Articles

റമദാനു വേണ്ടി ആത്മീയ മുന്നൊരുക്കം

റമദാന്‍ മാസത്തില്‍ ആകെ ചെയ്യേണ്ടത് പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷിക്കാതിരിക്കലാണ് എന്ന ഒരു പൊതുധാരണ പലര്‍ക്കുമുണ്ട്്്. എന്നാല്‍ ഈ പുണ്യമാസത്തില്‍ അതിലുമധികം കാര്യങ്ങളുണ്ട് നമുക്ക് ചെയ്യാന്‍. അഥവാ റമദാനില്‍ അനുഷ്ടിക്കാന്‍ വേണ്ടി കല്‍പ്പിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ? അല്ലാഹു വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുളള പുണ്യങ്ങള്‍ എന്തൊക്കെ? നമുക്ക് മുന്നില്‍ സ്വര്‍ഗ കവാടങ്ങള്‍ എങ്ങനെയാണ് തുറക്കപ്പെടുക? തുടങ്ങി പലതുമുണ്ട് നാം അറിയേണ്ടതായി. വിശുദ്ധ റമദാന്‍ മാസം ആത്മീയ ഉണര്‍വ്വിന് ഏറ്റവും നല്ല അവസരമൊരുക്കുന്നതോടൊപ്പം സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിച്ച് മനുഷ്യനെ കൂടുതല്‍ സദ്‌വൃത്തനാക്കുകയും ചെയ്യുന്നു. ദൈവവുമായുളള ബന്ധം സദൃഢമാക്കാനുളള നിരവധി അവസരങ്ങളാണ് റമദാന്‍ മാസം വിശ്വാസിക്ക് നല്‍കുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളില്‍ നിന്നകന്ന് നില്‍ക്കുന്നതു മാത്രമല്ല റമദാന്‍  വ്രതം. കാരണം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ ആത്മീയ ഉല്‍ക്കര്‍ഷയില്ലങ്കിലും ചെയ്യാന്‍ കഴിയുന്ന കാര്യമാണ്്്്. റമദാന്‍ മാസം സമാഗതമാവുമ്പോള്‍, ആത്മീയ ഉത്തേജനത്തിന് സാധ്യമാകുന്ന ചില നിര്‍ദ്ദേശങ്ങളാണ് ചുവടെ.

റമദാന്‍ മാസത്തെ മനസ്സിലാക്കുക

റമദാനു വേണ്ടിയുളള മുന്നൊരുക്കത്തിന്റെ ആദ്യ പടി റമദാന്‍ മാസത്തെ കുറിച്ച് പഠിക്കുക എന്നതാണ്. റമദാനെക്കുറിച്ചുളള കേവല വായനല്ല റമദാന്‍ പഠനം കൊണ്ടു നമ്മള്‍ ഉദ്ദേശിക്കുന്നത്. മറിച്ച് ഖുര്‍ആനിക കല്‍പ്പനകളുടെയും റമദാനെ സംബന്ധിച്ച്് പ്രതിപാദിച്ചിട്ടുളള പ്രവാചക വചനങ്ങളുടെയും അന്തസ്സത്ത ആഴത്തില്‍ മനസ്സിലാക്കി ജീവിതത്തില്‍ പരിശീലിക്കുക എന്നതാണ്.
ശഅ്ബാന്‍ മാസത്തിലെ അവസാന ദിവസം പ്രവാചക തിരുമേനി(സ) അനുചരന്‍മാരെ വിളിച്ച് പറഞ്ഞു.’ അല്ലയോ ജനങ്ങളേ, ഒരു മഹത്തായ മാസം നിങ്ങള്‍ക്കുമേല്‍ തണല്‍ വിരിച്ചിരിക്കുന്നു. അനുഗ്രഹീത മാസമാണത്. ആയിരം മാസങ്ങളെക്കാള്‍ സ്രേഷ്ടതയുളള ഒരു രാത്രിയുണ്ട് ആ മാസത്തില്‍. വ്രതാനുഷ്ടാനം (അല്ലാഹു) നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ മാസമാണത്. ഈ മാസത്തില്‍ ഇഷ്ടമുളളവര്‍ക്ക് രാത്രി നിന്ന് നമസ്‌കരിക്കാം.
വിശ്വാസികള്‍ക്ക്്് റമദാന്‍ മാസം എത്ര പ്രധ്യാനമുളളതാണന്ന് മനസ്സിലാക്കാന്‍ പ്രവാചകന്‍ (സ) യുടെ റമദാന്‍ മുന്നൊരുക്കങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഈ മാസത്തില്‍ വ്രതമനുഷ്ടിക്കുകയും എന്നാല്‍ ജീവിതം മറ്റു മാസങ്ങളെ പോലെ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു എന്നത് റമദാന്‍ മാസത്തിന്റെ ഉദ്ദേശ്യമല്ല. മറ്റു മാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി റമദാന്‍ മാസത്തിന് എന്ത് പ്രത്യേകതയാണുളളതെന്നും മറ്റുളള മാസങ്ങളേക്കാള്‍ ഇരട്ടിയിരട്ടി പ്രതിഫലം നല്‍കുന്നതെന്തു കൊണ്ടാണന്നും മനസ്സിലാക്കണം.

