Eid

പെരുന്നാളിന്റെ മധുരവും കയ്പും

നന്‍മയുടെ പ്രകാശം പരത്തുന്ന ഞാന്‍ കേട്ടതില്‍ വെച്ചേറ്റവും ഹൃദ്യമായ ഒരു കഥയുണ്ട്. ദരിദ്രയായ ഒരു സ്ത്രീ ഒരു പെരുന്നാള്‍ ദിനത്തില്‍ നഗരത്തിലെ കളിപ്പാട്ടങ്ങള്‍ വില്‍ക്കപ്പെടുന്ന ഒരു കടക്കുമുന്നില്‍ നില്‍ക്കുകയാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പെരുന്നാള്‍ സമ്മാനം വാങ്ങാനെത്തിയ ധാരാളം പേരുണ്ടായിരുന്നു അവിടെ. അതിനിടെയാണ് മാര്‍ബിളില്‍ കൊത്തിയ ഒരു പാവയില്‍ ഈ സ്ത്രീയുടെ കണ്ണുകളുടക്കിയത്. ഭംഗിയിലും അഴകിലും ഒരു അല്‍ഭുതം തന്നെയായിരുന്നു ആ പാവ. കാണുന്നവരെ ആകര്‍ഷിക്കാന്‍ മാത്രം മനോഹാരിതയുണ്ടായിരുന്നു അതിന്.  കുട്ടികളാഗ്രഹിക്കുന്ന കുട്ടിത്തം വഴിയുന്ന മുഖമായിരുന്നു അതിനുണ്ടായിരുന്നത്. തന്റെ കുഞ്ഞുമകന്റെ കണ്ണുകള്‍ കൊണ്ട് അത് തന്നെത്തന്നെ നോക്കുന്നതായി ആ സ്ത്രീക്ക് അനുഭവപ്പെട്ടു. അവരുടെ മകന്‍ പെരുന്നാള്‍ സമ്മാനവും പ്രതീക്ഷിച്ച് വീട്ടിലിരിക്കുകയാണ്. അവരത് കയ്യിലെടുത്തു. കച്ചവടക്കാരനോട് വിലപേശി.

