Articles Special Coverage ലൈലത്തുല്‍ ഖദര്‍

ലൈലത്തുല്‍ ഖദ്ര്‍: ശ്രേഷ്ഠ രാത്രി

മുഹമ്മദ് നബി (സ) യുടെ സമൂഹത്തിന് മാത്രം ലഭിച്ചിട്ടുള്ള വിശിഷ്ട അനുഗ്രഹമാണ് ലൈലത്തുല്‍ ഖദ്ര്‍. മുസ്‌ലിം സമൂഹത്തിന് പുണ്യങ്ങള്‍ എമ്പാടും നേടിയെടുക്കാന്‍ കഴിയുന്ന രാവാണിത്. അതിന്റെ ശ്രേഷ്ഠതകളെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വിശദീകരിക്കുന്നുണ്ട്. ‘തീര്‍ച്ചയായും നാം അതിനെ ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. (സൂറ: ദുഖാന്‍ 3,4)

ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ: നബി (സ) പറഞ്ഞു. ‘അവസാന പത്തുകളില്‍ ഒറ്റയൊറ്റ രാവുകളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ചു കൊള്ളുക’
ഒരു വര്‍ഷത്തിലേക്ക് വേണ്ട മുഴുവന്‍ കാര്യങ്ങളും അല്ലാഹു തീരുമാനിക്കുന്ന ദിവസമാണിത്. ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠതകള്‍ പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്.
1. അല്ലാഹു ഖുര്‍ആനെ അവതരിപ്പിച്ചു.
2. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠം.
3. മലക്കുകള്‍ സന്നിഹിതരാകുന്നു.
4. ശിക്ഷകളില്‍ നിന്നുള്ള മോചനം അധികരിക്കപ്പെടുന്നു.
5. ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠതകളെ കുറിച്ച് അന്ത്യ ദിനം വരെ പാരായണം ചെയ്യപ്പെടുന്ന ഒരു സമ്പൂര്‍ണ അധ്യായം അവതരിപ്പിച്ചു.
ഈ രാവ് വിശുദ്ധ റമദാനിലെ അവസാന പത്തിലെ ഒറ്റയൊറ്റയായ രാവുകളില്‍ ഒന്നായിരിക്കും. ദീര്‍ഘ നേരം നിന്ന് നമസ്‌കരിക്കലും പ്രാര്‍ത്ഥനകളും പാപമോചനവും ദാന ധര്‍മ്മങ്ങളും അധികരിപ്പിക്കേണ്ട സന്ദര്‍ഭമാണിത്.
അബൂഹുറൈറയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. ‘ഈമാനോടും പ്രതിഫലേച്ഛയോടെയും ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ആരെങ്കിലും നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടും’