Special Coverage

ഈമാന്‍ പട്ടിണിക്കെതിരെയുള്ള മുദ്രാവാക്യം (റമദാന്‍ പുണ്യം – 18)

ഏത് നാഗരികസമൂഹത്തിലും സര്‍വസാധാരണമായ തിക്തയാഥാര്‍ഥ്യമാണ് ദാരിദ്ര്യം. വിശ്വാസികള്‍ അതിനെതിരെ പോരാടേണ്ടതുണ്ട്. ദാരിദ്ര്യം ഒരു പ്രാപഞ്ചിക പ്രതിഭാസമാണെങ്കിലും ഇസ്‌ലാം അതിനെ ഒരുനിലക്കും വെച്ചുപൊറുപ്പിക്കുന്നില്ല. അതിലേക്ക് വഴിയൊരുക്കുന്ന സാഹചര്യങ്ങള്‍ക്കെതിരെ അത് ജിഹാദ് പ്രഖ്യാപിക്കുന്നു. ഖുര്‍ആനിലൂടെ അവതരിപ്പിക്കപ്പെട്ട എല്ലാ വെളിപാടുകളെയും കുറിച്ച് ധാരണ ജനങ്ങള്‍ക്ക് നല്‍കാന്‍ അത് ചുറ്റുപാടുമുള്ള ദൃഷ്ടാന്തങ്ങളിലേക്കും പ്രാപഞ്ചികയാഥാര്‍ഥ്യങ്ങളിലേക്കും അവയുടെയെല്ലാം പിന്നിലുള്ള അദൃശ്യ സ്രഷ്ടാവിലേക്കും ശ്രദ്ധ ക്ഷണിക്കുന്നത് നമുക്കറിയാം. അതോടൊപ്പം സമൂഹത്തില്‍ അദൃശ്യരാക്കപ്പെട്ട, അവഗണിക്കപ്പെട്ടുകഴിയുന്ന ജനസമൂഹത്തെക്കുറിച്ച് അത് ഉണര്‍ത്തുന്നുമുണ്ട്. ധനികരായ ആളുകളെ സംബന്ധിച്ചിടത്തോളം ദരിദ്രരും പട്ടിണിപ്പാവങ്ങളും യാതൊരു ഉപകാരവുമില്ലാത്ത കൂട്ടരാണ്. സമൂഹത്തിന്റെ നടുത്തളത്തില്‍ പ്രത്യക്ഷപ്പെടാത്തവരാണ്. എല്ലാ നിലയ്ക്കും സമൂഹത്തില്‍ അപ്രസക്തരാണ്. ഇസ്‌ലാമിന്റെ ആദര്‍ശവാക്യമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതില്‍ അവസാനത്തെ മനുഷ്യനെയും പരിഗണിക്കേണ്ടതിന്റെ ഉണര്‍ത്തലുണ്ട്. കാരണം, സമൂഹത്തിന്റെ ദൃഷ്ടിയില്‍ തീരെ വിലയില്ലാത്ത മനുഷ്യന്റെ അന്തസ്സ് നിലനിര്‍ത്തപ്പെടുന്നത് അതിലൂടെ മാത്രമാണ്. അത്തരം അദൃശ്യചുറ്റുപാടില്‍നിന്ന് നിങ്ങള്‍ അവരിലേക്ക് ശ്രദ്ധതിരിക്കുന്നു, അവരെ കാണുന്നു, അവരെ സമൂഹത്തിന്റെ ദൃഷ്ടിപഥത്തില്‍ എത്തിക്കുന്നു എന്നതാണ് ഇതിലെ ആത്മീയത. അനാഥയെ പരിഗണിക്കാതിരിക്കുകയും അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കുകയും (അല്‍ഫജ്‌റ് 17,18) ചെയ്യുന്നതിനാല്‍ അല്ലാഹുവുമായി അടുക്കാനാകില്ല എന്ന് ഖുര്‍ആന്‍ സത്യനിഷേധികളെക്കുറിച്ച് പറയാന്‍ കാരണമതാണ്. ഇത് ദീനിന്റെ സാമൂഹികപ്രതിബദ്ധതയുടെ പ്രഥമപടിയാകുന്നു.

രണ്ടാമത്തെ സംഗതി, പാവങ്ങളുടെ അവകാശം ഉറപ്പാക്കുകയും സമൂഹത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന സകാത്താണ്. ‘അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവനും നിരാലംബനും അവകാശമുണ്ട്’ (അദ്ദാരിയാത്ത് 19) എന്നാണ് ഖുര്‍ആന്‍ അതെപ്പറ്റി വ്യക്തമാക്കിയത്. അതിനാല്‍ നിങ്ങള്‍ ആ അവകാശം നല്‍കിയേ മതിയാകൂ. അവകാശം ലഭിച്ചതിന് കാരണക്കാരായവരോട് ആ അഗതികളും നിരാലംബരും കൃതജ്ഞത പ്രകടിപ്പിക്കേണ്ട കാര്യമേയില്ല. അവര്‍ക്കുള്ള അവകാശം നിര്‍ബന്ധമായും ഉറപ്പാക്കിയിരിക്കണം എന്നതാണ് ഇസ്‌ലാമികസമൂഹത്തിന്റെ പാരമ്പര്യം. അല്ലാഹുവിനോടുള്ള നമ്മുടെ പ്രാര്‍ഥന അവനുമായുള്ള ലംബമാനബന്ധമാണെങ്കില്‍ സമൂഹത്തിലെ ദുര്‍ബലവിഭാഗത്തിന്റെ അവകാശങ്ങള്‍ നല്‍കുകയും നീതി ഉറപ്പുവരുത്തുകയുംചെയ്യുക എന്നത് തിരശ്ചീനബന്ധമാണ്. ദരിദ്ര-പീഡിതജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നല്‍കുന്നതിന് അവരുടെ പ്രത്യുപകാരമോ നന്ദിപ്രകടനങ്ങളോ വിധേയത്വമോ ആഗ്രഹിക്കാനേ പാടില്ല. ‘അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുമാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല’ (അദ്ദഹ്ര്‍ 9)എന്നാണ് ഖുര്‍ആന്‍ അതെക്കുറിച്ച പരാമര്‍ശം നടത്തിയത്. ഒരു നാട്ടിലെ കൂട്ടായ്മയോ, സന്നദ്ധസംഘടനകളോ, രാജ്യാന്തരഏജന്‍സിയോ ഏതുമായിക്കൊള്ളട്ടെ, അവരെല്ലാം തന്നെ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ച് പട്ടിണി ഇല്ലായ്മ ചെയ്യാന്‍ മുന്നോട്ടുവരേണ്ടതുണ്ട്. അങ്ങനെ പട്ടിണിക്കെതിരെ പ്രാദേശിക-ദേശ-ആഗോളതലത്തില്‍ ജിഹാദിന് കളമൊരുക്കേണ്ടതുണ്ട്. ഈമാന്‍ എന്നാല്‍ പട്ടിണിക്കെതിരെയുള്ള മുദ്രാവാക്യവും ജിഹാദുമാണ് എന്ന് ചുരുക്കം.