Features

റമദാനില്‍ അല്‍പം ഭൗതിക വിരക്തിയും

Hand saying no thanks to a packages of cigarettes offered

ഭൗതിക വിരക്തി ജീവിത ശൈലിയാക്കണമോ ?  എങ്കില്‍ ഭക്ഷണം ലഘൂകരിക്കുക, ആവശ്യം വേണ്ട ഭക്ഷണം മാത്രം കഴിക്കുക. എന്നാല്‍ റമദാനില്‍ നാം അധികപേരിലും കാണുന്നത്, വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന രീതിയാണ്.
റമദാനിന്റെ സുന്ദര ദിന രാത്രങ്ങള്‍ നമുക്ക് മുമ്പിലിതാ.    ഇവിടെ നമുക്കല്‍പം സന്യാസം പരിശീലിക്കാം. സിറിയയിലെ, റോഹീങ്ക്യയിലെ, സോമാലിയയിലെ നമ്മുടെ സഹോദരങ്ങളുടെ അവസ്ഥ നമുക്കുമൊന്ന് അനുഭവിക്കാം.

അവരെങ്ങനെ ഭക്ഷിക്കുന്നുവെന്നും, എന്താണ് കുടിക്കുന്നതെന്നും നമുക്കറിയാമോ? അവരെങ്ങനെയാണ് അവിടെ ജീവിക്കുന്നതെന്ന് നമുക്കറിയുമോ? അവര്‍ എങ്ങനെ നോമ്പെടുക്കുന്നുവെന്ന്? തീര്‍ച്ചയായും അവര്‍ അങ്ങേയറ്റം സഹനമവലംബിക്കുന്നവരാണ്.
അനുഗ്രഹങ്ങള്‍ക്ക് അല്‍പ്പായുസ്സേയുള്ളൂ
ഇനിയൊന്ന് ചിന്തിച്ചു നോക്കൂ. അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങളാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. മുസ്്‌ലിംകളുടെ കാര്യത്തില്‍ താല്‍പര്യം കാണിക്കാത്തവര്‍ നമ്മില്‍ പെട്ടവനല്ലെന്ന് പ്രവാചകന്‍ തിരുമേനി പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ വെറുതെയാവില്ല. നമ്മില്‍ കഴിവുള്ളവര്‍ അവര്‍ക്ക് വേണ്ടി ഭക്ഷണവും വസ്ത്രങ്ങളും അയച്ചു കൊടുക്കട്ടെ! നമ്മുടെ സഹായങ്ങള്‍ ഒരു നേരത്തെ അവരുടെ വിശപ്പിന്റെ വിളിക്ക് ഉത്തരമാകാം. അവരുടെ പ്രയാസങ്ങള്‍ കുറഞ്ഞേക്കാം. ഉടുതുണിയില്ലാത്തവര്‍ക്ക് നാണം മറക്കാനുള്ള വസ്ത്രങ്ങളായേക്കാം നാം നല്‍കുന്ന വസ്ത്രങ്ങള്‍.
റമദാന്‍ നമ്മെ സംസ്‌കാര സമ്പന്നരാക്കുന്നു
റമദാന്‍ നമ്മുടെ ഹൃദയങ്ങളെ തരളിതമാക്കുന്നുണ്ട്. ഗര്‍വ്വിന്റെയും അഹംഭാവത്തിന്റെയും മലിനമായ വികാരങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്നത് കഴുകിക്കളയുന്നുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നാം ഈ മാസത്തില്‍ അത്യധികം ഉത്സാഹഭരിതരാണ്. അപരന്റെ സ്‌നേഹം നമ്മിലേക്ക് അങ്ങനെ പരന്നൊഴുകുന്നു റമദാനില്‍. അവരിലേക്ക് നമ്മുടെ സ്‌നേഹവും. ജനങ്ങളുമായി ഹൃദ്യമായി ചേര്‍ന്നു നില്‍ക്കുകയും അവരുമായി ബന്ധം ഊട്ടിയുറപ്പിക്കുകയുമാണ് റമദാന്‍. ഈ മാസത്തിന്റെ അനുഗ്രഹം നിമിത്തം നമ്മുടെ മനസ്സിലെ മുഴുവന്‍ സദ് വികാരങ്ങളും വിചാരങ്ങളും ഉദ്ദീപിക്കപ്പെടുന്നുണ്ട്.
ജനങ്ങള്‍ക്ക് അധികമധികം നന്മകള്‍ ചെയ്ത്, ഈ അനുഗ്രഹീത മാസത്തിന്റെ തണല്‍ നമുക്ക് കൂടുതല്‍ ആസ്വദിക്കാം. രക്ഷിതാവിന്റെ പാപ മോചനം തേടാം, അവനോട് മാപ്പിരക്കാം, സര്‍വ്വോപരി അവന്റെ തൃപ്തി കരസ്ഥമാക്കാം.
