Fathwa

നോമ്പുകാരന്റെ കുളി

റമദാനിലെ പകല്‍വേളയില്‍ കടലിലും കുളത്തിലുമൊക്കെ നീന്തുന്നതിന്റെ വിധി എന്താണ്?

(ഇബ്നു ഉസൈമീന്‍).

നോമ്പുകാരന്‍ കുളത്തിലോ കടലിലോ നീന്തുന്നതില്‍ വിരോധമില്ല; അത് ആഴമുള്ളതാണെങ്കിലും അല്ലെങ്കിലും ശരി. അവന് ഇഷ്ടംപോലെ നീന്തുകയും മുങ്ങുകയുമൊക്കെയാവാം.

പക്ഷേ, വെള്ളം ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കണം. നീന്തല്‍ നോമ്പുകാരന് ഉന്മേഷം പകരുകയും അത് അവന്റെ നോമ്പിന് സഹായകമാവുകയും ചെയ്യും. അല്ലാഹുവിനെ അനുസരിക്കാന്‍ കൂടുതല്‍ ഉന്മേഷം നല്‍കുന്ന സംഗതികള്‍ വിലക്കപ്പെടാവതല്ല. അടിമയ്ക്ക് ഇബാദത്ത് എളുപ്പമാക്കിക്കൊടുക്കുന്ന സംഗതിയാണത്. നോമ്പിനെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ അല്ലാഹു പറഞ്ഞു: “അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്; ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു നിങ്ങളെ സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്” (അല്‍ബഖറ: 185).