രണ്ട് പെരുന്നാള്‍ നമസ്കാരങ്ങള്‍ നിയമമായത് ഹിജ്റഃ ഒന്നാം വര്ഷത്തിലത്രെ. അവ പ്രബല സുന്നത്തുകളാകുന്നു. നബി(സ) അവ പതിവായി നിര്‍വഹിക്കുകയും അവയില്‍ സംബന്ധിക്കാന്‍ പുരുഷന്മാരോടും സ്ത്രീകളോടും കല്പിക്കുകയും ചെയ്തിരിക്കുന്നു.
കുളി, സുഗന്ധ ലേപനം, വസ്ത്ര ധാരണം
പെരുന്നാള്‍ ദിവസങ്ങളില്‍ കുളിക്കുകയും സുഗന്ധ ദ്രവ്യങ്ങളുപയോഗിക്കുകയും ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നത് സുന്നത്താകുന്നു.
നബി(സ) എല്ലാ പെരുന്നാള്‍ ദിവസങ്ങളിലും, യമനിലുണ്ടാക്കുന്ന ഒരുതരം ഭംഗിയുള്ള വസ്ത്രം ധരിച്ചിരുന്നതായി, ജഅ്ഫറുബ്നു മുഹമ്മദ് തന്റെ പിതാവ് വഴി നിവേദനം ചെയ്യുന്നു. (ശാഫിഈ, ബഗവി)
പെരുന്നാള്‍ ദിവസങ്ങളില്‍, കിട്ടുന്നതില്‍വെച്ച് നല്ല വസ്ത്രങ്ങള്‍ ധരിക്കാനും ലഭ്യമായതില്‍ നല്ല സുഗന്ധമുപയോഗിക്കാനും ബലിയറുക്കുമ്പോള്‍ കൂടുതല്‍ വിലപിടിച്ചത് ബലിയറുക്കാനും റസൂല്‍(സ) ഞങ്ങളോട് കല്പിച്ചിട്ടുണ്ടെന്ന് ഹസനുസ്സിബ്ത്വ്(റ) പ്രസ്താവിക്കുന്നു.
നബി(സ) പെരുന്നാള്‍ ദിനങ്ങളില്‍ ഉള്ളതില്‍ നല്ല വസ്ത്രം ധരിച്ചിരുന്നുവെന്നും പെരുന്നാളുകള്‍ക്കും ജുമുഅഃക്കും ധരിക്കാനായി തിരുമേനിക്ക് ഒരു മുഴുവസ്ത്രമുണ്ടായിരുന്നുവെന്നും ഇബ്നുല്‍ഖയ്യിം പ്രസ്താവിക്കുന്നു.
നമസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കല്‍
ചെറിയ പെരുന്നാള്‍ നമസ്കാരത്തിനു പുറപ്പെടുന്നതിനുമുമ്പായി ഭക്ഷണം കഴിക്കുന്നതും അത് ഒറ്റയായ എണ്ണം കാരക്കയാക്കുന്നതും സുന്നത്താകുന്നു. വലിയ പെരുന്നാളിലാവട്ടെ, മുസല്ലയില്‍ നിന്നു മടങ്ങുവോളം ഭക്ഷണം പിന്തിക്കുകയും പിന്നെ സ്വന്തം ബലിയറുത്തിട്ടുണ്ടെങ്കില് അതില്‍ നിന്നു ഭക്ഷിക്കുകയും ചെയ്യുന്നതാണ് സുന്നത്ത്.
നബി(സ) ചെറിയ പെരുന്നാള്‍ ദിനത്തില്‍ അല്പം കാരക്ക ഭക്ഷിച്ചിട്ടല്ലാതെ പുറപ്പെടാറില്ലെന്നും അത് ഒറ്റയായിട്ടാണ് ഭക്ഷിച്ചിരുന്നതെന്നും അനസ്(റ) പ്രസ്താവിക്കുന്നു. (അഹ്്മദ്, ബുഖാരി)
അപ്രകാരം തന്നെ, നബി(സ) ചെറിയ പെരുന്നാളിനു ഭക്ഷണം കഴിച്ചിട്ടല്ലാതെ പുറപ്പെടാറില്ലെന്നും വലിയ പെരുന്നാള്‍ ദിനത്തില്‍ മടങ്ങിവരുന്നതുവരെ ഭക്ഷണം കഴിക്കാറില്ലെന്നും ബുറൈദ(റ) പ്രസ്തവിക്കുന്നു. (അഹ്്മദ്, തിര്‍മിദി, ഇബ്നുമാജ). അഹ്മദിന്റെ നിവേദനത്തില്‍, മടങ്ങിയെത്തിയാല്‍ തന്റെ ബലിയില്‍ നിന്നാണ് തിരുമേനി ഭക്ഷിച്ചിരുന്നതെന്നുകൂടിയുണ്ട്.
‘ ചെറിയ പെരുന്നാള്‍ ദിനത്തില്‍ പുറപ്പെടുന്നതിനുമുമ്പ് ഭക്ഷണം കഴിക്കാന്‍ ജനങ്ങള്‍ കല്പിക്കപ്പെട്ടിരുന്നു.’ എന്നു സഈദുബ്നുല്‍ മുസയ്യബില്‍നിന്ന് മുവത്വഇല്‍ ഉദ്ധരിച്ചതായും കാണാം. ചെറിയ പെരുന്നാളിന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നത് സുന്നത്താണെന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമുള്ളതായി നമുക്കറിവില്ലെന്നത്രെ ഇബ്നു ഖുദാമഃ പ്രസ്താവിക്കുന്നത്.
