Special Coverage റമദാന്‍ ഇതര നാടുകളില്‍

തുനീഷ്യയിലെ റമദാന്‍ വിശേഷങ്ങള്‍

റമദാന്‍ ആഗതമാവുന്നതിനെത്രയോ ദിവസംമുമ്പുതന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്കായി തയ്യാറെടുക്കുന്നവരാണ് തുനീഷ്യക്കാര്‍. കച്ചവടകേന്ദ്രങ്ങളും തെരുവുകളും സജീവമാകുന്നു. തറാവീഹിനുപോകുന്നവരുടെയും സൗഹൃദസന്ദര്‍ശനങ്ങള്‍ക്കിറങ്ങിയവരുടെയും  ബാഹുല്യത്താല്‍ രാവ് പകലെന്നപോല്‍ ശബ്ദമുഖരിതമാകുന്നു.

റമദാന്‍ പ്രവേശിക്കുന്നതോടെ തുനീഷ്യന്‍ കുടുംബങ്ങളില്‍ പല വിശേഷവാര്‍ത്തകള്‍ക്കും ഉറവിടമാവുകയായി. ഈ മാസത്തിലാണ് വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹം നിശ്ചയിക്കുന്നത്. അവര്‍ റമദാന്‍ 27-നാണ് അവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുക. ‘മൗസിം’ എന്നാണ്  വിവാഹം നിശ്ചയിക്കപ്പെട്ട യുവതികള്‍ വിളിക്കപ്പെടുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ശേഷി അനുസരിച്ചായിരിക്കും സമ്മാനത്തിന്റെ വലിപ്പച്ചെറുപ്പം.. ചില കുടുംബങ്ങളില്‍ കുഞ്ഞുങ്ങളുടെ ചേലാകര്‍മം നടത്തുന്നത്  ലൈലതുല്‍ ഖദ്‌റിലാണ്.

സമ്പന്നരായ കുടുംബങ്ങളിലേക്ക് ക്ഷണിക്കപ്പെടുന്ന പാട്ടുകാര്‍ പ്രവാചകനെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ദഫ്മുട്ടി ഈണത്തില്‍ ആലപിക്കുകയും സ്വൂഫി കവിതകള്‍ ചൊല്ലുകയും ചെയ്യുന്നു. അതിന് നിശ്ചിതതുക പാട്ടുകാര്‍ക്ക് നല്‍കണം. ഈ ആഘോഷങ്ങള്‍ പുരുഷന്മാരില്‍ മാത്രം പരിമിതമാണ്. സ്ത്രീകള്‍ വളരെ അകലെ നിന്ന് വീക്ഷിക്കുക മാത്രമെ ചെയ്യാറുള്ളൂ. കോഫി സെന്ററുകളും, കച്ചവട സ്ഥാപനങ്ങളും റമദാന്‍ ആഗതമാവുന്നതോടെ വര്‍ണദീപാലങ്കാരങ്ങളാല്‍ പ്രഭാപൂരിതമായിരിക്കും.

പാരമ്പര്യരീതിയിലുള്ള നോമ്പുതുറ സദ്യകളില്‍് തുനീഷ്യന്‍ ജനത പ്രത്യേകവിഭവങ്ങള്‍   തയ്യാറാക്കുന്നു. റമദാന്‍ ആഗതമാവുന്ന രാവില്‍ അവര്‍ ‘ലൈലതുല്‍ ഖുറശ്’ എന്ന പേരില്‍ പ്രത്യേക വിഭവം തന്നെ ഒരുക്കിയിരിക്കും. സവിശേഷമായ മധുരപലഹാരമാണ് അത്. തുനീഷ്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധയിനം പലഹാരങ്ങളാണ് ഉണ്ടാവുക. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തേനും പൊടിയും ചേര്‍ത്ത അസ്വീദ എന്ന പേരിലുള്ള പലഹാരമാണെങ്കില്‍ തീരപ്രദേശങ്ങളില്‍ ഉണക്ക മുന്തിരി കൊണ്ടുള്ള പ്രത്യേകയിനം റൊട്ടികളാണ് ഉണ്ടാവുക. റമദാന്‍ ഒന്നുമുതല്‍ നോമ്പുതുറ സദ്യക്ക് പ്രത്യേക നിറമായിരിക്കും തുനീഷ്യയില്‍. തുനീഷ്യയിലെ ഏറ്റവും സ്വാദിഷ്ടമായ വിഭവങ്ങളാണ് ഈ ദിവസങ്ങളില്‍ തയ്യാറാക്കുക. പ്രത്യേകയിനം റൊട്ടികളും പത്തിരികളും തുനീഷ്യയില്‍ പ്രസിദ്ധമാണ്.

റമദാന്റെ രാത്രികാലങ്ങളില്‍ തുനീഷ്യന്‍ മുസ്ലിംകള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക പതിവാണ്. വിവിധയിനം പലഹാരങ്ങളുമായാണ് സന്ദര്‍ശനം നടത്താറ്.