Eid Special Coverage ഈദുല്‍ ഫിത്വര്‍

മലേഷ്യയില്‍ ഒരു ചെറിയ പെരുന്നാള്‍

ഇസ് ലാമിന്റെ രണ്ട് ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഫിത്വര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒരേ സന്ദേശമാണ് പ്രസരിപ്പിക്കുന്നത്. എന്നാല്‍ പല നാടുകളിലെയും ആഘോഷങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആ നാടിന്റെ മണവും നിറവുമുണ്ടാകും. മലേഷ്യയിലെ ഈദുല്‍ ഫിത്വറിനുമുണ്ട് മലായ് സംസ്‌കാരത്തിന്റെ നിറവും മണവും. ‘ഈദില്‍ ഫിത്വരി’ എന്ന് മലേഷ്യക്കാര്‍ വിളിക്കുന്ന ഈദുല്‍ ഫിത്വറിന് മലായ് ഭാഷയില്‍ ‘ഹരി രായ് പോസ’ (ആഘോഷത്തിന്റെ ദിവസം) എന്നാണ് പറയുക.
റമദാന്‍ മാസം അവസാനിച്ച്, ശവ്വാല്‍ ഒന്നിനാണ് ഈദുല്‍ ഫിത്വര്‍. മലേഷ്യന്‍ മുസ് ലിംകള്‍ക്ക് ആനന്ദത്തിന്റെയും സന്തോഷം പങ്കു വെക്കലിന്റെയും ദിനമാണ് പെരുന്നാള്‍. വ്യക്തി പരമായി ഓരോ വിശ്വാസിയുടെയും വിജയം കൂടിയാണ് പെരുന്നാളിലൂടെ വന്നണയുന്നത്. ഒരു മാസക്കാലം അവന്‍ അനുഷ്ഠിച്ച ആത്മ നിയന്ത്രണത്തിന്റെയും സമര്‍പ്പണത്തിന്റയും വിജയ സൂചികയാണ് പെരുന്നാള്‍.
ഒരു മാസക്കാലത്തോളം തികഞ്ഞ ആത്മ നിയന്ത്രണത്തിലും അച്ചടക്കത്തിലുമായിരുന്നു വിശ്വാസികള്‍. റമദാനിലെ 29-ാം രാവില്‍ നിലാവ് കാണുമ്പോഴോ അല്ലെങ്കില്‍ മാസം 30 തികച്ച് റമദാന്‍ പൂര്‍ത്തിയാകുമ്പോഴോ ആണ് മലേഷ്യയില്‍ പെരുന്നാള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, ഗവണ്‍മെന്റിന്റെ മതകാര്യ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥര്‍ നിലാവ് കാണുന്നതിനനുസരിച്ചാണ് പെരുന്നാള്‍ തീയതി നിശ്ചയിക്കപ്പെടുക. 29 ന് നിലാവ് കാണുകയാണെങ്കില്‍ അടുത്ത ദിവസം ഈദുല്‍ ഫിത്വറായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയും ആ ദിവസം പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്യും.