നമ്മുടെ ആത്മാവിനെയും ഇച്ഛകളെയും നമ്മെ തന്നെയും വളര്‍ത്തിയെടുക്കുകയാണ് റമദാന്‍. എല്ലാ സദ്ഫലങ്ങളുമുള്ള ഒരു വന്‍വൃക്ഷം പോലെ. ഒരു വിശ്വാസിയെ സദ്ഘുണങ്ങള്‍ ഏറെ പ്രദാനം ചെയ്യുന്ന ഒരുവനാക്കി മാറ്റുകയാണ് റമദാന്‍. ഏറുകൊണ്ട് വീഴുന്ന ആ മരത്തിലെ പഴങ്ങള്‍ക്കും എത്ര മധുരമാണ്.
ജീവിതത്തെ ദൗര്‍ഭാഗ്യം ഗ്രസിച്ചവര്‍ക്ക്, റമദാനിലൂടെ സംസ്‌കരിക്കപ്പെടുന്ന വിശ്വാസി സൗഭാഗ്യങ്ങള്‍ കനിഞ്ഞു നല്‍കുന്നു. അവനാല്‍ രോഗികള്‍ പരിചരിക്കപ്പെടുന്നു. ദുഃഖിതര്‍ അവനാല്‍ സന്തോഷിക്കുന്നു. പരാജിതര്‍ അവനാല്‍ സഹായിക്കപ്പെടുന്നു. വിശക്കുന്നവര്‍ അവനാല്‍ ഊട്ടപ്പെടുന്നു. ദാഹിക്കുന്നവര്‍ക്ക് അവന്‍ ദാഹ ജലം നല്‍കുന്നു. ഭഹവിഹ്വലായവര്‍ക്ക് അത്താണിയാകുന്നു. എല്ലാ ക്ഷീണതര്‍ക്കും അവന്‍ വിശ്രമമേകുന്നു. എല്ലാ രോഗികള്‍ക്കും ഔഷധമായി മാറുന്നു. വഴിയറിയാത്തവര്‍ക്ക് വഴികാട്ടിയാകുന്നു. സൗഭാഗ്യ ജീവിതം കൊതിക്കുന്ന ആര്‍ക്കും ഏറ്റവും നല്ല മാതൃകയായി അവന്‍ മാറുന്നു. അല്ലാഹുവിന്റെ തൃപ്തിയും സ്വീകാര്യതയും അവനില്‍ മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ സ്വഭാവത്തെ സംസ്‌കരിക്കുന്ന റമദാന്‍
റമദാനില്‍ ഒരുവന്‍ അവന്റെ നാവ് ചലിപ്പിക്കുന്നത് പ്രാര്‍ത്ഥനക്കും ദൈവ പ്രകീര്‍ത്തനങ്ങള്‍ക്കും ദിക്‌റുകള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനുമാണ്. അവന്റെ സഹോദരന്‍മാരില്‍ നിന്ന് അവന്റെ നാവിനെ അവന്‍ പിടിച്ചു വെച്ചിരിക്കുകയാണ്. തന്റെ നാവില്‍ വരുന്ന സ്ഖലിതങ്ങള്‍ക്ക്, അവിവേകങ്ങള്‍ക്ക് അതിനേക്കാള്‍ വേഗത്തില്‍, അവയേക്കാള്‍ കൂടുതല്‍ പാപമോചന പ്രാര്‍ത്ഥനകള്‍ അവന്റെ നാവ് ഉച്ചരിക്കും. തൗബയ്ക്കു വേണ്ടി അവന്റെ നാവ് കേണുകൊണ്ടിരിക്കും.
മോശം സംസാരങ്ങളില്‍ നിന്നും പൊള്ളയായ വര്‍ത്തമാനങ്ങളില്‍ നിന്നും നാവ് അവനെ തടഞ്ഞു കൊണ്ടിരിക്കും. ജനങ്ങളോട് കാരുണ്യമുള്ളവനായി അവന്‍ മാറുന്നത് അങ്ങനെയാണ്. ജനങ്ങളെ പുഞ്ചിരിക്കുന്ന മുഖവുമായേ അവന്‍ അഭിമുഖീകരിക്കൂ. ജനങ്ങള്‍ അവന്റെ സ്‌നേഹം കൊതിക്കും. അവനെ ഇഷ്ടപ്പെടും. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി അവന്‍ എന്നും മുന്‍പന്തിയിലുണ്ടാകും. ജനങ്ങളുടെ സഞ്ചാര മാര്‍ഗ്ഗത്തിലെ പ്രയാസങ്ങള്‍ തീര്‍ക്കാന്‍ അവനുണ്ടാകും. ഇണയോട് ഏറ്റവും നന്നായി പെറുമാറുന്നവനും, കുട്ടികള്‍ക്ക്് വാത്സല്യം തുളുമ്പുന്ന പിതാവുമാണവന്‍. ഈ ഭൗതിക ലോകത്ത് പ്രാകാശം പരത്തുന്ന വിളക്കായിരിക്കും അവന്‍. അവന്റെ ഉദ്കൃഷ്ട സ്വഭാവങ്ങള്‍ ജനങ്ങള്‍ക്ക് പ്രകാശം പരത്തും. അവന്റെ സംസ്‌കാര സമ്പന്നമായ വാക്കുകള്‍ എത്ര സുന്ദരം.
ഈ റമദാന്‍ എത്ര സുന്ദരമാണ്. സഹോദരാ, അത് നിന്നെ എത്ര സുന്ദരമാക്കിയിരിക്കുന്നു. ഈ ഉയര്‍ന്ന സ്വഭാവ ഗുണങ്ങള്‍ റമദാന് ശേഷവും നിനക്ക് പ്രയോജനം ചെയ്യട്ടെ.
നബീല്‍ ജല്‍ഹൂം.
അല്‍മുജ്തമഅ് വാരിക. ലക്കം 2013
മുനീര്‍ മുഹമ്മദ് റഫീഖ്‌