Special Coverage ഈദുല്‍ ഫിത്വര്‍

പെരുന്നാള്‍ സമ്മാനദിനമാണ്

ഭൂമിയിലെ എല്ലാ സമൂഹങ്ങള്‍ക്കും നിര്‍ണിതമായ ദിനത്തില്‍ പെരുന്നാളുകളും ആഘോഷങ്ങളുമുണ്ട്. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും ജീവിതനയങ്ങളുടെയും ഭാഗമായി അവ കടന്ന് വരുന്നു. ദൈവികബോധനത്തില്‍ നിന്ന് അകന്ന് മനുഷ്യചിന്തകളില്‍ നിന്ന് രൂപപ്പെട്ട പെരുന്നാളുകള്‍ അവയിലുണ്ട്. അനിസ്ലാമികമായ പെരുന്നാളുകളാണ് അവ. എന്നാല്‍ ചെറിയ പെരുന്നാളും ബലിപെരുന്നാളും അല്ലാഹു ഈ സമൂഹത്തിന് നിയമമാക്കിയിരിക്കുന്നു.

ചെറിയെ പെരുന്നാളും ബലിപെരുന്നാളും രണ്ട് ആരാധനകള്‍ക്ക് ശേഷമാണ് കടന്ന് വരുന്നത്. റമദാന്‍ നോമ്പിന് ശേഷം ചെറിയ പെരുന്നാളും ഹജ്ജിന് ശേഷം ബലിപെരുന്നാളും.

കര്‍മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസമാണ് റമദാന്‍. ആരാധനകളിലും സല്‍ക്കര്‍മങ്ങളിലും കഠിനാധ്വാനം ചെയ്യണമെന്നാണ് അല്ലാഹു നല്‍കിയിരിക്കുന്ന കല്‍പന. അല്ലാഹു നല്‍കിയ കുറഞ്ഞ ജീവിത കാലത്തെ മഹത്തായ അനുഗ്രഹമാണ് റമദാന്‍. സുകൃതങ്ങളിലൂടെ മഹത്വത്തിന്റെ പടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയതിന് ശേഷം അല്ലാഹു നല്‍കിയ ആഘോഷ അവസരമാണ് ചെറിയ പെരുന്നാള്‍. അനുവദനീയമായ വിഭവങ്ങള്‍ സമ്പാദിച്ച്, അനുവദനീയമായ വിധത്തില്‍ വിശ്വാസി പെരുന്നാള്‍ ആഘോഷിക്കുന്നു. അല്ലാഹു തന്റെ അടിമകള്‍ക്ക് മേല്‍ അവന്റെ അനുഗ്രഹങ്ങള്‍ കാണാന്‍ ആശിക്കുന്നു. പെരുന്നാള്‍ ദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നാം അവന്റെ മുന്നില്‍ സമര്‍പിക്കുന്നു. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഒരവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്ക് വിശ്വാസി സഞ്ചരിക്കുന്നു. അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുകയും, വിരോധങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്നു.

ഇന്നലെ അവന്‍ നമുക്ക് മേല്‍ നോമ്പ് നിര്‍ബന്ധമാക്കി. ഇന്ന് നോമ്പ് മുറിക്കല്‍ അവന്‍ നമുക്ക് മേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. അബൂസഈദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. (രണ്ട് ദിവസം നോമ്പെടുക്കല്‍ തിരുമേനി(സ) വിലക്കിയിരിക്കുന്നു. ചെറിയപെരുന്നാള്‍ ദിവസവും, ബലിപെരുന്നാള്‍ ദിവസവും). അല്ലാഹുവിന്റെ നിയമത്തിന് അവന്റെ അടിമ പൂര്‍ണമായും വഴങ്ങേണ്ടിയിരിക്കുന്നു. അവന്റെ കാരുണ്യം പ്രതീക്ഷിക്കുകയും, ശിക്ഷ ഭയപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. റമദാനിലെ നന്മയിലുള്ള മത്സരത്തില്‍ നിന്ന് പെരുന്നാളിന്റെ നന്മയുടെ ആഘോഷത്തിലേക്ക് വിശ്വാസി വഴിമാറുന്നു. ഹൃദയത്തില്‍ ആശ്വാസവും മനസ്സില്‍ ഉല്ലാസവും നിറക്കുന്ന പെരുന്നാള്‍. ജീവിതകാലം മുഴുവന്‍ സുകൃതങ്ങള്‍ ചെയ്യുന്നതിനുള്ള ഉന്മേഷം വിശ്വാസി കരസ്ഥമാക്കുന്നത് ഈ പെരുന്നാളുകളില്‍ നിന്നാണ്. അലി(റ) പറയുന്നു (നിങ്ങള്‍ ഇടക്കിടെ ഹൃദയത്തെ ഉല്ലസിപ്പിക്കുക, കാരണം അത് വെറുപ്പിക്കപ്പെട്ടാല്‍ അതിന് അന്ധത ബാധിക്കുന്നതാണ്). അബുദ്ദര്‍ദാഅ്(റ) പറയുന്നു (ചില അനുവദനീയമായ കാര്യങ്ങള്‍ കൊണ്ട് ഉല്ലസിച്ച് സത്യത്തിന്റെ മാര്‍ഗത്തില്‍ ഞാന്‍ മനസ്സിനെ ഉറപ്പിച്ച് നിര്‍ത്താറുണ്ട്).

