മുസ് ലി സമൂഹം പരിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ പ്രവാചകന് (സ) നടത്തിയ ഒരുക്കങ്ങളും നമ്മുടെ തയ്യാറെടുപ്പുകളും തമ്മില്‍ വലിയ അന്തരമുണ്ട്. അനുഗ്രഹീത റമദാന് മാസം ലഭിക്കാനുളള ഭാഗ്യത്തിനു വേണ്ടി ആറുമാസത്തിനു മുമ്പ് തന്നെ ഈ മാസത്തിലേക്കെത്തിക്കാന് പ്രാര്‍ത്ഥിച്ചിരുന്നു സലഫുകള്‍. റമദാന് ആഗതമായാല്‍ അവര്‍ ഇബാദത്തുകളില്‍ മുഴുകും. റമദാനില്‍ തങ്ങള്‍ നിര്‍വഹിച്ച ഇബാദത്തുകള്‍ സ്വീകരിക്കണമേയെന്ന പ്രാര്‍ത്ഥനയിലായിരിക്കും അടുത്ത ആറു മാസം അവര്‍.
ഇന്ന് നമ്മള് റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത് കാണുമ്പോള്‍, റമദാന്റെ പേരില്‍ നമ്മള് വാങ്ങിക്കൂട്ടുന്ന ഭക്ഷണ സാധനങ്ങള്‍ കാണുമ്പോള്‍, നമ്മള് വരവേല്ക്കാനൊരുങ്ങത് ഒരു ക്ഷാമ കാലഘട്ടത്തെയാണോയെന്ന് എനിക്ക് തോന്നിപോകുന്നുണ്ട്. വ്രതത്തിന്റെയും ഭക്തിയുടെയും മാസത്തെയാണ് നാം സ്വീകരിക്കാനൊരുങ്ങുന്നതെന്ന്് നമ്മുടെ ഒരുക്കം കണ്ടാല്‍ തോന്നുകയില്ല.
അധിക മുസ്്ലിം രാജ്യങ്ങളിലും റമദാനിലെ ജോലി സമയം ഔദ്യോഗികമായി നിജപ്പെടുത്തിയിട്ടുണ്ടങ്കിലും, ഇവിടെങ്ങളിലെ ഉദ്യോഗസ്ഥരും ജോലിക്കാരും ഈ സമയം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് സംശയമാണ്. അവര്‍ വിശ്രമത്തിനും ഉറക്കത്തിനുമാണ് അധിക സമയവും നീക്കി വെക്കുന്നത്. റമദാന് മാസത്തില്‍ ജനങ്ങളിലെ ഈ നിഷ്ക്രിയത രാജ്യത്തിന്റെ പൊതു ഉല്‍പ്പാദന മേഖലയെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത. അവരുടെ നിഷ്ക്രിയത്തത്തെ കുറിച്ച് ചോദിച്ചാല്‍ ‘ഞങ്ങള്‍ നോമ്പുകാരാണ്’ എന്നാണവരുടെ മറുപടി. ഇത് കേട്ടാല്‍ തോന്നും, നോമ്പിന്റെ യഥാര്‍ത്ത ഉദ്ദേശ്യം പണിയെടുക്കാതെ അലസമായിരിക്കലാണെന്ന്. ആളുകളുടെ നിഷ്ക്രിയതക്ക് നോമ്പ് ഒരിക്കലും കുറ്റക്കാരനല്ല. നമ്മുടെ പൂര്‍വ്വികര്‍ റമദാനിലായിരുന്നു കൂടുതല്‍ ഉന്മേഷത്തോടെ ജോലി ചെയ്തിരുന്നത്. ഈ മാസത്തിലാണ് അവരുടെ ആരോഗ്യവും സമ്പത്തും ദീനിന്റെ മാര്‍ഗത്തില്‍ അവര്‍ അധികമധികം ചെലവഴിച്ചത്. അവരുടെ ക്രിയാത്മകത ഏറ്റവും സജീവമായത് റമദാനിലായിരുന്നു. ബദ്റും, മക്കാ വിജയവും, ഐനു ജാലൂത്തും, അന്തലുസ് വിജയവുമെല്ലാം റമദാനിലായിരുന്നു. വ്രതത്തിന്റെ ഭൗതികമായ പ്രയോജനങ്ങള്‍ ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചതാണ്. നമ്മളില്‍ ചിലര്‍ ഈ മാസത്തില്‍ ഇത്രയധികം അലസരാവുന്നത് എന്ത് കൊണ്ടാണന്ന് എനിക്ക് മനസ്സിലാകുന്നില്ല.
