Articles

വ്രതം: തിന്മകള്‍ക്കൊരു പരിച

മാറ്റത്തെക്കുറിച്ചും സംസ്‌കരണത്തെക്കുറിച്ചുമുളള ഏതു ചര്‍ച്ചയും ആരംഭിക്കേണ്ടത് സ്വന്തത്തില്‍ നിന്നാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘ഏതൊരു ജനതയും അവരുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് മാറ്റം വരുത്തുകയില്ല.'(റഅദ് : 11). ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക മനുഷ്യന്‍, അവന് ചുറ്റുമുളള സകലതിനെയും അവന്റെ അധീനതയിലാക്കിയിട്ടുണ്ട്. ഒരു ബട്ടണമര്‍ത്തിയാല്‍ തന്റെ വീടും കാറും ടിവിയും ഇന്റെര്‍നെറ്റും എന്നു വേണ്ട എല്ലാം കൈപിടിയിലാക്കാന്‍ കഴിവുള്ള ആധുനിക മനുഷ്യന്‍, എന്നാല്‍ തന്റെ ഇചഛകളെ നിയന്ത്രിക്കുന്നതില്‍ പൂര്‍ണ്ണ പരാജിതനാണ്. കോപം നിയന്ത്രിക്കാന്‍ കഴിയാതെ അട്ടഹസിക്കുന്ന മനുഷ്യന്‍ ഇന്നിന്റെ പ്രതീകമായി മാറിയിരിക്കുന്നു. വ്രതം ഒരാളുടെ ഇത്തരം ന്യൂനതകളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവര്‍ത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു.’ (യൂസുഫ് 53).

സുഫ്‌യാനു സൗരി പറഞ്ഞു: ‘എന്റെ ആത്മാവിനെ ചികിത്സിച്ചതോളം പ്രയാസമായിരുന്നില്ല, എനിക്ക് മറ്റൊന്നും”നിന്റെ ഇച്ഛയെ കടിഞ്ഞാണിടലാണ് നിന്റെ വാഹനത്തെ(മൃഗത്തെ) കടിഞ്ഞാണിടുന്നതിനേക്കാള്‍ നിന്റെ ആവശ്യമെന്ന്ഹസന്‍ അല്‍ ബസ്വരി.

വ്രതം നോമ്പുകാരനെ സ്വന്തത്തിനു മേല്‍ നിയന്ത്രണമുണ്ടാക്കാന്‍ പരിശീലിപ്പിക്കുന്നു. അങ്ങനെ ദൈവസഹായത്താല്‍ തന്റെ ഇച്ഛകള്‍ക്ക് കടിഞ്ഞാണിടാന്‍ അപ്പോള്‍ അവന് കഴിയുന്നു. അക്രമവും, താന്തോന്നിത്തവും, വ്യഭിചാരവും, ലഹരി ഉപയോഗവും ഉപേക്ഷിക്കുന്നത് ആത്മനിയന്ത്രണമല്ല. അനുവദനീയമായത് തന്നെ നാഥന് വേണ്ടി വിലക്കുന്നതാണ് ആത്മനിയന്ത്രണം. സ്വയം സംസ്‌കൃതനാവുകയെന്ന മനുഷ്യ പ്രകൃതിയെ നിലനിര്‍ത്താന്‍ വേണ്ടി കൂടിയാണ് വ്രതം. സംശുദ്ധമായ ആത്മാക്കള്‍ക്ക് അല്ലാഹുവിന്റെ കല്‍പ്പന മൂലം അനുവദനീയമായ കാര്യങ്ങളില്‍ നിന്ന് സ്വയം വിലക്കാന്‍ കഴിയാറുണ്ട്. എന്നാല്‍ വൃതത്തിന്റെ പ്രധാന ലക്ഷ്യം, ആത്മീയവും, ഭൗതികവും, ശാരീരികവും സ്വഭാവപരവുമായ വൈകല്യങ്ങളെ ചികിത്സിക്കുകയാണ്.

ആത്മീയ പരിപോഷണം
നോമ്പ്, അടിമയും അല്ലാഹുവുംതമ്മിലെ ഒരു സ്വകാര്യ ഇടപാടാണ്. അവന്റെ ബാഹ്യ ചേഷ്ടകളേക്കാള്‍ നോമ്പിന്റെ ആന്തരിക വശങ്ങള്‍ ഏറ്റവും നന്നായി അറിയുന്നത് അല്ലാഹുവാണ്. നമസ്‌കാരത്തിലും അല്ലാതെയുമുളള ഖുര്‍ആന്‍ പാരായണം, നന്‍മകള്‍ വര്‍ദ്ധിപ്പിക്കല്‍, നിര്‍ബന്ധ കാര്യങ്ങള്‍ക്ക് ഇരുപത് ഇരട്ടി പ്രതിഫലം, പ്രാര്‍ത്ഥനകള്‍, ഖുനൂത്ത്, മാലാഖമാരുടെ സാമീപ്യം, ഇവയെല്ലാം ആത്മാവിനെ ആലസ്സ്യത്തില്‍ നിന്നും അതിനെ ബാധിക്കുന്ന മറ്റു രോഗങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതാണ്. ഇവയെല്ലാം പ്രശാന്തമായ മനസ്സിന്റെ താക്കോലുകളാണ്.
‘അതായത് വിശ്വസിക്കുകയും, അല്ലാഹുവെപ്പറ്റിയുളള ഓര്‍മ്മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ ശ്രദ്ധിക്കുക, അല്ലാഹവെപറ്റിയുളള ഓര്‍മ്മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.’ (റഅദ് 28)

