Eid

പ്രതാപത്തെ അറിയിച്ച് പെരുന്നാളോഘോഷിക്കുക

നോമ്പുകാരന്‍ ആഹ്ലാദിക്കുന്ന ചെറിയ പെരുന്നാളിന്റെ നിറവിലാണ് നാമുള്ളത്. അല്ലാഹു തങ്ങളുടെ മേല്‍ വര്‍ഷിച്ച അനുഗ്രഹങ്ങളുടെ മഹത്ത്വം വിശ്വാസികള്‍ ഈ പെരുന്നാള്‍ സുദിനത്തില്‍ തിരിച്ചറിയുന്നു. ദരിദ്രരെ ആശ്വസിപ്പിച്ചും, അഗതിയുടെ ആവശ്യവും പൂര്‍ത്തീകരിച്ചും  അല്ലാഹു മഹത്തായ ഔദാര്യമാണ് നമ്മോട് ചെയ്തിരിക്കുന്നത്.
മറ്റുസമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഘോഷവും പെരുന്നാളുമാണ് മുസ്‌ലിം ഉമ്മത്തിനുള്ളത്. ആരുടെയെങ്കിലും ജനനമോ, മരണമോ പ്രമാണിച്ചുള്ള പെരുന്നാളല്ല അത്. ഭൂമിയില്‍ സംഭവിച്ച ഏതെങ്കിലും സംഭവത്തിന്റെ പശ്ചാത്തലിലുള്ളതുമല്ല. മറിച്ച് നോമ്പും രാത്രി നമസ്‌കാരവും പൂര്‍ത്തീകരിച്ചതിന്റെ സന്തോഷപ്രകടനമാണ് അത്. ഇപ്രകാരം ഹജ്ജുപൂര്‍ത്തീകരിച്ചതിന്റെ സന്തോഷമായി ബലി പെരുന്നാളും ആഘോഷിക്കുന്നു.