മുസ്വല്ലയിലേക്ക് പുറപ്പെടല്‍
പെരുന്നാള്‍ നമസ്കാരങ്ങള്‍ പള്ളിയില്വെച്ചുനിര്വഹിക്കാമെങ്കിലും മഴപോലുള്ള തടസ്സങ്ങളിലെങ്കില് അവ പുറത്തുള്ള മൈതാനിയില്‍വെച്ചു നിര്‍വഹിക്കുന്നതാണുത്തമം. കാരണം റസൂല്‍(സ) പെരുന്നാള്‍ നമസ്കാരങ്ങള്‍ നിര്‍വഹിച്ചിരുന്നത് മുസ്വല്ലയില്‍ വെച്ചായിരുന്നു. മഴയുടെ തടസ്സം കാരണം ഒരു പ്രാവശ്യം മാത്രമേ തിരുമേനി തന്റെ പള്ളിയില്‍ വെച്ചു പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചിട്ടുള്ളൂ.
‘ ഒരു പെരുന്നാള്‍ ദിനത്തില്‍ മഴയുണ്ടായപ്പോള്‍ നബി(സ) ജനങ്ങളെയെല്ലാം കൂട്ടി പള്ളിയില്‍വെച്ചു പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു’ എന്നു അബൂഹുറയ്റ(റ) പ്രസ്താവിക്കുന്നു.
സ്ത്രീകളും കുട്ടികളും പുറപ്പെടല്‍
പെരുന്നാള്‍ ദിനങ്ങളില്‍ സ്ത്രീകളും കുട്ടികളും മുസ്വല്ലയിലേക്ക് പുറപ്പെടാന്‍ ശരീഅത്തില്‍ വിധിയുണ്ട്. ഈ വിഷയത്തില്‍ കന്യകമാരും വിവാഹിതകളും വിധവകളും കിഴവികളും ആര്‍ത്തവമുള്ളവരും തമ്മില്‍ വ്യത്യാസമില്ല.
‘ പുണ്യകര്‍മത്തിലും മുസ് ലിംകളുടെ പ്രാര്‍ഥനയിലും പങ്കെടുക്കാനായി പെരുന്നാള്‍ ദിനങ്ങളില്‍ കന്യകമാരെയും ഋതുമതികളെയും കൊണ്ടുപോരാന്‍ ഞങ്ങളോടാജ്ഞാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഋതുമതികള്‍ നമസ്കാരത്തില്നിന്നൊഴിഞ്ഞു നില്ക്കേണ്ടതാണ്.’ എന്ന് ഉമ്മു അത്വിയ്യ(റ) പ്രസ്താവിക്കുന്നു. (ബൂഖാരി, മുസ്്ലിം)
പെരുന്നാള്‍ ദിനങ്ങളില്‍ റസൂല്‍(സ) അവിടത്തെ പത്നിമാരെയും പുത്രിമാരെയും പുറത്തുകൊണ്ടുവന്നിരുന്നതായും ഇബ്നു അബ്ബാസ് പ്രസ്താവിക്കുന്നു. (ഇബ്നു മാജ, ബൈഹഖി)
‘ ഒരു ചെറിയപെരുന്നാള്‍ ദിനത്തിലോ വലിയ പെരുന്നാള്‍ ദിനത്തിലോ ഞാന്‍ നബി(സ) യോടൊപ്പം പുറപ്പെട്ടു. അങ്ങനെ തിരുമേനി നമസ്കരിക്കുകയും പിന്നെ ഖുതുബഃ നിര്‍വഹിക്കുകയും ചെയ്ത ശേഷം സ്ത്രീകളുടെ അടുത്തു ചെന്ന് അവരോടു സദുപദേശം ചെയ്യുകയും ഉദ്ബോധനം നടത്തുകയും ധര്‍മം ചെയ്യാന്‍ കല്പിക്കുകയും ചെയ്യുകയുണ്ടായി’ എന്ന് ഇബ്നു അബ്ബാസ്(റ) തന്നെ നിവേദനം ചെയ്യുന്നു.
മറ്റൊരു വഴിയിലൂടെ മടങ്ങല്‍
പെരുന്നാള്‍ നമസ്കാരത്തിന് ഒരു വഴിയിലൂടെ പോവുകയും മറ്റൊരു വഴിയിലൂടെ മടങ്ങുകയും ചെയ്യുന്നത് ഇമാമിനും മറ്റുള്ളവര്‍ക്കും സുന്നത്താണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
‘നബി(സ) പെരുന്നാള്‍ ദിനത്തില്‍ ഒരു വഴിയിലൂടെ പോയി മറ്റൊരു വഴിയിലൂടെ മടങ്ങിയിരുന്നു.’ എന്ന് ജാബിര്‍(റ) പ്രസ്താവിക്കുന്നു. (ബൂഖാരി)
‘ നബി(സ) പെരുന്നാളിന്ന് പുറപ്പെട്ടാല്‍ പോയ വഴിയല്ലാതെ മറ്റൊന്നിലൂടെ മടങ്ങിയിരുന്ന’ തായി അബൂഹുറയ്റ പ്രസ്തവിച്ചിട്ടുണ്ട്. (അഹ്മദ്,മുസ്്ലിം, തിര്‍മിദി)
എന്നാല്‍ പോയ വഴിയിലൂടെതന്നെ മടങ്ങുകയും ചെയ്യാവുന്നതാണ്. ബക്റുബ്നു മുബശ്ശിര്‍(റ) പറയുന്നു: ‘ ഞാന്‍ റസൂലി(സ)ന്റെ സഹാബിമാരോടൊപ്പം ചെറിയ പെരുന്നാൡും വലിയ പെരുന്നാളിന്നും മുസ്വല്ലായിലേക്കു പോകാറുണ്ടായിരുന്നു. ഞങ്ങള്‍ ബത്ഹാന്‍ താഴ് വരയിലൂടെ നടന്നു മുസ്വല്ലയിലെത്തുകയും റസൂലി(സ)ന്റെ കൂടെ നമസ്കരിച്ചശേഷം ബത്ഹാന്‍ താഴ് വരയിലൂടെത്തന്നെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു.’
