മനോഹരമായ ആശയങ്ങളും ഉന്നതമായ തത്ത്വങ്ങളുമാണ് ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളായ ചെറിയ പെരുന്നാളും ബലി പെരുന്നാളും സമര്‍പിക്കുന്നത്. മറ്റുസമൂഹങ്ങളുടെ ആഘോഷങ്ങളിലോ, പുതുതായി ആവിഷ്കരിക്കപ്പെട്ട ആഘോഷങ്ങളിലോ കാണാന്‍ കഴിയാത്ത, അവയ്ക്കുനല്കാന് കഴിയാത്ത സന്ദേശങ്ങളാണ് പെരുന്നാള്‍ നല്‍കുന്നത്. കൂടാതെ ഇസ്്ലാമിലെ രണ്ട് ആഘോഷങ്ങളും വൈവിധ്യം നിറഞ്ഞതോടൊപ്പംതന്നെ പരസ്പരം അഴകും ശോഭയും പകര്ന്നുനല്കുന്നതുമാണ്.
നാമിപ്പോള്‍ ചെറിയ പെരുന്നാളിലാണ് ഉള്ളത്. നാമതിന്റെ നിമിഷങ്ങള്‍ ആസ്വദിക്കുകയും, അതു സമര്‍പിക്കുന്ന ഉദാത്ത ആശയങ്ങളില്‍ നീന്തിത്തുടിക്കുകയും ചെയ്യുന്നു. അതിന്റെ തെളിയുറവകളില് നിന്ന് പാനം ചെയ്യുകയും, അല്ലാഹു നല്കിയ മഹത്തായ അനുഗ്രഹങ്ങള്‍ മതിവരോളം ആസ്വദിക്കുകയും ചെയ്യുന്നു.
അല്ലാഹു സന്തോഷത്തെ ആരാധനയാക്കിയിരിക്കുന്നു.
പെരുന്നാള്‍ ദിനത്തില്‍ നോമ്പെടുക്കല്‍ നിഷിദ്ധവും, ഭക്ഷണം കഴിക്കല്‍ നിര്‍ബന്ധവുമാക്കിയിരിക്കുന്നു. പെരുന്നാളിന്റെ ഏറ്റവും വലിയ സന്തോഷം ഈ നോമ്പുമുറിക്കല്‍ അഥവാ ഭക്ഷണം കഴിക്കല്‍ തന്നെയാണ്. തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു:’നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പുമുറിക്കുമ്പോഴും അല്ലാഹുവിനെ കണ്ടു മുട്ടുമ്പോഴും അവന് സന്തോഷിക്കുന്നു’. എല്ലാ മനുഷ്യരും ഏതുവിധേനയും നേടിയെടുക്കാന്‍ ശ്രമിക്കുന്ന ലക്ഷ്യമാണ് സന്തോഷമെന്നത്. തനിക്കുമുമ്പിലുളള പ്രതിസന്ധികള്‍ മറികടന്നും സന്തോഷം കരസ്ഥമാക്കാന്‍ അവന് പരിശ്രമിക്കുന്നു. എന്നാല്‍ അല്ലാഹു വിശ്വാസികള്‍ക്കേകിയ സന്തോഷം പൂര്‍ണമായ ആഹ്ലാദവും, ആനന്ദവും നിറഞ്ഞതാണ്. അല്ലാഹു നിയമമാക്കിയ ആരാധനകള്‍ നിര്‍വഹിച്ചും, അവന്റെ കല്പനകള് പാലിച്ചുമാണ് വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിക്കുന്നത്. വിശ്വാസിയുടെ ആഹ്ലാദപ്രകടനത്തിനുപോലും അവന്റെ നാഥന് പ്രതിഫലമൊരുക്കിയിരിക്കുന്നു.
ജനങ്ങളില്‍ ചിലരുണ്ട്, തങ്ങള്‍ക്ക് സന്തോഷത്തിലേക്കും സന്തോഷത്തിന് തങ്ങളിലേക്കും വരാനുള്ള വഴി തെളിച്ചുകൊടുക്കാനറിയാത്ത നിര്ഭാഗ്യവാന്മാര്. വര്‍ഷം മുഴുവന്‍ ദുഖത്തിലും വേദനയിലും കഴിച്ചുകൂട്ടുന്നവരാണ് അവര്‍. അങ്ങനെയിരിക്കെയാണ് അവരിലേക്ക് മഹത്തായ റമദാന് തണല്‍ വിരിക്കുന്നത്. അതിന്റെ സമാപനംകുറിച്ചുകൊണ്ട് ചെറിയ പെരുന്നാള്‍ അവര്‍ക്ക് കുളിരേകുകയാണ്. മനോവ്യഥകള്‍ മാറ്റി വെച്ച്, മാനസികപ്രയാസങ്ങള്‍ മറികടന്ന്, പുതുജീവിതം നയിക്കാന്‍, പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രസരിപ്പിക്കാന്‍ പെരുന്നാള്‍ അവര്‍ക്ക് വഴിതെളിക്കുന്നു. നോമ്പുപൂര്ത്തിയ സന്തോഷമായിരിക്കും പെരുന്നാള്‍ രാവില്‍ അവനിലുണ്ടാവുക. അതോടെ പെരുന്നാളിനെ സ്വീകരിക്കാന്‍ അവന്റെ മനസ്സ് വെമ്പല്‍ കൊള്ളുന്നു. പെരുന്നാളിനായി കുളിച്ചുവൃത്തിയായി ഉള്ളതിലേറ്റവും നല്ല വസ്ത്രം ധരിച്ച്, ഏതാനും കാരക്കകള്‍ കഴിച്ച് പ്രഭാതം പുഞ്ചിരിതൂകുമ്പോള്‍ പെരുന്നാള്‍ നമസ്കാരത്തിനായി അവന് പുറപ്പെടുന്നു. അല്ലാഹുവിനെ പ്രകീര്‍ത്തിച്ച്, പ്രശംസിച്ച്, സ്തുതിച്ച് നമസ്കാരത്തിനായി കാത്തു നില്ക്കുന്നു. ഉപദേശം കേള്‍ക്കാന്‍ നിര്‍മലമായിരിക്കുന്നു അവന്റെ ഹൃദയം. നമസ്കാരത്തിന് ശേഷം കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയും കാണാനും ആശ്ലേഷിക്കാനും അവന് വെമ്പല്‍ കൊളളുന്നു. സര്വദുഖങ്ങളെയും വേദനകളെയും അലിയിച്ചുകളയുന്ന മനോഹരമായ നിമിഷങ്ങളത്രെ അത്.