ഉന്നതമായ മൂല്യങ്ങളും, മഹത്തായ ലക്ഷ്യങ്ങളുമാണ് ഇസ്ലാമിലെ പെരുന്നാളിനുള്ളത്. പ്രാര്‍ത്ഥനയിലും ആരാധനയിലും, ഭയത്തിലും പ്രതീക്ഷയിലും അല്ലാഹുവിനെ ഏകനാക്കുകയെന്നതാണ് അവയില്‍ ആദ്യത്തേത്. ഈ ഏകദൈവത്വമാണ് ഇസ്ലാമിന്റെ കാമ്പും കാതലും. ഇസ്ലാമിക ശരീഅത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് അതിന്മേലാണ്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തിന്റെ സാക്ഷാല്‍ക്കാരമാണ് അത്. ഈ അടിസ്ഥാന ശിലയിലാണ് ചരിത്രത്തിലെ വിവിധ സമൂഹങ്ങള്‍ക്ക് വ്യതിചലനം സംഭവിച്ചതെന്ന് സംഭവലോകം സാക്ഷി പറയുന്നു. അതിനാല്‍ നാമതിനെ മുറുകെ പിടിക്കേണ്ടതുണ്ട്. അല്ലാഹു ആദം സന്തതികളോട് ആലമുല്‍ അര്‍വാഹില്‍ വെച്ചെടുത്ത കരാറാണ് അത്. വിശുദ്ധ ഖുര്‍ആനിലെ ഏതാണ്ടെല്ലാ അധ്യായങ്ങളിലും അല്ലാഹു ഉറപ്പിച്ച് പറയുന്ന വിഷയമാണ് തൗഹീദ്.

മുസ്ലിംകള്‍ക്കിടയിലെ സാമൂഹിക സഹവര്‍ത്തിത്വം സാധ്യമാക്കുകയെന്നത് പെരുന്നാളിന്റെ മുഖ്യലക്ഷ്യങ്ങളില്‍പെട്ടതാണ്. തിരുമേനി(സ) നിര്‍ബന്ധമാക്കിയ ഫിത്വ്ര്‍ സകാത്ത് ഈ ആശയത്തിന്റെ മൂര്‍ത്തീഭാവമാണ്. പെരുന്നാള്‍ ദിനത്തില്‍ വിശ്വാസി സമൂഹത്തിലെ ഒരു വ്യക്തിയും വിശപ്പനുഭവിക്കാന്‍ പാടില്ല എന്ന സന്ദേശമാണ് ഫിത്വ്ര്‍ സകാത്ത് നല്‍കുന്നത്. പരസ്പരം സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന കാലത്തോളം ഈ ഉമ്മത്ത് നന്മയിലായിരിക്കും. ശക്തിയുള്ളവന്‍ ദുര്‍ബലനോട് കരുണകാണിക്കുകയും, ചെറിയവര്‍ മുതിര്‍ന്നവരെ ആദരിക്കുകയും ചെയ്യുകയെന്നത് അതിന്റെ പ്രകടമായ രൂപങ്ങളില്‍പെട്ടതാണ്. തിരുമേനി(സ) പറഞ്ഞതായി അബുദ്ദര്‍ദാഅ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു (നിങ്ങള്‍ എന്നെ ദുര്‍ബലരുടെ കൂടെയാണ് അന്വേഷിക്കേണ്ടത്. നിങ്ങള്‍ക്ക് അന്നവും സഹായവും ലഭിക്കുന്നത് അവരെക്കൊണ്ടാണ്).

അതിനാല്‍ എല്ലാ മുസ്ലിംകളോടും കറകളഞ്ഞ മനസ്സോടെ സമീപിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥനയിലും നന്മയിലും എല്ലാവരും പരസ്പരം പങ്ക് ചേരേണ്ടതുണ്ട്. അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുന്ന നിരയില്‍ നമസ്‌കാരത്തിനായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കേണ്ടതുണ്ട്. (പെരുന്നാള്‍ ദിനത്തില്‍ വഴിയരികില്‍ മാലാഖമാര്‍ വന്ന് നിന്ന് ഇപ്രകാരം വിളിച്ച് പറയും. മുസ്ലിം സമൂഹമെ നിങ്ങള്‍ മഹോന്നതനായ നാഥങ്കലേക്ക് പുറപ്പെടുക. അവന്‍ നിങ്ങള്‍ നന്മ വര്‍ഷിക്കുകയും പിന്നീട് പ്രതിഫലം നല്‍കുകയും ചെയ്യുന്നു. അവന്‍ നിങ്ങളോട് നമസ്‌കരിക്കാന്‍ കല്‍പിക്കുകയും നിങ്ങളത് നിര്‍വഹിക്കുകയും ചെയ്തു. അവന്‍ നിങ്ങളോട് നോമ്പെടുക്കാന്‍ നിര്‍ദേശിക്കുകയും നിങ്ങളത് പൂര്‍ത്തീകരിക്കുകയും ചെയ്തു. നിങ്ങള്‍ നാഥനെ അനുസരിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ പ്രതിഫലം സ്വീകരിച്ചാലും).