പെരുന്നാള്‍ നമസ്കാരത്തിന്റെ സമയം
ഇത് സൂര്യന് കാഴ്ചയില്‍ ഉദ്ദേശം മൂന്നു മീറ്റര്‍ ഉയര്‍ന്നതു മുതല്‍ ഉച്ച തിരിയുന്നതുവരെയാകുന്നു. സൂര്യന് രണ്ടു കുന്തത്തോളം ഉയര്‍ന്ന സമയത്ത് ചെറിയ പെരുന്നാള്‍ നമസ്കാരവും ഒരു കുന്തത്തോളം ഉയര്‍ന്ന സമയത്ത് വലിയ പെരുന്നാള്‍ നമസ്കാരവും ഞങ്ങള്‍ക്ക് ഇമാമായിക്കൊണ്ട് നബി(സ) നമസ്കരിച്ചിരുന്നുവെന്ന് ജുന്ദുബ്(റ) പ്രസ്താവിച്ചതായി അഹ്മദുബ്നു ഹസനുല്‍ബന്നാ ഉദ്ധരിക്കുന്നു. പെരുന്നാള്‍ നമസ്കാരങ്ങളുടെ സമയനിര്ണയത്തെസ്സംബന്ധിച്ചു വന്നതില്‍ ഏറ്റവും നല്ല ഹദീസ് ഇതാണെന്നും, വലിയ പെരുന്നാള്‍ നമസ്കാരം നേരത്തെ നിര്‍വഹിക്കുന്നതും ചെറിയ പെരുന്നാള്‍ നമസ്കാരം പിന്തിക്കുന്നതും സുന്നത്താണെന്ന് ഇത് കുറിക്കുന്നുണ്ടെന്നും ശൗക്കാനി പ്രസ്താവിച്ചിട്ടുണ്ട്. ഉളുഹിയ്യത്തിന് സമയം ലഭിക്കാന്‍ വേണ്ടി ബലിപെരുന്നാള്‍ നമസ്കാരം നേരത്തെ നിര്‍വഹിക്കുന്നതും, ഫിത്വര്‍ സകാത്ത് വിതരണത്തിന് സമയം ലഭിക്കാനായി ചെറിയപെരുന്നാള്‍ നമസ്കാരം പിന്തിക്കുന്നതും സുന്നത്താണെന്നും, ഇതില്‍ അഭി്പ്രായവ്യത്യാസമുള്ളതായി അറിവില്ലെന്നും ഇബ്നുഖുദാമഃ പ്രസ്താവിക്കുന്നു.
ബാങ്കും ഇഖാമത്തും
‘നബി(സ) മുസ്വല്ലയിലെത്തിയാല് ബാങ്കോ ഇഖാമത്തോ ‘അസ്സലാത്തു ജാമിഅഃ’ എന്ന വിളിയോ കൂടാതെ നമസ്കാരത്തില്‍ പ്രവേശിക്കുകയായിരുന്നു പതിവ്. അവയിലൊന്നും ചെയ്യാതിരിക്കലാണ് സുന്നത്ത്’ എന്ന് ഇബ്നുല്‍ഖയ്യിം പ്രസ്താവിക്കുന്നു.
‘ ചെറിയ പെരുന്നാളിന്നോ വലിയ പെരുന്നാളിന്നോ ബാങ്കു കൊടുക്കുന്ന പതിവുണ്ടായിരുന്നില്ല.’ എന്നു ജാബിര്‍(റ), ഇബ്നുഅബ്ബാസ്(റ) എന്നിവര്‍ പ്രസ്താവിച്ചതായും കാണാം. (ബൂഖാരി,മുസ്്ലിം)
‘ ചെറിയ പെരുന്നാള്‍ നമസ്കാരത്തിന്നു ഇമാം പുറപ്പെടുന്ന സമയത്തോ അതിന്നു ശേഷമോ ബാങ്കില്ല. അപ്രകാരംതന്നെ ഇഖാമത്തോ മറ്റു വിളികളോ ഒന്നും തന്നെയില്ല.’ എന്ന് ജാബിര്‍(റ) പറഞ്ഞതായി അത്വാഅ് പ്രസ്താവിച്ചിട്ടുണ്ടെന്നു മുസ്്ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ നബി(സ) ബാങ്കോ ഇഖാമത്തോ കൂടാതെ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചതായും, അവിടന്നു നിന്നുകൊണ്ടു രണ്ടു ഖുതുബഃകള്‍ നിര്‍വഹിക്കുകയും, അവയ്ക്കിടയില്‍ ഇറിക്കുകയും ചെയ്തിരുന്നതായും സഅ്ദുബ്നു അബീവഖാസ്(റ) നിവേദനം ചെയ്യുന്നു. (ബസ്സാര്‍)
പെരുന്നാള്‍ നമസ്കാരത്തിലെ തക്ബീറുകള്‍
പെരുന്നാള്‍ നമസ്കാരങ്ങള്‍ രണ്ടു റക്അത്തുകളത്രെ. അവയില്‍ ഒന്നാമത്തേതില്‍ തക്ബീറതുല് ഇഹ്റാമിന്നു ശേഷം ഏഴു പ്രാവശ്യവും രണ്ടാമത്തേതില്‍, നില്‍ക്കുമ്പോഴുള്ള തക്ബീറിന്നു ശേഷം അഞ്ചു പ്രാവശ്യവും തക്ബീര്‍ ചൊല്ലുന്നതും ഓരോ തക്ബീറിന്റെയും കൂടെ കൈകള്‍ ഉയര്‍ത്തുന്നതും സുന്നത്താകുന്നു.
