Articles

മനസ്സുകളെ പശ്ചാതാപത്തിന് ഒരുക്കുക

തെറ്റുകള്‍ സംഭവിക്കല്‍ മനുഷ്യ പ്രകൃതമാണ്. പാപികളായ മനുഷ്യര്‍ക്ക് പശ്ചാത്തപിക്കാനുളള സുവര്‍ണ്ണാവസരമാണ് റമദാന്‍. മനുഷ്യര്‍ എത്രയധികം പാപങ്ങള്‍ ചെയ്തുകൂട്ടിയാലും ശരി, അവന് പാപമോചനത്തിന് അവസരമുണ്ട്. ‘ആദം സന്തതികളേ, നിങ്ങളുടെ പാപങ്ങള്‍ മാനം മുട്ടെയുണ്ടെങ്കിലും’ നിങ്ങള്‍ക്ക് പാപമോചനം നല്‍കാന്‍ അല്ലാഹു തയ്യാറാണ്. നൂറ് മനുഷ്യരെ കൊന്ന മനുഷ്യനും, പശ്ചാത്താപം ചെയ്തപ്പോള്‍ അല്ലാഹു പൊറുത്തു കൊടുത്തു സ്വര്‍ഗ്ഗം നല്‍കുകയും ചെയ്തു. ‘നിങ്ങള്‍ തെറ്റു ചെയ്താല്‍ അതില്‍ ഖേദിക്കുക, എന്നിട്ട് പാപമോചനം തേടുക’. മനുഷ്യര്‍ പാപിയാകുന്നത് അസാധാരണമല്ല. നമ്മുടെ പൂര്‍വ്വ പിതാവ് ആദമും തെറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അതിന് ശേഷം പശ്ചാത്തപിച്ച് മടങ്ങി. ആദം നബിയെ, അദ്ദേഹത്തിന്റെ പശ്ചാത്താപത്തിന്റെ കാര്യത്തില്‍ നാം മാതൃകയാക്കുകയാണ് വേണ്ടത്.

പശ്ചാത്തപിക്കുന്നവരുടെ മുഖങ്ങള്‍ പരലോകത്ത് പ്രശോഭിതമായിരിക്കും. അവിടെ ഇപ്രകാരം വിളിച്ചു പറയുന്നത് അവര്‍ കേള്‍ക്കും. ‘എന്റെ അടിമ ഭൂമിയോളം പാപങ്ങളുമായി വരികയാണെങ്കില്‍ അത്ര തന്നെ അളവില്‍ ഞാനവന്ന് പൊറുത്ത് കൊടുക്കും’. നീ നിന്റെ കരങ്ങളുയര്‍ത്തി അല്ലാഹുവിനെ വിളിക്കുക. ‘ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.'(അല്‍ മാഇദ:74)

തെറ്റുകള്‍ തിരിച്ചറിയുക, അതിലേക്ക് നയിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക. പശ്ചാത്തപിക്കുന്നവന്‍ പാപം ചെയ്യാത്തവനെ പോലെയാണന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീടൊരിക്കലും അവന്‍ ആ തെറ്റ് ആവര്‍ത്തിച്ചു കൂടാ. ഖേദിച്ചു മടങ്ങുന്നവര്‍ ചെയ്തുപോയ തെറ്റില്‍ വലിയ മനപ്രയാസമുണ്ടാകുക, അഥവാ ഖേദിക്കുക, അങ്ങനെ സംഭവിച്ചു പോയതില്‍ ഹൃദയം നൊന്ത് വ്യസനിക്കുക.

ചില ആളുകള്‍ തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ തെറ്റാണെന്നറിഞ്ഞിട്ടും, മറ്റുളളവര്‍ക്ക് മുമ്പില്‍ എടുത്ത് പറഞ്ഞ് അഭിമാനം കൊളളുന്നത് കാണാം. ഇടയ്ക്കിടെ അവര്‍ പറഞ്ഞു കൊണ്ടിരിക്കും ‘പണ്ട് ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അങ്ങിനെയല്ല’. അവരുടെ മനസ്സുകളില്‍ മുന്‍പ് ചെയ്തു പോയ തെറ്റുകളോടുളള ഇഷ്ടം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. പാപമോചനം തേടിയ ശേഷവും, പഴയ തെറ്റുകള്‍ ചെയ്തിരുന്നുവെന്ന് താല്‍പര്യത്തോടെ പറയുന്നവര്‍ പ്രകടിപ്പിക്കുന്ന ഖേദം, യഥാര്‍ത്ഥ ഖേദമല്ല. താന്‍ ചെയ്തു പോയ കാര്യങ്ങള്‍ മറ്റുളളവര്‍ അറിയുന്നതില്‍ അങ്ങേയറ്റം ലജ്ജിക്കുന്നവര്‍, അങ്ങനെ സംഭവിച്ചു പോയതില്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുന്നവര്‍, അവരാണ് യഥാര്‍ത്ഥത്തില്‍ ഖേദിച്ച് മടങ്ങുന്നവര്‍.
പശ്ചാതപിക്കുന്നവന് രണ്ട് സന്തോഷങ്ങളുണ്ട്. രണ്ട് കരച്ചിലുകളും രണ്ട് പുഞ്ചിരികളുമുണ്ട്. ഒന്നാമത്തെ സന്തോഷം, ചെയ്തു പോയ പാപത്തെ വര്‍ജിക്കുമ്പോഴുളള സന്തോഷമാണ്. രണ്ടാമത്തേത് അല്ലാഹുവിനെ കണ്ടു മുട്ടുമ്പോഴുളള സന്തോഷം.

അവന്റെ കഴിഞ്ഞ കാലം ഓര്‍ക്കുമ്പോഴാണ് അവന് ആദ്യം കണ്ണുനനയുന്നത്. അവന്റെ ആയുസ്സ് എങ്ങനെ നഷ്ടപ്പെട്ടുവെന്നും, എന്തിന് ചിലവഴിച്ചുവെന്നും ആലോചിക്കുമ്പോഴാണ് രണ്ടാമത് അവന്‍ കരയുക. പശ്ചാതാപം കൊണ്ട് അല്ലാഹുവിന്റെ അടുക്കലുളള ശ്രേഷ്ടത ഓര്‍ക്കുമ്പോഴാണ്, അവന്റെ ആദ്യ പുഞ്ചിരി. അവന്‍ ചെയ്ത പാപങ്ങള്‍ അവനില്‍ നിന്ന് തട്ടിയകറ്റപ്പെടുമ്പോഴാണ് അവന്റെ രണ്ടാമത്തെ പുഞ്ചിരി. പാപി പശ്ചാത്തപിച്ചാല്‍ അയാളുടെ പാപങ്ങള്‍ നീക്കപ്പെടുമെന്ന് മാത്രമല്ല, അവന്റെ തെറ്റുകള്‍ നന്മകളായി രൂപാന്തരപ്പെടും. പാപികളായ മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്ന റമദാനിലെ പാപമോചനം.