സ്വഭാവ രൂപീകരണം
മനുഷ്യനിലെ നാല് വികാരങ്ങള്‍ ഈ ഭൂമിയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാല്‍ വിശപ്പ്, ലൈംഗികത, കോപം ഇവയുടെ അനിയന്ത്രിതമായ ഉപയോഗം മനുഷ്യനെത്തന്നെയും അവന്റെ കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കാന്‍ പോന്നതാണ്. ഈ ഇച്ഛകളെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്ന നോമ്പ് സ്വഭാവ ശിക്ഷണത്തിന് ഏറ്റവും പ്രയോജനപ്രദമാണ്.
പ്രഭാതം മുതല്‍ പ്രദോഷം വരെയുളള നോമ്പ് അവന്റെ പതിവ് ധൂര്‍ത്തില്‍ നിന്ന് അവനെ തടയുന്നു. മനുഷ്യന്റെ ഉല്‍കൃഷ്ട സ്വഭാവങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം വികാരങ്ങളെ തടയാനുളള പരിചയാണ് റമദാന്‍.

കോപം മനുഷ്യനെ അധമനാക്കുന്നു. സുഹൃത്തുകളെ ഇല്ലാതാക്കാനും കുടുംബ ബന്ധം വിഛേദിക്കപ്പെടാനും അത് കാരണമാക്കുന്നു. വൃതം ആലസ്യത്തില്‍ നിന്ന് സജീവതയിലേക്ക് മനുഷ്യനെ നയിക്കുന്നു. ‘അമിത ഭക്ഷണം ബുദ്ധി കുറക്കുന്നു’  എന്ന്് നബി (സ) പറഞ്ഞത് അതുകൊണ്ടാണ്. അധികം കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കാന്‍ തലച്ചോറില്‍ നിന്ന് കൂടുതല്‍ രക്തം ആവശ്യമായി വരുന്നു. അമിത ഭക്ഷണം ബുദ്ധി മന്ദീഭവിപ്പിക്കുകയും ഉറക്കം വരുത്തുകയും ചെയ്യുന്നു. പഠനഗവേഷണത്തില്‍ നിന്നും അത് മനുഷ്യനെ തടയുന്നു. ഉയര്‍ന്ന നാഗരികത, ഉയര്‍ന്ന ചിന്താഗതി കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. വിുശുദ്ധ ഖുര്‍ആനിലെ 805 സൂക്തങ്ങള്‍ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. 214 ആയത്തുകള്‍ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നവയാണ്. 50 ആയത്തുകള്‍ ചോദ്യങ്ങള്‍ ചോദിക്കാനും ആഴത്തില്‍ അവഗാഹം നേടാനും പ്രോത്സാഹിപ്പിക്കുന്നവയാണ്.

വ്രതം ബുദ്ധിയുടെ പരിപോഷണത്തിന് ആവശ്യമായ ഘടകമാണ്. ഒഴിഞ്ഞ വയറും ശരീരവും പുതിയ ചിന്തകളെ ഉണര്‍ത്തുകയും നവീനമായ ആശയങ്ങളെ ജനിപ്പിക്കുകയും ചെയ്യും.

വ്രതം ആരോഗ്യത്തിന്
അനിയന്ത്രിതമായ ഭക്ഷണക്രമവും അമിതമായ തീറ്റയും മാരകമായ രോഗങ്ങളിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. രക്ത സമ്മര്‍ദ്ധം, അര്‍ബുദം, പ്രമേഹം, അള്‍സര്‍, ആര്‍ത്രെറ്റിസ് തുടങ്ങിയ രോഗങ്ങള്‍ അനിയന്ത്രിത ഭക്ഷണത്തിന്റെ ഫലമായാണ് ഉണ്ടാകുന്നത്. അനിയന്ത്രിതമായ ലൈംഗികാഭിനിവേശവും വഴിവിട്ട ലൈംഗിക ജീവിതവുമാണ് എയിഡ്‌സ് പോലുളള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. അനിയന്ത്രിതമായ കോപം ഞരമ്പുകളുടെ സമ്മര്‍ദ്ധത്തിനും അതുവഴി മറ്റു അസുഖങ്ങള്‍ക്കും കാരണമായേക്കാം.
രോഗങ്ങള്‍ വരുന്നതിന് മുമ്പ് തന്നെയുളള മുന്‍കരുതല്‍ കൂടിയാണ് വൃതം. ഒരു സ്രേഷ്ടനായ മനുഷ്യനെ നിന്ദ്യനും നീചനുമാക്കുന്ന മാനസികമായ രോഗങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നുമുളള ചികിത്സയാണ് വൃതം.
മനുഷ്യ പ്രകൃതിയില്‍ അന്തര്‍ലീനമായ സ്വയം ശുദ്ധീകരണ സ്വഭാവത്തെ പുനരുജ്ജീവിപ്പിക്കുവാനുള്ള ഒരു നല്ല ഉപകരണം കൂടിയാണ് റമദാന്‍. പുകവലിയുടെയും, അമിത ഭോജനത്തിന്റെയും ശീലങ്ങളെ ഉറച്ച ഇച്ഛാശക്തിയോടെ മറികടക്കാന്‍ കഴിയട്ടെ നമുക്ക് ഈ റമദാനിലൂടെ .
‘നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക്  നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാണ്’ (അന്‍കബൂത്ത് 69)