നബി(സ) ഒരു പെരുന്നാള്‍ നമസ്കാരത്തില്‍ ഒന്നാമത്തേതില്‍ ഏഴും രണ്ടാമത്തേതില്‍ അഞ്ചുമായി പന്ത്രണ്ട് തക്ബീര്‍ ചൊല്ലുകയുണ്ടായെന്നും, അതിന്നുമുമ്പോ ശേഷമോ തിരുമേനി വേറെ നമസ്കാരം നിര്വഹിക്കുകയുണ്ടായില്ലെന്നും അംറുബ്നു ശുഐബ് തന്റെ പിതാവു വഴി നിവേദനം ചെയ്യുന്നു. (അഹ്്മദ്, ഇബ്നുമാജ). ഇതാണ് ഞാന്‍ സ്വീകരിക്കുന്നതെന്നും ഇമാം അഹ്്മദ് തുടര്‍ന്നു പറയുന്നു.
ചെറിയ പെരുന്നാളിന്ന് ഒന്നാമത്തേതില്‍ ഏഴും രണ്ടാമത്തേതില്‍ അഞ്ചും തക്ബീറാണെന്നും ഖുര്‍ആന്‍ പാരായണം അവയ്ക്ക് രണ്ടിനും ശേഷമാണെന്നും നബി(സ) പറഞ്ഞുവെന്നാണ് അബൂദാവൂദും ദാറഖുത്നിയും ഉദ്ധരിച്ച മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്.
ഇതത്രെ ഈ വിഷയത്തില്‍ ഏറ്റവും പ്രബലമായ അഭിപ്രായം. സഹാബിമാരും താബിഇകളുമായ പണ്ഡിതന്മാരിലും മറ്റു പണ്ഡിതനേതാക്കളിലും അധികം പേരുടെ അഭിപ്രായവും അതുതന്നെ. ഇബ്നു അബ്ദില്‍ ബര്‍റ് പറയുന്നു: ‘ നബി(സ) രണ്ടു പെരുന്നാളുകളിലും ഒന്നാം റക്അത്തിന്റെ ഏഴും രണ്ടാമത്തേതില്‍ അഞ്ചും തക്ബീറുകള്‍ ചൊല്ലിയതായി അബ്ദുല്ലാഹിബ്നു അംറ്, ജാബിര്‍, ആഇശ, അബൂവാഖിദ്, അംറുബ്നുഔഫ് എന്നിവരില്‍നിന്നെല്ലാം സ്വീകാര്യമായ പരമ്പരകള്‍ വഴി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന്നെതിരാകട്ടെ, പ്രബലമോ ദുര്‍ബലമോ ആയ ഒരു വഴിയയിലൂടെയും തിരുമേനിയില്‍നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുമില്ല. ആദ്യമായി പ്രവര്ത്തിനത്തില്വന്ന സമ്പ്രദായവും ഇതുതന്നെയാണ്.’
രണ്ടു തക്ബീറുകള്‍ക്കിടയില്‍ നബി(സ) അല്പസമയം താമസിപ്പിച്ചിരുന്നുവെങ്കിലും തക്ബീറുകള്‍ക്കിടയില്‍ വല്ല പ്രത്യേക ദിക്റുമുള്ളതായി തിരുമേനിയില്‍നിന്നു നിവേദനമില്ല. പക്ഷേ ഇബ്നു മസ്ഊദ് (റ) അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും നബി(സ)യുടെ മേല്‍ സ്വലാത്തു ചൊല്ലുകയും ചെയ്തിരുന്നതായും അങ്ങനെ ചെയ്യാന്‍ പറഞ്ഞിരുന്നതായും പ്രബലമായ പരമ്പരവഴി ത്വബ്റാനിയും ബൈഹഖിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഹുദൈഫ(റ), അബൂമൂസ(റ) എന്നിവരില്‍നിന്ന് അപ്രകാരം നിവേദനം ചെയ്യപ്പെടുന്നു.
മേല്പറഞ്ഞ തക്ബീറുകള്‍ സുന്നത്ത് മാത്രമാണ്. മറന്നിട്ടോ അറിഞ്ഞുകൊണ്ടോ അവ ഉപേക്ഷിക്കുന്ന പക്ഷം നമസ്കാരം അസാധുവാകുന്നതല്ല. ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുള്ളതായി അറിവില്ലെന്നു ഇബ്നു ഖുദാമ പറയുന്നു. മറന്നുകൊണ്ട് അവഉപേക്ഷിച്ചാല് മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ലെന്ന പക്ഷത്തിനാണ് മുന്‍ഗണനയെന്നു ശൗക്കാനിയും പറയുന്നു.