റമദാനിലെ രാവുകളില്‍, മുസ്്ലിം ലോകത്തെ ഏത് പട്ടണത്തിലൂടെ നടന്നാലും, രാത്രിയെ പകലാക്കി പണിയെടുക്കുന്ന മുസ്്ലിം സമൂഹങ്ങത്തെ കാണാം. ഈ പട്ടണങ്ങള്‍ വര്‍ണ്ണ ദീപങ്ങള്‍ തെളിയിച്ച് ഉറക്കമിളക്കുകയാണ്. തെരുവുകളില്‍ നിറയെ സ്ത്രീ പുരുഷന്മാര്, ഹിജാബ് ധരിച്ചവരും അല്ലാത്തവരുമായി എത്രയെത്ര സ്ത്രീകള്‍. സംഗീതങ്ങളിലും മറ്റ് വിനോദങ്ങളിലും യഥേഷ്ഠം ഏര്‍പ്പെടുന്നതില്‍, ഈ റമദാനിലും, അവര്‍ക്ക് മടിയൊന്നുമില്ല. അവിടങ്ങളില്‍ തിന്മകള് പ്രത്യക്ഷമായും പരോക്ഷമായും നടമാടിക്കൊണ്ടിരിക്കുന്നു. ഇവിടെ വ്രതത്തിന്റെ മര്യാദകള്‍ പാലിക്കുന്ന വിശ്വാസികളെവിടെ? കാലില്‍ നീരു വന്ന് നമസ്കരിക്കുന്നവരെവിടെ? വിശ്വാസികളുടെ കണ്‍കുളിര്‍മയാണ് ഈ മാസം. ഇതിലെ ദിനരാത്രങ്ങള്‍ കാലങ്ങളുടെ നെറുകയിലെ കിരീടം പോലെയാണ്. വിശ്വാസികള്‍ക്ക് നന്മകളുടെ കൊയ്ത്തു കാലമാണത്.
മുസ്്ലിംകളില്‍ വലിയ വിഭാഗവും നോമ്പിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ്. അവര്‍ കരുതിയിരിക്കുന്നത്, അല്ലാഹു അവര്‍ക്ക് അനുവദനീയമാക്കിയിരിക്കുന്ന ഭക്ഷണ പാനീയങ്ങളും ലൈംഗികതയും ഉപേക്ഷിക്കണമെന്ന് മാത്രമാണ്. എന്നാല്‍ വിലക്കിയ പലതും ലംഘിക്കുകയാണവര്. പകലില്‍ ഭക്ഷണപാനീയങ്ങളെല്ലാം ഉപേക്ഷിച്ചിട്ട്, രാത്രി കാലങ്ങളില്‍ തന്നിഷ്ടം നടക്കുന്നവര്‍ക്ക് എങ്ങിനെയാണ് അല്ലാഹുവിന്റെ പ്രതിഫലം ഉറപ്പിക്കാന്‍ കഴിയുക? ഇന്റെര്‍ നെറ്റിന്റെയും ടി വിയുടെയും മുന്നിലിരുന്ന് സമയം പോക്കുന്നവര്‍ക്ക്, തറാവീഹ് നമസ്കാരത്തിനും മറ്റ് ഇബാദത്തുകള്‍ക്കും പങ്കെടുക്കാന്‍, പനിയും തലവേദനയും തടസ്സമാകുന്നു.
ഹസനുബ്നു സ്വലാഹില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു സംഭവമുണ്ട്. ഇബാദത്തുകള്‍ക്കായി വളരെയേറെ സമയം ചിലവഴിച്ചിരുന്ന അദ്ദേഹം അങ്ങേയറ്റം ഭൗതിക വിരക്തനായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ഒരു ഭൃത്യയെ ചില ആളുകള്‍ക്ക് വിറ്റു. പാതിരയായപ്പോള്‍ ആ ഭൃത്യ പുതിയ യജമാനന്റെ വീട്ടുകാരെ വിളിച്ചുണര്‍ത്തി ‘നമസ്കാരത്തിനു സമയമായി’ എന്ന് വിളിച്ച ് പറഞ്ഞു. വീട്ടുകാര്‍ എഴുന്നേറ്റ് ചോദിച്ചു. ‘സുബഹ് നമസ്കാരത്തിനു സമയമായോ?’. അവള് അവളോടു ചോദിച്ചു. ‘നിര്‍ബന്ധ നമസ്കാരം മാത്രം നമസ്കരിക്കുന്നവരാണോ നിങ്ങള്‍?’. തഹജ്ജുദ് നമസ്കാരം ശീലമാക്കിയ ഹസനുബ്നു സ്വലാഹിന്റെ ഭൃത്യക്ക് രാത്രി എഴുന്നേറ്റ് നമസ്കരിക്കാത്ത പുതിയ യജമാനനെ ഉള്കൊള്ളാനുകുമായിരുന്നില്ല. നേരം വെളുത്തപ്പോള്‍ ഹസനുബനു സ്വലാഹിന്റെ അടുക്കലേക്ക് തന്നെ തിരിച്ചു വന്ന അവള് അദ്ദേഹത്തോട് ചോദിച്ചു ‘നിര്‍ബന്ധ നമസ്കാരവും നോമ്പും മാത്രം നിര്‍വഹിക്കുന്ന ആളുകള്ക്കാണോ അങ്ങന്നെ വിറ്റത്? അവരെന്നെ ഉപേക്ഷിച്ചു, ഞാനവരെയും ഉപേക്ഷിച്ചു’.
ഹസനുബ്നു സലാഹിനെ പോലെ രാത്രി കാലങ്ങളില്‍ എഴുന്നേറ്റ് തഹജ്ജുദ് നമസ്കാരം ശീലമാക്കിയവര്‍, അവരെയാണ് നാം മാതൃകയാക്കേണ്ടത്.
ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിലേക്ക് തിരിയാന്‍ ഇനിയും നമുക്ക് സമയമായില്ലേ ?
‘വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെപ്പറ്റിയുളള സ്മരണയിലേക്കും , അവതരിച്ച് കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കാനും സമയമായില്ലേ?’ ( സൂറ : അല്‍ ഹദീദ് : 16)
ബാരിഖ് സയ്ഫ്
Add Comment