റമദാന് നോമ്പിന് മുന്നോടിയായി റജബിലും ശഅബാനിലും കൂടി ചില ആളുകള്‍ നോമ്പനുഷ്ഠിക്കുന്നതായി കാണുന്നു. ഇതിന് പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ?
ഉത്തരം: മുഹമ്മദ് സയ്യിദ് അഹ്മദ് അല്മസീര്
മനുഷ്യരെ മാലാഖമാരുടെ പദവിയിലേക്കുയര്‍ത്തുന്ന മഹത്തായ ആരാധനാ കര്‍മമാണ് നോമ്പ്. റസൂലിന്റെ സുന്നത്ത് പിന്തുടര്ന്നുകൊണ്ട്, തന്റെ സമയത്തിന്റെ ഒരു ഭാഗം നോമ്പിനുവേണ്ടി മാറ്റിവെക്കുക എന്നത് വിശ്വാസിയുടെ ഉത്തമഗുണമാണ്. റസൂലിന്റെ നോമ്പിന്റെ പൊതുരീതി ഇതായിരുന്നു: റമദാനിലല്ലാതെ ഒരു മാസവും അദ്ദേഹം പൂര്‍ണമായും നോമ്പനുഷ്ഠിച്ചിട്ടില്ല.
ഒരു മാസവും അദ്ദേഹം പൂര്‍ണമായി നോമ്പില്‍നിന്ന് വിട്ടുനിന്നിട്ടുമില്ല. ആഇശ(റ)യോട് ചോദിച്ചു: ”നബി(സ) ഒരു മാസം പൂര്‍ണമായും നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നോ?” അവര്‍ മറുപടി പറഞ്ഞു: ”റമദാനല്ലാതെ മറ്റൊരു മാസവും പൂര്‍ണമായും റസൂല്‍ നോമ്പനുഷ്ഠിച്ചതായി അറിയില്ല. നോമ്പനുഷ്ഠിക്കാതെ ഒരു മാസവും പൂര്‍ണമായും ഒഴിവാക്കിയിട്ടുമില്ല. മരണപ്പെടും വരെ ഇതായിരുന്നു റസൂലിന്റെ രീതി.”
മറ്റുള്ള മാസങ്ങളില്‍നിന്ന് വ്യത്യസ്തമായി ശഅ്ബാനില്‍ നബി(സ) അധികമായി നോമ്പനുഷ്ഠിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ആഇശ(റ) പറയുന്നു: ”ശഅബാനിലേതുരപോലെ മറ്റേതെങ്കിലും മാസം തിരുമേനി കൂടുതലായി നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.” ശഅബാനിലെ ചില ദിവസങ്ങളൊഴികെ ഭൂരിഭാഗം ദിനങ്ങളിലും നബി(സ) നോമ്പനുഷ്ഠിച്ചിരുന്നതായി ഇതിനെ ബലപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ടുമുണ്ട്.
റജബിന്റെ കാര്യത്തില്‍ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തുന്നു: ആ മാസത്തില്‍ നോമ്പെടുക്കുന്നത് സുന്നത്താണെന്നോ പാടില്ലെന്നോ പ്രസ്താവിക്കുന്ന ഒരു തെളിവും സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ നോമ്പ് എത്ര അനുഷ്ഠിക്കുന്നതും പുണ്യകരമാണ് എന്നതാണ് അടിസ്ഥാന നിയമം. പവിത്രമാസങ്ങളില്‍ നോമ്പെടുക്കാന്‍ നബി(സ) പ്രോത്സാഹിപ്പിച്ചതായി അബൂദാവൂദിന്റെ സുനനില്‍ വന്നിട്ടുമുണ്ട്. റജബ് പവിത്രമാസങ്ങളില്‍ പെട്ടതാണല്ലോ. എന്നാല്‍ റജബ്, ശഅബാന്‍ റമദാന് എന്നീ മാസങ്ങളില്‍ പ്രത്യേക പ്രാധാന്യം നല്കി തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതിന് നബിചര്യയില്‍ മാതൃകയില്ല. പ്രവാചക ചര്യ പിന്തുടരുകയാണ് വേണ്ടത്. അതുപ്രകാരം ഒരാള്‍ക്ക് കഴിയുന്നത്ര നോമ്പ് റജബിലും ശഅബാനിലും അനുഷ്ഠിക്കാം. എന്നാല്‍ ഈ മാസങ്ങളില്‍ മുഴുവനായി നോമ്പനുഷ്ഠിക്കരുത്. നിര്‍ബന്ധ നോമ്പെന്ന നിലക്ക് റമദാനില്‍ പൂര്‍ണമായും നോമ്പനുഷ്ഠിക്കുകയും വേണം. നബി(സ)യുടെ ഐഛിക നോമ്പിന്റെ രീതി ഇബ്നുഅബ്ബാസ്(റ) ഇപ്രകാരം വിവരിക്കുന്നു: ”നബി(സ) ആഹരിക്കുകയേ ഇല്ല. എന്ന് ഞങ്ങള്‍ പറഞ്ഞുപോകുമാറ് അദ്ദേഹം സ്ഥിരമായി നോമ്പനുഷ്ഠിക്കുമായിരുന്നു. അദ്ദേഹം നോമ്പനുഷ്ഠിക്കുകയേ ഇല്ല എന്ന് ഞങ്ങള്‍ പറഞ്ഞുപോകുമാറ് നോമ്പെടുക്കാതെയുമിരിക്കുമായിരുന്നു.”
അപ്പോള്‍ വിഷയം ഇതാണ്: പ്രവാചകചര്യ മുറുകെ പിടിച്ചുകൊണ്ട് പരമാവധി പുണ്യം നേടാന്‍, മടുപ്പും വിരസതയും ഒഴിവാക്കി ഉ•േഷത്തോടെ കഴിയുന്നത്ര നോമ്പനുഷ്ഠിക്കുക.
Add Comment