തന്റെ കൈയിലുള്ള പൈസകൊടുത്ത്  അത് വാങ്ങാന്‍ കഴിയില്ലെന്ന് ആ പാവം സ്ത്രീക്ക് ബോധ്യമായി. അതു വാങ്ങാതെ തന്റെ കുഞ്ഞിന്റെയടുത്തേക്ക് തിരിച്ചുപോകാനാവില്ലെന്നും വിങ്ങുന്ന മാതൃഹൃദയത്താല്‍ അവരോര്‍ത്തു.  ഗത്യന്തരമില്ലാതെ ആ സ്ത്രീ മറ്റാരുടെയും കണ്ണില്‍പെടാതെ ആ പാവ കൈക്കലാക്കി  വീട്ടിലേക്ക് തിരിഞ്ഞുനടന്നു. അപ്പോഴൊക്കെ സമ്മിശ്രവികാരങ്ങളായിരുന്നു അവരുടെ ഹൃദയാന്തരാളത്തില്‍. താന്‍ ചെയ്ത അപരാധത്തെക്കുറിച്ച കുറ്റബോധവും പാവക്കുട്ടിയെ കാണുമ്പോള്‍ തന്റെ കുഞ്ഞിനുണ്ടാകുന്ന ആഹ്ലാദവും ഒക്കെ ആലോചിച്ച് അവര്‍ വീടെത്തി.
കച്ചവടക്കാരന്‍ തികഞ്ഞ സമര്‍ഥനായിരുന്നു. കടയില്‍ വരുന്ന ഓരോ ഉപഭോക്താവിന്റെ ചലനങ്ങളും നീക്കവും അയാള്‍ സദാ നിരീക്ഷിക്കാറുണ്ടായിരുന്നു. സ്ത്രീ പാവ മോഷ്ടിക്കുന്നതും അതുമായി സ്ഥലംകാലിയാക്കുന്നതും കണ്ട അയാള്‍ അവരെ  പിന്തുടര്‍ന്ന് വീട് മനസ്സിലാക്കി. എന്നിട്ട് നേരെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് സംഭവങ്ങള്‍ വിവരിച്ചു. അവിടെനിന്നും രണ്ടുപോലീസുകാരെയും കൂട്ടി അദ്ദേഹം ആ സ്ത്രീയുടെ വീട്ടിലേക്ക് തള്ളിക്കയറി. കുഞ്ഞിനെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു അവര്‍ . തന്റെ കുഞ്ഞിന്റെ ആഹ്ലാദവും ആനന്ദവും ആസ്വദിക്കുകയായിരുന്നു ആ പാവം സ്ത്രീ. പോലീസുകാര്‍ സ്ത്രീയെ  പിടികൂടി. കച്ചവടക്കാരനാകട്ടെ കുഞ്ഞിന്റെ മേല്‍ ചാടിവീണ് കയ്യില്‍ നിന്ന് പാവ ബലംപ്രയോഗിച്ച് കൈക്കലാങ്ങി. ഇതുകണ്ട കുഞ്ഞ് ഉറക്കെ കരഞ്ഞു. പാവ നഷ്ടപ്പെട്ടതായിരുന്നില്ല അവന്റെ പ്രശ്‌നം. തന്റെ മുന്നില്‍ നിന്ന് വിറക്കുന്ന ഉമ്മയെ കണ്ടപ്പോള്‍ ആ കച്ചവടക്കാരന്റെ കാലിലേക്ക് വീണ് കുട്ടിപൊട്ടിക്കരഞ്ഞു ‘എന്റെ ഉമ്മയോട് കരുണ കാണിച്ചാലും.’ അവന്‍ കരഞ്ഞുകൊണ്ടേയിരുന്നു.
കുട്ടിയുടെ അലമുറയിട്ടുള്ള കരച്ചില്‍ കണ്ട കച്ചവടക്കാരന്റെ  മനസ്സ് ആര്‍ദ്രമായി. ജനങ്ങള്‍ മുഴുവന്‍ സന്തോഷിക്കുന്ന പെരുന്നാള്‍ രാവില്‍ ആ ദരിദ്രകുടുംബത്തെ വേദനിപ്പിച്ചത് ശരിയായില്ലെന്ന് അയാളുടെ മനസ്സാക്ഷി മന്ത്രിച്ചുകൊണ്ടിരുന്നു. അദ്ദേഹം കൂടെ വന്ന പോലീസുകാരോട് പറഞ്ഞു ‘ഞാന്‍ ഈ സ്ത്രീയെ തെറ്റിദ്ധരിച്ചതാണെന്ന് തോന്നുന്നു, ഇത് ഞാന്‍ വില്‍ക്കുന്ന പാവയല്ല’. ഇതുകേട്ട പോലീസുകാര്‍ തിരികെപോയി. കച്ചവടക്കാരന്‍ കുഞ്ഞിനെ പൊക്കിയെടുത്തു അവനോട് ക്ഷമാപണം നടത്തി. പിന്നീട് ആ ഉമ്മയുടെ അടുത്ത് ചെന്ന് തന്റെ പിടിവാശിയിലും പരുഷതയിലും മാപ്പിരന്നു. തന്റെ ചെയ്തിയിലുള്ള ഖേദം അവരുടെ മുഖത്തുണ്ടായിരുന്നു. കച്ചവടക്കാരനോട് വളരെയധികം നന്ദിയുണ്ടെന്ന് ഗദ്ഗദത്തോടെ അവര്‍ മൊഴിഞ്ഞു. ആ ദരിദ്ര കുടുംബത്തിന് പെരുന്നാള്‍ ആഘോഷിക്കാനാവശ്യമായ വിഭവങ്ങള്‍ എത്തിച്ചുകൊടുത്തശേഷമാണ് അയാള്‍ അവിടെ നിന്ന് മടങ്ങിയത്.
സന്തോഷത്തിന്റെയും സന്താപത്തിന്റെയും രണ്ടുവികാരങ്ങളാണ് പെരുന്നാള്‍ രാവില്‍ അന്തരീക്ഷത്തില്‍ പ്രസരിക്കുന്നത്. പെരുന്നാളിന് വേണ്ട വസ്ത്രവും, ആഭരണങ്ങളും ശേഖരിച്ച്, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി, അതിഥികള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണമൊരുക്കി സമാധാനത്തോടും നിര്‍വൃതിയോടും കൂടി കിടന്നുറങ്ങുന്നവരാണ് ആദ്യത്തേത്. മനോഹരമായ സ്വപ്‌നങ്ങള്‍ കണ്ട് സുഖനിദ്രയിലാണ് അവര്‍ പെരുന്നാള്‍ രാവ് കഴിച്ചുകൂട്ടുന്നത്. കാര്യങ്ങളെങ്ങനെ മുന്നോട്ടുനീക്കുകയെന്ന കാര്യം ആലോചിച്ച് കനലെരിയുന്ന ഹൃദയവുമായി കഴിയുന്ന ദര്‍ഭാഗ്യവാന്‍മാരാണ് രണ്ടാത്തേത്. വിങ്ങുന്ന ഹൃദയവുമായി നിദ്രാവിഹീനരായി പെരുന്നാള്‍രാവില്‍ അവര്‍ കിടക്കുന്നത്. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ കണ്ണുകളും നാവുകളും കൊണ്ട് പെരുന്നാള്‍ സമ്മാനത്തെയും വസ്ത്രത്തെയും കുറിച്ച് ചോദിക്കുമ്പോള്‍ ഉത്തരം നല്‍കാനില്ലാത്തവരാണ് അവര്‍.  നാളെ പെരുന്നാള്‍ പ്രഭാതത്തില്‍ കുട്ടികളോട്് എന്ത് ഒഴിവുകഴിവുപറഞ്ഞാണ്്  രക്ഷപ്പെടുക എന്നതായിരിക്കും അവരുടെ വേവലാതി.
ദൈവം അനുഗ്രഹിച്ച സൗഭാഗ്യവാന്മാര്‍  ഇത്തരത്തിലുള്ള ദരിദ്ര കുടുംബങ്ങളിലേക്ക് സഹായ ഹസ്തം നീട്ടിയെങ്കില്‍ എത്രനന്നായിരുന്നു. തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ വിഭവങ്ങളില്‍ നിന്ന് അല്‍പമെങ്കിലും നല്‍കി നന്ദിയുടെഒരു ചെറിയ അംശമെങ്കിലും പ്രകടിപ്പിച്ചുകൂടെ. പെരുന്നാള്‍ ദിനത്തെ യാത്രക്കിടയില്‍ തേഞ്ഞുനിറംമങ്ങിയ വസ്ത്രം ധരിച്ച്, കണ്ണുനിറച്ച്, മതിലിന് പിന്നില്‍ ലജ്ജയോടെ, അതിലേറെ വേദനയോടെ ഒളിച്ചുനില്‍ക്കുന്ന പിഞ്ചു കുഞ്ഞിനെക്കാണുമ്പോള്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും, വേദങ്ങളിലും വിശ്വസിക്കുന്ന, കാരുണ്യവും വാല്‍സല്യവും നിറഞ്ഞ ഹൃദയമുള്ള ഒരാള്‍ക്ക് എങ്ങനെ കരയാതിരിക്കാനാവും!