Features

ആബ്റീ: സുഡാനില്‍ നിന്നൊരു റമദാന്‍ വിഭവം

ലോകത്ത് ആദ്യമായി മനുഷ്യ വംശത്തിന്റെ സാമൂഹിക ജീവിതം ആരംഭിച്ചത് ആഫ്രിക്കയിലാണെന്നാണ് ചരിത്രമതം. അതിനാല്‍ തന്നെ ഒട്ടേറെ അനുഷ്ഠാനങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും സമ്പന്നമാണ് ആഫ്രിക്ക. മതപരമായ ചടങ്ങുകളിലും ഭക്ഷണങ്ങളുടെ ഈ വൈവിധ്യം നമുക്ക് കാണാം. ആഫ്രിക്കന്‍ നിവാസികളുടെ റമദാന്‍ കാലത്തും ഇതുപോലെ ചില വ്യത്യസ്ത ഭക്ഷണ രീതികള്‍ കാണാം. മറ്റൊരിടത്തും കാണാത്ത ആഫ്രിക്കയിലെ പ്രത്യേക പാനീയമാണ് ആബ്‌റീ. നോമ്പ്തുറക്കുമ്പോള്‍ കഴിക്കുന്ന വിഭവമാണിത്. റജബുമാസത്തിന്റെ പകുതിയാകുമ്പോള്‍ തന്നെ ഇവര്‍ ഇത് തയ്യാറാക്കുന്നതിന്റെ തിരിക്കിലായിരിക്കും. ആബ്‌റീ തയ്യാറാക്കുന്നതിന്റെ സുഗന്ധം സമീപ വീടുകളിലെല്ലാം പരക്കുമ്പോള്‍ തന്നെ റമദാനിന്റെ ആഗമനം എല്ലാസമൂഹങ്ങളും അറിയും.
മണിച്ചോളം ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഒരു സാധാരണ കുടുംബത്തിന് റമദാന്‍ മുഴുവന്‍ ഉപയോഗിക്കാന്‍ അഞ്ച് കിലോ ചോളം മതിയാകും.

വെയിലില്‍ ഉണക്കിയെടുത്ത ചോളം മുളപ്പിച്ച് വീണ്ടും ഉണക്കിപ്പൊടിച്ചാണ് ഇതിനാവശ്യമായ ചോളപ്പൊടി തയ്യാറാക്കുന്നത്. പിന്നീട് മുളപ്പിച്ച ചോളപ്പൊടിയും സമാന അളവില്‍ മുളപ്പിക്കാത്ത ചോളപ്പൊടിയും ചേര്‍ത്ത് വെളളത്തില്‍ കുഴച്ചെടുക്കുന്ന മാവില്‍ കറുവാപ്പട്ട, കരിഞ്ചീരകം, ഇഞ്ചി,ഉലുവ എന്നിവയും ചേര്‍ത്ത് മയപ്പെടുത്തുന്നു. ഇങ്ങനെ തയ്യാറാക്കപ്പെട്ട കൂട്ട് ഇരുപത്തിനാലുമണിക്കൂറിന് ശേഷം ആബ്‌റീ തയ്യാറാക്കാന്‍ ഉപയോഗിക്കാം.
ആബ്‌റീ തയ്യാറാക്കുന്ന ദിവസത്തെ ‘അവാസ’ എന്ന് പറയുന്നു. എല്ലാവരും ഒരുമിച്ച് കൂടുന്ന ദിവസം എന്നാണതിനര്‍ത്ഥം. എല്ലാ സ്ത്രീകളും തങ്ങള്‍ തയ്യാറാക്കിയ ആബ്‌റീ കൂട്ടുമായി ഏതെങ്കിലും ഒരു വീട്ടില്‍ ഒരുമിച്ചു കൂടി അവിടത്തെ അടുപ്പില്‍ എല്ലാ വീട്ടുകാര്‍ക്കും ആവശ്യമായ ആബ്‌റീ തയ്യാറാക്കുന്നു. തയ്യാറാക്കിയ ആബ്‌റീ അവിടെക്കൂടിയ എല്ലാവരും കഴിച്ചശേഷമാണ്  പിരിഞ്ഞുപോകുക. ഇങ്ങനെയുള്ള ഒരുമിച്ചുകൂടലുകളിലൂടെയാണ് അവര്‍ തങ്ങളുടെ സാമൂഹിക വിവരങ്ങള്‍ കൈമാറുന്നത്.Share