കേവലം സന്തോഷപ്രകടനം എന്നതിലുപരിയായി അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന ആരാധന കൂടിയാണ് അത്.
നമ്മുടെ പെരുന്നാള്‍ കുലീനവും പുതുമയുള്ളതുമാണ്. ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാനഇബാദത്തുകളായ നോമ്പും നമസ്‌കാരവുമായി അതിന് ബന്ധമുണ്ട്.
ബന്ധങ്ങള്‍ പുതുക്കുന്നതിനും, അത്തരം ബന്ധങ്ങളില്‍ സ്‌നേഹവും കാരുണ്യവും  പൂത്തുലയുന്നതിനുമുള്ള അവസരമാണത്. ദൈവിക നിയമങ്ങള്‍ ലംഘിച്ചോ, ആരാധനകള്‍ നിര്‍ത്തിവെച്ചോ, സല്‍ക്കര്‍മങ്ങള്‍ നശിപ്പിച്ചോ ഉള്ള ആഹ്ലാദ പ്രകടനങ്ങള്‍ നമുക്കില്ല. ശര്‍ഈ നിമയങ്ങള്‍ പാലിച്ച്, ആരാധനകള്‍ നിര്‍വഹിച്ച്, സുകൃതങ്ങള്‍ നട്ടുവളര്‍ത്തിയുള്ള പെരുന്നാളാണ് ഇസ്ലാമിന്റേത്.
അല്ലാഹു തന്റെ മാലാഖമാരില്‍ നിന്നും, ജനങ്ങളില്‍ നിന്നും സന്ദേശവാഹകരെ തെരഞ്ഞെടുക്കാറുണ്ട്(ഹജ്ജ് 75). മുഹമ്മദ്(സ)യെ തെരഞ്ഞെടുക്കുകയും അദ്ദേഹത്തെ അവസാനത്തെ നബിയും പ്രവാചകനുമാക്കുകയും ചെയ്തു. അദ്ദേഹത്തിന് അവതരിപ്പിച്ച ശരീഅത്തിനെ ഒടുവിലത്തെ നിയമസംഹിതയാക്കി മാറ്റി. അദ്ദേഹത്തിന്റെ സമൂഹത്തെ തെരഞ്ഞെടുക്കുകയും അവരെ ഉത്തമ സമൂഹമാക്കി മാറ്റുകയും ചെയ്തു (ആലുഇംറാന്‍ 110).
സന്മാര്‍ഗത്തിന്റെ ചിഹ്നങ്ങള്‍ വിസ്മൃതമായ, ദൈവിക നിയമങ്ങള്‍ തിരുത്തപ്പെട്ട, ദുര്‍മാര്‍ഗം അധികാരം വാണ സന്ദര്‍ഭത്തിലാണ് പ്രവാചകന്‍(സ) നിയോഗിക്കപ്പെട്ടത്. ജനങ്ങളെ അദ്ദേഹം അല്ലാഹുവിലേക്ക് ക്ഷണിക്കുകയും, ശിര്‍ക്കിനെക്കുറിച്ച് അവരെ താക്കീതുചെയ്യുകയും, ജീവിതത്തില്‍ മൂല്യം മുറുകെ പിടിക്കാന്‍ അവരോട് കല്‍പിക്കുകയും ചെയ്തു.
ദൈവിക സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അവരദ്ദേഹത്തെ കളവാക്കുകയും, മാരണക്കാരന്‍, ഭ്രാന്തന്‍, കവി, കെട്ടിച്ചമച്ചവന്‍ തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹത്തിന് മേല്‍ ചാര്‍ത്തുകയും ചെയ്തു. എന്നാല്‍ അദ്ദേഹം അവയൊക്കെയും സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. അവര്‍ക്കിടയില്‍ അപരിചിതനപ്പോലെ, പുതിയ സന്ദേശവും വിശ്വാസവുമായി ജീവിച്ചു. ഒടുവില്‍ അല്ലാഹു സത്യസന്ദേശത്തെ വിജയിപ്പിക്കുകയും അദ്ദേഹത്തിന് അധികാരം നല്‍കുകയും ചെയ്തു.
എന്നാല്‍ പില്‍ക്കാലത്ത് ഈ ഉമ്മത്ത് ദൗര്‍ബല്യത്തിനടിപ്പെട്ടു. ശത്രുക്കള്‍ അവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചു. വിശ്വാസികള്‍ക്കിടയില്‍ ചിദ്രതയും പിളര്‍പ്പുമുണ്ടായി.
ഇസ്‌ലാമിക നിയമങ്ങളില്‍ നിന്നകന്ന്, എന്നാല്‍ ഇസ്‌ലാംപൈതൃകം അവകാശപ്പെട്ട് ജീവിച്ചവരായിരുന്നു ഈ ഉമ്മത്തിന്റെ ശാപം. അവര്‍ അല്ലാഹുവല്ലാത്ത പലര്‍ക്കും ജീവിതത്തില്‍ നിരുപാധികമായ സ്ഥാനം നല്‍കി. അവരെ സഹായത്തിന്‌വിളിക്കുകയും അവരോട് മാര്‍ഗനിര്‍ദേശം ചോദിക്കുകയും, അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തു.
പലരും നമസ്‌കാരം പാഴാക്കുകയും, സകാത്ത് നല്‍കാതിരിക്കുകയും, ഇസ്‌ലാമിക പ്രതീകങ്ങളെ നിന്ദിക്കുകയും ചെയ്തു. ആരാധനകളില്‍ നിന്നും ഇടപാടുകളില്‍ നിന്നും ഇസ്‌ലാം അപ്രത്യക്ഷമായി. അല്ലാഹു  യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് നിഷിദ്ധമാക്കിയ പലിശയെ ഇടപാടിന്റെ മാനദണ്ഡമായി അവര്‍ നിശ്ചയിച്ചു. കാലത്തിന്റെ അനിവാര്യതയാണ് അതെന്ന് അവര്‍ വാദിച്ചു.
ഭരണനിയമത്തിന്റെ കാര്യത്തിലും ഇസ്‌ലാം അപ്രത്യക്ഷമായി. ഇസ്‌ലാമിക ലോകത്ത് ഒരേ ഒരു രാഷ്ട്രമാണ് പലപ്പോഴും പ്രതിലോമപരമാണെങ്കിലും ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങള്‍ പല മുസ്‌ലിംകള്‍ക്കും ഇപ്പോഴും അപരിചിതമാണ് എന്നതാണ് വസ്തുത.
ആരാധനകളില്‍ നിന്ന് ഊര്‍ജ്ജം ആവാഹിച്ച്് മുസ്‌ലിം ഉമ്മത്തിന്റെ പ്രതാപം വീണ്ടെടുക്കുന്ന മാര്‍ഗത്തില്‍ അവ പകരാന്‍ റമദാനുശേഷമുള്ള പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്.