Articles

നോമ്പിന്റെ സഹനപാഠങ്ങള്‍

‘പറയുക, വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്.” (സൂറത്തു സുമര്‍:10)
റമദാന്‍ ക്ഷമയുടെ മാസമാണ്. നോമ്പ് മനുഷ്യന് സഹിക്കാന്‍ പരിശീലിപ്പിക്കുകയാണ്. സഹനത്തെ മനുഷ്യന്റെ പതിവു ശീലമാക്കുകയാണ് നോമ്പ്. അതുകൊണ്ടാണ് പ്രവാചകന്‍(സ) ഈ മാസത്തെ സഹനത്തിന്റെ മാസമെന്ന് വിളിച്ചത്. റസൂല്‍ പറഞ്ഞു: ‘ നോമ്പ് പാതി സഹനമാണ്’ (തിര്‍മുദി).
സഹനം മൂന്നുവിധമുണ്ട്:

1. അല്ലാഹുവിനെ അനുസരിക്കുന്നതില്‍ കാണിക്കുന്ന സഹനം.2. അല്ലാഹുവിന്റെ വിലക്കുകളില്‍ നിന്ന് മാറിനില്‍ക്കുന്നതിലുള്ള സഹനം.

3. അല്ലാഹുവിന്റെ വിധിതീരുമാനങ്ങളില്‍ കാണിക്കുന്ന സഹനം.

