Articles

കാരുണ്യവര്‍ഷം ചൊരിയുന്ന റമദാന്‍

കാരുണ്യവുമായി ബന്ധപ്പെട്ട ഏത് സംസാരവും ആരംഭിക്കേണ്ടത് സര്‍വലോക രക്ഷിതാവിന്റെ കാരുണ്യത്തില്‍ നിന്നാണ്. അതിവിടെ ഈ മാസത്തില്‍ മുഴുവനും വര്‍ഷിക്കുകയും ഈ മാസത്തെ മുഴുവനായും  പൊതിഞ്ഞിരിക്കുകയുമാണ്. റമദാനിന്റെ ശ്രേഷ്ഠതകളെ കുറിച്ച് പറയുമ്പോള്‍ പൂര്‍വികര്‍ പറഞ്ഞു പോന്ന കാര്യങ്ങളേ നമുക്കും പറയാനുള്ളൂ. സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുന്ന മാസം. നരക വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കളെ ചങ്ങലക്കിടുകയും ചെയ്യുന്ന മാസം. നരക മോചനം ഈ മാസം അല്ലാഹു വാഗ്ദാനം ചെയ്തതാണ്. ഈ മാസത്തിലെ ലൈലത്തുല്‍ ഖദര്‍, നോമ്പ് അല്ലാഹുവിന് പ്രത്യേകമാക്കി അവന്‍ നേരിട്ട് പ്രതിഫലം നല്‍കുന്ന ഇബാദത്താക്കി. ഇതെല്ലാം അല്ലാഹുവിന്റെ വിശാലമായ കാരുണ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ മാസത്തിന് അലങ്കാരമാകുന്ന വിശേഷണങ്ങളും പ്രത്യേകതകളുമാണ് ഇവയൊക്കെയും.

എന്നാല്‍ അതിനുമപ്പുറം തന്റെ അടിയാറുകള്‍ക്കുള്ള രക്ഷിതാവിന്റെ അപാരമായ കാരുണ്യമാണ് ഇവയിലൂടെയൊക്കെയും നമുക്ക് ലഭിക്കുന്നത്. സ്രഷ്ടാവിന്റെ ഭാഗത്തുനിന്ന് സൃഷ്ടിയിലേക്ക് വര്‍ഷിക്കപ്പെടുന്ന കാരുണ്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ മനുഷ്യന്‍ അശക്തനാണ്. അവന്റെ കാരുണ്യത്തിന്റെ യഥാര്‍ത്ഥ രഹസ്യം കണ്ടുപിടിക്കുന്നതിലും മനുഷ്യന്‍ പരാജയമാണ്.