അതിന്റെ മുമ്പോ ശേഷമോ നമസ്കാരം
പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് മുമ്പോ അവയ്ക്ക് ശേഷമോ സുന്നത്തു നമസ്കാരമുണ്ടെന്നു സ്ഥിരപ്പെട്ടിട്ടില്ല. നബി(സ)യോ സഹാബിമാരോ മുസല്ലയിലെത്തിയാല് അതിന്നു മുമ്പോ ശേഷമോ മറ്റൊരു നമസ്കാരവും നിര്‍വഹിച്ചിരുന്നില്ല. ‘ റസൂല്‍(സ) ഒരു പെരുന്നാള്‍ ദിവസം പുറപ്പെട്ടു രണ്ടു റക്അത്ത് നമസ്കരിച്ചു. എന്നാല്‍ അതിന്നു മുമ്പോ ശേഷമോ നമസ്കരിക്കയുണ്ടായില്ല.’ എന്ന് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. (ജമാഅത്ത്)
ഇബ്നു ഉമര്‍(റ) ഒരു പെരുന്നാള്‍ ദിനത്തില്‍ പുറപ്പെടുകയും പെരുന്നാള്‍ നമസ്കാരത്തിനു മുമ്പോ ശേഷമോ നമസ്കരിക്കാതിരിക്കുകയും അങ്ങനെ നബി(സ) ചെയ്തതായി പ്രസ്താവിക്കുകയും ചെയ്ത റിപ്പോര്‍ട്ടുണ്ട്. പെരുന്നാള്‍ നമസ്കാരത്തിനു മുമ്പ് നമസ്കരിക്കുന്നത് ഇബ്നു അബ്ബാസ് വെറുത്തതായും ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇനി പ്രത്യേകമല്ലാത്ത വെറും സുന്നത്ത് നമസ്കാരത്തെക്കുറിച്ച് പറഞ്ഞാല്‍, എല്ലാ ദിവസങ്ങളിലുമുള്ള കറാഹത്തിന്റെ സമയത്തല്ലെങ്കില്‍ അത് പാടില്ലെന്നതിനു പ്രത്യേക തെളിവുകളൊന്നും സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഫത്ഹുല്‍ ബാരിയില്‍ ഇബ്നുഹജര്‍ പ്രസ്താവിക്കുന്നു.
പെരുന്നാള്‍ നമസ്കാരം ആര്‍ക്കെല്ലാം. ?
പുരുഷന്മാരും സ്ത്രീകളും കുട്ടികളും സ്ഥിരതാമസക്കാരും യാത്രക്കാരുമെല്ലാം ജമാഅത്തായിട്ടോ ഒറ്റയ്ക്കോ വീട്ടില്‍വെച്ചും പള്ളിയില്‍ വെച്ചും മുസ്വല്ലായില്വെച്ചും പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചാല്‍ അത് സാധുവാകുന്നതാണ്. ഒരാള്‍ക്ക് ജമാഅത്തായുള്ള നമസ്കാരം നഷ്ടപ്പെട്ടാല്‍ അയാള്‍ രണ്ടു റക്അത്ത് നമസ്കരിക്കുകയാണ് വേണ്ടത്. ‘ ഒരധ്യായം’ എന്ന ശീര്ഷകത്തിന്നു താഴെ ബുഖാരി ഇങ്ങനെ പറയുന്നു: ‘ ഒരാള്‍ക്ക് പെരുന്നാള്‍ നമസ്കാരം പാഴായാല്‍ അയാള്‍ രണ്ടു റക്അത്ത് നമസ്കരിക്കണം. സ്ത്രീകളും, വീടുകളിലും ഗ്രാമങ്ങളിലുമുള്ളവരും അപ്രകാരം തന്നെ. ‘ ഇത് ഇസ്്ലാമിന്റെ അനുയായികളായ നമ്മുടെ പെരുന്നാളാണ്.’ എന്ന നബിവചനമാണ് തെളിവ്. അനസുബ്നു മാലിക് സാവിയായില്‍ വെച്ച് അവരുടെ മൗലയായ ഇബ്നു അബീ ഉത്ബയോടു കല്പിക്കുകയും അങ്ങനെ അദ്ദേഹം തന്റെ വീട്ടുകാരെയും മക്കളെയും കൂട്ടി, പട്ടണവാസികളെപ്പോലെത്തന്നെ നമസ്കാരവും തക്ബീറും നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. ‘ കാര്‍ഷിക പ്രദേശത്തുള്ളവര്‍ പെരുന്നാള്‍ ദിനത്തില്‍ ഒരുമിച്ചുകൂടി (തലസ്ഥാനത്തുവെച്ച്) നേതാവ് ചെയ്യുന്നതുപോലെ രണ്ട് റക്അത്ത് നമസ്കരിക്കണ’ മെന്ന് ഇക് രിമ പറഞ്ഞിട്ടുണ്ട്. ‘ ഒരാള്‍ക്ക് പെരുന്നാള്‍ നമസ്കാരത്തില്‍ കൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാള്‍ രണ്ടു റക്അത്ത് നമസ്കരിക്കണമെ’ന്നു അത്വാഉം പറയുന്നു.
പെരുന്നാള്‍ ഖുതുബഃ
പെരുന്നാള്‍ നമസ്കാരത്തിനുശേഷം ഖുതുബഃ നിര്‍വഹിക്കലും അതു ശ്രദ്ധിച്ചുകേള്‍ക്കലും സുന്നത്താകുന്നു.