നോമ്പില്‍ ഈ മൂന്നുതരം സഹനവും ഉള്‍പ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ അനുസരണത്തിന് വേണ്ടിയാണ് നോമ്പ്. അല്ലാഹു വിലക്കിയ പല കാര്യങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നതും നോമ്പിലെ ക്ഷമ തന്നെയാണ്. വിശപ്പും ദാഹവും ശാരീരിക അവശതകളിലും പ്രകടിപ്പിക്കുന്ന സഹനം. അല്ലാഹുവിന്റെ അനുസരണത്തില്‍ ഒരാള്‍ അനുഭവിക്കുന്ന വേദനകളും ക്ലേശതകളും സഹിക്കുന്നതിലൂടെ അവന് പൊറുത്ത് കൊടുക്കപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (തൗബ: 170).
എന്നാല്‍ നോമ്പ് ക്ഷമാശീലരില്‍ പതിന്മടങ്ങ് പ്രതിഫലം ഉണ്ടാകുന്നുണ്ട്. കാരണം, നോമ്പുകാര്‍ക്ക് പ്രതിഫലം നല്‍കുന്ന ചുമതല അല്ലാഹു നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. അബൂഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: ‘ആദം സന്തതികളുടെ എല്ലാ ഓരോ നന്മകള്‍ക്കും പത്തുമുതല്‍ ഏഴുപത് ഇരട്ടിവരെ പ്രതിഫലം നല്‍കപ്പെടും. അല്ലാഹു പറയുന്നു: നോമ്പൊഴികെ അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. എനിക്ക് വേണ്ടിയാണ് നോമ്പുകാരന്‍ ഭക്ഷണ പാനിയങ്ങളും വികാര വിചാരങ്ങളും ഒഴിവാക്കിയത്.’ അതുകൊണ്ട് തന്നെയായിരിക്കണം സൂറത്തു സുമറില്‍ സഹനമവലംഭിക്കുന്നവര്‍ക്ക് കണക്കില്ലാതെ പ്രതിഫലം നല്‍കുമെന്ന് അല്ലാഹു പറഞ്ഞത്. ‘ക്ഷമാ ശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്.’ (സൂറത്തു സുമര്‍: 10)
ക്ഷമയെന്ന മഹത്തായ ഗുണം നേടിയെടുക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് നോമ്പ്. വിശുദ്ധ ഖുര്‍ആനില്‍ നിരവധി ഭാഗങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സഹന ശീലര്‍ക്ക്, വിശുദ്ധ ഖുര്‍ആന്‍ ഉത്തമമായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ (സത്യനിഷേധികളുടെ) പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലശത്തിലാവുകയും അരുത്’ (സൂറ: നഹ്ല്‍ 127).
‘വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു’ (സൂറ: ശൂറ 43).
‘സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍  മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം’ (ആലുഇംറാന്‍ 200).
‘കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക’ (അല്‍ബഖറ 155).
ഉമര്‍ (റ) ഒരിക്കല്‍ പറഞ്ഞു: ‘സഹനത്തോടെയുള്ള ജീവിതത്തിലാണ് നാം ഐശ്വര്യം കാണുന്നത്.’ ഹസന്‍ (റ) പറയുന്നു: ‘സഹനം നന്മയുടെ ഖജനാവിലെ ഒരു അക്ഷയഖനിയാണ്. അല്ലാഹുവിന്റെ അടുക്കല്‍ മാന്യനായ അടിമക്ക് മാത്രമേ അല്ലാഹു ആ സൗഭാഗ്യം നല്‍കൂ.
നോമ്പുകാരന്‍ അവന്റെ നോമ്പിലൂടെ സഹനത്തിന്റെ നിരവധി പ്രയോജനങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. നോമ്പുകാരനെ ചീത്തവിളിച്ചാലോ അവനെ ഉപദ്രവിച്ചാലോ അവന്‍ കോപിക്കില്ല. തന്നോട് ചെയ്ത പോലെ അവന്‍ മോശമായി പ്രതികരിക്കില്ല. നോമ്പുകാരനെ പീഡിപ്പിക്കുന്നവനോട് പോലും അവന്റെ പ്രതികരണം മാന്യമായിരിക്കും. ‘നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തുകൊള്ളുക. എന്റെ നാവും മറ്റ് അവയവങ്ങളും അല്ലാഹുവിന് വേണ്ടി സംരക്ഷിക്കുമെന്ന് (തിന്മകളില്‍ നിന്ന്) ഞാന്‍ അല്ലാഹുവിനോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. നീ എന്നോട് എത്ര മോശമായി പെരുമാറിയാലും എന്റെ രക്ഷിതാവുമായുള്ള കരാര്‍ ലംഘിക്കാന്‍ എനിക്കാവില്ല.’
‘എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലാന്‍വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു’ (അല്‍മാഇദ: 28)
നോമ്പുനോല്‍ക്കുന്ന മുസ്‌ലിം സമൂഹം ചിട്ടയോടെ വ്യവസ്ഥാപിതമായി ക്ഷമയവലംബിക്കാന്‍ പഠിക്കുകയാണ്. ഇതുവഴി പതിവു ദുശ്ശീലങ്ങളില്‍ നിന്ന് മോചനം സാധ്യമാകുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഐശ്ചികമായോ നിര്‍ബന്ധിതമായോ ക്ഷമിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. തന്നെ ബാധിക്കുന്ന പരീക്ഷണങ്ങളില്‍ അവന് സഹിക്കാതെ നിവൃത്തിയില്ല. രോഗം, ധനനഷ്ടം, സന്താനങ്ങളുടെ വിയോഗം, യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍ ഇവ മൂലമുണ്ടാകുന്ന നഷ്ടങ്ങളിലും പ്രയാസങ്ങളിലും സഹനം അവലംബിക്കാതെ മറ്റ് മാര്‍ഗമൊന്നുമില്ല.
എന്നാല്‍ മനുഷ്യന്റെ ലോലമായ വൈകാരികമായ അവസ്ഥകളില്‍ ക്ഷമയവലംബിക്കുക എന്നത് വളരെ പ്രയാസകരമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കാത്തവന്‍ പരാജയപ്പെടും. സത്യത്തെ പ്രതിരോധിക്കുന്ന പ്രബോധകര്‍ക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണമാണ് ക്ഷമ. നല്ല ഇച്ഛാശക്തിയുള്ളവര്‍ക്കേ ഈ ഗുണം നേടിയെടുക്കാനാകൂ.
ചുരുക്കത്തില്‍ ശ്രേഷ്ഠ സ്വഭാവഗുണങ്ങളിലൊന്നാണ് ക്ഷമ. ഇബാദത്തുകളില്‍ ഉല്‍കൃഷ്ടവുമാണ്. അതുവഴി അല്ലാഹുവിന്റെ കല്‍പ്പനകള്‍ നിര്‍വഹിക്കാന്‍ അവനോടുള്ള സമര്‍പ്പണം പൂര്‍ണമാക്കാനും പ്രതിഫലം നേടാനുമുള്ള ഒന്നത്രെ ക്ഷമ. ക്ഷമ അവലംബിക്കാത്തവര്‍ക്ക് അല്ലാഹുവിനെ പൂര്‍ണമായി അനുസരിക്കാനാവില്ല. നന്മയില്‍ നിന്ന് ഒരു വിഹിതവും അവനുണ്ടായിരിക്കുകയില്ല. പ്രതിഫലം കാംക്ഷിച്ച് ക്ഷമ കൈക്കൊള്ളലാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.