നബി (സ) യുടെ ഇഅ്തികാഫ് സമ്പൂര്‍ണ്ണവും എന്നാല്‍ ലളിതവുമായിരുന്നു. ആദ്യ പത്തില്‍ ഒരു പ്രാവശ്യവും അവസാന പത്തില്‍ മുഴുവനായും നബി (സ) ഇഅ്തികാഫ് ഇരിക്കുമായിരുന്നു. അല്ലാഹുവിനോടുള്ള അടിമയുടെ ബാധ്യത എന്നനിലക്കായിരുന്നു നബി (സ) ഇഅ്തികാഫിനായി അവസാന പത്തുകളില്‍ നീക്കി വെച്ചിരുന്നത്.
ഒരിക്കല്‍ റമദാനിലെ അവസാന പത്തുകളില്‍ നബി (സ) ഇഅ്തികാഫ് ഇരുന്നില്ല. എന്നാല്‍, തൊട്ടുടുത്ത ശവ്വാലിലെ ആദ്യ പത്തില്‍ തന്നെ തിരുമേനി അത് ‘ഖളാഅ്’ വീട്ടി.
വഫാത്താകുന്നതിനു തൊട്ടു മുമ്പുള്ള വര്‍ഷത്തില്‍ 20 ദിവസമാണ് നബി (സ) ഇഅ്തികാഫിരുന്നത്. എന്തുകൊണ്ട് നബി (സ) ആ വര്‍ഷം ഇരുപത് ദിവസം ഇഅ്തികാഫിരുന്നു? ഇതിന് കാരണമായി പറയപ്പെടുന്നത്, നബി തന്റെ വിയോഗത്തെ കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു എന്നാണ്. അതിനാല്‍ നന്മകള് അധികരിപ്പിച്ച് കൂടുതല്‍ സല്‍പ്രവര്‍ത്തികളുമായി അല്ലാഹുവിനെ കണ്ടുമുട്ടുക എന്ന ഉദ്ധ്യേശ്യത്തോടെയായിരുന്നു ഇപ്രകാരം ചെയ്തത്. രണ്ടാമത്തെ കാരണം, നബി തിരുമേനി എല്ലാ റമദാനിലും ഖുര്‍ആന്‍ മനഃപാഠമാക്കിയത് ഒരു പ്രാവശ്യം ജിബ് രീലിന് കേള്‍പ്പിച്ചു കൊടുക്കും. ജിബ് രീല്‍ അത് ഒത്തു നോക്കും. എന്നാല്‍ അവസാന വര്‍ഷം നബി (സ) രണ്ട് പ്രാവശ്യം ജിബ് രീലിനെ മുഴുവന്‍ ഓതിക്കേള്‍പ്പിച്ചു. അതു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഓതികേള്പ്പിച്ച അത്രയും തവണ തന്നെ നബി (സ) ഇഅ്തികാഫ് ഇരിക്കുകയായിരുന്നു.
20 ദിവസം നബി (സ) ഇഅ്തികാഫ് ഇരുന്നതിന് പറയപ്പെടുന്ന മറ്റൊരു കാരണം, മുന്‍ വര്‍ഷത്തില്‍ നബി (സ) ഒരു യാത്രയിലായിരുന്നു. അതുകൊണ്ട് ആ വര്‍ഷം പ്രവാചകന് ഇഅ്തികാഫ് ഇരുന്നിരുന്നില്ല. അതിനു പകരമായി അടുത്ത വര്‍ഷം 20 ദിവസം ഇഅ്തികാഫ് ഇരിക്കുകയായിരുന്നു.
ഇഅ്തികാഫിരിക്കാനായി പള്ളിയില്‍ ഖുബ്ബ പോലെ ഒരു ചെറിയ ടെന്റെ് കെട്ടുവാന്‍ പ്രവാചകന് കല്പ്പിക്കുമായിരുന്നു. അതിലാണ് പ്രവാചകന് താമസിക്കുക. ജനങ്ങളില്‍ നിന്നു പരമാവധി ഒഴിഞ്ഞിരിക്കും. അല്ലാഹുവുമായി കൂടുതല്‍ അടുക്കാനും അവനുമായി സംസാരിക്കാനും ഒഴിഞ്ഞിരിക്കുന്നതു പോലെ.
ഒരിക്കല്‍ ചെറിയ ടെന്റൊണ് കെട്ടിയത്. അതിന്റെ വാതില്‍ ഭാഗത്ത് ഒരു വിരി വിരിച്ചിരുന്നു.
