Special Coverage

ദൈവസ്മരണ മാത്രം ! (റമദാന്‍ പുണ്യം – 4)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കണമെങ്കില്‍ നമുക്ക് അനിവാര്യമായും ഓര്‍മകള്‍ ഉണ്ടായിരിക്കണം. അതിന്, മറവിയെ നാം പ്രതിരോധിക്കേണ്ടതുണ്ട്. ചരിത്രം ഒരു യാഥാര്‍ഥ്യമാണെന്ന് നാം തിരിച്ചറിയണം. ഖുര്‍ആനില്‍ മുഹമ്മദ് നബി(സ)യ്ക്ക് മുമ്പുള്ള സമൂഹത്തെയും അവരിലേക്ക് ആഗതരായ നബിമാരെയും കുറിച്ച സംഭവങ്ങളും ചരിത്രങ്ങളും അതാണ് നമ്മെ പഠിപ്പിക്കുന്നത്. പലപ്പോഴും മനുഷ്യന്‍ എല്ലാറ്റിനെയും വിസ്മൃതിയില്‍ തള്ളാനാണ് ശീലിച്ചിട്ടുള്ളത്. അതിനാല്‍ ജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് അവന്‍ മറക്കുന്നു. ദൈവം ഏകനാണെന്ന യാഥാര്‍ഥ്യമാണ് ആദ്യത്തെ പ്രവാചകന്‍ പഠിപ്പിച്ചത്. എന്നാല്‍ ക്രമേണ ജനം അത് വിസ്മരിച്ചുകളഞ്ഞു. അതിനാല്‍ മറവി മനുഷ്യസമൂഹത്തെ കീഴ്‌പെടുത്തിയപ്പോള്‍ അവരെ സത്യത്തിലേക്ക് തിരികെനടത്താന്‍ വേദഗ്രന്ഥങ്ങളുമായി നിരന്തരം പ്രവാചകന്‍മാര്‍ ആഗതരാവേണ്ട അവസ്ഥാവിശേഷമുണ്ടായി. അങ്ങനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുക, ബോധവത്കരിക്കുക എന്നത് മനുഷ്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.

ഇന്ന് ഈ ആധുനികയുഗത്തിലും മനുഷ്യന് ഓര്‍മകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവന് ചരിത്രം അറിയില്ല. ഫലമോ, തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് അവന്‍ ഊളിയിട്ടുകൊണ്ടിരിക്കുന്നു. ഈ ഭീകരാവസ്ഥ വിശ്വാസിസമൂഹത്തിലും നടമാടുന്നുണ്ടോയെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.  ‘എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക’ (ത്വാഹാ 14) എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ നമസ്‌കരിക്കുന്നതിന്റെ ലക്ഷ്യങ്ങളിലൊന്ന് അല്ലാഹുവിനെക്കുറിച്ച ഓര്‍മയാണെന്ന് മനസ്സിലാകുന്നു. നോമ്പനുഷ്ഠിക്കുമ്പോള്‍ നാം അല്ലാഹുവിനെ ഓര്‍ക്കുന്നു. നാം അവനെ കാണുന്നില്ലെങ്കിലും അവന്‍ നമ്മെ കാണുന്നുവെന്ന് തിരിച്ചറിയുന്നു. സകാത്ത് നല്‍കുമ്പോള്‍ ധനം അല്ലാഹുവിന്റെതാണെന്ന ചിന്ത ചൈതന്യവത്താകുന്നു. ഇതെല്ലാം ജീവിതത്തിന് അര്‍ഥമുണ്ടെന്ന ഓര്‍മകള്‍ പുതുക്കുന്നു. തെറ്റുകള്‍ ചെയ്തുകൂട്ടുന്നത് അവനെ വിസ്മരിക്കുമ്പോഴാണെന്ന് അല്ലാഹുവിനെക്കുറിച്ച ഓര്‍മകളിലായിരിക്കെ നാം അറിയുന്നു .’ഞങ്ങളുടെ നാഥാ! മറവി സംഭവിച്ചതിന്റെയും പിഴവുപറ്റിയതിന്റെയും പേരില്‍ ഞങ്ങളെ നീ പിടികൂടരുതേ'(അല്‍ബഖറ 286)എന്ന് പറയുമ്പോള്‍ മറവി നമ്മെ തെറ്റിലേക്കും പാപങ്ങളിലേക്കും കൊണ്ടുപോകുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഓര്‍മകള്‍ നഷ്ടപ്പെടുന്നതിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകത പ്രസക്തമാകുന്നത് അതുകൊണ്ടുതന്നെ.

അല്ലാഹുവിനെ മറന്നാല്‍ നാം നമ്മെത്തന്നെ മറന്നുപോകും (അല്‍ഹശ്ര്‍ 19). അങ്ങനെ വന്നാല്‍ നമ്മുടെ ഹൃദയത്തെ മറവി ആവരണംചെയ്യും. അതോടെ കാമനകളില്‍ നാം രസംകണ്ടെത്താന്‍ ഔത്സുക്യം പുലര്‍ത്തുകയായി. നമ്മുടെ ഹൃദയത്തെ വിശാലമാക്കി, രോഗങ്ങളില്‍നിന്ന് മുക്തമാക്കുന്നതും നേര്‍മാര്‍ഗത്തിലെത്തിക്കുന്നതും അല്ലാഹുവിനെക്കുറിച്ച ഓര്‍മയാണ്. അതിനാല്‍ നാം ഓര്‍മകള്‍കൊണ്ട് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ആ പ്രതിരോധം ദൈവസ്മരണയിലൂടെയാണ് ആരംഭിക്കുന്നത്. അത് തുടര്‍ന്നുപോകുന്നത് സ്മരണ ഒന്നുകൊണ്ടുമാത്രമാണ്.