ഈ അനുഗൃഹീത മാസത്തിലെ പകലുകള്‍ നോമ്പും ഖുര്‍ആന്‍ പാരായണവും, ദിക്റും കൊണ്ട് പരിപാലിക്കപ്പെടുകയായിരുന്നു. അതിലെ രാവുകള്‍ നമസ്കാരവും, പ്രാര്‍ത്ഥനയും കൊണ്ട് മുഖരിതമായിരുന്നു. ആ പ്രശോഭിതമായ പകലുകള്‍ അവസാനിച്ചിരിക്കുന്നു. നന്മ ചൊരിഞ്ഞ ആ രാവുകള്‍ വിടചൊല്ലിയിരിക്കുന്നു. ദിവസത്തിലെ ഒരു മണിക്കൂര്‍ പോലെ, എത്ര വേഗത്തിലാണ് അത് യാത്രയായത്! അല്ലാഹു നമുക്ക് അനുഗ്രഹം വര്‍ഷിക്കുകയും, കാരുണ്യത്തോടും, പാപമോചനത്തോടും, നരകമോക്ഷത്തോടും കൂടി റമദാന് അവസാനിപ്പിക്കാന്‍ ഉതവിയേകുകയും ചെയ്യുമാറാവട്ടെ. ഈ മാസത്തിന്റെ അവസാനത്തില്‍ മഹത്തായ ആരാധനകള്‍ അല്ലാഹു നമുക്ക് മേല്‍ നിയമമാക്കിയിരിക്കുന്നു. നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കാനും, ആരാധനകളുടെ ന്യൂനതകള്‍ പരിഹരിക്കാനും, അല്ലാഹുവിന്റെ അനുഗ്രഹം നമുക്കുമേല്‍ പൂര്‍ത്തീകരിക്കാനും വേണ്ടിയാണ് അത്. ഫിത്ര് സകാത്തും, തക്ബീറും, പെരുന്നാള്‍ നമസ്കാരവും അല്ലാഹു നമുക്ക് നിയമമാക്കിയിരിക്കുന്നു.
ഭക്ഷണത്തില്‍ നിന്ന് ഒരു സ്വാഅ് ആണ് ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അതിനാല്‍ നാം വിശ്വാസികള്‍ പ്രവാചക കല്‍പനപിന്‍പറ്റി, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഫിത്വ്ര് സകാത്ത് നല്‍കേണ്ടതുണ്ട്. ചെറിയവനെന്നോ വലിയവനെന്നോ, ആണെന്നോ പെണ്ണെന്നോ, അടിമയെന്നോ ഉടമയെന്നോ, ഭേദമില്ലാതെ എല്ലാ മുസ്ലിമും അത് നല്കാന് ബാധ്യസ്ഥനാണ്. ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന് അത് ബാധകമല്ല. അതാത് നാട്ടിലെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ഒരു സ്വാഅ് എന്ന നിലക്കാണ് അത് നല്‍കേണ്ടത്.
നല്ല മനസ്സോടെ, ഏറ്റവും ഉത്തമമായ ഭക്ഷണമാണ് നല്‍കേണ്ടത്. വര്‍ഷത്തില്‍ ഒരു സ്വാഅ് മാത്രമായിരിക്കെ അതിന്റെ കാര്യത്തില്‍ ആരും പിശുക്കുകാണിക്കേണ്ടതില്ല.
ദരിദ്രര്‍ക്കാണ് അത് നല്‍കേണ്ടത്. ബന്ധുക്കളില്‍ പെട്ട ദരിദ്രരുണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഒരു ദരിദ്ര കുടുംബത്തിന് മാത്രമായി നല്‍കുകയോ, ഒന്നിലധികം കുടുംബങ്ങള്‍ക്ക് വീതിച്ച് നല്‍കുകയോ ചെയ്യാം. എല്ലാവരും ഒരുമിച്ചുശേഖരിച്ച് വിതരണം ചെയ്യുന്നതും അനുവദനീയമാണ്.
പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് ഫിത്വ്ര് സകാത്ത് നല്‍കുന്നതാണ് ഉത്തമം. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് നല്‍കുന്നതിലും കുഴപ്പമില്ല. അതിനേക്കാള്‍ മുമ്പ് നല്കാതിരിക്കുന്നതാണ് നല്ലത്. ന്യായമായ കാരണങ്ങളില്ലാതെ പെരുന്നാള്‍ നമസ്കാരശേഷമാകാം എന്നു കരുതി പിന്തിക്കാനും പാടുള്ളതല്ല.
നാം ജീവിക്കുന്ന പ്രദേശത്ത് -സ്വന്തം രാജ്യമാണെങ്കിലും അല്ലെങ്കിലും- നല്‍കുകയാണ് നല്ലത്. വിശിഷ്യ മക്കയും മദീനയും പോലുള്ള വിശിഷ്ട സ്ഥലങ്ങളിലാണെങ്കില്‍.
മാസം പൂര്‍ത്തിയായാല്‍ തക്ബീര്‍ ചൊല്ലണമെന്നത് അല്ലാഹു കല്പിച്ചതാണ്. :’നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്ത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്’.(അല്‍ബഖറ:185)
പെരുന്നാള്‍രാവിലേക്ക് വ്രതമവസാനിക്കുന്ന രാത്രി)സൂര്യന് അസ്തമിക്കുന്നതോടെ നമുക്ക് തക്ബീര്‍ ചൊല്ലിത്തുടങ്ങാം. പള്ളികളിലും വീടുകളിലും അങ്ങാടികളിലും വെച്ച് നമുക്ക് അല്ലാഹുവിനെ മഹത്ത്വപ്പെടുത്താം. അല്ലാഹുവിന്റെ ചിഹ്നത്തെ ഉയര്‍ത്തിപ്പിടിച്ച് നമുക്ക് ഉറക്കെ തക്ബീര്‍ ചൊല്ലാം.
പെരുന്നാള്‍ നമസ്കാരത്തില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം എല്ലാവരും പങ്കെടുത്ത് കൊള്ളട്ടെ. ആര്‍ത്തവക്കാരികള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആ സംഗമത്തിന് സാക്ഷികളാവട്ടെ.
നമുക്ക് പെരുന്നാള്‍ നമസ്കാരത്തിനായി പുറപ്പെടാം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്, പ്രവാചകകല്പന പാലിച്ച് നമുക്ക് പ്രാര്‍ത്ഥനയിലേര്‍പെടാം. നന്മകള് വര്‍ഷിക്കുന്ന, അനുഗ്രഹങ്ങള്‍ ചൊരിയപ്പെടുന്ന, പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുന്ന ആ സുവര്‍ണനിമിഷങ്ങളില്‍ സാന്നിദ്ധ്യമറിയിക്കാം.
Add Comment