കുടുംബ ബന്ധം ചേര്‍ക്കാനും, അയല്‍ക്കാരനെ ആദരിക്കാനും അനുയോജ്യമായ സന്ദര്‍ഭമാണ് പെരുന്നാള്‍. ബന്ധങ്ങള്ക്കിടയിലറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനും, പരവിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് ഹൃദയശുദ്ധി വരുത്താനും പെരുന്നാളിനേക്കാള്‍ അനുയോജ്യമായ സന്ദര്‍ഭമേതുണ്ട്?
എത്ര മനോഹരമാണ് ഇസ്ലാമിലെ നിയമങ്ങള്‍! വിശ്വാസികളെ പ്രായോഗിക ജീവിതത്തില്‍ പരസ്പരം ഒന്നിപ്പിക്കുന്ന ആരാധനകളാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. വികാരങ്ങളും, ആശയങ്ങളും അവര്‍ പരസ്പരം പങ്കുവെക്കുന്നു. ഇവിടെ ആരാധനകളും, ആഹ്ലാദങ്ങളും, ആഘോഷങ്ങളുമെല്ലാം ഒന്നായിരിക്കുന്നു. അല്ലാഹുവിന്റെ എത്ര മഹത്തായ കാരുണ്യമാണിത്! ഇവിടെ പെരുന്നാളും സന്തോഷവും ആനന്ദവും എല്ലാവര്‍ക്കുമാണ്. ഏതെങ്കിലും വ്യക്തിക്കോ കുടുംബത്തിനോ അത് നിഷേധിക്കപ്പെടരുത്. അതിനാലാണ് ദരിദ്രരെ സഹായിക്കാന്‍, അഗതിയെ ഊട്ടാന്‍ ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാക്കിയത്് . ഇബ്നു അബ്ബാസ്(റ) പറയുന്നു:’നോമ്പുകാരനെ ശുദ്ധീകരിക്കാനും, അഗതിയെ ഊട്ടാനുമായി തിരുമേനി(സ) ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു’.
ഇപ്രകാരം പെരുന്നാള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ സ്നേഹവും കാരുണ്യവും നിറക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കാന്‍ അവനെ പരിശീലിപ്പിക്കുന്നു. സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ അവനെ പ്രചോദിപ്പിക്കുന്നു. സമൂഹത്തില്‍ ഒരു ദരിദ്രനും അഗതിയും കഷ്ടപ്പെടരുത്, പ്രയാസമനുഭവിക്കരുത്. അവന്റെ പ്രയാസം നമ്മെ വേദനിപ്പിക്കേണ്ടതാണ്. അവര്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും നാമാണ് നല്‍കേണ്ടത്.
ഇസ്ലാം സമര്‍പിച്ച നാഗരികമൂല്യമാണിത്. ലോകത്തെ എല്ലാ പ്രത്യയ ശാസ്ത്രവും ഇതിനുമുന്നില്‍ തലകുനിച്ചിരിക്കുന്നു. ഇസ്ലാം സ്ത്രീയോട് അതിക്രമം പ്രവര്‍ത്തിച്ചുവെന്ന് വാതോരാതെ പ്രസംഗിക്കുന്നവരാണ് അവര്‍. ഇസ്ലാമിലെ പെരുന്നാള്‍ അവര്‍ കണ്ടിട്ടില്ലായിരിക്കാം. സ്ത്രീകള്‍ പെരുന്നാള്‍ നമസ്കാരത്തിനായി പുറപ്പെടുന്നു. പുരുഷന്മാരോട് കലരാതെ, ആഭാസ പ്രകടനങ്ങള്‍ നടത്താതെ, വിനയത്തോടും, വിശ്വാസത്തോടും കൂടി. ആര്‍ത്തവകാരി പോലും പെരുന്നാള്‍ മൈതാനിയില്‍ ഹാജരാണ്. നമസ്കരിക്കുകയില്ലെന്ന് മാത്രം. മുസ്ലിംകള് പരസ്പരം ഒരുമിക്കുന്നതില്‍, ആശ്വസിപ്പിക്കുന്നതില്‍, ആഹ്ലാദം പ്രകടിപ്പിക്കുന്നതില്‍ അവരും പങ്കു കൊള്ളുന്നു.
ഇസ്ലാമിലേക്ക് നമ്മെ വഴി നടത്തിയെന്നതുതന്നെയാണ് അല്ലാഹു നമുക്ക് നല്കിയ മഹത്തായ അനുഗ്രഹം. നാമതിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുകയും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. പെരുന്നാള്‍ നന്ദി പ്രകടനത്തിനുള്ള മഹത്തായ അവസരമാണ്. നമുക്ക് തക്ബീര്‍ മുഴക്കി, നന്മകള് പങ്കുവെച്ച് അല്ലാഹുവിനോടുള്ള നന്ദി ഐകകണ്ഠേന പ്രകടിപ്പിക്കാം.
Add Comment