Articles Ramadan Special Coverage റമദാന്‍ വിടപറയുമ്പോള്‍

റമദാന്‍ കഴിഞ്ഞു ആത്മ വിചാരണയ്ക്കു സമയമായില്ലേ?

ആത്മ വിചാരണയുടെ ചോദ്യ ശരങ്ങള്‍ ഓരോ വിശ്വാസിയുടെ നേര്‍ക്കുമുയര്‍ത്തിയാണ് റമദാന്‍ വിട പറയുന്നത്. വിശ്വാസികള്‍ക്ക് അല്ലാഹുവിനെ ഭയപ്പെടാനുള്ള ഒരു വേദിയാണ് ആത്മ വിചാരണ. ചെയ്ത സല്‍ക്കര്‍മ്മങ്ങളില്‍ സംതൃപ്തിയടഞ്ഞ്, അതു സ്വീകരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ അടങ്ങിയിരിക്കാന്‍ വിശ്വാസിക്ക് സാധ്യമല്ല. കഴിഞ്ഞ കാലങ്ങള്‍ മറക്കാനോ, ചെയ്ത കാര്യങ്ങളെ കുറിച്ച് പുനരാലോചന നടത്താതിരിക്കാനോ വിശ്വാസിക്കാകില്ല. കാരണം ആത്മ പരിശോധന വിശ്വാസിയുടെ സ്വഭാവമാണ്. ആത്മ വിചാരണ വിശ്വാസിയുടെ ഹൃദയത്തെ നിര്‍മ്മലമാക്കുകയും നന്മകളില്‍ മുന്നേറാന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയുമാണ്.

‘താന്‍ ചെയ്ത കര്‍മ്മങ്ങള്‍ മതിയായിട്ടില്ല, ഇനിയും ഞാന്‍ മുന്നേറാനുണ്ട്’ എന്ന ചിന്തയാണ് ആത്മ വിചാരണയിലൂടെ വിശ്വാസിക്കുണ്ടാകുന്നത്.

റമദാനില്‍ നാം ചെയ്ത കര്‍മ്മങ്ങള്‍ അത് യഥാര്‍ത്ഥ തഖ് വയിലധിഷ്ഠിതമല്ലേ? നമ്മുടെ കര്‍മ്മങ്ങള്‍, പരിശ്രമങ്ങള്‍ അനുഷ്ഠാനങ്ങള്‍, സ്വഭാവഗുണങ്ങള്‍ അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു തന്നെയല്ലേ? എന്റെ കര്‍മ്മങ്ങള്‍ ഒരു ആചാരമെന്ന നിലയില്‍, ആളുകള്‍ എന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്ന് കരുതി ഞാന്‍ നിര്‍വ്വഹിച്ചതാണോ? തുടങ്ങിയ ചോദ്യങ്ങള്‍ വിശ്വാസി അവനോട് സ്വയം ചോദിക്കേണ്ടതുണ്ട്.
പട്ടിണി പാവങ്ങളുടെ വിശപ്പിന്റെ രുചിയെന്താണെന്ന് നാം റമദാനിലൂടെ തിരിച്ചറിഞ്ഞു. ദരിദ്രരോടും അവശ വിഭാഗത്തോടുമുള്ള നമ്മുടെ നിലപാടെന്ത്? അവരോട് കാരുണ്യം കാണിക്കാന്‍ നമുക്കിപ്പോള്‍ കഴിയുന്നുണ്ടോ?
നമ്മെ അടക്കി ഭരിച്ച ചില ദുശ്ശീലങ്ങളുടെ അടിമകളായിരുന്നു നാം റമദാനിനു മുമ്പ് വരെ. റമദാനോടെ ആ ശീലങ്ങള്‍ക്ക് നാം വിട പറഞ്ഞു. ഇനിയും ആ ശീലങ്ങള്‍ തുടരാനാണോ നമ്മുടെ ഭാവം? അസൂയ, പക, വിദ്വേഷം, ക്രോധം തുടങ്ങിയ മോശമായ പല വികാരങ്ങള്‍ക്കും അടിപ്പെട്ടു പോയ മനസ്സിനെ റമദാന്‍ ക്രമീകരിച്ചു. അതില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും വികാരങ്ങള്‍ റമദാന്‍ അവശേഷിപ്പിച്ചു. റമദാന്‍ കഴിയുമ്പോള്‍ ആ പഴയ മലീമസമായ വികാരങ്ങളെ തുടര്‍ന്നും നമ്മുടെ മനസ്സില്‍ കുടിയിരുത്താനാണോ നമ്മുടെ പരിപാടി.
ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ നമുക്ക് നമ്മോട് തന്നെ ചോദിക്കാനുണ്ട്.വിശ്വാസി റമദാനില്‍ അല്ലാഹുവിനോടുള്ള അനുസരണത്തിലും ഭക്തിയിലും എങ്ങനെ പൂര്‍ണ്ണനായിരുന്നുവോ അതുപോലെ തന്നെയാകണം തുടര്‍ന്നുള്ള പതിനൊന്ന് മാസവും. റമദാനില്‍ മാത്രം അല്ലാഹുവിനെ സ്മരിക്കുന്ന, അവന് ഇബാദത്തുകള്‍ ചെയ്യുന്ന കപടന്‍മാരായിക്കൂടാ ഒരിക്കലും വിശ്വാസികള്‍.
ഈ ഒരു മാസം നാം അങ്ങേയറ്റം ഭയപ്പെട്ട അല്ലാഹു, തുടര്‍ന്നു വരുന്ന പതിനൊന്ന് മാസവും നമ്മെ വീക്ഷിച്ചിരിക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ നമ്മുടെ അല്ലാഹു തന്നെയാണ് ഇനി വരാനിരിക്കുന്ന മാസങ്ങളിലും നമ്മുടെ അല്ലാഹു. ഏതു ദേശത്തും ഏതു കാലത്തും അവന്‍ തന്നെയാണ് നമ്മുടെ രക്ഷിതാവ് എന്ന ബോധം തുടര്‍ന്നും നമ്മില്‍ നിറഞ്ഞ് നില്‍ക്കണം.