അബൂ സഈദ്(റ) പ്രസ്താവിക്കുന്നു: ‘ നബി(സ) ചെറിയപെരുന്നാളിന്നും വലിയ പെരുന്നാളിന്നും മുസ്വല്ലായിലേക്കു പുറപ്പെട്ടാല്‍ അവിടന്നു ആദ്യമായി ആരംഭിക്കുന്നത് നമസ്കാരമായിരുന്നു. അത് കഴിഞ്ഞശേഷം അണിയായി ഇരിക്കുന്ന ജനങ്ങളുടെ നേരെ തിരിഞ്ഞുനിന്നു അവരോടു ഉപദേശിക്കുകയും വസ്വിയ്യത്ത് ചെയ്യുകയും കല്പിക്കുകയും ചെയ്യും. വല്ല സൈനിക സംഘത്തേയും അയയ്ക്കാനോ മറ്റു വല്ല കാര്യവും കല്പിക്കാനോ ഉണ്ടെങ്കില്‍ അതിന്നുള്ള കല്പന നല്‍കിയശേഷം തിരുമേനി വിരമിക്കും. അനന്തരം ജനങ്ങള്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചുപോന്നു. അങ്ങനെ മര്വാന് മദീനയിലെ ഗവര്‍ണറായിരിക്കുന്ന അവസരത്തില്‍ ഏതോ ഒരു പെരുന്നാള്‍ ദിനത്തില്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ പുറപ്പെടുകയുണ്ടായി. ഞങ്ങള്‍ മുസ്വല്ലായിലെത്തിയപ്പോള് അവിടെ കസീറുബ്നുസ്സ്വല്ത്ത് പണിത ഒരു മിമ്പറുണ്ട്. നമസ്കരിക്കുന്നതിന്നു മുമ്പായിത്തന്നെ മര്വാന് അതില്‍ കയറാന്‍ ഭാവിച്ചപ്പോള്‍ ഞാനദ്ദേഹത്തിന്റെ വസ്ത്രം പിടിച്ചുവലിച്ചു; അദ്ദേഹം എന്നെ പിടിച്ചുവലിച്ചുകൊണ്ട് മിമ്പറില്‍ കയറി, നമസ്കാരത്തിനുമുമ്പ് ഖുതുബഃ നടത്തി. അപ്പോള്‍, ‘അല്ലാഹുവാണ, നിങ്ങള്‍ വ്യത്യാസപ്പെടുത്തിയിരിക്കുന്നു.’ എന്നു ഞാനദ്ദേഹത്തോടുപറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘ അബൂസഈദ്! നിങ്ങള്‍ക്കറിയുന്നതെല്ലാം പോയിക്കഴിഞ്ഞു.’
‘അല്ലാഹുവിനെക്കൊണ്ടു സത്യം, എനിക്കറിയാത്തതിനേക്കാള് ഉത്തമം എനിക്കറിയുന്നതാണെ’ന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ ജനങ്ങള്‍ നമസ്കാരത്തിനുശേഷം നമ്മുടെ ഖുതുബഃകേള്ക്കാന് ഇരിക്കാതായപ്പോള് ഞാനത് നമസ്കാരത്തിന് മുമ്പാക്കിയതാണ്.’ (ബൂഖാരി,മുസ്്ലിം)
അബ്ദുല്ലാഹിബ്നുസ്സാഇബ്(റ) പറയുന്നു: ‘ ഞാന്‍ റസൂല്‍ തിരുമേനിയുടെ കൂടെ പെരുന്നാളില്‍ പങ്കെടുത്തു. നമസ്കാരം കഴിഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു: ‘ ഞങ്ങള്‍ ഖുത്വ്ബഃ നിര്‍വഹിക്കുന്നു. ഖുത്വ്ബഃ കേള്‍ക്കാനുദ്ദേശിക്കുന്നവര്‍ ഇരുന്നുകൊള്ളട്ടെ. പോവാനിഷ്ടപ്പെടുന്നവര് പോവുകയും ചെയ്യട്ടെ.’ (നസാഇ, അബൂദാവൂദ്, ഇബ്നുമാജ)
എന്നാല്‍ പെരുന്നാളിനു രണ്ടു ഖുതുബഃകളുണ്ടെന്നും അവയ്ക്കിടയില്‍ ഇരിക്കണമെന്നും കാണിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും ദുര്‍ബലമത്രെ. പെരുന്നാളിന്നു ഖുതുബഃ ആവര്‍ത്തിക്കുന്ന വിഷയത്തില്‍ ഒരു റിപ്പോര്‍ട്ടും സ്ഥിരപ്പെട്ടിട്ടില്ലെന്നു നവവി പ്രസ്താവിക്കുന്നു.
ഖുതുബഃ ആരംഭിക്കേണ്ടത് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടാണ്. അങ്ങനെയല്ലാതെ നബി(സ) ചെയ്തതായി തെളിഞ്ഞിട്ടില്ല. ഇബ്നു ഖയ്യിം പറയുന്നത് കാണുക: നബി(സ) തന്റെ എല്ലാ ഖുതുബഃകളും അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടാണാരംഭിച്ചിരുന്നത്. തക്ബീര്‍ കൊണ്ടാണ് തിരുമേനി പെരുന്നാള്‍ ഖുതുബഃകള്‍ ആരംഭിച്ചതെന്ന് ഒരു റിപ്പോര്ട്ടുകൊണ്ടും സ്ഥിരപ്പെട്ടിട്ടില്ല. നബി(സ) ഖുതുബഃകളില് തക്ബീര്‍ ചൊല്ലുകയും പെരുന്നാള്‍ ഖുതുബഃകളില് തക്ബീര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് നബി(സ)യുടെ ബാങ്കുകാരനായ സഈദി(റ)ല്‍ നിന്നു ഉബ്നുമാജ ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം. എന്നാല്‍ നബി(സ) ഖുതുബഃ ആരംഭിച്ചിരുന്നത് തക്ബീര്കൊണ്ടായിരുന്നുവെന്ന് ആ ഹദീസ് കുറിക്കുന്നില്ല. പെരുന്നാളിന്റെയും മഴ തേടുന്ന നമസ്കാരത്തിന്റെയും ഖുതുബഃകള്‍ എങ്ങനെ ആരംഭിക്കണമെന്നതില് ഭിന്നാഭിപ്രായങ്ങളുണ്ട്. അവ രണ്ടും തക്ബീറുകള്‍ കൊണ്ടാരംഭിക്കണമെന്ന് ചിലര്‍ പറയുന്നു. മഴ തേടുന്ന ഖുതുബഃ പാപമോചനത്തിന്നുള്ള പ്രാര്ത്ഥനകൊണ്ടാരംഭിക്കണമെന്നാണ് മറ്റൊരാഭിപ്രായം. രണ്ടും അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടാരംഭിക്കണമെന്നും അഭിപ്രായമുണ്ട്. ഈ അഭിപ്രായമാണ് ശരിയെന്നു ശൈഖുല്‍ ഇസ്്ലാം ഇബ്നുതൈമിയ്യഃ പറയുന്നു. അദ്ദേഹം തുടരുന്നു: ‘കാരണം ‘അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടല്ലാതെ ആരംഭിക്കുന്ന എല്ലാ കാര്യങ്ങളും ഗുണശൂന്യമാണ്.’ എന്നു നബി(സ) പറഞ്ഞിട്ടുണ്ട്. തിരുമേനി തന്റെ എല്ലാ ഖുതുബഃകളും ആരംഭിച്ചിരുന്നത് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടായിരുന്നു. മഴ തേടാനുള്ള ഖുതുബഃ പാപമോചനത്തിനര്ഥിച്ചുകൊണ്ടും, പെരുന്നാള്‍ ഖുതുബഃ തക്ബീര്‍ കൊണ്ടും ആരംഭിക്കണമെന്നു പല ഫുഖഹാക്കളും പറയുന്നുണ്ടെങ്കിലും നബി(സ)യുടെ ഒരു ചര്യയും അവര്‍ക്കതിന്നു തെളിവായിട്ടില്ല. നബിചര്യയുടെ താല്പര്യം അതിന്നു വിപരീതമാണ്. എല്ലാ ഖുതുബഃകളും അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടാരംഭിക്കുകയെന്നതാണ് നബിചര്യയിലുള്ളത്.’
