളും പായകളുമുപയോഗിച്ച് വിരിച്ചലങ്കരിക്കും; പ്രത്യേകിച്ചും ഉഷ്ണകാലത്താണ് റമദാന്‍ വരുന്നതെങ്കില്‍. കൂടാതെ പള്ളികള്‍ കേന്ദ്രീകരിച്ച് വിജ്ഞാനമത്സരങ്ങള്‍ നടത്തുകയും വിജയികള്‍ക്ക്  ഖുര്‍ആനും വൈജ്ഞാനികഗ്രന്ഥങ്ങളും സമ്മാനമായി നല്‍കുകയും ചെയ്യും.

നോമ്പുകാര്‍ക്കുള്ള നോമ്പു തുറവിഭവങ്ങളും പള്ളിയില്‍ തന്നെ ഒരുക്കപ്പെടുന്നു. പള്ളികളുടെ കീഴിലുള്ള കമ്മിറ്റികളോ സമ്പന്നരോ ആയിരിക്കും നോമ്പുതുറയുടെചിലവ് വഹിക്കുക. നോമ്പുതുറക്ക് ഇറാഖികള്‍ ഉപയോഗിക്കുന്ന ഏറ്റവും സ്വാദിഷ്ടമായ വിഭവം അവിടത്തെ ഈത്തപ്പഴം തന്നെയാണ്. ബസ്വറ ഈത്തപ്പഴം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. കൂടെ അവര്‍ പാലും കുടിക്കാറുണ്ട്. കൂടാതെ അത്താഴ സമയത്തും നോമ്പു തുറക്കും കുടിക്കുന്ന നൂമി ബസറ എന്ന പ്രത്യേക പാനീയവും അവര്‍ക്ക് പ്രിയങ്കരമാണ്. തലവേദനക്കുള്ള പ്രത്യൗഷധമെന്നാണ് അവരതിനെ വിശേഷിപ്പിക്കുന്നത്