സല്‍കര്‍മ്മങ്ങളില്‍ മുന്നേറുക
റമദാന്‍ മാസത്തിലെ സല്‍കര്‍മ്മങ്ങളെക്കുറിച്ചും നിഷ്‌കളങ്കമായി ദൈവ പ്രീതി പ്രതീക്ഷിച്ചു കൊണ്ട്്്് കര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും പ്രവാചക വചനങ്ങളില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ റമദാന്‍ മാസത്തിന് മുമ്പേ തന്നെ അത്തരം സല്‍കര്‍മ്മങ്ങള്‍, നമ്മുടെ പതിവു ശീലത്തിന്റെ ഭാഗമാക്കിത്തീര്‍ക്കേണ്ടതുണ്ട്. സല്‍കര്‍മ്മങ്ങളില്‍ ഒരാള്‍ എത്രകണ്ട് വ്യാപൃതനാകുന്നുവോ അത്രകണ്ട് അല്ലാഹു അവനെ നേര്‍മാഗത്തിലേക്ക് നയിക്കും.
റമദാന്‍ മാസത്തില്‍ വിശ്വാസികളുടെ സല്‍കര്‍മ്മങ്ങളിലുളള മുന്നേറ്റം കണ്ട് അല്ലാഹു മലക്കുകളോട് മനുഷ്യരെ കുറിച്ച്്് പുകഴ്ത്തി പറയും. ഈ മാസത്തിലെ അധിക പുണ്യങ്ങള്‍, വിശ്വാസികളുടെ നിഷ്‌കളങ്കതയും ആത്മ വിശ്വാസവും ഇച്ഛാശക്തിയും പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും ദൈവ പ്രീതി നേടാന്‍ കൂടുതല്‍ പ്രാപ്തനാക്കുകയും ചെയ്യും.
വിശ്വാസം സുദൃഢമാക്കാനുളള സുവര്‍ണ്ണാവസരം
തൗഹീദ് (ഏകദൈവ വിശ്വാസം) ഊട്ടിയുറപ്പിക്കാന്‍ റമദാന്‍ മാസത്തെ ഒരു നല്ല അവസരമായി പ്രവാചകന്‍ കണ്ടിരുന്നു. മാസമോ, ചന്ദ്രനോ, നിര്‍ബന്ധ വ്രതമോ, വിശുദ്ധ ഖുര്‍ആനോ എന്തുമാകട്ടെ, അവയെയൊക്കെയും അല്ലാഹുവിന്റെ ഏകത്വവുമായി റസൂല്‍ (സ) ബന്ധിപ്പിച്ചിരുന്നു. ഏകനായ അല്ലാഹുവാണ് അവയൊക്കെയും സൃഷ്ടിച്ചതെന്ന് നബി അനുചരന്‍മാരെ ഓര്‍മ്മിപ്പിക്കും. ചന്ദ്രനെ കാണുമ്പോള്‍ പ്രവാചകന്‍ പറയുമായിരുന്നു : അല്ലാഹുവേ ഇത് വഴി ഞങ്ങളുടെ മേല്‍ സമൃദ്ധിയും സുരക്ഷിതത്ത്വവും ചൊരിയേണമേ (എന്നിട്ട് ചന്ദ്രനെ നോക്കിപ്പറയും) എന്റെയും നിന്റെയും രക്ഷിതാവ് ഏകനായ അല്ലാഹുവാണ്.

പ്രവാചകതിരുമേനിയുടെ ഉദാരത മാതൃകയാക്കുക.
‘ ജനങ്ങളില്‍ ഏറ്റവും ഉദാരന്‍ പ്രവാചകനായിരുന്നു. റമദാന്‍ മാസത്തില്‍ റസൂല്‍ (സ) യുടെ ഉദാരത ഉന്നതിയിലെത്തിയിരുന്നു. പ്രവാചകന്റെ ഔദാര്യം അടിച്ചു വീശുന്ന കാറ്റു പോലെയായിരുന്നു.’ (ബുഖാരി).
സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് റമദാന്‍ മാസം. പ്രവാചകനെ മാതൃകയാക്കി വിശ്വാസികള്‍ ഈ മാസത്തെ ഉപയോഗപ്പെടുത്തണം. ദാന ധര്‍മ്മങ്ങള്‍, മനുഷ്യന്റെ തെറ്റുകളെ കഴുകിക്കളയുകയും ഹൃദയത്തിലെ അഹങ്കാരത്തിന്റെ തോത് കുറച്ച് കൊണ്ട് വരികയും ചെയ്യും. റമദാന്‍ ആഗതമാവുന്നതിന് മുമ്പ് തന്നെ ദാന ധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത,് റമദാനില്‍ അങ്ങനെ ചെയ്യുന്നത് എളുപ്പമാക്കുകയും കൂടുതല്‍ മുന്നേറുന്നതിന് ഇടയാക്കുകയും ചെയ്യും.

