Eid

ആകാശത്തോളം ചെന്നെത്തുന്ന പെരുന്നാള്‍

നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെ പരിപാവനമായ രാവുകള്‍ വിടവാങ്ങിയിരിക്കുന്നു. ഉറക്കമിളച്ചും, ക്ഷീണം സഹിച്ചും നമസ്‌കരിച്ച, ആരാധനകള്‍ നിര്‍വഹിച്ച വിശ്വാസി തന്നെയാണ് വിജയിച്ചവന്‍. അശ്രദ്ധയോടെ റമദാനെ അവഗണിച്ചവന്‍ പരാജയപ്പെട്ടത് തന്നെ. (ആര്‍ നന്മ ചെയ്യുന്നുവോ അത് അവന് തന്നെയാണ്, ആര് തിന്മ പ്രവര്‍ത്തിക്കുന്നുവോ അതും അവന് എതിരില്‍ തന്നെയാണ്. അല്ലാഹു അടിമകളോട് അക്രമം പ്രവര്‍ത്തിക്കുന്നവനല്ല).

കാലത്തിന്റെ തുടര്‍ച്ചയാണ് പെരുന്നാള്‍. അല്ലാഹുവിനോടുള്ള കരാര്‍ കൂടുതല്‍ ശക്തിപ്പെടുന്ന ദിനം കൂടിയാണ് അത്. റമദാനില്‍ ഉന്നതമായ വിധത്തില്‍ കരാര്‍ പൂര്‍ത്തീകരിച്ചവന്‍ ശവ്വാലില്‍ അത് ലംഘിക്കാന്‍ പാടുള്ളതല്ല.

പെരുന്നാള്‍ ലഭിച്ചവന്‍ നന്ദിയോടും കൃതജ്ഞതയോടും കൂടിയാണ് തങ്ങളുടെ നാഥനെ സ്മരിക്കേണ്ടത്. നന്മയിലും സല്‍ക്കര്‍മങ്ങളിലുമുള്ള തുടര്‍ച്ചയും, പോരാട്ടത്തിന്റെ മാര്‍ഗത്തിലെ സ്ഥൈര്യവുമാണ് പെരുന്നാള്‍.

മറ്റ് സമൂഹങ്ങളില്‍ നിന്ന് മുസ്ലിം ഉമ്മത്തിനെ വേര്‍തിരിക്കുന്നത് അതിന്റെ പെരുന്നാളുകളാണ്. ഉന്നതമായ ആഘോഷ പ്രകടനങ്ങളാണ് ഈ സമൂഹത്തിനുള്ളത്. നമ്മുടെ പെരുന്നാള്‍ അല്ലാഹുവിനെക്കുറിച്ച അശ്രദ്ധയല്ല മറിച്ച് അവനോടുള്ള ശക്തമായ ആത്മബന്ധത്തെയാണ് പ്രതിനിധീകരിക്കുന്നത്. തക്ബീറും പ്രാര്‍ത്ഥനയും നമസ്‌കാരവുമാണ് പെരുന്നാളിനെ അറിയിക്കുന്നത് (നിങ്ങള്‍ എണ്ണം പൂര്‍ത്തീകരിക്കുകയും, നിങ്ങളെ സന്മാര്‍ഗത്തിലാക്കിയതിന്റെ പേരില്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും ചെയ്യുക. നിങ്ങള്‍ നന്ദി കാണിക്കുന്നവരായേക്കാം). അല്‍ബഖറ 185.

നമ്മുടെ പെരുന്നാള്‍ കേവലം ഭൂമിയില്‍ പരിമിതമല്ല, മറിച്ച് ആകാശത്തോളം ചെന്നെത്തുന്നതാണ്. ഏതെങ്കിലും വ്യക്തിയുടെ മഹത്വത്തിലോ, പാരമ്പര്യ സമ്പ്രദായങ്ങളുടെ നിറവിലോ അല്ല നാം പെരുന്നാള്‍ നടത്തുന്നത്. ചരിത്രത്തില്‍ ആരെങ്കിലും പിറന്നതിന്റെ പേരിലോ, ആര്‍ക്കെങ്കിലും രോഗം സുഖപ്പെട്ടതിന്റെ പേരിലോ അല്ല അത്. ഇത് എല്ലാ മുസ്ലിംകളുടെയും ആഘോഷ ദിനമാണ്. അതിനാല്‍ ഇന്നത്തെ ആഹ്ലാദവും സന്തോഷവും എല്ലാവര്‍ക്കും പൊതുവായതുമാണ്. ഇത് മാതൃദിനമോ, പ്രണയദിനമോ, സ്വാതന്ത്ര്യദിനമോ അല്ല. വര്‍ഷത്തില്‍ അല്ലാഹു നിയമമാക്കിയ രണ്ടേ രണ്ട്  പെരുന്നാളുകള്‍ മാത്രമാണ് ഈ ഉമ്മത്തിനുള്ളത്. ചെറിയ പെരുന്നാളും ബലിപെരുന്നാളും.