ഇബ്നുല്‍ ഖയ്യിം പറയുന്നു: ഇഅ്തികാഫിന്റെ എല്ലാ വിധ ഉദ്ദ്യേശ്യങ്ങളും അതിന്റെ ആത്മാവും ലഭിക്കാനാണ് റസൂല്‍ അങ്ങനെ ചെയ്തത്. സന്ദര്‍ശകരെയും സംസാരപ്രിയരെയും ഇഅ്തികാഫിന്റെ അവസരത്തില്‍ സ്വീകരിക്കുന്ന ഇന്നത്തെ രീതിയില്‍ നിന്ന് എത്രയോ വ്യത്യസ്തമായാണ് നബി (സ) യുടെ ഇഅ്തികാഫിന്റെ രൂപം.
എപ്പോഴും പള്ളിയില്‍ തന്നെ കഴിച്ചു കൂട്ടിയ തിരുമേനി, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാത്രമേ പുറത്തു പോകുമായിരുന്നുള്ളൂ. ആയിശ (റ) പറയുന്നു: ‘തിരുമേനി അത്യാവശങ്ങള്ക്കു വേണ്ടിയല്ലാതെ ഇഅ്തികാഫിന്റെ സമയത്ത് വീട്ടില്‍ പ്രവേശിക്കുമായിരുന്നില്ല.’
വൃത്തിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു തിരുമേനി. പള്ളിയില്‍ നിന്ന് പ്രവാചകന് തല പുറത്തേക്കിട്ട് ആയിശ (റ) യുടെ റൂമിലേക്ക് തല നീട്ടി വെയ്ക്കും. ആയിശ (റ) പ്രവാചകന്റെ തല മുടി കഴുകി കൊടുക്കും.
ഒരു ഹദീസില്‍ ആയിശ (റ) പറയുന്നു: ‘പ്രവാചകന് ഇഅ്തികാഫിലിരിക്കുമ്പോള് പള്ളിയില്‍ നിന്ന് തല എന്റെ മുറിക്കകത്തേക്ക് നീട്ടും, ഞാനവിടെ ആര്‍ത്തവക്കാരിയായി ഇരിക്കുകയായിരിക്കും. ഞാനത് ചീകി കൊടുക്കും’.
ഇഅ്തികാഫില്‍, അതിനാല്‍ ശുദ്ധീകരണവും അത്തറു പൂശലും കുളിയും മുടി കളയലും ചീകലുമെല്ലാം അനുവദനീയമാണെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇഅ്തികാഫിലായിരിക്കേ നബി രോഗികളെ സന്ദര്‍ശിക്കുകയോ ജനാസ കാണാനോ പോകാറില്ല. ഭാര്യമാരെ തൊടുകയോ അവരുമായി സംസര്ഗത്തിലേര്പ്പെടുകയോ ചെയ്യുമായിരുന്നില്ല. അത്യാവശ്യങ്ങള്‍ക്കല്ലാതെ പ്രവാചകന് പുറത്തു പോകാറില്ലായിരുന്നു.
ഇഅ്തികാഫിലായിരിക്കെ പ്രവാചകനെ സന്ദര്‍ശിക്കാന്‍ പത്നിമാര്‍ വരാറുണ്ടായിരുന്നു. രാത്രി അവരെ തിരികെ വീട്ടിലെത്തിക്കാന്‍ പ്രവാചകനും കൂടെ പോകുമായിരുന്നു. നബി പത്നി സഫിയ്യ (റ) പറയുന്നു: ‘നബി (സ) യെ പള്ളിയില്‍ വന്നു ഞാന്‍ സന്ദര്‍ശിച്ചു. പ്രവാചകന് അപ്പോള്‍ ഇഅ്തികാഫിലാണ്. ഒരു മണിക്കൂറോളം നബി തങ്ങളുടെ അരികിലിരുന്ന് ഞാന്‍ സംസാരിച്ചു. പിന്നീട് എഴുന്നേറ്റ് തിരിച്ചു പോന്നു. നബി പത്നിയെ അനുഗമിച്ച് കൊണ്ട് നബിയും എഴുന്നേറ്റു’.
ചുരുക്കത്തില്‍ പ്രവാചകന് തിരുമേനിയുടെ ഇഅ്തികാഫില്‍ കാഠിന്യവും തീവ്രതയും കാണാന്‍ സാധ്യമല്ല. മറിച്ച് അങ്ങേയറ്റം ലളിതമായിരുന്നു. ഇഅ്തികാഫിലുടനീളം, ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിച്ച് അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ച് ധ്യാന നിരതനായിരുന്നു തിരുമേനി.
www.islamstory.com
മുനീര്‍ മുഹമ്മദ് റഫീഖ്
Add Comment