പശ്ചാത്താപിക്കാന്‍ അല്‍പസമയം
ആത്മീയ മുന്നൊരുക്കത്തിന് പരിശുദ്ധ റമദാന്‍ മാസത്തേക്കാള്‍ നന്നായി മറ്റൊന്നുമില്ല. സ്വര്‍ഗ്ഗ കവാടങ്ങള്‍ സല്‍കര്‍മ്മികള്‍ക്കായി തുറക്കപ്പെടുന്ന സന്ദര്‍ഭത്തില്‍, ഹൃദയത്തെ ശുദ്ധീകരിച്ചവര്‍ക്കായിരിക്കും ദൈവാനുഗ്രഹങ്ങള്‍ അധികമായി വര്‍ഷിക്കപ്പെടുക.
റമദാന്‍ വരുന്നതിന് മുമ്പു തന്നെ, പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി ഹൃദത്തെ ശുദ്ധീകരിച്ചവന് പരിശുദ്ധ റമദാനെ കൂടുതല്‍ അര്‍ത്ഥവത്തായി ഉപയോഗപ്പെടുത്തുവാന്‍ കഴിയും. പശ്ചാത്താപത്തിനുളള അവസരവും അതിന്റെ ഫലവും മറ്റു മാസങ്ങളേക്കാള്‍  സ്രേഷ്ടവുമാണെന്നിരിക്കെ വിശേഷിച്ചും.
ദിവസവും അല്ലാഹുവിനോട് പൊറുക്കലിനെ തേടല്‍, വിശ്വാസികളുടെ ജീവിതത്തില്‍ അല്ലാഹുവിന് എത്രമാത്രം സ്ഥാനമുണ്ടെന്നതിനും, അവന് മുമ്പില്‍ മനുഷ്യന്‍ എത്ര നിസ്സാരനാണെന്നതിനും തെളിവാണ്.
‘വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനില്‍ നിന്ന് നമസ്‌കരിക്കുന്നവര്‍ക്ക് അല്ലാഹു മുഴുവന്‍ പാപങ്ങളും പൊറുത്തു കൊടുക്കും’

ഖുര്‍ആന്‍ പാരായണം
ഖുര്‍ആന്‍ പാരായണം നമ്മെ സ്വന്തത്തിലേക്ക് തിരിയാനും ദൈവം നമ്മെ ഭൂമിയലേക്കയച്ചതിന്റെ ലക്ഷ്യം മനസ്സിലാക്കാനും സഹായിക്കും. കുറഞ്ഞത് ഒരു പേജെങ്കിലും നിത്യേന ഓതാന്‍ ശീലിക്കണം. റമദാന്‍ മാസമാകുമ്പോള്‍ കൂടുതല്‍ സമയം ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി നീക്കി വെക്കാന്‍ അതുവഴി നമുക്ക്്്് കഴിയും.
പ്രവാചക ശിഷ്യന്‍ സൈദുബ്‌നു സാബിത് പറയുന്നു :അത്താഴം കഴിച്ച് നബിയോടൊപ്പം ഞങ്ങള്‍ സുബ്ഹ് നമസ്‌കാരത്തിന് അണി നിരന്നു. ഞാന്‍ പ്രവാചകനോട് ചോദിച്ചു .’അത്താഴത്തിനും നമസ്‌കാരത്തിനുമിടക്ക് എത്ര സമയമുണ്ട്.?’. തിരുമേനി പറഞ്ഞു.’ അന്‍പതു മുതല്‍ അറുപത്് ആയത്തുകള്‍ ഓതാന്‍ കഴിയുന്ന സമയം ‘ കുറഞ്ഞ സമയത്തിനുളളില്‍ തന്നെ 50-60 ആയത്തുകള്‍ പാരായണം ചെയ്യാന്‍ കഴിയുമെങ്കില്‍ നമുക്ക് കൂടുതല്‍ സമയമുണ്ട് ഖുര്‍ആന്‍ പാരായണത്തിന്. വിശ്വാസിക്ക് ആത്മീയ ആനന്ദം പകരുന്ന മാസമാണ് റമദാന്‍. ഈ മാസത്തിന് വേണ്ടി മുന്നൊരുക്കം നടത്തുകയെന്നത് ഏതൊരു വിശ്വാസിയുടെയും കടമയാണ്. അതിന് വേണ്ടി വരുന്ന പരിശ്രമം വളരെ ചെറുതാണ്. എന്നാല്‍ അതുവഴി ലഭിക്കുന്ന പാരത്രിക നേട്ടങ്ങള്‍ വളരെ വലുതാണ്.

മര്‍യ സൈന്‍