നിരന്തരമായ കര്‍മത്തിലൂടെ കനം തൂങ്ങിയ മനസ്സിനുള്ള കുളിരാണ് പെരുന്നാള്‍. അതിന് ശേഷം വീണ്ടും പഴയ ഉന്മേഷത്തോടെ കര്‍മങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് അത്. പെരുന്നാള്‍ സ്വയം ഒരു ആരാധനയാണ്. വിശ്വാസി മാനസികമായ ഉല്ലാസത്തിന് സ്വീകരിക്കുന്ന മാര്‍ഗം പോലും ഇസ്ലാമിക ശരീഅത്തിന് പുറത്താവരുതെന്ന് ചുരുക്കം.

ബന്ധങ്ങള്‍ പുതുക്കാം, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനം, ഭിന്നിച്ചതിനെ വിളക്കിച്ചേര്‍ക്കാനും അനുയോജ്യമായ സന്ദര്‍ഭമാണ് അത്. മറ്റുള്ളവരുടെ വീഴ്ച പൊറുത്ത് കൊടുക്കുകയും അതിന്റെ പേരില്‍ അവരെ വിചാരണ നടത്താതിരിക്കുകയും ചെയ്യുന്നവനാണ് മാന്യനായ മനുഷ്യന്‍.

ലോകത്തിന്റെ നാനാഭാഗത്തും മുസ്ലിംകള്‍ പ്രയാസമനുഭവിക്കുമ്പോഴാണ് പെരുന്നാള്‍ എത്തിയിരിക്കുന്നത്. മുസ്ലിം ഉമ്മത്തിന്റെ ശരീരിത്തില്‍ അങ്ങിങ്ങായി മുറിവേറ്റ് കൊണ്ടിരിക്കുന്നു. സിറിയയിലും ഈജിപ്തിലും ഫലസ്തീനിലും ക്രൂരമായി പീഢിപ്പിക്കപ്പെട്ട്‌കൊണ്ടിരിക്കുന്നു. മനുഷ്യാവകാശ രേഖകളും, പ്രസ്ഥാനങ്ങളും ഇതിന്റെ മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. ലോകത്ത് നിലനില്‍ക്കുന്ന മനുഷ്യാവകാശ ജനാധിപത്യ സംരംഭങ്ങളെല്ലാം കേവലം നിഷേധികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന് ലോകത്തിന് ബോധ്യപ്പെട്ട് കൊണ്ടിരിക്കുന്നു.

ഇസ്ലാമിക ശരീഅത്ത് സമ്പൂര്‍ണമാണ്. നിഷേധവും, കാപട്യവും ഹൃദയത്തില്‍ ഉറച്ചവര്‍ മാത്രമെ അതിനെതിരില്‍ രംഗത്തിറങ്ങുകയുള്ളൂ. പണ്ഡിതന്മാരാണ് ശരീഅത്തിന്റെ സന്ദേശം ലോകസമക്ഷം അവതരിപ്പിക്കേണ്ടത്. അവരെ വിലകുറച്ച് കാണിക്കുകയോ, സമൂഹ മധ്യത്തില്‍ ആക്ഷേപിക്കുകയോ അല്ല വേണ്ടത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടുകയോ, തള്ളപ്പെടുകയോ ചെയ്‌തേക്കാം. എന്നാലത് പരസ്പരം മുറിവേല്‍പിക്കുന്നതിനോ, അവഹേളിക്കുന്നതിനോ ന്യായമായേക്കരുത്.

മുസ്ലിം ഉമ്മത്ത് കഠിനമായ വിഷമങ്ങള്‍ അനുഭവിക്കുമ്പോള്‍ തന്നെ പ്രതീക്ഷയുടെ കിരണങ്ങള്‍ ചക്രവാളത്തില്‍ പ്രകടമാണ്. അതിനാല്‍ നമുക്ക് അല്ലാഹുവില്‍ ശുഭപ്രതീക്ഷയര്‍പ്പിക്കുകയും, സല്‍ക്കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യാം. അധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും അടിസ്ഥാനത്തിലാണ് അല്ലാഹുവിങ്കല്‍ നിന്ന് സഹായം ലഭിക്കുക. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നാം നിരാശ വെച്ച് പുലര്‍ത്തരുത്. വിജയത്തിന്റെ സൈന്യം മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നു. വിജയത്തിന്റെ പതാകള്‍ ഉയര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ശുഭപര്യവസാനം വിശ്വാസികള്‍ക്ക് തന്നെയാണ്.