പൊറുക്കാനും മറക്കാനും ഒരു പെരുന്നാള്‍
ഈദുല്‍ ഫിത്വറിന് വേണ്ടി രണ്ട് ദിവസത്തെ ഔദ്യോഗിക അവധിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഒരാഴ്ച്ചയോളം മലേഷ്യന്‍ ജനത പെരുന്നാള്‍ ആഘോഷങ്ങളില്‍ വ്യാപൃതരാവും. നഗര വാസികള്‍ തങ്ങളുടെ ജന്മ നാട് സന്ദര്‍ശിക്കുന്ന സന്ദര്‍ഭം കൂടിയാണ് പെരുന്നാള്‍ ദിനങ്ങള്‍. ‘ബാലിക് കാപൂഗ്’  എന്ന് മലേഷ്യക്കാര്‍ വിളിക്കുന്ന ഈ സമ്പ്രദായം മാതാ പിതാക്കളും മക്കളും ബന്ധു മിത്രാതികളും പഴയ സൂഹൃത്തുക്കളും ഒരുമിച്ചു കൂടുന്ന ഒരു അപൂര്‍വ്വ അവസരമാണ്. കോലാംലംപൂര്‍ പോലുള്ള മഹാ നഗരങ്ങള്‍ അതുകൊണ്ട് തന്നെ ഈദുല്‍ ഫിത്വറില്‍ പൊതുവെ ശാന്തമായിരിക്കും. പെരുന്നാള്‍ നമസ്‌കാരത്തിന് വേണ്ടി സ്ത്രീ പുരുഷന്‍മാര്‍ പള്ളിയില്‍ പോകുന്നു. പുരുഷന്‍മാര്‍ അവരുടെ പരമ്പരാഗത വസ്ത്രമായ ‘ബാജു മെലായു’ അണിയുമ്പോള്‍ സ്ത്രീകള്‍ ‘ബാജു കുറുംഗ്’ ധരിക്കുന്നു.
കുടുംബാംഗങ്ങളുമായി കൂടിയിരുന്നാണ് പെരുന്നാള്‍ സുദിനത്തിലെ പ്രാതല്‍. പ്രാതലിനു ശേഷം തങ്ങളുടെ പ്രയപ്പെട്ടവരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും മലയ്ക്കാര്‍ മുറ തെറ്റാതെ ചെയ്തു പോരുന്നു.
മലയ്ക്കാര്‍ക്ക് പെരുന്നാള്‍ ദിനം പരസ്പരം വിട്ടു വീഴ്ച്ച ചെയ്യാനും മാപ്പിരിക്കാനുമുള്ള സന്ദര്‍ഭമാണ്. പ്രയാധിക്യമനുസരിച്ച് ഓരോ പരിചയക്കാരും കഴിഞ്ഞു പോയ തെറ്റു കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് പരസ്പരം മാപ്പിരക്കുന്നു. കുടുംബത്തിലെ ചെറുപ്പക്കാര്‍ പ്രായം ചെന്നവരോടും മുതിര്‍ന്നനവരോടും ചെന്ന് സലാം പറഞ്ഞ് അവരുടെ പൊരുത്തവും ആശീര്‍വാദവും സ്വീകരിച്ച് അവരുടെ കൈകളില്‍ ചുംബിക്കുന്നു. മുസ് ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദ്യ രീതിയായ ‘സലാം’  പറയലിന് പുറമെ ‘െസലാമത്ത് ഹരി രായ’ (പെരുന്നാള്‍ ആശംസകള്‍) എന്നും അഭിവാദ്യം ചെയ്യും.
പെരുന്നാളിനോടനുബന്ധിച്ച് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ചെറിയ കവറുകളില്‍ പണം സമ്മാനമായി നല്‍കുന്നത് മലേഷ്യയില്‍ പതിവാണ്.
ആദ്യ മൂന്ന് ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷം കെങ്കേമമായി കൊണ്ടാടപ്പെടുന്നതെങ്കിലും ഒരു മാസം മുഴുവന്‍ ‘ഓപ്പണ്‍ ഹൗസു’കളില്‍ പെരുന്നാള്‍ ആഘോഷിക്കുന്നവരുമുണ്ട്. അവിടെയാണ് ക്ഷണിക്കപ്പെട്ട അമുസ് ലിംകളും അയല്‍ക്കാരും സുഹൃത്തുക്കളുമെല്ലാം പെരുന്നാള്‍ ആഘോഷിക്കുക. മലയ് ജനതയുടെ വിശിഷ്ടമായ ആചാരങ്ങളും അനുഭവങ്ങള്‍ കൊണ്ടും മലേഷ്യന്‍ പെരുന്നാള്‍ വേറിട്ടു നില്‍ക്കുന്നു.
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്
www.myxpitstop.com
http://www.myxpitstop.com/festivals-in-malaysia-hari-raya-aidil-fitrieid-al-fitr/#.UC3mYd3iYzY