ഇസ് ലാമില്‍ രണ്ട് പെരുന്നാള്‍ ആഘോഷങ്ങളാണുള്ളത്. ഒന്ന്, റമദാന്‍ വ്രതം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ശവ്വാല്‍ ഒന്നാം തീയതി വരുന്ന ‘ഈദുല്‍ ഫിത്വര്‍’ (നോമ്പുമുറിക്കുന്ന പെരുന്നാള്‍ എന്നര്‍ഥം) ചെറിയ പെരുന്നാള്‍ എന്നും ഇതിന് പറയാറുണ്ട്. രണ്ട്, ദുല്‍ഹജ്ജ് പത്താം തിയ്യതി ഹജ്ജ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വരുന്ന ‘ഈദുല്‍ അദ്ഹാ’ (ബലി പെരുന്നാള്‍). ഈ സുദിനത്തില്‍ അല്ലാഹുവിന്റെ പേരില്‍ മൃഗങ്ങളെ ബലികഴിക്കുന്നു. അതുകൊണ്ടാണ് ഇതിനെ ബലി പെരുന്നാള്‍ എന്നു പറയുന്നത്. ഇതിന്നു വലിയ പെരുന്നാള്‍ എന്നും പറയാറുണ്ട്.
ഇസ് ലാമില്‍ പെരുന്നാളാഘോഷത്തിന്റെ മുഖ്യമായ വശം ‘ പെരുന്നാള്‍ നമസ്‌കാര’മാകുന്നു. രണ്ട് പെരുന്നാള്‍ നമസ്‌ക്കാരങ്ങളും നിലനിര്‍ത്തേണ്ടത് മുസ്്‌ലിംകളുടെ പൊതു കടമയാണ്. പെരുന്നാള്‍ നമസ്‌കാരവും ഖുതുബഃയും തുറന്ന മൈതാനിയില്‍ ആകുന്നത് ഉത്തമമാകുന്നു. അതില്‍ സ്ത്രീകളും കുട്ടികളുമൊക്കെ പങ്കെടുക്കുന്നതും നല്ലതാണ്.
പെരുന്നാള്‍ നമസ്‌കാരം ജുമുഅഃ പോലെ രണ്ട് റക്അത്താണ്. പക്ഷേ, പെരുന്നാളിന്റെ ഖുതുബഃ നമസ്‌കാരത്തിനു ശേഷമാകുന്നു. പെരുന്നാള്‍ നമസ്‌കാരത്തിലെ ആദ്യത്തെ റക്അത്തില്‍ ‘ദുആഉല്‍ ഇഫ്തിതാഅ്’ (പ്രാരംഭ പ്രാര്‍ത്ഥന)ന്റെ ശേഷം ഏഴു തക്ബീറും രണ്ടാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റുനിന്ന ഉടനെ അഞ്ചു തക്ബീറും ചൊല്ലുന്നത് സുന്നത്താകകുന്നു. ഓരോ തക്ബീര്‍ ചൊല്ലുമ്പോഴും തക്ബീറതുല്‍ ഇഹ്‌റാം ചൊല്ലുമ്പോള്‍ ചൊല്ലുന്നതുപോലെ മുന്‍കൈ രണ്ടും ഉയര്‍ത്തിയശേഷം താഴ്ത്തിവെക്കണം. ഓരോ തക്ബീറിന്റെ ശേഷവും, ‘സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍’ എന്നു ചൊല്ലുന്നത് നല്ലതാകുന്നു. തക്ബീറതുല്‍ ഇഹ്‌റാമിന്റെ ശേഷവും അവസാനത്തെ തക്ബീറിന്നു ശേഷവും ഇത് ചൊല്ലേണ്ടതില്ല. അവസാനത്തെ തക്ബീര്‍ ചൊല്ലിയ ഉടനേ ഫാത്തിഹഃ ഓതുകയാണ് വേണ്ടത്. ഫാത്തിഹഃയുടെ ശേഷം ആദ്യത്തെ റക്അത്തില്‍ ‘സൂറത്തുല്‍ അഅ്‌ല’യും രണ്ടാമത്തെ റക്അത്തില്‍ ‘സൂറത്തുല്‍ ഗാശിയഃ’യും ഓതുന്നത് സുന്നത്താണ്.
Add Comment