നമസ്കാരത്തിന്റെ സമയം കഴിഞ്ഞാല്‍
നബി(സ)യുടെ സഹാബിമാരായ അന്സ്വാരിമാരില്പെട്ട തന്റെ പിതൃവ്യന്മാര് പറഞ്ഞതായി അബൂഉമൈറുബ്നു അനസ് നിവേദനം ചെയ്യുന്നു: ‘ ഒരിക്കല്‍ മേഘം മൂടിയത് കാരണം ശവ്വാല്‍ മാസപ്പിറവി ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അങ്ങനെ പിറ്റെ ദിവസം ഞങ്ങള്‍ നോമ്പുകാരായിത്തീര്ന്നു. പകല്‍ അവസാനമായപ്പോള്‍ ഒരു യാത്രാസംഘം വന്നു തലേന്നു മാസപ്പിറവി കണ്ടതായി റസൂലി(സ)ന്റെ മുമ്പില്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. അങ്ങനെ തിരുമേനി ജനങ്ങളോടു നോമ്പു മുറിക്കാന്‍ കല്പിക്കുകയും അടുത്ത ദിവസം പെരുന്നാള്‍ നമസ്കാരത്തിന്നു പുറപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.’
ഏതെങ്കിലും തടസ്സം കാരണം സമൂഹത്തിന് പെരുന്നാള്‍ നമസ്കാരം പാഴായിപ്പോയാല്‍ അവര്‍ പിറ്റെദിവസം പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കണമെന്ന അഭിപ്രായത്തിന് ഈ ഹദീസ് തെളിവത്രെ.
തീറ്റയും പാട്ടയും കളിയും വിനോദങ്ങളും
സാധാരണ അനുവദനീയവും നിര്‍ദോഷവുമായ വിനോദങ്ങള്‍, നല്ല സംഗീതാലാപനം എന്നിവ ശാരീരിക വ്യായാമത്തിന്നും മാനസികോല്ലാസത്തിനും വേണ്ടി പെരുന്നാള്‍ ദിനത്തില്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഇസ്്ലാമിന്റെ ചിഹ്നങ്ങളില്‍ പെട്ടതത്രെ.
അനസ്(റ) പ്രസ്താവിക്കുന്നത് കാണുക: ‘ നബി(സ) മദീനയിലെത്തിയ കാലത്ത് അവിടത്തുകാര്‍ക്ക് കളിക്കും വിനോദത്തിനുമായി രണ്ടു ദിനങ്ങളുണ്ടായിരുന്നു’ എന്നു നബി(സ) അവരോടു പറയുകയുണ്ടായി.’
ആഇശ(റ) പ്രസ്താവിക്കുന്നു: ‘ ഒരു പെരുന്നാള്‍ ദിനത്തില്‍ ചില അബ്സീനിയക്കാര്‍ റസൂലി(സ)ന്റെ അടുത്തു കളിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ അവിടത്തെ ചുമലില്‍ക്കൂടി എത്തിനോക്കിയപ്പോള്‍ തിരുമേനി ചുമല് കുറച്ച് താഴ്ത്തിപ്പിടിക്കുകയും അതിനുമുകളിലൂടെ അവര്‍ കളിക്കുന്നത് മതിയാകുവോളം കണ്ടശേഷം ഞാന്‍ തിരിച്ചുപോവുകയും ചെയ്തു.’ (അഹ്്മദ്, ബുഖാരി, മുസ്്ലിം)
അവര്‍ തന്നെ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ ആഇശ(റ) പറയുന്നു: ‘ ഒരു പെരുന്നാള്‍ ദിനത്തില്‍ അബൂബക്കര്‍(റ) ഞങ്ങളുടെ അടുത്ത് കടന്നുവന്നു. അപ്പോള്‍ ഞങ്ങളുടെ അടുത്ത് രണ്ടു പെണ്‍കുട്ടികളുണ്ട്. അവര്‍ ഔസ്, ഖസ്റജ് എന്നീ രണ്ടു ഗോത്രങ്ങളിലെ നേതാക്കള്‍ കൊല്ലപ്പെട്ട ബുഅസ് യുദ്ധത്തെപ്പറ്റി പാടുകയായിരുന്നു. ഇതു കേട്ടപ്പോള്‍ ‘അല്ലാഹുവിന്റെ അടിമകളേ! പിശാചിന്റെ വീണയോ!’ എന്നു അബൂബക്കര്‍ (റ) മൂന്നു പ്രാവശ്യം പറഞ്ഞു. അപ്പോള്‍ റസൂല്‍(സ) തിരുമേനി പറഞ്ഞു: ‘ അബൂബക്കര്‍! ഓരോ ജനസമൂദായത്തിന്നും ഓരോ പെരുന്നാളുണ്ട്. ഇന്നു നമ്മുടെ പെരുന്നാളാണ്.’