ഈ മാസത്തില്‍ മുഴുവന്‍ മഹത്തായ പ്രതിഫലങ്ങളാണ് വിശ്വാസികളെ കാത്തിരിക്കുന്നത്. നോമ്പ്, നമസ്‌കാരം, ഖുര്‍ആന്‍ പരായണം, ഫിത്വര്‍സകാത്, ദാന ധര്‍മങ്ങള്‍, തൗബ, പാപമോചനം, നോമ്പുതുറപ്പിക്കല്‍, തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ തുടങ്ങി എല്ലാത്തിനുമുണ്ട് അളവറ്റ പ്രതിഫലങ്ങള്‍.
റമദാനിലെ കാരുണ്യം വര്‍ഷിക്കപ്പെടാന്‍ രണ്ട് ഉപാധികളാണുള്ളത്. ഒന്ന്,സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുക. രണ്ട്, നിരോധിക്കപ്പെട്ടവയില്‍ നിന്ന് അകന്ന് നില്‍ക്കുക.
ശ്രദ്ധേയമായ ഒരു കാര്യം, ഈ മാസത്തില്‍ നോമ്പുകാരന് ഇവയെല്ലാം അനുഷ്ഠിക്കുന്നതിന് ഒരു പ്രയാസവും തോന്നുന്നില്ല എന്നതാണ്. വിശ്വാസികള്‍ പള്ളിയില്‍ വന്നാണ് ഫര്‍ദ് നമസ്‌കാരങ്ങളും സുന്നത്ത് നമസ്‌ക്കാരങ്ങളും നിര്‍വഹിക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമയം ചെലവഴിക്കാനും ഇബാദത്തുകളില്‍ ഏര്‍പ്പെടാനും വിശ്വാസികള്‍ക്ക് മടിയേതുമില്ല. അല്ലാഹു അവന്റെ അടിയാറുകളുടെ ഹൃദയങ്ങളില്‍ ഈ മാസത്തില്‍ നട്ടുവളര്‍ത്തിയ അപാരമായ  ഈ ഔത്സുക്യം തന്നെയാണ് വിശ്വാസികള്‍ക്ക് ലഭിച്ച് എറ്റവും വലിയ കാരുണ്യം.
ധാരാളം ഇബാദത്തുകള്‍ ചെയ്യാന്‍ വിശ്വാസിക്ക് ഈ മാസത്തില്‍ മടിയില്ല. തിന്മകളോട് താല്‍പര്യമോ അടുപ്പമോ അവന് തോന്നുകയില്ല. തികഞ്ഞ സംതൃപ്തിയോടെയും ഇഷ്ടത്തോടെയുമാണ് അവന്‍ ആരാധനകള്‍ അനുഷ്ഠിക്കുന്നത്. അവനില്‍ ഉള്‍ച്ചേര്‍ന്ന നന്മയോടുള്ള ഈ ആഭിമുഖ്യം അവന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുക്കുന്നതോ വളര്‍ത്തിയെടുക്കുന്നതോ അല്ല. മറിച്ച് അവന്റെ രക്ഷിതാവിന്റെ അപാരമായ ഔദാര്യത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹമാണിത്. രക്ഷിതാവ് പറയുന്നത് കാണുക: ‘അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ(സൂറത്തു നൂര്‍: 21).
അല്ലാഹു  പ്രവാചകന്‍മാരെ തെരഞ്ഞെടുത്തതിലും ഈ കാരുണ്യം ദര്‍ശിക്കാവുന്നതാണ്. പ്രവാചകത്വം ലഭിച്ചത് അവര്‍ക്കുള്ള കാരുണ്യമായിരുന്നു. പ്രവാചകന്മാരുടെ ഇഷ്ടത്തിനനുസരിച്ചല്ല അല്ലാഹു അവരെ ഖിലാഫത്ത് എന്ന ദൗത്യത്തിന് തെരഞ്ഞെടുത്തത്. എങ്കിലും അവര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം താല്‍പര്യത്തോടെ ഏറ്റെടുക്കുകയും അത് വളരെ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു .
അടിയുറച്ച വിശ്വാസം കൊണ്ട് ചില അടിമകളെ അല്ലാഹു സവിശേഷരാക്കിയിട്ടുണ്ട്. അവര്‍ സ്വയം തങ്ങളെ തിരഞ്ഞെടുത്തതല്ല. മറിച്ച് അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ലഭിച്ച കാരുണ്യമാണ്. അവന്‍ പറയുന്നു: ‘അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കി തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍’ (സൂറത്തു ഹുജ്‌റാത്ത്: 7).
ചില അടിമകളെ അവരുടെ നോമ്പുകൊണ്ട് അല്ലാഹു വിശിഷ്ഠരാക്കിയിട്ടുണ്ട്. അവരെ അല്ലാഹു സഹായിക്കുകയും അവര്‍ക്ക് വ്രതം എളുപ്പമാക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ക്ഷീണത്തിനും പ്രയാസത്തിനും പകരമായി അല്ലാഹു ശക്തിയും പ്രതീക്ഷയും നല്‍കിയിരിക്കുകയാണ്. ഒരു സമ്മര്‍ദവുമില്ലാതെയാണ് അവന്‍ ദൈവ സാമീപ്യം നേടുന്നത്. അല്ലാഹുവിനോടുള്ള നോമ്പുകാരന്റെ സ്‌നേഹം അവന്റെ ധമനികളിലൂടെ ഒഴുകുന്ന രക്തം പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. റമദാനില്‍ ശരീരത്തിന്റെ പ്രകൃതം അങ്ങനെയാണ്.
ഇനിയും നമുക്ക് മനസ്സിലാകാത്തതും വിശദീകരിക്കാന്‍ കഴിയാത്തതുമായ റമദാനിലെ കാരുണ്യമാണ് ഇതൊക്കെയും. റമദാനില്‍ അടിമകളെ സ്വയം അവരുടെ ഇച്ഛക്ക് അനുസൃതമായി വിട്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ ? നമ്മുടെ പള്ളികള്‍ വിശ്വാസികളാല്‍ നിറയുമായിരുന്നോ? ജനങ്ങള്‍ക്കിടയില്‍ പരസ്പരം സ്‌നേഹ ബന്ധങ്ങള്‍ ഉണ്ടാകുമായിരുന്നോ? പാവപ്പെട്ടവരെ സഹായിക്കുമായിരുന്നോ?
ഇല്ല, തിന്മകളും മ്ലേശ്ചതകളും നിറച്ച് വിധി പുസ്തകത്തെ കറുപ്പിച്ചു കളഞ്ഞ സമൂഹമായി മാറിയേനെ നാം. അല്ലാഹുവിന് ഇബാദത്തെടുക്കുക എന്നത് നമുക്ക് തൃപ്തിയില്ലാത്ത കാര്യമായി മാറിയേനെ. നോമ്പും നമസ്‌ക്കാരവും സക്കാത്തും ക്ലേശകരമായ കര്‍മങ്ങളായി മാറിയേനെ നമുക്ക്. ഇതാണ് അല്ലാഹു നമ്മില്‍ ചൊരിയുന്ന കാരുണ്യം. എത്ര മഹത്തരമാണ് അവന്‍ നമ്മില്‍ നറച്ച കാരുണ്യം! ആ കാരുണ്യം കൊണ്ടല്ലോ നമ്മുടെ റമദാന്‍ പ്രകാശപൂരിതമാകുന്നത്.

ഡോ: ലുത്ഫുല്ലാഹിബ്‌നു മുല്ലാ അബ്ദുല്‍അദീം