ഇമാം ബൂഖാരി ഉദ്ധരിച്ച നിവേദനത്തില്‍ ആഇശ(റ) പറയുന്നു: ‘ റസൂല്‍(സ) എന്റെ അടുത്തു കടന്നുവന്നു. അപ്പോള്‍ രണ്ടു പെണ്കിടാങ്ങള് എന്റെ അടുത്തുണ്ടായിരുന്നു. അവര്‍ ബുആസ് യുദ്ധത്തെക്കുറിച്ചു പാടുകയായിരുന്നു. അങ്ങനെ തിരുമേനി വിരുപ്പില്‍ കിടന്നു മറുഭാഗത്തേക്കു മുഖം തിരിച്ചു. പിന്നെ അബൂബക്കര്‍ (റ) വന്നു എന്നെ ശാസിച്ചു. അദ്ദേഹം ചോദിച്ചു: ‘ ചെകുത്താന്റെ കുഴലൂത്ത് നബിയുടെ അടുത്തോ?’ തദവസരം നബി(സ) അദ്ദേഹത്തെ അഭിമുഖീകരിച്ചുകൊണ്ട് ‘ അവരെ വിട്ടേയ്ക്കൂ’ എന്നു പറഞ്ഞു. അനന്തരം അത് തിരുമേനിയുടെ ശ്രദ്ധയില്‍നിന്നു വിട്ടപ്പോള്‍ അവരെ ഞാന്‍ തോണ്ടി, അവര്‍ പുറത്തുപോവുകയും ചെയ്തു.’
ആഇശ(റ) തന്നെ പ്രസ്താവിക്കുന്നു: ‘ ഒരു പെരുന്നാള്‍ ദിവസം അബ്്സീനിയക്കാര് പരിചയും ചാട്ടുളിയും ഉപോയഗിച്ച് കളിക്കുകയായിരുന്നു. അപ്പോള്‍ – ഞാനങ്ങോട്ടാവശ്യപ്പെട്ടിട്ടോ അല്ലാതെയോ – ‘നിനക്ക് കാണാനാഗ്രഹമുണ്ടോ’ എന്ന് നബി(സ) ചോദിച്ചു. ഞാന്‍ അതെയെന്നു പറഞ്ഞപ്പോള്‍ അവിടന്നു എന്നെ തന്റെ പിന്നില്‍ നിറുത്തി. എന്റെ കവിളും അവിടത്തെ കവിളും തൊട്ടടുത്തായിരുന്നു. ‘ബനൂ അര്ഫിദാ, കളിക്കൂവിന്’ എന്നിങ്ങനെ അവിടന്നു പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ എനിക്കു മടുപ്പുതോന്നി. തിരുമേനി ‘മതിയോ’ എന്നു ചോദിച്ചു. ഞാന്‍ മതി എന്നു പറഞ്ഞപ്പോള്‍ ‘ എങ്കില്‍ പോയിക്കൊള്‍ക’ എന്നു അവിടന്നു നിര്‍ദേശിച്ചു.’
ഹാഫിള് ഇബ്നുഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: ‘ നമ്മുടെ ദീനില്‍ വിശാലതയും സൗകര്യവുമുണ്ടെന്ന് മദീനയിലെ യഹൂദികള്‍ അറിയട്ടെ. ഋജുവും വിശാലവുമായ ഒരു മാര്‍ഗവുമായിട്ടാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.’ എന്നിങ്ങനെ ആ ദിവസം തിരുമേനി പറഞ്ഞുവെന്നു ആഇശ(റ) പ്രസ്താവിച്ചതായി ഉര്‍വത്തില്‍ നിന്നു അബൂസ്സിനാദ് വഴിയായി ഇബ്നുസ്സര്റാജ് ഉദ്ധരിച്ചിട്ടുണ്ട്.. ‘ തശ് രീഖിന്റെ ദിവസങ്ങള്‍ (ദുല്‍ഹജ്ജ് 11, 12, 13) തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനെസ്സംബന്ധിച്ച സ്മരണയുടെയും ദിവസങ്ങളാണ്.’ എന്നു തിരുമേനി പ്രസ്താവിച്ചതായി നുബൈശത്ത് നിവേദനം ചെയ്യുന്നു. (മുസ്്ലിം , അ്ഹ്്മദ്)
പെരുന്നാളാശംസിക്കല് അഭികാമ്യം
റസൂലി(സ)ന്റെ സഹാബിമാരും പെരുന്നാള്‍ ദിനത്തില്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ‘ തഖബ്ബലല്ലാഹു മിന്നാ വ മിന്‍ക’ (ഞങ്ങളില്‍നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു സ്വീകരിക്കട്ടെ) എന്നിങ്ങനെ പറയാറുണ്ടായിരുന്നുവെന്നു ജുബൈറുബ്നു നഫീര്‍ പ്രസ്താവിക്കുന്നു.
Add Comment